മഞ്ചാടിമണികള്‍ മോടികൂട്ടുന്ന വിശാലമായ മുറ്റത്തിനു നടുവില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു കവടിയാര്‍ കൊട്ടാരം. തിരുവിതാംകൂറിന്റെ ചരിത്രത്തിനു രാജശോഭയേകിയ കൊട്ടാരത്തിന് ഇ ന്നും വലിയ മാറ്റങ്ങളില്ല. ഓണവെയില്‍ വീണുതുടങ്ങിയ മുറ്റത്തു നിന്നു മഞ്ചാടിമണികള്‍ പെറുക്കി കയ്യിലേക്കു വച്ചു തന്നു ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി പറഞ്ഞു. ‘‘ഇവിടെ ഒരുപാട് മഞ്ചാടിമരങ്ങളുണ്ട്.’’
ശ്രീകൃഷ്ണനു പ്രീതിയുള്ള ഇടങ്ങളില്‍ മഞ്ചാടികള്‍ ധാരാളം കാണാമെന്ന ഐതിഹ്യമാണ് ഒാര്‍മ വന്നത്. എ ങ്കില്‍ ശ്രീപദ്മനാഭനെ നിത്യവും സേവിക്കുന്ന, സര്‍വവും പദ്മനാഭസ്വാമിക്കു സമര്‍പ്പിച്ച ഈ കൊട്ടാരത്തിന്റെ മുറ്റത്തു പവിഴമണികള്‍ വാരിവിതറിയ പോലെ മഞ്ചാടിമണികള്‍ കിടക്കുന്നതില്‍ തെല്ലും അദ്ഭുതമില്ലെന്നു തോന്നി.
‘‘ഞങ്ങളുടെ അമ്മൂമ്മ മൂലം തിരുനാള്‍ സേതുപാര്‍വതി ബായി തമ്പുരാട്ടി വിളക്കു വച്ചിട്ടു ചുറ്റിനുമായി മഞ്ചാടിമണികളും കുന്നിക്കുരുവും ചിപ്പിയും കൊണ്ടു മനോഹരമായ കോലം ഉണ്ടാക്കുമായിരുന്നു. ഓരോ ആഴ്ചയും അതിന്റെ ഡിസൈന്‍ മാറും.’’ ഗൗരിപാര്‍വതി ബായി തമ്പുരാട്ടിയുെട ഒാര്‍മകളില്‍ കുട്ടിക്കാലം നിറഞ്ഞു.
‘‘കോലം പോലെ കളര്‍ഫുൾ ആയിരുന്നോ ഓണപ്പൂക്കളവും?’’ കൊത്തുപണികളുള്ള പീഠത്തില്‍ പൂക്കൂട വച്ചു കൊണ്ടു ലക്ഷ്മി നായര്‍ ചോദിച്ചു.
‘‘അതെ. കിഴക്കുവശത്തെ മുറ്റത്തു ഗണപതിഭഗവാന്റെ മുന്നിലാണു പൂക്കളമിടുക. അത്തം നാള്‍ ചെറിയ പൂക്കളമായിരിക്കും. ദിവസം കഴിയുംതോറും വലുപ്പം കൂടിക്കൂടി വ രും. കൊട്ടാരവളപ്പില്‍ നിന്നു തന്നെയാണു പൂക്കള്‍ എടുക്കുന്നത്. കൊട്ടാരത്തിലെ ജീവനക്കാരെല്ലാം അതിനു മുന്നില്‍ നില്‍ക്കും. എല്ലാവര്‍ക്കും പ്രത്യേക ഉത്സാഹമാണ്.’’ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി പറയുന്നു.
‘‘എന്റെ കുട്ടിക്കാലത്ത് അടുത്തുള്ള വീടുകളില്‍ പോയി പൂക്കള്‍ പറിക്കുമായിരുന്നു. ചെത്തിയും വാടാമുല്ലയും മുതല്‍ പച്ചിലകള്‍ കൊണ്ടുവരെ പൂക്കളമിടും. പത്താമത്തെ ദിവസം പത്തുനിറത്തിലുള്ള പൂക്കള്‍ കളത്തിലുണ്ടാകും. പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കു വേണ്ട പൂക്കള്‍ പദ്മതീര്‍ഥക്കുളത്തിനപ്പുറമുള്ള അനന്തന്‍കാടിന്റെ ഭാഗത്തു നിന്നാണു കൊണ്ടുവന്നിരുന്നതെന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍ അവിടെയാണു ഞാന്‍ താമസിക്കുന്ന പദ്മനഗര്‍.’’ ലക്ഷ്മി നായര്‍ പറഞ്ഞപ്പോള്‍ കോട്ടയ്ക്കകവും പരിസരങ്ങളുമൊക്കെ ഏറെ മാറിയെന്നു ഗൗരി പാര്‍വതി ബായി തമ്പുരാട്ടി.
