Saturday 07 September 2024 09:29 AM IST : By സ്വന്തം ലേഖകൻ

‘മഞ്ജയ്’ എന്ന പേരില്‍ കഥകള്‍ എഴുതിയിരുന്ന മമ്മൂട്ടി: പലർക്കുമറിയാത്ത രഹസ്യം

mammootty-84

മലയാളി ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഭാവഭേദങ്ങളുടെ പൂർണിമ പിറന്നാൾ നിറവിലാണ്. പരകായപ്രവേശങ്ങളും പകർന്നാട്ടങ്ങളും കൊണ്ട് അഭ്രപാളികളില്‍ ഇതിഹാസം രചിച്ച മമ്മൂട്ടിയ്ക്ക് കേരളക്കര ഹൃദയം നിറഞ്ഞ് ആശംസകളർപ്പിക്കുന്ന നിമിഷം. സിനിമയും ജീവിതവും ആവേശമായി കൊണ്ടു നടക്കുന്ന മെഗാസ്റ്റാറിനൊപ്പമുള്ള ഹൃദ്യമായ ഓർമ്മകളെ ഈ അസുലഭ നിമിഷത്തിൽ തിരികെ വിളിക്കുകയാണ് ‘വനിത.’ ആരോടും പങ്കുവയ്ക്കാത്ത രഹസ്യങ്ങൾ, അഭിനയ വഴിയിലെ ഒളിമങ്ങാത്ത ഓർമ്മകൾ. ‘വനിതയിൽ’ കണ്ട മമ്മൂട്ടിയുടെ വാക്കുകൾ ഒരിക്കൽ കൂടി...

മഞ്ജയ് എന്ന പേരില്‍ മമ്മുക്ക കഥകള്‍ എഴുതിയിരുന്നു എന്നു കേട്ടിട്ടുണ്ട്?

അതൊരു കുട്ടിക്കാല കുസൃതിയാണ്, അല്ലെങ്കില്‍ വികൃതി. അന്നത്തെ എന്റെ തൂലികാ നാമമായിരുന്നു മഞ്ജയ്.

അച്ഛന്റെ അനുജനാണ് പുസ്തകങ്ങൾ വാങ്ങിത്തന്ന് എന്നെ വായനയിലേക്കു കൊണ്ടുവന്നത്. അന്നു ചെമ്പില്‍ കിട്ടാവുന്ന സകല വാരികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിച്ചു വായിച്ച് അതുപോലെ ഒരു മാസിക തുടങ്ങണമെന്നു തോന്നി.

ഒപ്പം മാതൃഭൂമിയുെട ബാലപംക്തിയിലേക്ക് കഥകളെഴുതി അയക്കാൻ തുടങ്ങി. സത്യൻ അന്തിക്കാട്, ശ്രീധരൻ മൊകേരി, അക്ബർ കക്കട്ടിൽ... ഈ പേരൊക്കെ ബാലപംക്തിയിൽ അന്നേ ഞാൻ കണ്ടിരുന്നു. പക്ഷേ, ഞാൻ അയച്ച കഥകളൊന്നും പ്രസിദ്ധീകരിച്ചു വന്നില്ല.

അന്ന് നാട്ടിലെ ചില െെകയെഴുത്തു മാസികകളില്‍ കഥകളൊക്കെ എഴുതുമായിരുന്നു. അക്കാലത്താണ് ഒരു െെകയെഴുത്തു മാസിക തുടങ്ങാന്‍ തീരുമാനിച്ചത്.

ഇന്നത്ത കുട്ടികള്‍ക്കു െെകയെഴുത്തുമാസികയെന്നു പറഞ്ഞാല്‍ പിടികിട്ടുമോ ആേവാ എന്നു പറഞ്ഞു മമ്മൂക്ക െെക മലര്‍ത്തുന്നു... ‘അറിയാം, അറിയാം, മമ്മൂക്ക ബാക്കി പറയൂ...’ നായികമാർ ആവേശത്തിലാണ്...

‘‘ചങ്ങാതിമാരുെട െെകയില്‍ നിന്നു കഥകളും കവിതകളും ഒക്കെ വാങ്ങിച്ചു. എന്റെ സീനിയറായിരുന്ന ഇ കെ പുരുഷോത്തമന്റെ കൈയക്ഷരം വടിവൊത്തതായിരുന്നു. അവനെക്കൊണ്ടാണ് മാസിക എഴുതിപ്പിച്ചത്. മറ്റൊരു കൂട്ടുകാരന്‍ ധനഞ്ജയന്‍ ചിത്രങ്ങള്‍ വരച്ചു. രാവിലെ സൈക്കിളും എടുത്ത് ധനഞ്ജയന്റെ വീട്ടിലേക്ക് പോവും. കൂടെയിരുന്നു വരപ്പിക്കും, എഴുതിപ്പിക്കും. യമുന എന്നായിരുന്നു മാസികയുെട പേര്. അതിലാണ് മഞ്ജയ് എന്ന പേരില്‍ കഥകളെഴുതിയത്.

മഞ്‍ജയ് എന്നതിന് അർഥമൊന്നുമില്ല. എന്‍റെ പേരിന്‍റെ ആദ്യാക്ഷരവും കൂട്ടുകാരുെട പേരിലെ ചില അക്ഷരങ്ങളും ഒക്കെ ചേര്‍ത്തുണ്ടാക്കിയ ഒരു പേര്. മാസിക രണ്ടു ലക്കമേ ഇറങ്ങിയുള്ളൂ. അതോെട അതോടെ ആ പേരും തീർന്നു.