ജനനായകൻ അനശ്വരതയിലേക്ക് മറഞ്ഞിട്ട് ഒരു വർഷം. ഉമ്മൻചാണ്ടിയെന്ന നേതാവിന്റെ ഓർമകളെ സഹൃദയർ ഹൃദയത്തോടു ചേർക്കുമ്പോൾ വനിതയും ആ ഓർമകൾക്കൊപ്പം സഞ്ചരിക്കുകയാണ്. ആ വിയോഗം നൽകിയ ശൂന്യതയും ആ ഓർമകള്‍ നൽകിയ കരുത്തും ജീവിതത്തിൽ വെളിച്ചമാക്കിയ ഉമ്മൻചാണ്ടിയുടെ പ്രിയപ്പെട്ടവർ മനസു തുറക്കുന്നു. വനിതയുടെ ഓർമകളുടെ ഷെൽഫിലെ കുഞ്ഞൂഞ്ഞ്.
-----
കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ? ഞാനോ നിങ്ങളോടു പറയുന്നു. നിന്റെ വലത്തേ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക. നിന്റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്കുക. ഒരുത്തൻ നിന്നോട് ഒരു നാഴിക വഴിപോകുവാൻ നിർബന്ധിച്ചാൽ രണ്ടു നാഴിക അവനോടുകൂടെ പോവുക. നിന്നോട് യാചിക്കുന്നവനു കൊടുക്കുക. (ൈബബിൾ)
എന്നെ അന്വേഷിച്ചു വരുന്നവരൊക്കെ പാവങ്ങളാണ്. അവരെ സഹായിക്കണം. അതു ദൈവത്തിന്റെ നിയോഗമാണ്.’ കുഞ്ഞ് എ പ്പോഴും പറയുമായിരുന്നു. ഇപ്പോൾ ഇവിടെ പുതുപ്പള്ളി വിശുദ്ധ ഗിവർഗീസ് സഹദായുടെ തിരുമുറ്റത്ത് ഒൻപതാം ചരമദിനത്തിൽ വിശുദ്ധ കുർബാന കൈക്കൊണ്ട് കബറിലിരിക്കുമ്പോൾ എന്റെ തൊട്ടടുത്തു കുഞ്ഞിന്റെ സാന്നിധ്യമുണ്ട്. കാരണം ജീവിച്ചിരിക്കെ എ ന്നെ വിശ്വസിച്ചവർ ഒരിക്കലും മരിക്കുകയില്ല എന്നാണു വചനം. കുഞ്ഞിനു ദൈവത്തിൽ വിശ്വാസമായിരുന്നു. ദൈവത്തിന് കുഞ്ഞിനെയും.
എന്റെ കുഞ്ഞിനെ നിങ്ങൾ ഇത്ര സ്നേഹിക്കുന്നു എ ന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കബറിൽ ഇപ്പോഴും വെളിച്ചം നിറയ്ക്കുകയാണ് പല സ്ഥലങ്ങളിൽ നിന്നു വന്നവർ. പലപ്പോഴായി അദ്ദേഹത്തിന്റെ സ്നേഹവും കാരുണ്യവും ഏറ്റുവാങ്ങിയിട്ടുള്ളവർ.
സ്നേഹത്തിന്റെ നാലര പതിറ്റാണ്ട്
ഉമ്മൻ ചാണ്ടിയെ അടുപ്പമുള്ളവർ കുഞ്ഞൂഞ്ഞ് എന്നു വിളിച്ചപ്പോൾ ഞാൻ കുഞ്ഞ് എന്നാണു വിളിച്ചിരുന്നത്. വിവാഹസമയത്തു ഞാനെടുത്ത ഒരേയൊരു സ്വാതന്ത്ര്യമായിരുന്നു അത്. സണ്ണി എന്നായിരുന്നു കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ അപ്പന്റെ അനുജൻ സണ്ണി ചെറുപ്പത്തിലേ ടൈഫോയ്ഡ് വന്നു മരിച്ചു. അദ്ദേഹത്തിന്റെ ഓർമയ്ക്കാണു കുഞ്ഞിനെ സണ്ണി എന്നു വിളിക്കാൻ തുടങ്ങിയത്. കുറച്ചു മുതിർന്നപ്പോൾ കുഞ്ഞൂഞ്ഞ് എന്ന പേര് അദ്ദേഹം സ്വയം സ്വീകരിക്കുകയായിരുന്നു.
