Tuesday 12 May 2020 04:03 PM IST : By സ്വന്തം ലേഖകൻ

മിമിക്രി ക്ലിയറായിട്ടില്ല, നാവ് കുഴഞ്ഞു കിടക്കുവാ അച്ചായാ..; ആ മോഹം ബാക്കിയാക്കി ജയേഷ് പോകുമ്പോള്‍; കുറിപ്പ്

jayesh-c

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷിന്റെ മരണം സമ്മാനിച്ച വേദനയില്‍ നിന്നും ഉറ്റവരും ഉടയവരും ഇനിയും കരകയറിയിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി കാന്‍സറിന്റെ വേദന തിന്ന് മരണത്തിന്റെ ലോകത്തേക്ക് ജയേഷ് മറയുമ്പോള്‍ ബാക്കിയാകുന്നത് ആ കലാകാരന്‍ സമ്മാനിച്ച സുന്ദര നിമിഷങ്ങളാണ്. ജയേഷിന്റെ ചിരിക്കുന്ന മുഖവും നിഷ്‌ക്കളങ്കമായ ഓര്‍മകളും നെഞ്ചകങ്ങളില്‍ കനലായി എരിയുമ്പോള്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സിലാണ് കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. ഫ്രാന്‍സിസ് അസീസി പങ്കുവച്ച കുറിപ്പിലെ വരികള്‍ ഇങ്ങനെ;

ജസ്റ്റിനാണ് വിളിച്ച് പറയുന്നത് ജയേഷ് പോയെന്ന് ...

കേള്‍ക്കാനിഷ്ടമില്ലാത്ത ഒരു വാര്‍ത്ത തന്നെയാണ് മരണം ....

എങ്കിലും അത് കേട്ടേ പറ്റൂ ...

കാരണം മരണം സത്യമാണ് യാഥാര്‍ത്ഥ്യവും ....

ജസ്റ്റിനാണ് ജയേഷിനെ പരിചയപ്പെടുത്തുന്നത് ....

സ്‌നേഹ യോഗ പരിശീലിക്കാന്‍ ....

നിലത്ത് ഉറച്ച് നില്‍ക്കാത്ത കാലുകളില്‍ അല്‍പം ബലം ലഭിച്ചപ്പോള്‍ നടക്കാന്‍ പഠിക്കുന്ന ഒരു കുഞ്ഞിനെ പോലെ ജയേഷ് ചിരിച്ചു ..

പിന്നെ സൗഹൃദം വളര്‍ന്നു ...

ജസ്റ്റിനെ പോലെ, ഞങ്ങളുടെ കാന്‍സര്‍ സൗഹൃദവേദിയിലെ സ്‌നേഹിതരെപ്പോലെ

പിന്നെ അയാളും എന്നെ അച്ചായാ എന്നാണ് നീട്ടി വിളിച്ചിരുന്നത് ....

പരിചയപ്പെട്ട് മടങ്ങുമ്പോള്‍ ഞാനിനി ഫോണ്‍ ചെയ്ത് ചെയ്ത് അച്ചായനെ എന്നും ശല്ല്യം ചെയ്യുമെന്നായിരുന്നു പറഞ്ഞ വാക്ക്...

സ്‌നേഹം ശല്യമല്ല സ്‌നേഹിതാ എന്ന് മറുവാക്ക് ചൊല്ലിയപ്പോള്‍ ഞാനാ കണ്ണില്‍ തെളിഞ്ഞ നനവും ശ്രദ്ധിച്ചു ....

പിന്നെ കുറച്ച് നാള്‍ കഴിഞ്ഞ് ഒരു മൂന്ന് ദിവസം തുടര്‍ച്ചയായി വീട്ടില്‍ വന്നു...

എനിക്ക് ചക്കയും വേപ്പില തൈയ്യും കൊണ്ടുവന്നു സമ്മാനിച്ചു...

ആദ്യ ദിവസം കുടുംബവും ഉണ്ടായിരുന്നു ....

സ്‌നേഹ യോഗ പരിചരണ ശുശ്രൂഷകള്‍ കഴിയുമ്പോള്‍ എന്റെ മക്കളോടൊത്ത് കളിക്കും...

മിമിക്രി കാണിക്കും...

ഒരു ദിവസം ദാവീദിനെ മിമിക്രി പഠിപ്പിച്ചു ...

പൂച്ചയുടേയും പട്ടിയുടേയും ശബ്ദം ദാവീദ് കാണിച്ചപ്പോള്‍ ഒരു കുഞ്ഞിനെ പോലെ പൊട്ടിച്ചിരിച്ചു ...

അവര്‍ക്ക് വേണ്ടി നരേന്ദ്രപ്രസാദിനേയും കൊച്ചുപ്രേമനേയും അവതരിപ്പിച്ചു ....

എന്നിട്ടെന്റെ കൈപ്പിടിച്ച് പറഞ്ഞു ...

' ക്ലിയറായിട്ടില്ല;നാവ് അല്‍പം കുഴഞ്ഞ് കിടക്കുവാ ..

ന്നാലും അച്ചായ എനിക്കൊരു പ്രോഗ്രാം ചെയ്യണം'

അത് മാത്രം പോരാ കുട്ടികള്‍ക്കായി ഒരു മിമിക്രി സ്‌കൂള്‍ കൂടി തുടങ്ങണം .... ഞാനും പ്രോത്സാഹിപ്പിച്ചു ...

മനസ്സിലൊരു പാട് പ്രതീക്ഷയായിട്ടാണ് പിരിയുന്നത്..

എന്റെ മക്കള്‍ ജയേഷിനെ മിമിക്രി മാമന്‍ എന്നാണ് വിളിച്ചിരുന്നത് ....

ഇന്നലെ വൈകീട്ട് ജസ്റ്റിനെന്നെ വിളിച്ചു പറയുമ്പോള്‍

മക്കളെന്നോട് ചോദിച്ചു....

'ആര് നമ്മുടെ മിമിക്രി മാമനോ ...

ചില ആളുകളെ പരിചയപ്പെടുമ്പോ തോന്നാറുണ്ട് ... വേണ്ടായിരുന്നു; പരിചയപ്പെടേണ്ടില്ലായിരുന്നു ....

വെറുതെ സങ്കടപ്പെടുത്താനായിട്ട് ...

പ്രിയപ്പെട്ട ജയേഷ് ....

ഇതൊരു യാത്ര മാത്രം .,

സന്തോഷം നിറഞ്ഞ ഒരു പ്രോഗ്രാമിലേക്ക്

താങ്കളും ക്ഷണിക്കപ്പെട്ടിരിക്കുന്നു...

ഓരോ യാത്രാമൊഴിയും വിടവാങ്ങലും

മനസ്സിനെ നീറ്റുന്ന നോവുകളാണ് ...

താങ്കളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച സ്‌നേഹ സന്തോഷ നിമിഷങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് ..

അവക്കൊരിക്കലും മരണമില്ല ...

പ്രാര്‍ത്ഥനയോടെ ....

പ്രണാമം .