കുട്ടിക്കാലത്തെ ഓണം
‘‘ഞങ്ങളുടെ കുട്ടിക്കാലത്ത് അത്തത്തിനാണ് ഊഞ്ഞാലിടുക. ഈട്ടിയില്‍ തീര്‍ത്ത പലകയില്‍ വലിയ വടം കൊണ്ട് ഊഞ്ഞാല്‍ കെട്ടും. ആണ്‍കുട്ടികള്‍ ആയമെടുത്തു നല്ല ഉ യരത്തില്‍ ഊഞ്ഞാലാടും. ചില്ലാട്ടം എന്നാണതിനു പറയുക. കാണുമ്പോള്‍ തന്നെ പേടി തോന്നും. ഊഞ്ഞാലാട്ടവും ഓണപ്പാട്ടും ഓണക്കളികളും ഒാണസദ്യയുമൊക്കെയായി ശരിക്കും ആഘോഷത്തിന്റെ ദിനങ്ങള്‍ തന്നെയായിരുന്നു അത്.’’ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി ഓര്‍ക്കുന്നു.
‘‘കൊട്ടാരത്തിലെ ഓണച്ചിട്ടകളില്‍ ഇന്നും വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. മുതിര്‍ന്ന അംഗമാണ് എല്ലാവര്‍ക്കും ഓണക്കോടി നല്‍കുന്നത്. ബാലരാമപുരത്തു നെയ്ത വസ്ത്രങ്ങള്‍ മഞ്ഞത്തോര്‍ത്തില്‍ പൊതിഞ്ഞ് ഓണക്കോടിയായി സമ്മാനിക്കും.’’
തിരുവനന്തപുരം ദീപപ്രഭയില്‍ മുങ്ങി നില്‍ക്കുന്ന ഓണരാവുകളില്‍ അമ്മയ്ക്കും (കാര്‍ത്തിക തിരുനാള്‍ ലക്ഷ്മി ബായി തമ്പുരാട്ടി) അമ്മൂമ്മയ്ക്കും (മൂലം തിരുനാള്‍ സേതുപാര്‍വതി ബായി തമ്പുരാട്ടി) ഒപ്പം ദീപക്കാഴ്ചകള്‍ കാണാന്‍ പോയ കുട്ടിക്കാലത്തെക്കുറിച്ചാണു ഗൗരിപാര്‍വതി ബായി തമ്പുരാട്ടി അന്നേരം ഒാര്‍ത്തത്. ‘‘അമ്മയ്ക്കും അമ്മൂമ്മയ്ക്കും ദീപാലങ്കാരങ്ങള്‍ കാണാന്‍ വലിയ ഇഷ്ടമായിരുന്നു. രാത്രി പത്തുമണിക്കു റോഡിലെ തിരക്കൊഴിഞ്ഞ ശേഷമാണു ഞങ്ങള്‍ പോകുന്നത്. ആരും തിരിച്ചറിയാതിരിക്കാന്‍ ശംഖുമുദ്രയില്ലാത്ത ചെറിയ കാറിലാണു യാത്ര.
കാണിവിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ ഓണക്കാഴ്ചകളുമായി എത്തുമായിരുന്നു. ഇപ്പോഴും ആ പതിവുണ്ട്. കാട്ടുകിഴങ്ങുകള്‍, ഔഷധഗുണങ്ങള്‍ നിറഞ്ഞ വള്ളികള്‍, മുളങ്കുറ്റിയിലാക്കിയ കാട്ടുതേന്‍, നെയ്തെടുത്ത കുട്ടകളും വട്ടികളും ഒക്കെയാണു കൊണ്ടുവരുന്നത്. രാമായണത്തിലെ നിഷാദരാജാവായിരുന്ന ഗുഹന്റെ പിന്‍മുറക്കാരാണു തങ്ങളെന്നാണ് അവരുടെ വിശ്വാസം. കൊട്ടാരത്തില്‍ നിന്നു സമ്മാനങ്ങള്‍ നല്‍കിയാണ് അവരെ തിരിച്ചയയ്ക്കുക.’’