കരുവാറ്റ കുഴിത്താട്ടിൽ കുടുംബാംഗമാണു ഞാൻ. തിരുവിതാംകൂറിൽ ആദ്യമായി നിയമബിരുദം നേടിയ എം. മാത്യു എന്റെ മുത്തച്ഛനാണ്. ഒരു ബന്ധു വഴിയാണ് കുഞ്ഞിന്റെ വിവാഹാലോചന വന്നത്. പെണ്ണിന്റെ വീട്ടിൽ പോയി പെണ്ണു കാണില്ല എന്നതായിരുന്നു കുഞ്ഞിന്റെ നിലപാട്. അതുകൊണ്ട് അദ്ദേഹത്തിന്റെ പിതൃസഹോദരി ഇടത്തുംപടിക്കൽ അമ്മിണി തോമസിന്റെ പള്ളത്തെ വീട്ടിൽ വച്ചായിരുന്നു ആദ്യം കണ്ടത്. അമ്മിണിയമ്മാമ എന്നാണു കുഞ്ഞ് അവരെ വിളിച്ചിരുന്നത്. വലിയ ഇഷ്ടമായിരുന്നു കുഞ്ഞിന് അവരോട്. ‘ഇംപോക് എന്താണ് എന്ന് അറിയാമോ’ എന്നാണ് ആദ്യമായി കണ്ടപ്പോൾ എന്നോടു ചോദിച്ചത്. അറിയില്ലെന്നു മറുപടി. അത് ബാങ്ക് ജീവനക്കാർക്കിടയിലെ കോൺഗ്രസ് സംഘടനയാണെന്നു പറഞ്ഞു. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച.
അതിനു മുൻപ് കല്യാണാലോചന വന്ന സമയത്ത് ഒരു സംഭവമുണ്ടായി. കുഞ്ഞിന്റെ ആന്റിമാർ ഒന്നുരണ്ടുപേർ എന്റെ വീട്ടിൽ വന്നു. അവർ വന്നത് കുഞ്ഞിന്റെ ഗുണഗണങ്ങൾ വാഴ്ത്താനാണ്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മറ്റുചില ബന്ധുക്കൾ വന്നു. അവരും കുഞ്ഞിനെ വാഴ്ത്താൻ തുടങ്ങി. മൂന്നാമതു വന്നത് സുഹൃത്തുക്കളാണ്. ഞാനപ്പോൾ അമ്മയോടു പറഞ്ഞു. ‘ഉമ്മൻ ചാണ്ടിക്ക് സാരമായ എന്തോ തകരാറുണ്ട്. അല്ലെങ്കിൽ ബന്ധുക്കൾ വന്ന് ഇങ്ങനെ അദ്ദേഹത്തെ പുകഴ്ത്തുന്നതെന്തിന്?’ അതൊന്നും കാര്യമാക്കേണ്ട എന്നാണ് അമ്മ പറഞ്ഞത്.
വിവാഹം നിശ്ചയിച്ചതിനുശേഷം ബാങ്കിൽ എനിക്കൊരു കത്തു വന്നു. ഉമ്മൻ ചാണ്ടിയാണു കത്ത് അയച്ചിരിക്കുന്നത്. കത്ത് വായിച്ചെങ്കിലും അതിലെ കയ്യൊപ്പു കണ്ടപ്പോൾ എനിക്കു സംശയമായി. അല്ലെങ്കിലും ഞങ്ങൾ ബാങ്ക് ജീവനക്കാർ കയ്യൊപ്പിന്റെ കാര്യത്തിൽ കുറച്ചു കണിശക്കാരാണ്. എനിക്കാണെങ്കിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പ് മുൻപു കണ്ട പരിചയവുമില്ല. ഞാനൊരു പത്തുദിവസം ആ കത്തിന് മറുപടിയെഴുതാതെ കയ്യിൽ വച്ചു. അതിനുശേഷം ചേച്ചിയോടു കാര്യം പറഞ്ഞു. മറുപടി കിട്ടിയില്ലെങ്കിൽ അദ്ദേഹം എന്തു കരുതും എന്നു ചേച്ചി ചോദിച്ചു. അപ്പോഴാണ് എനിക്ക് അബദ്ധം മനസ്സിലായത്. ഞാൻ പെട്ടെന്നു തന്നെ മറുപടി എഴുതി. ആ കത്ത് അദ്ദേഹത്തിനു കിട്ടി. പക്ഷേ, മറുപടി വൈകിയത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീട് അറിഞ്ഞു. മാത്രമല്ല, പത്തുദിവസം കൂടി എന്റെ മറുപടി വൈകിയിരുന്നെങ്കിൽ വിവാഹാലോചന ഉപേക്ഷിക്കാനും ആലോചിച്ചിരുന്നത്രേ.
