എം. ജി. സോമൻ അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു. എങ്കിലും തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ വീട്ടിൽ നിറയെ എം. ജി. സോമന്റെ ഓർമകളാണ്. എല്ലാ മുറികളിലും സോമന്റെ ചിത്രങ്ങൾ അലങ്കരിച്ചുവച്ചിരിക്കുന്നു. പല കാലങ്ങളിൽ പല ഭാവങ്ങളിലുള്ള ചിത്രങ്ങൾ. മലയാളസിനിമ കടന്നു വന്ന വഴിത്താരകൾ ആ ചിത്രങ്ങളിൽ തെളിയുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെയുള്ള അവാർഡ് ശിൽപങ്ങൾ, അടുത്ത സുഹൃത്തുക്കളുമായുള്ള ബ്ലാക് ആൻഡ് വൈറ്റ് ഫ്രെയിമുകൾ, ചില്ലലമാരയിൽ സോമൻ ഉപയോഗിച്ചിരുന്ന സിഗരറ്റ് ലൈറ്ററുകൾ, ഭംഗിയുള്ള പഴയ ചില്ലുകുപ്പികൾ, പിന്നെ സോമൻ വർഷങ്ങളോളം ഉപയോഗിച്ച കാർ വീട്ടുമുറ്റത്ത്. അതെല്ലാം നിത്യസ്മാരകം പോലെ സൂക്ഷിക്കുകയാണു വീട്ടുകാർ...
മമ്മൂട്ടിയും മോഹൻലാലും എന്നു പറയുന്നതുപോലെയായിരുന്നു ഒരുകാലത്ത് സോമനും സുകുമാരനും എന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്. സുകുമാരന്റെ മകൻ പൃഥ്വിരാജ് സിനിമയിലെത്തി. ആ സമയത്തു തന്നെയാണ് സംവിധായകൻ ഭരതന്റെ മകൻ സിദ്ധാർഥും നടൻ രാഘവന്റെ മകൻ ജിഷ്ണുവും അഭിനയരംഗത്തേക്കു വരുന്നത്. അങ്ങനെ പഴയകാല സൂപ്പർ താരങ്ങളുെട മക്കൾ സിനിമയിലെത്തിയതിന്റെ തുടർച്ചയായിരുന്നു സോമന്‍റെ മകന്‍ സജിയുടെ വരവും. എന്നാൽ നാലഞ്ചു സിനിമകളിൽ അഭിനയിച്ച ശേഷം സജി സിനിമാരംഗം വിട്ടു. പതിനഞ്ചു വർഷങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും സിനിമയിലേക്കെത്തുകയാണ് സജി. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ഒ. ബേബി എന്ന സിനിമയിലൂടെ.
സോമന്റെ ഭാര്യ സുജാതയും മകൻ സജിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഇപ്പോൾ മണ്ണടിപ്പറമ്പിൽ വീട്ടിൽ താമസിക്കുന്നത്. വീടിനടുത്താണ് സോമൻ തന്റെ ഭാര്യയ്ക്കുവേണ്ടി തുടങ്ങിയ ‘ഭദ്ര സ്പൈസസ്’ എന്ന കറിപൗഡർ കമ്പനി. ‘‘ഇന്നോർക്കുമ്പോൾ എനിക്കു വലിയ അദ്ഭുതമാണ്. വീട്ടിൽ മക്കളുടെ കാര്യങ്ങളും നോക്കിയിരുന്ന എന്നെ എന്തിനാണ് ഒരു ബിസിനസ് ഏൽപ്പിച്ചതെന്ന്. സ്ഥാപനത്തിനു ഭദ്ര അഗ്‌മാർക് സ്പൈസസ് എന്ന് പേരിട്ടതും അദ്ദേഹം തന്നെ. ഇവിടെ അടുത്തൊരു ഭദ്രാദേവി ക്ഷേത്രമുണ്ട്. അവിടുത്തെ വലിയ ഭക്തനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഈ പേരിട്ടത്.’’ സംഭാഷണങ്ങൾക്ക് തുടക്കമിട്ടത് സുജാതയാണ്.