‘‘തിരുവനന്തപുരത്തെ ഓണാഘോഷം ഒരു അനുഭവം തന്നെയാണ്.’’ ലക്ഷ്മി നായരും ഉത്സാഹത്തോടെ ഓര്‍മകളിലേക്കു തിരികെപ്പോയി. ‘‘കനകക്കുന്നു കൊട്ടാരം അലങ്കാരവെളിച്ചത്തില്‍ ഇങ്ങനെ മുങ്ങി നില്‍ക്കും. കവടിയാര്‍ മുതല്‍ പദ്മനാഭസ്വാമി ക്ഷേത്രം വരെ റോഡുകളും ഓഫിസുകളും ലൈറ്റുകളിട്ട് അലങ്കരിച്ചിട്ടുണ്ടാകും. കുട്ടിക്കാലത്തു നടന്നുപോയി ലൈറ്റ് കാണാനൊക്കെ വലിയ ആവേശമായിരുന്നു. രാജാവിന് ഓണക്കാഴ്ചകളുമായി ആളുകള്‍ വരുന്നതിനെക്കുറിച്ചും ഞങ്ങളൊക്കെ കേട്ടിട്ടുണ്ട്.’’
ഭക്തിയുടെ ഓണം
കൊട്ടാരത്തിലെ ഓണം ആരംഭിക്കുന്നതു തന്നെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്നാണ്. ആരാധനാമൂര്‍ത്തിയായ ശ്രീപദ്മനാഭസ്വാമിയുടെ പിറന്നാള്‍ദിനം കൂടിയാണ് തിരുവോണം.
‘‘പദ്മനാഭസ്വാമിയെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയാണു മഹാരാജാവ് ഓരോ ദിവസവും ആരംഭിച്ചിരുന്നത്. ഓ ണത്തിനു ക്ഷേത്രത്തിലെത്തി പദ്മനാഭസ്വാമിയുടെയും തെക്കേടത്തു നരസിംഹസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും നടകളില്‍ ഓണക്കോടി സമര്‍പ്പിക്കും. അ തിനു ശേഷമാണു കൊട്ടാരത്തില്‍ ഓണക്കോടി സമ്മാനിക്കുക.’’ തമ്പുരാട്ടിമാര്‍ ഓര്‍ക്കുന്നു.
ഓണവില്ലു കണ്ടുതൊഴുന്നതും ഒരു പ്രത്യേകതയാണെന്നു ഗൗരിപാര്‍വതി ബായി തമ്പുരാട്ടി. കൊട്ടാരത്തിലെ സ്വീകരണമുറിയില്‍ വച്ചിരുന്ന ഓണവില്ലുകള്‍ നോക്കി തമ്പുരാട്ടി പറയുന്നു, ‘‘വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന മഹാബലിത്തമ്പുരാനു കാണാനായി മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ ചിത്രങ്ങളായി വരച്ചു കാണിക്കുന്നു എന്നതാണ് ഓണവില്ലിന്റെ ഒരു ഐതിഹ്യം. 41 ദിവസം വ്രതമെടുത്തു പ്രകൃതിദത്തമായ നിറക്കൂട്ടുകള്‍ കൊണ്ടാണ് ഓ ണവില്ലു വരയ്ക്കുന്നത്. ഇതു തയാറാക്കുന്ന ഒരു കുടുംബക്കാര്‍ തന്നെയുണ്ട്. തിരുവോണദിവസം വെളുപ്പിനെ കിഴക്കേ നടവഴി ഓണവില്ലുമായി അവര്‍ കൊടിമരച്ചുവട്ടിലെത്തും. പ്രാര്‍ഥനയ്ക്കു ശേഷം വില്ലില്‍ കുഞ്ചലം കെട്ടി പദ്മനാഭസ്വാമിയുടെ വിഗ്രഹത്തോടു ചേര്‍ത്തു വയ്ക്കും.