ഇതുപോലെ അദ്ദേഹത്തിനു വിഷമമുണ്ടാക്കിയ മറ്റൊരു സംഭവമുണ്ടായി. അതും കല്യാണത്തിനു മുൻപാണ്. ഒ രു ദിവസം അദ്ദേഹവും അപ്പനും അടുത്ത ബന്ധുക്കളും എ ന്നെ കാണാൻ ഞങ്ങളുടെ വീട്ടിൽ വന്നു. ജീപ്പിലാണു വന്നത്. കുഞ്ഞു തന്നെയാണു ജീപ്പ് ഓടിച്ചിരുന്നത്.
ഈ സംഭവത്തിനു ശേഷം ഉണ്ടായ പരാതികൾ രണ്ടായിരുന്നു. ഞങ്ങളുടെ വീട്ടുകാർ ജീപ്പിനടുത്തു ചെന്ന് ബന്ധുക്കളോടു യാത്ര പറഞ്ഞില്ല എന്നത് ഒന്നാമത്തേത്. അങ്ങനെയൊരു സമ്പ്രദായം ഉണ്ടെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടായിരുന്നു. രണ്ടാമത്തെ പരാതി കുഞ്ഞിന്റേതായിരുന്നു. പോരാൻ നേരം ‘ബാവ എന്നെ ഒന്നു നോക്കിയതുപോലുമില്ല’ എന്നായിരുന്നു അത്. ‘അന്യപുരുഷന്മാരെ അങ്ങനെ നോക്കുന്ന ആളല്ല ഈ ബാവ’ എന്നു പറഞ്ഞപ്പോൾ കുഞ്ഞ് സ്വതസിദ്ധമായ ചിരി ചിരിച്ചു.
ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതിനുശേഷമാണ് അദ്ദേഹം മന്ത്രിയാകുന്നത്. മന്ത്രിയായതറിഞ്ഞപ്പോൾ ഞാനൊരു ഗ്രീറ്റിങ്സ് ടെലിഗ്രാം അയച്ചു. ബാവ എന്ന പേരിലാണ് ടെലിഗ്രാം. എന്നെ ബാവയെന്നാണ് അടുപ്പക്കാർ വിളിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമല്ലോ എന്ന ധാരണയിലാണ് ഞാൻ അയച്ചത്. എന്നാൽ ടെലിഗ്രാം കിട്ടിയപ്പോൾ അദ്ദേഹം ഓഫിസിലെ ജീവനക്കാരോടു പറഞ്ഞത്രേ ‘ബാവ തിരുമേനി ടെലിഗ്രാം അയച്ചിരിക്കുന്നു. മറുപടി അയയ്ക്കണം എന്ന്.’
ഞങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് പറ്റിയ മറ്റൊരു അബദ്ധം അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. പത്രത്തിൽ പരസ്യം കൊടുത്താണ് ഞങ്ങൾ വിവാഹിതരായത്. അല്ലാതെ കല്യാണചടങ്ങൊന്നും ഉണ്ടായിരുന്നില്ല. പ ക്ഷേ, എന്റെ വീട്ടിൽ ചെറിയ ആഘോഷമൊക്കെയുണ്ടായിരുന്നു. കത്ത് അച്ചടിച്ചു തലേദിവസം കുറച്ചുപേരെ ക്ഷണിച്ചു. അതിൽ ഒരു കത്ത് ഞാൻ കുഞ്ഞിന് അയച്ചു. അന്ന് കുഞ്ഞ് മന്ത്രിയാണ്. ആ കത്ത് നോക്കിയിട്ട് അദ്ദേഹത്തിന്റെ സെക്രട്ടറിയോടു പറഞ്ഞത്രേ, ‘പ്ലീസ് റിപ്ലൈ...’