ഒരു സൂപ്പർതാരത്തിന്റെ ഭാര്യയായിരുന്നു എന്ന ഇമേജൊന്നുമില്ലാതെ മില്ലിലെ മറ്റു ജീവനക്കാർക്കൊപ്പം പൊടിയിൽ കുളിച്ചു പണിയെടുക്കുകയാണ് സുജാത. ‘‘സത്യത്തിൽ ഇവിടുത്തെ ജോലിത്തിരക്കാണ് എന്നെ രക്ഷിച്ചത് എന്നു പറയാം. മക്കളെ നന്നായി വളർത്തണമെന്നും ഉത്തരവാദിത്തങ്ങളുണ്ടെന്നുമൊക്കെ തോന്നിപ്പിച്ചത് സോമേട്ടൻ തുടങ്ങി വ ച്ച ഈ കമ്പനിയാണ്.’’ വീട്ടിലേക്കു നടക്കുന്നതിനിടയിൽ സുജാത പറഞ്ഞു.
ൈഹറേഞ്ചിലെ ഷൂട്ടിങ് കഴിഞ്ഞു സജി വീട്ടിൽ തിരിച്ചെത്തിയതേയുള്ളൂ. ‘‘സിനിമയിൽ വരുന്നതിനു മുൻപ് ഒ രു നാടകത്തിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. സിനിമയിൽ അഭിനയിച്ചതുതന്നെ തികച്ചും യാദൃച്ഛികമായാണ്.’’ സജി പറയുന്നു.
2002-ൽ റിലീസ് ചെയ്ത എ. കെ. സാജൻ ചിത്രം‘ േസ്റ്റാപ്പ് വയലൻസി’ലൂടെയാണു സജി വെള്ളിത്തിരയിലെത്തുന്നത്. പൃഥ്വിരാജിന്റെ റിലീസ് ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു അത്. മുൻനിര താരങ്ങളായിരുന്ന സോമന്റെയും സുകുമാരന്റെയും മക്കൾ അഭിനയിക്കുന്നു എന്നതായിരുന്നു ആ സിനിമയുടെ ൈഹലൈറ്റ്.
ആ സിനിമയിൽ പൃഥ്വിരാജ് നായകനായപ്പോൾ സജി വില്ലനായി. ആസിഡ് എന്ന പേരുള്ള ഗുണ്ടാത്തലവനെയാണ് സജി അവതരിപ്പിച്ചത്. പിന്നീട് ശശി മോഹൻ സംവിധാനം ചെയ്ത തിലകം എന്ന സിനിമയിൽ നായകനായി. ക്യാംപസ്, ലയൺ എന്നീ സിനിമകളിൽ കൂടി അഭിനയിച്ച് 2008–ൽ സജി ഗൾഫിലേക്കു പോയി. അതിനുശേഷം പതി നഞ്ചു വർഷങ്ങൾക്കു ശേഷമാണ് രഞ്ജൻ പ്രമോദിന്റെ സിനിമ ഓ. േബബിയിൽ വീണ്ടുമെത്തുന്നത്.
‘‘സിനിമയിൽ ആദ്യമായി അഭിനയിച്ചപ്പോഴും ഇപ്പോഴും അമിതമായി ആവേശം കൊള്ളുന്ന ആളല്ല ഞാൻ. പിന്നെ, അച്ഛന് സിനിമയിൽ ഒരു പേരുണ്ടല്ലോ? അതു ചീത്തയാക്കരുത് എന്ന ആഗ്രഹവുമുണ്ട്.’’
കാൽ നൂറ്റാണ്ട് സിനിമയിൽ നിറഞ്ഞു നിന്നതിനുശേഷമാണു സോമൻ ജീവിതത്തോടു വിട വാങ്ങിയത്. ഇക്കാലയളവിൽ ‘ചട്ടക്കാരി’യിലെ ആംഗ്ലോ–ഇന്ത്യൻ ആയ റിച്ചാർഡ്. ‘ഇതാ ഇവിടെ വരെ’യിലെ വിശ്വനാഥൻ, ‘തുറമുഖ’ത്തിലെ ഹംസ തുടങ്ങി പ്രേക്ഷകർ ഇന്നും ‘നേരാ.... തിരുമേനീ... ’എന്ന് ഡയലോഗു പറഞ്ഞുനടക്കുന്ന ‘ലേല’ത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ വരെ എത്രയോ കഥാപാത്രങ്ങൾ.