പലരും കരുതുന്ന പോലെ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്നതു ശരിയല്ല. മഹാവിഷ്ണു മഹാബലിയുടെ ശിരസ്സില്‍ പാദം വച്ചനുഗ്രഹിച്ചു സുതലത്തിലേക്കു പറഞ്ഞയയ്ക്കുകയാണു ചെയ്തത്. പൗരാണികസങ്കല്‍പമനുസരിച്ച്, ഭൂമിയുടെ താഴെ സ്ഥിതി ചെയ്യുന്ന ഏഴു ഭാഗങ്ങളില്‍ ഒന്നാണ് സര്‍വ ഐശ്വര്യങ്ങളും നിറഞ്ഞ സുതലം. എന്നിട്ടു ഭഗവാന്‍ തന്നെ അവിടെ മഹാബലിയുടെ ദ്വാരപാലകനായി നിന്നു.’’ ഗൗരിപാര്‍വതി ബായി തമ്പുരാട്ടി െഎതിഹ്യങ്ങള്‍ നിരത്തി.
രുചികളുടെ ഓണം
‘‘മുന്‍പ് തമിഴ് ബ്രാഹ്മണരായിരുന്നു കൊട്ടാരത്തിലെ പാചകക്കാര്‍. പൂരാടദിവസം അച്ചാറുകളും ഉപ്പേരിയും തയാറാക്കും. പുളിങ്കറിയും ഉപ്പേരി വറുക്കാനെടുത്ത കായയുടെ തൊലി കൊണ്ടുള്ള തോരനും ഒക്കെയായി ഉത്രാടത്തിനു ചെറിയൊരു സദ്യയാണ്. ഗോതമ്പുപായസമാണ് അന്നു വിളമ്പുക. പ്രഥമന്‍ തയാറാക്കുമ്പോള്‍ ഫ്ളേവര്‍ കൂട്ടാനായി രണ്ടു കുരുമുളകു പൊട്ടിച്ചിടുക കൊട്ടാരത്തിലെ പതിവാണ്.’’ ഗൗരിപാര്‍വതി ബായി തമ്പുരാട്ടി പറയുന്നു.
‘‘പായസത്തില്‍ ഏലയ്ക്കയും മറ്റും ചേര്‍ക്കുന്നതിനോട് എനിക്കു യോജിപ്പില്ല. പായസം അതിന്റെ തനതായ സ്വാദില്‍ കഴിക്കുന്നതാണ് ഇഷ്ടം. ശര്‍ക്കരപ്പായസത്തേക്കാള്‍ പാല്‍ ചേര്‍ത്ത പായസങ്ങളാണ് പ്രിയം. സദ്യയുടെ കറികളില്‍ ഏറ്റവും ഇഷ്ടം കാളനാണ്.’’ ഗൗരിലക്ഷ്മിബായി തമ്പുരാട്ടി പ്രിയപ്പെട്ട രുചികളെപ്പറ്റി പറഞ്ഞു.
ഇഞ്ചിത്തൈര്, പുളിശ്ശേരി, ചെറുചൂടില്‍ വേവിച്ചെടുത്ത ഓലന്‍, കാളന്‍ ഇവയൊക്കെയാണ് കൊട്ടാരത്തിലെ ഓണസദ്യയില്‍ പ്രധാനം. പഴുത്തമാങ്ങയും അല്‍പം പച്ചമാങ്ങയും ചേര്‍ത്ത പാണ്ടിപ്പച്ചടിയും സാധാരണ സദ്യവട്ടങ്ങള്‍ക്കുള്ള കറികളുമായി വിഭവസമൃദ്ധമാണ് ഓണസദ്യ. തിരുവോണദിവസം സദ്യയ്ക്കു കൊട്ടാരത്തില്‍ പായസം വയ്ക്കാറില്ല. നേദിച്ച പാല്‍പ്പായസവും മേനിത്തുലാപായസവും പദ്മനാഭസ്വാമിയുടെ അനുഗ്രഹമായി ക്ഷേത്രത്തില്‍ നിന്നു കൊട്ടാരത്തിലേക്കു കൊടുത്തയയ്ക്കുകയാണു പതിവ്.
കൊട്ടാരത്തില്‍ എന്നും ഭക്ഷണം കഴിക്കുന്നതു തറയില്‍ പായ വിരിച്ചിരുന്നാണ്. തിരുവോണത്തിനും അങ്ങനെ തന്നെ. നാലു ദിവസവും സദ്യ തന്നെ ആയതിനാല്‍ അ ഞ്ചാം ദിവസം ബേക്ക് ചെയ്ത വിഭവങ്ങളും സാലഡും പാസ്തയുമായി വെസ്റ്റേണ്‍ വെജിറ്റേറിയന്‍ ഡിന്നറാണ് ഒരുക്കുക.