കുഞ്ഞൂഞ്ഞിന്റെ കീറിയ ഷർട്ടുകൾ
കുഞ്ഞിന്റെ ഖദർ ഷർട്ടും മുണ്ടുമൊന്നും ആദ്യം എനിക്ക് ഇഷ്ടമായിരുന്നില്ല. കാരണം എന്റെ കുടുംബത്തിൽ രാഷ്ട്രീയക്കാർ തീരെ കുറവായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരായിരുന്നു കൂടുതലും. അവരൊക്കെ എക്സിക്യൂട്ടീവ് വേഷത്തിലാണു നടക്കുന്നത്. എന്റെ ഭർത്താവും അങ്ങനെയായിരിക്കണം എന്നായിരുന്നു ആഗ്രഹം. പിന്നെ, എനിക്കു മനസ്സിലായി അതു നടക്കില്ല. പിന്നെ, ഞാൻ കാണുന്നതു കൂടുതലും ഖദർവേഷക്കാരെ മാത്രമായി. വീട്ടിൽ എപ്പോഴും ഈ വേഷം ധരിച്ചവർ.
കുഞ്ഞിനു വളരെ കുറച്ച് ഷർട്ടും മുണ്ടുമേ ഉണ്ടായിരുന്നുള്ളൂ. മുൻപു ചിലർ വിമർശിച്ചിരുന്നു പുതിയ ഷർട്ട് വാങ്ങി അതു കീറിയിട്ടാണ് ഇടുന്നതെന്ന്. അങ്ങനെയൊന്നും ചെയ്തിട്ടില്ല. കുഞ്ഞിനു മാത്രമല്ല എന്റെ മക്കൾക്കും ഡ്രസൊക്കെ കുറവായിരുന്നു. കോളജിൽ പഠിക്കുമ്പോൾ പോലും അവർക്ക് രണ്ടോ മൂന്നോ ജോടിയേ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങൾക്ക് ആർഭാടജീവിതം ഉണ്ടായിട്ടില്ല. ഷോപ്പിങ് ഉണ്ടായിട്ടില്ല. അപൂർവമായിട്ടല്ലാതെ വിനോദയാത്ര ഉണ്ടായിട്ടില്ല. കുഞ്ഞ് മക്കളുടെ കാര്യങ്ങൾ വല്ലാതെ ശ്രദ്ധിച്ചിട്ടില്ല. എൺപതു ശതമാനത്തിൽ കൂടുതൽ മാർക്ക് ആരു വാങ്ങിയാലും അവർക്ക് എന്റെ കയ്യിൽ നിന്നു നല്ല അടി കിട്ടും എന്നാണു മക്കളോടു പറയുക. കുഞ്ഞിന്റെ ജീവിതം അറിയാവുന്ന ഞാൻ പരാതി പറഞ്ഞിട്ടുമില്ല.
മുഖ്യമന്ത്രിയുടെ ഭാര്യയല്ലേ
ദേഷ്യപ്പെടാവുന്ന സാഹചര്യങ്ങൾ ഞാനായിട്ട് ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അദ്ദേഹം ഒരിക്കൽപോലും ദേഷ്യപ്പെടുകയോ മുഖം മുഷിഞ്ഞ് എന്നോടു സംസാരിക്കുകയോ ചെയ്തിട്ടില്ല. മന്ത്രിയായിരുന്ന കാലത്തുണ്ടായ ഒരു സംഭവം ഞാൻ ഇന്നും ഓർക്കുന്നു. പത്തനംതിട്ടയിൽ റിപ്പബ്ലിക്ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കേണ്ടത് അദ്ദേഹമാണ്. രണ്ടുദിവസത്തെ യാത്രയാണ്. ഞാൻ ഡ്രസ് അടുക്കിക്കൊടുത്തു. യാത്ര കഴിഞ്ഞുവന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അറിയുന്നത് ഞാൻ ഷർട്ട് പെട്ടിയിൽ എടുത്തു വച്ചിരുന്നില്ലെന്നും ഒരു സുഹൃത്തിന്റെ ഷർട്ട് ഊരിവാങ്ങിയാണ് അദ്ദേഹം പരേഡ് സ്വീകരിക്കാൻ പോയതെന്നും. പക്ഷേ, എന്നോട് അക്കാര്യം പറഞ്ഞതുപോലുമില്ല.