‘‘എനിക്കു തോന്നുന്നതു കഥാപാത്രത്തെ മാത്രമേ അച്ഛൻ നോക്കിയിട്ടുള്ളൂ എന്നാണ്. ഇമേജ് ഇല്ലാതാകുമോ എന്ന ഭയമൊന്നും അച്ഛനുണ്ടായിരുന്നില്ല. ഗായ ത്രിയെന്ന സിനിമയിൽ രാജാമണിയെന്ന നിഷേധിെയ അവതരിപ്പിച്ചാണ് അച്ഛൻ തുടങ്ങിയതെങ്കിൽ ‘സ്റ്റോപ് വയലൻസി’ൽ ഞാൻ ക്വട്ടേഷൻ നേതാവായ ആസിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണു വന്നത്. പക്ഷേ, അഞ്ഞൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഞാനാകട്ടെ അഞ്ചു സിനിമകളേ പൂർത്തിയാക്കിയിട്ടുള്ളു.’’ സജി ചിരിക്കുന്നു.
‘‘സജിയെപ്പോലെയല്ല, കുട്ടിക്കാലത്തേ അഭിനയത്തി ൽ താൽപര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.’’ സുജാത പറഞ്ഞു. ‘‘ഏകദേശം പത്തുവർഷത്തോളം അദ്ദേഹം എയർഫോഴ്സിൽ ജോലി ചെയ്തു. അതിനിടയിലായിരുന്നു ഞങ്ങളുടെ വിവാഹം. സജി ജനിച്ചതിനുശേഷമാണു സ്വയം വിരമിച്ച് നാട്ടിലെത്തിയത്. നാട്ടിൽ വന്ന് കൃഷി ചെയ്തു ജീവിക്കാം എന്നായിരുന്നു പ്ലാൻ. തറവാട്ടിൽ അത്യാവശ്യം ഭൂമിയുണ്ടായിരുന്നു. അങ്ങനെ കൃഷിപ്പണിക്കിടയിലാണു ചില അമച്വർ നാടകസംഘങ്ങളിൽ അഭിനയിക്കുന്നത്. പിന്നീട് കൊട്ടാരക്കര ശ്രീധരൻനായരുടെ ജയശ്രീ തിയേറ്റേഴ്സിലും ചേർന്നു. ക്രമേണ നാടകാഭിനയം കൂടുകയും കൃഷി കുറയുകയും ചെയ്തു.’’
യഥാർഥത്തിൽ നാടകമാണു സോമന് സിനിമയിലേക്കുള്ള വഴി തുറന്നത്. സാഹിത്യകാരനും ഐഎഎസ് ഉ ദ്യോഗസ്ഥനുമായിരുന്ന മലയാറ്റൂർ രാമകൃഷ്ണനാണു സോമനെ സിനിമയിൽ ആദ്യമായി അഭിനയിപ്പിച്ചത്. മലയാറ്റൂരിന്റെ തന്നെ ഗായത്രിയെന്ന സിനിമയിൽ.
മലയാറ്റൂരിന്റെ ഭാര്യ വേണി തിരുവനന്തപുരത്തു വച്ച് കണ്ട ഒരു നാടകത്തിലെ പ്രധാനനടൻ സോമനായിരുന്നു. അങ്ങനെ വേണി പറഞ്ഞിട്ടാണ് മലയാറ്റൂർ സോമനെ ‘ഗായത്രി’യുടെ ഭാഗമാക്കുന്നത്. അവിെട നിന്നങ്ങോട്ടു കൂടുതൽ െമച്ചപ്പെട്ട കഥാപാത്രങ്ങൾ സോമനെ തേടി വന്നു. ഏ കദേശം രണ്ടരപതിറ്റാണ്ട് ആ നടനം നീണ്ടുപോയി. അഭിനയസാധ്യതയുള്ള കഥാപാത്രം എന്നതിലുപരി മറ്റു മാനദണ്ഡങ്ങളൊന്നും സോമൻ നോക്കിയില്ല. അതുകൊണ്ടാണ് ഒരേസമയം നായകനായും വില്ലനായും സ്വഭാവനടനായും സോമൻ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.
ഏറ്റവും മികച്ച നടനും സഹനടനുമുള്ള സംസ്ഥാന സർക്കാർ അവാർഡുകൾ അടുത്തടുത്ത വർഷങ്ങളിൽ അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. മാത്രമല്ല ഒരു വർഷം നാൽപതിലേറെ സിനിമകളിൽ അഭിനയിച്ചതിന്റെ റെക്കോർഡും. ഇന്നേവരെ ആരും തിരുത്തിയിട്ടില്ല അത്. താൻ ആ റെക്കോർഡ് തിരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോയെ ന്നു ജഗതി ശ്രീകുമാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

സൗഹൃദങ്ങളായിരുന്നു സോമന്റെ ദൗർബല്യം. സുഹൃത്തുക്കൾക്കു സോമനെയും സോമന് സുഹൃത്തുക്കളെയും അത്രയ്ക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും ആ സ്നേഹവും സൗഹൃദവും അവർ സൂക്ഷിക്കുന്നത്. ‘‘പലരും വിളിക്കാറുണ്ട്. ചിലർ ഈ വഴി പോകുമ്പോൾ കയറും. ഞങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നവരാണു കൂടുതലും.’’ സുജാത പറയുന്നു.