‘‘സദ്യയില്‍ എനിക്കിഷ്ടം പരിപ്പ്, നെയ്യ്, പപ്പടം, അച്ചാര്‍ കോംബിനേഷനാണ്.’’ ഇഷ്ടരുചികളെപ്പറ്റി ലക്ഷ്മി നായര്‍ വാചാലയായി. ‘‘തിരുവനന്തപുരം സദ്യയില്‍ ഒരു തമിഴ് സ്വാധീനമുണ്ട്. വടകൂട്ടുകറിയും ഇഞ്ചിക്കറിയുമൊക്കെ ഇവിടുത്തെ പ്രത്യേകതയാണ്.’’
സ്നേഹത്തിന്റെ ഓണം
‘‘മുത്തശ്ശി സേതുപാര്‍വതി ബായി തമ്പുരാട്ടിക്കു നല്ല കൈപ്പുണ്യമായിരുന്നു എന്നു കേട്ടിട്ടുണ്ട്. മുത്തശ്ശി ഓണസദ്യ തയാറാക്കുന്ന ഓര്‍മകള്‍ ഉണ്ടോ?’’ സംഭാഷണം കൊട്ടാര രുചികളിലേക്കു തിരിഞ്ഞപ്പോള്‍ ലക്ഷ്മി നായര്‍ ആകാംക്ഷയോടെ ചോദിച്ചു.
‘‘ബഹുമുഖപ്രതിഭയായിരുന്നു അമ്മൂമ്മ. പാചകത്തിലും അമ്മൂമ്മയ്ക്ക് അസാമാന്യ വൈദഗ്ധ്യമായിരുന്നു. ക ല്‍ച്ചട്ടി, ചിരട്ടത്തവി ഇവയൊക്കെക്കൊണ്ടാണു പാചകം. മയക്കിയെടുത്ത മണ്‍പാത്രത്തില്‍ ഏറെത്തവണ കഴുകി അരിച്ചെടുത്ത ആറ്റുമണല്‍ നിരത്തി മുകളില്‍ രാമച്ചം ഇട്ട ശേഷം തിളപ്പിച്ചാറിയ വെള്ളം അമ്മൂമ്മ ഒഴിച്ചു വയ്ക്കും. അതായിരുന്നു ഞങ്ങളുടെ ഐസ്‌വാട്ടര്‍.
ഓണസദ്യയ്ക്കു മേല്‍നോട്ടം വഹിക്കാറില്ലെങ്കിലും സ ദ്യയ്ക്കുള്ള അച്ചാര്‍ തയാറാക്കിയിരുന്നത് അമ്മൂമ്മയായിരുന്നു. കൊരണ്ടിയിട്ടിരുന്നു ചുറ്റിനും ഭരണികള്‍ വച്ച് അച്ചാറുണ്ടാക്കുന്ന അമ്മൂമ്മയുടെ ചിത്രം ഇന്നും മനസ്സിലുണ്ട്.
ആഹാരത്തെ ബഹുമാനിക്കണം, ഭക്ഷണം പാഴാക്കരുത് എന്നീ പാഠങ്ങള്‍ അമ്മൂമ്മയാണു പഠിപ്പിച്ചത്. സദ്യയുടെ ബാക്കി വന്ന കറികള്‍ ചോറുമായി മിക്സ് ചെയ്ത് അമ്മൂമ്മ ഒരു പ്രത്യേകവിഭവം തയാറാക്കും. അതേപോലെ ബാക്കിവന്ന പുളിങ്കറിയിലെ കഷണങ്ങള്‍ വരട്ടിയെടുത്തൊരു വിഭവവും. അവയുടെ സ്വാദു പറഞ്ഞറിയിക്കാനാകില്ല. ഏറെ സ്നേഹം ചേര്‍ത്തു തയാറാക്കുന്നതു കൊണ്ടാകും അമ്മൂമ്മയുടെ വിഭവങ്ങള്‍ക്ക് ഇത്രയും സ്വാദെന്നു തോന്നിയിട്ടുണ്ട്. പ്രായമായപ്പോഴും പാചകം ചെയ്യാന്‍ അമ്മൂമ്മയ്ക്കു വലിയ ഇഷ്ടമായിരുന്നു. കട്ടിലില്‍ ചമ്രംപടിഞ്ഞിരുന്ന് അടുത്തൊരു സ്റ്റൂളിട്ട് അതില്‍ സ്റ്റൗ വച്ചു ഞങ്ങള്‍ കുട്ടികള്‍ക്കു ദോശയൊക്കെ ഉണ്ടാക്കിത്തരുമായിരുന്നു.