എന്തെങ്കിലും പൊതുപരിപാടിക്കു പോകുമ്പോൾ ഞാ ൻ അത്യാവശ്യം മേക്കപ് ചെയ്യും. ഉമ്മൻചാണ്ടിയുടെ ഭാര്യയല്ലേ അദ്ദേഹത്തിന് ഒരു കുറവും ഉണ്ടാകരുത് എന്നു കരുതിയാണ്. പക്ഷേ, ഞാൻ മേക്കപ് ചെയ്തു വരുന്നതുകാണുമ്പോൾ കുഞ്ഞ് ഒരു ചിരി ചിരിക്കും. ആ ചിരിയിൽ എല്ലാം ഉണ്ട്.
അടുത്ത ബന്ധുവിന്റെ കല്യാണത്തിന് ഞാൻ ഇത്തിരി ഓവറായി മേക്കപ് ചെയ്തു. കുഞ്ഞ് പ്രവേശന കവാടത്തിൽ നിന്ന് അതിഥികളെ തൊഴുത് സ്വീകരിക്കുകയാണ്. ഞാൻ വന്നപ്പോൾ എന്നെയും തൊഴുതു. ‘ഞാൻ ആരാണെന്നു മനസ്സിലായില്ലേ’ എന്നു കുഞ്ഞിനോടു ചോദിച്ചു. അപ്പോൾ കുഞ്ഞ് പറഞ്ഞു; ‘അതെനിക്കു മനസ്സിലായി. പക്ഷേ, ഇത്രയും പ്രയാസപ്പെട്ട് മേക്കപ് ചെയ്ത് വന്നതല്ലേ ഇത്തിരി ബഹുമാനിച്ചേക്കാം എന്നു കരുതിയതാണ്.’ അതിനുശേഷം ഞാൻ അങ്ങനെ മേക്കപ് ഇട്ടിട്ടില്ല.
നല്ല നീളമുള്ള തലമുടിയായിരുന്നു എന്റേത്. ഒരിക്കൽ തോളറ്റം മുറിച്ചു. രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞു കുഞ്ഞ് വീട്ടിൽ വരുമ്പോൾ ഞാൻ മുടി മുറിച്ചിട്ട് നിൽക്കുകയാണ്. അപ്പോൾ മക്കൾ കുഞ്ഞിനോടു ചോദിച്ചു; ‘അപ്പേ, അമ്മയെ കണ്ടിട്ട് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? കുഞ്ഞ് എന്നെ നോക്കിയിട്ടു പറഞ്ഞു; ‘ഇല്ല. എന്തുപറ്റി?’കുഞ്ഞ് പറ്റിക്കാൻ പറഞ്ഞതാകും എന്നാണു ഞാൻ കരുതിയത്. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് എന്നോടു ചോദിക്കുന്നത് ‘നീ മുടി മുറിച്ചോ’ എന്ന്.
ആറ്റുവാളയുടെ കണ്ണുകൾ
കുഞ്ഞിന് ആറ്റുമീൻ വലിയ ഇഷ്ടമായിരുന്നു. ഇടവപ്പാതി കഴിയുമ്പോൾ ഊത്തപിടുത്തമുണ്ട്. നാട്ടിൻപുറങ്ങളിൽ അതൊരു ആഘോഷമാണ്. കുട്ടിക്കാലത്ത് കുഞ്ഞും ഊത്ത പിടിക്കാൻ പോകാറുണ്ടായിരുന്നെന്നു ചില ബാല്യകാലസുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. പക്ഷേ, കുഞ്ഞ് പെട്ടെന്നൊരു ദിവസം ആറ്റുമീൻ കഴിക്കുന്നത് നിർത്തി. പ്രത്യേകിച്ച് ആറ്റുവാളയെന്ന നല്ല രുചിയുള്ള മീൻ.