അപൂർവരാഗം പോലെ ആ സൗഹൃദം
നടൻ മധു നിർമാണവും സംവിധാനവും നിർവഹിച്ച സിനിമയാണു ‘മാന്യശ്രീ വിശ്വാമിത്രൻ’. കൈനിക്കര പത്മനാഭപിള്ളയുടെ ആക്ഷേപഹാസ്യനാടകമാണ് അതേ പേരിൽ സിനിമയായത്. മധു തന്നെയായിരുന്നു പ്രധാന നടൻ. സോമനും കവിയൂർ പൊന്നമ്മയുമൊക്കെ അഭിനയിക്കാനുണ്ടായിരുന്നു. ആ സിനിമയിൽ കൊറിയോഗ്രഫി ചെയ്തത് സാക്ഷാൽ കമലഹാസൻ. അന്നു തുടങ്ങിയ സൗഹൃദമാണ് സോമനും കമലഹാസനും തമ്മിൽ. അപൂർവരാഗം പോലെ സുന്ദരമായി ആ സൗഹൃദം തുടർന്നു.
‘‘അച്ഛന് അസുഖം ഗുരുതരമായി എറണാകുളത്ത് ആശുപത്രിയിൽ കിടന്നപ്പോൾ കമൽ അങ്കിൾ ആ ആശുപത്രിയിലെ ഡോക്ടർമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അച്ഛനെ ചെന്നൈയിൽ കൊണ്ടുചെല്ലാൻ അദ്ദേഹം ആവശ്യപ്പെട്ടു. അവസാനം ഡോ. ഫിലിപ്പ് അഗസ്റ്റിനാണു പറഞ്ഞത് ഒട്ടും യാത്ര ചെയ്യാവുന്ന സ്ഥിതിയിലല്ല അദ്ദേഹം. അത്രയ്ക്കും ഗുരുതരാവസ്ഥയിലാണെന്ന്. പിന്നീട് ഒന്നുരണ്ടു ദിവസം മാത്രമേ അച്ഛൻ ജീവിച്ചിരുന്നുള്ളൂ.’’ സജി പറയുന്നു.
സോമന്റെ പേരിലുള്ള അനുസ്മരണ പരിപാടികളിൽ കമൽഹാസൻ എത്താറുണ്ട്. ‘‘പക്ഷേ, ഞങ്ങളാരും അദ്ദേഹത്തെ അങ്ങോട്ടു വിളിച്ചു ബുദ്ധിമുട്ടിക്കാറില്ല. അദ്ദേഹത്തെ മാത്രമല്ല സിനിമയിലുള്ള എത്രയോ സുഹൃത്തുക്ക ൾ. പക്ഷേ, ഞങ്ങൾ ആരുടെയും സഹായം തേടിയില്ല. മകന്റെ കാര്യത്തിനു പോലും. കാരണം സോമേട്ടന് അതൊന്നും ഇഷ്ടമായിരുന്നില്ല.
സോമേട്ടനെ വിവാഹം കഴിക്കുമ്പോൾ എനിക്കു പതിന്നാലു വയസ്സാണു പ്രായം. സോമേട്ടന് ഇരുപത്തിയെട്ടും. കല്യാണത്തിന് എനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ, കൂട്ടുകാർ ആരോ പറഞ്ഞു; കല്യാണം കഴിഞ്ഞാൽ ചെറുക്കന്റെ വീട്ടിലേക്കു പോകുന്നതു കാറിലാണ്. അതിനുമുൻപ് ഒരിക്കൽ മാത്രമേ ഞാൻ കാറിൽ യാത്ര ചെയ്തിട്ടുള്ളു. സത്യത്തിൽ കാറിൽ കയറാൻ വേണ്ടിയാണു ഞാൻ കല്യാണത്തിനു സമ്മതിച്ചത്. ഞാൻ ആഗ്രഹിച്ചതുപോലെ കല്യാണദിവസം ഒരു കാർയാത്ര തരപ്പെട്ടു. പിറ്റേന്ന് ഏഴുരാത്രികൾ എന്ന സിനിമ കാണാൻ എന്നെ കൊണ്ടുപോയി. അന്നൊന്നും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമോ അതിനുള്ള ശ്രമങ്ങളോ ഒന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
‘ലേല’മാണ് ഞങ്ങൾ ഒരുമിച്ചിരുന്ന് അവസാനമായി ക ണ്ട സിനിമ. ആ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്റെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിച്ചു എന്ന സ ന്തോഷം ആ മുഖത്തുണ്ടായിരുന്നു.’’ സുജാത ഒരുനിമിഷം നിശബ്ദയായി. പിന്നെ, പറഞ്ഞു; ‘‘സോമേട്ടൻ പോയശേഷം എനിക്ക് ആഘോഷങ്ങളില്ല. എല്ലാം കടന്നുപോകുന്നു എന്നു മാത്രം.’’