അമ്മയുടെ സ്പെഷാലിറ്റീസ് നാരകത്തിലയും കറിവേപ്പിലയും കൊല്ലമുളകും പച്ചമുളകും ഒക്കെ ചേര്‍ത്തു തയാറാക്കുന്ന സംഭാരവും ബോഞ്ചിയും ആയിരുന്നു.’’ ഗൗരിപാര്‍വതി ബായി തമ്പുരാട്ടി.
‘‘നാരങ്ങാവെള്ളത്തിനാണു തിരുവനന്തപുരത്തുകാര്‍ ബോഞ്ചി എന്നു പറയുന്നത്. വേനല്‍ക്കാലത്തെ പ്രിയപ്പെട്ട പാനീയങ്ങളാണു ബോഞ്ചിയും സംഭാരവും.’’ ലക്ഷ്മി നായര്‍ കൂട്ടിച്ചേര്‍ത്തു.
‘‘അമ്മാവന്‍ ചിത്തിര തിരുനാള്‍ മഹാരാജാവും കൊച്ചമ്മാവന്‍ ഉത്രാടം തിരുനാള്‍ മഹാരാജാവും പാചകത്തില്‍ വലിയ താല്‍പര്യമുള്ളവരായിരുന്നു. ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലിയില്‍ വരുന്ന പാചകക്കുറിപ്പുകള്‍ വെട്ടിയെടുത്തു വേണ്ട മാറ്റങ്ങള്‍ വരുത്തി തയാറാക്കാന്‍ രണ്ടുപേരും ഇഷ്ടപ്പെട്ടിരുന്നു.’’ തമ്പുരാട്ടിമാര്‍ ഓര്‍ക്കുന്നു.
പിറന്നാളുകളുടെ ഓണം
‘‘ഓണക്കാലം ഞങ്ങള്‍ക്കു പിറന്നാളുകളുടെ കാലം കൂടിയാണ്.’’ ഗൗരിപാര്‍വതി ബായി തമ്പുരാട്ടി. ‘‘തിരുവോണത്തിനു ഞങ്ങളുടെ കൊച്ചമ്മായി (ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തമ്പുരാന്റെ പത്നി രാധാദേവി)യുടെ പിറന്നാളാണ്. അവിട്ടം അച്ഛന്റെ ജ്യേഷ്ഠന്‍ പൂഞ്ഞാറിലെ വലിയ രാജാവിന്റെ പിറന്നാളും ചതയം എന്റെ ഭര്‍ത്താവിന്റെ (ചെമ്പ്രോല്‍ രാജരാജവര്‍മ) പിറന്നാളുമാണ്. പൂരുരുട്ടാതിക്കാണ് അനുജത്തിയുടെ മൂത്തപുത്രന്‍ മാര്‍ത്താണ്ഡവര്‍മയുടെ പിറന്നാള്‍. അന്നാണ് കൊട്ടാരത്തില്‍ വെസ്റ്റേണ്‍ ഡിന്നര്‍ ഒരുക്കുന്നത്.
ഒരിക്കല്‍ ഈ ഡിന്നറിനു വനിതയുടെ ചീഫ് എഡിറ്ററായിരുന്ന മിസ്സിസ് കെ. എം. മാത്യുവും ഉണ്ടായിരുന്നു. ഡിന്നറിനു വിളമ്പിയ ‘സ്റ്റഫ്ഡ് കാരറ്റ്’ എന്ന വിഭവം മിസ്സിസ് കെ. എം. മാത്യുവിന് ഏറെ ഇഷ്ടമായി. അടുത്ത ദിവസം സ്റ്റഫ്ഡ് കാരറ്റ് കൊട്ടാരത്തിലുണ്ടാക്കി കോട്ടയത്തേക്കു കൊടുത്തയച്ചു. പലഹാരപ്പൊതികള്‍ സമ്മാനിച്ചു ഞങ്ങളെ എന്നും സ്‌നേഹിച്ചിരുന്ന കൈപ്പുണ്യത്തിന്റെ റാണിക്കു കൊട്ടാരത്തിന്റെ രുചിസമ്മാനമായി.’’ ഗൗരിപാര്‍വതിബായി തമ്പുരാട്ടിയുടെ പുഞ്ചിരിക്കുന്ന മുഖത്ത് ഓര്‍മകളുടെ ഓണനിലാവു നിറയുന്നു.
വനിത 2023ൽ പ്രസിദ്ധീകരിച്ച ലേഖനം