പിന്നീടാണ് ആ സംഭവം കുഞ്ഞ് പറയുന്നത്. ഒരു ഇടവപ്പാതിക്ക് സുഹൃത്തുക്കൾ ആരോ നാലഞ്ച് വലിയ ആറ്റുവാള വീട്ടിൽ കൊണ്ടുവന്നു. അടുക്കളഭാഗത്തു ചെന്നു കുഞ്ഞ് നോക്കുമ്പോൾ അതിൽ വെട്ടിമാറ്റിയ തലയിലെ കണ്ണ് തുടിക്കുകയാണ്. ആ കാഴ്ച കുഞ്ഞിനെ വല്ലാതെ അസ്വസ്ഥനാക്കി. അതിനുശേഷം ആറ്റുവാള കഴിച്ചിട്ടില്ല.
ഒരിക്കൽ മാലിദ്വീപിൽ പോയപ്പോൾ ടൂറിസ്റ്റുകൾക്ക് ചൂണ്ടയിടാനും മീൻ പിടിക്കാനുമൊക്കെയുള്ള സൗകര്യമുണ്ടായിരുന്നു അവിടെ. ഞങ്ങളൊക്കെ ചൂണ്ട വാങ്ങി. കുഞ്ഞ് ചൂണ്ട വാങ്ങിയില്ല. ചൂണ്ടയിൽ കൊരുത്ത മീൻ പിടയുന്നതു കാണാനുള്ള ശേഷി എനിക്കില്ല എന്നാണു കുഞ്ഞ് പറഞ്ഞത്.
ഇങ്ങനെയൊക്കെയാണെങ്കിലും മീൻകറി വലിയ ഇ ഷ്ടമായിരുന്നു. കപ്പയാണ് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം. കപ്പയും ചമ്മന്തിയും അല്ലെങ്കിൽ കപ്പയും മീൻകറിയും. നാടൻകറികളായിരുന്നു ചോറിനൊപ്പം. കടുമാങ്ങ, ചുട്ടപപ്പടം, ചെറുപയർ... പുട്ടിനോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. തേങ്ങ അരച്ച കറി മാങ്ങയോ ചക്കക്കുരുവോ ഇടും. വഴുതനയോ പാവയ്ക്കയോ കൊണ്ട് ഒരു തീയൽ. ഇതിൽ എന്തെങ്കിലും ഒന്നോ രണ്ടോ കറി മതി. നോമ്പുകാലത്ത് വെജിറ്റേറിയൻ ഭക്ഷണം മാത്രം.
മേശപ്പുറത്ത് ഏതെങ്കിലും പഴമിരുന്നാൽ ഏറ്റവും കേ ടായതാവും കുഞ്ഞ് എടുക്കുക. ഒരു ആഹാരസാധനവും പാഴാകരുത് എന്നാണ്. ദോശയോ അപ്പമോ ചൂടോടെ കൊണ്ടുവച്ചാലും ചിലപ്പോൾ കഴിക്കാൻ താമസിക്കും. തണുത്തത് മാറ്റിത്തരാം എന്നു പറഞ്ഞാലും സമ്മതിക്കില്ല. അതുതന്നെ കഴിക്കും. പറഞ്ഞാൽ വിശ്വസിക്കില്ല കഴിഞ്ഞ നാലര പതിറ്റാണ്ടിനിടയിൽ ഒരിക്കൽ പോലും ആഹാരം മോശമായിരുന്നു എന്നൊരു വാക്ക് എന്നോടു പറഞ്ഞിട്ടില്ല.
കാരുണ്യം ക്ഷമ, സ്നേഹം സൗമ്യത, സഹനശക്തി എ ല്ലാം അദ്ദേഹത്തിന് ഉണ്ടായിരുന്നു. കുഞ്ഞിന് ഈ ഗുണങ്ങളൊക്കെ കിട്ടിയത് അമ്മയിൽ നിന്നാണ്. ഏകദേശം മൂന്നു പതിറ്റാണ്ട് ആ അമ്മയുടെ സ്േനഹം ഞാൻ അനുഭവിച്ചു. മകളേ എന്നല്ലാതെ എന്നെ വിളിച്ചിട്ടില്ല.