നടക്കാതെ പോയ അച്ഛന്റെ ആഗ്രഹം
‘‘അച്ഛൻ സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ഒരിക്കൽ ഞാൻ തിരുവനന്തപുരത്ത് ലൊക്കേഷനിൽ പോയി. അന്ന് അച്ഛൻ പറഞ്ഞു; ‘മോനേ... നിന്നെയൊന്ന് മേക്കപ്പിട്ടു കാണാൻ അച്ഛന് ആഗ്രഹമുണ്ട്’. അന്ന് അച്ഛൻ കാണാതെ ഞാൻ അവിടെ നിന്നു മുങ്ങി. സിനിമയ്ക്കു വേണ്ടി ആദ്യമായി മേക്കപ്പിനിരുന്നപ്പോൾ ഈ സംഭവം ഓർത്ത് എനിക്കു സങ്കടമായി. അച്ഛന്റെ വാക്കുകൾ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടമാണ്.’’
സജിക്ക് രണ്ടു മക്കൾ. ശേഖറും ശിവാംഗിയും. വിദേശത്ത് ഉപരിപഠനത്തിനുള്ള തയാറെടുപ്പിലാണു ശേഖർ. ബിജുമേനോൻ നായകനായ മധു മുട്ടം സിനിമ ‘ഭരതൻ ഇഫക്റ്റി’ൽ ബിജു മേനോന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ശേഖർ ആയിരുന്നു. എങ്കിലും പിന്നീട് ശേഖർ സിനിമയിൽ നിന്നില്ല. പഠനത്തിനു പ്രാധാന്യം നൽകി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.
‘‘മുത്തച്ഛന്റെ സിനിമകൾ കാണാറുണ്ടെങ്കിലും എ ന്റെയും ഇഷ്ടകഥാപാത്രം ലേലത്തിലെ ആനക്കാട്ടിൽ ഈ പ്പച്ചൻ തന്നെ.’’ ശേഖറിന്റെ വാക്കുകൾ. സജിയുടെ ഭാര്യ ബിന്ദു വീടിനോടു ചേർന്നു കാറ്ററിങ് യൂണിറ്റ് നടത്തുന്നുണ്ട്. വ്യത്യസ്ത ഇനം പായസമാണ് പ്രധാന ഇനം. സജിയുടെ സഹോദരി സിന്ധു ഭർത്താവിനൊപ്പം ഡൽഹിയിലാണു താമസം. സിന്ധുവിന്റെ ഭർത്താവ് ഗിരീഷ് ഇപ്പോൾ കൊമേഴ്സ്യൽ ൈപലറ്റായി ജോലി ചെയ്യുന്നു.
‘‘അഭിനയരംഗത്തു തന്നെ തുടരണം എന്നാണ് ആഗ്രഹം. പക്ഷേ, അതൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകരാണല്ലോ? അവരുടെ സഹകരണം ഉണ്ടെങ്കിൽ നാട്ടിൽ തുടരും. അല്ലെങ്കിൽ വീണ്ടും ഗൾഫിലേക്കു പോകും.’’ സജി ചിരിക്കുന്നു.
ഒ. ബേബിയിൽ ജോമോൻ എന്ന കഥാപാത്രത്തെയാണ് സജി അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രഘുനാഥ് പലേരിയാണ്. അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ ഇങ്ങനെ എഴുതി; ‘കുറച്ചു ദിവസത്തേക്ക് സോമനെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. മകനിലൂടെ അച്ഛനെ കാണുക. അങ്ങേയറ്റം ഭംഗിയാർന്ന നിമിഷങ്ങളാണ് ആ മകൻ തന്നത്...’
വി. ആർ. ജ്യോതിഷ്
ഫോട്ടോ: ഹരികൃഷ്ണൻ