ജീവിതത്തിൽ വളരെക്കുറച്ച് ഉപദേശങ്ങളേ കുഞ്ഞ് എനിക്കു തന്നിട്ടുള്ളൂ. ഒന്ന് ആരോടും ദേഷ്യപ്പെടരുത്. രണ്ട് കറുപ്പിനെ വെളുപ്പിക്കാൻ നിൽക്കരുത്. കറുപ്പിനെ കറുപ്പായും വെളുപ്പിനെ വെളുപ്പായും മാത്രം കാണുക. ഒരു വീട്ടിലും ചെരിപ്പിട്ടു കയറരുത്. സ്വീകരണമുറിയിൽ ഇരിക്കാതെ നേരെ അടുക്കളയിലേക്കു ചെന്നു സംസാരിക്കണം. പിന്നെ, കഴിയുമെങ്കിൽ ചിരിക്കുക. ചിരിക്കുമ്പോൾ നിങ്ങളുടെ നെഞ്ചിലെ ഭാരം ദൈവം എടുത്തു മാറ്റുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാണ് ജീവിക്കാൻ ശ്രമിച്ചിട്ടുളളത്. എങ്കിലും എനിക്കു ചിലപ്പോൾ ദേഷ്യപ്പെടേണ്ടി വരും.
എന്തിനോടും സ്നേഹമായിരുന്നു കുഞ്ഞിന്. മണിക്കുട്ടി എന്നൊരു ആട്ടിൻകുട്ടിയുണ്ടായിരുന്നു. വീട്ടിലെ സോഫയിലായിരുന്നു മണിക്കുട്ടിയുടെ ഉറക്കം. ചിലപ്പോൾ കുഞ്ഞും മണിക്കുട്ടിയും ഒരുമിച്ചു സോഫയിൽ ഇരിക്കുന്നതു കാണാം. മറ്റൊരിക്കൽ വീട്ടിലെ അതിരിൽ നിന്ന ഒരു തെങ്ങ് മുറിച്ചുമാറ്റേണ്ടി വന്നു. നല്ല കായ്ഫലമുള്ള തെങ്ങായിരുന്നു അത്. മുറിക്കുന്നതിന്റെ തലേന്ന് കുഞ്ഞ് അതിന്റെ ചുവട്ടിൽ പോയി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഗോതമ്പുപാടത്തെ കളകൾ
2013 – മുതൽ ഇങ്ങോട്ട് ഞങ്ങൾ ഒഴുക്കിയ കണ്ണുനീരുണ്ടായിരുന്നെങ്കിൽ ഒരു തടാകം തന്നെ ഉണ്ടാക്കാമായിരുന്നു. അത്രയ്ക്കു സഹിച്ചു. അതുപക്ഷേ, ആരും അറിഞ്ഞില്ല. ആരും അറിയരുതെന്നു കുഞ്ഞിനു നിർബന്ധമുണ്ടായിരുന്നു. അക്കാലത്തു പല രാത്രികളിലും കുഞ്ഞ് ഉറങ്ങിയിരുന്നില്ല. പാടത്ത് ഗോതമ്പു ചെടിയോടൊപ്പം കള കൂടി വളരും. വിളയേത് കളയേത് എന്നു നമുക്കു തിരിച്ചറിയാൻ പറ്റില്ല. കതിരണിയുമ്പോഴാണ് അറിയുന്നതു വിളയേക്കാൾ കൂടുതൽ കളയായിരുന്നു എന്ന്. പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല. നമ്മൾ കള കൊയ്യേണ്ടി വരും. ആ കളകളുടെ പാപഭാരം നമ്മൾ ചുമക്കേണ്ടി വരും.
പലരും ഞങ്ങളോടു നല്ലതല്ലാതെ പെരുമാറി. ജീവിതത്തിലെ കുറേ നല്ല കാലങ്ങൾ ഇല്ലാതാക്കി. ഞങ്ങൾക്ക് ആരോടും പകയില്ല. വെറുപ്പില്ല. എല്ലാവരോടും ഒരു അപേക്ഷ മാത്രം പ്രാർഥനയിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്തുക.
ഒരിക്കൽ ഞാൻ കുഞ്ഞിനോടു ചോദിച്ചു. അടുത്തുവരുന്നവരെയെല്ലാം കുഞ്ഞ് പല രീതിയിൽ സഹായിക്കുന്നു. ഇതുകൊണ്ട് കുഞ്ഞിന് എന്താണു ഗുണം. കുഞ്ഞ് എന്നെ കുറച്ചുനേരം നോക്കിയിരുന്നു. എന്നിട്ടു പറഞ്ഞു. ഒരാളെ നമ്മൾ സഹായിച്ചിട്ട് അയാളുടെ കണ്ണുകളിലേക്കു നോക്കണം. അപ്പോൾ ആ കണ്ണിനൊരു തിളക്കമുണ്ടാവും. ആ തിളക്കം കാണാൻ വേണ്ടിയാണ് ഞാൻ മറ്റുള്ളവരെ സഹായിക്കുന്നത്.
ആശുപത്രിയിൽ വച്ച് അദ്ദേഹത്തിന്റെ ശബ്ദം പൂർണമായും ഇല്ലാതാകുന്നതിനു മുൻപ് എന്നോടൊരു ചോദ്യം ചോദിച്ചു; ‘ഞാൻ ബാവയോട് നീതി പുലർത്തിയോ?’
എന്തു പറയണമെന്ന് അറിയാതെ കുറച്ചു നേരം ഞാൻ മിണ്ടാതിരുന്നു. പിന്നെ, ആ കൈകൾ കൂട്ടിപ്പിടിച്ച് പറഞ്ഞു; ‘ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ള ഭാര്യയാണു ഞാൻ. ഉമ്മൻ ചാണ്ടിയുടെ ഭാര്യ എന്നതിലുപരി ഒരു നീതിയും എനിക്കു വേണ്ട.’ ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കിയില്ല. കാരണം ആ കണ്ണുകൾ നിറഞ്ഞുകാണുന്നത് എനിക്കൊരിക്കലും ഇഷ്ടമായിരുന്നില്ല.
നിശബ്ദമായ അഞ്ചു മാസങ്ങൾ
കഴിഞ്ഞ അഞ്ചുമാസമായി കുഞ്ഞ് ഏറെക്കുറെ നിശബ്ദനായിരുന്നു. ഒരു വാക്കുപോലും സംസാരിക്കാനാവാതെ. ആ കിടപ്പ് എനിക്ക് ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല. അദ്ദേഹത്തിന്റെ മരണത്തേക്കാൾ എന്നെ വേദനിപ്പിച്ചത് ആ കാഴ്ചയാണ്.
പ്രാർഥനയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലം മുതൽ ഞാൻ പ്രാർഥിച്ചിരുന്നത് എനിക്കു വൈധവ്യം തരരുതേ ദൈവമേ എന്നാണ്. പക്ഷേ, ഞാനിപ്പോൾ ആ വേദന അനുഭവിക്കുന്നു. എന്നാലും ദൈവമേ അങ്ങേയ്ക്കു സ്തുതി. മദ്യപിക്കാത്ത, സിഗരറ്റ് വലിക്കാത്ത, ദൈവവിശ്വാസിയായ ഒരാളെ ഭർത്താവായി കിട്ടേണമേ എന്ന എന്റെ പ്രാർഥന ദൈവം കേട്ടല്ലോ എനിക്ക് അതുമതി.
ഉമ്മൻ ചാണ്ടി തിരിച്ചു വരുന്നു എന്നു കരുതുക. എന്താവും സംഭവിക്കുക. എനിക്ക് ഉറപ്പുണ്ട്. എന്നെയും മക്കളെയും കൊച്ചുമക്കളെയുമൊക്കെ ഒന്നു കാണും. പിന്നെ, വീണ്ടും ആൾക്കൂട്ടത്തിൽ അലിയും. അങ്ങനെ ആവാതിരിക്കാൻ കുഞ്ഞിന് ആവില്ല. അവൻ എന്നോടു ചേർന്നു നിൽക്കുന്നതിനാൽ അവൻ മരിക്കുന്നില്ല എന്നല്ലേ ദൈവവചനം. എനിക്ക് ഉറപ്പുണ്ട് കുഞ്ഞ് ദൈവത്തിനടുത്തുണ്ടെന്ന്.
വി. ആർ. ജ്യോതിഷ്
വനിത 2023ൽ പ്രസിദ്ധീകരിച്ച ലേഖനം