മലയാളി എങ്ങനെ മറക്കും ആ പുഞ്ചിരി. വിടരും മുമ്പേ വിധി തല്ലിക്കൊഴിച്ചു കളഞ്ഞ മലയാളത്തിന്റെ ശാലീന സൗന്ദര്യം. കാലമേറെ കഴിഞ്ഞാലും മോനിഷ മലയാളി മനസുകളിലെ ദീപ്തമായ ഓർമയാണ്. 1992ലെ ഒരു ഡിസംബര്‍ 5നാണ് മോനിഷയെന്ന ശാലീനതയെ വിധി നിർദാക്ഷിണ്യം തട്ടിയെടുത്തത്. ആ വിയോഗം സംഭവിച്ച് 31 ആണ്ടുകൾ പൂർത്തിയാകുകയാണ്. മോനിഷയുെട അമ്മ ശ്രീദേവി ഉണ്ണിയുടെ ഓർമചിത്രങ്ങളിലൂടെ ആ ജ്വലിക്കുന്ന ഓർമ പുനർജനിക്കുന്നു....
ഭഗവതിയുടെ ഉത്സവം കൂടാൻ
പന്നിയങ്കര തട്ടകത്തിലെ ഭഗവതിയുടെ ഉത്സവത്തിന് പോകുന്നതാണ് അവളുടെ മറ്റൊരു ഇഷ്ടം. നവരാത്രിക്കാണ് ഉത്സവം. ഒന്‍പതു ദിവസം ഓരോ വീട്ടുകാരുടെ വക പൂജയും വിളക്കുമുണ്ടാകും. ഞങ്ങളുടേത് മൂന്നാംദിവസമായ തൃതീയയ്ക്കാണ്. പഞ്ചവാദ്യവും തായമ്പകയും കാണാൻ ഉത്സാഹത്തോടെ പോകും. കുടുംബത്തിലെ എല്ലാവരും കൂടി ചേരുന്ന അവസരങ്ങളെല്ലാം സന്തോഷമാണവൾക്ക്.
തട്ടകത്തിനു പുറത്ത് ഒരമ്പലത്തിൽ ആദ്യമായി ഉത്സവത്തിന് പോകുന്നത് ഏറ്റുമാനൂരാണ്. ഏഴരപ്പൊന്നാന ദിവസം ഒരിക്കൽ മോനിഷയുടെ ഡാൻസ് ഉണ്ടായിരുന്നു. ഹരിഹരൻ സാർ പറഞ്ഞിട്ട്. അന്ന് ഞാനും നൃത്തം ചെയ്തു. പിറ്റത്തെ ആഴ്ച പത്താംക്ലാസ് പരീക്ഷയെഴുതണം. പോകുമ്പോൾ പുസ്തകമൊക്കെ എടുത്തിരുന്നു. ഫസ്റ്റ്ക്ലാസ് തന്നെ കിട്ടി.
അവളെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്ന ഒരു ദിവസമുണ്ട്. 1980 ഒക്ടോബർ 24ന് ബെംഗളൂരുവിലെ രവീന്ദ്രകലാക്ഷേത്രത്തിൽ വച്ചു ഗംഭീരമായി നടന്ന അവളുടെ നൃത്ത അരങ്ങേറ്റം. നിറഞ്ഞു കവിഞ്ഞ സദസ്സ്. ചീഫ് ഗസ്റ്റ് ആയി ദാസേട്ടൻ. ഒൻപതു വയസ്സുള്ള കുട്ടി രണ്ട് താളവട്ടം വരെയൊക്കെ ശിവനായി പല പോസുകളിൽ അനങ്ങാതെ നിൽക്കുന്നത് ‘എ റെയർ സെൻസ് ഓഫ് ബാലൻസ്’ എന്നാണ് പത്രങ്ങ ൾ വിശേഷിപ്പിച്ചത്.
ആഘോഷങ്ങളെത്തുമ്പോൾ നോവായി ഒരു ചിത്രം മനസ്സിൽ തെളിയും. ഞങ്ങളെല്ലാവരും അവസാനമായി സന്തോഷിച്ച് ആഘോഷിച്ച അവസാന ഓണം. 1992 സെപ്റ്റംബറിൽ. ഷൂട്ടിങ് ആയതുകൊണ്ട് പന്നിയങ്കര വീട്ടിലായിരുന്നു ഞങ്ങ ൾ. അടുത്തു തന്നെയുള്ള ഒരു സമൂഹവിവാഹം ഉദ്ഘാടനം ചെയ്യാൻ നല്ല വീതിയുള്ള കസവുമുണ്ടുടുത്ത് മുല്ലപ്പൂ ചൂടി സുന്ദരിയായി മോൾ രാവിലെ പോകാനിറങ്ങി.
‘മോളേ വാ, മാതേവർക്ക് രണ്ട് പൂവിട്ടിട്ട് പൊയ്ക്കോളൂ,’ മുത്തശ്ശി വിളിച്ചു. ഞങ്ങളുടെ തറവാട്ടിൽ മാതേവരെ പൂജിക്കുന്നത് സ്ത്രീകളാണ്. മുറ്റം ചാണകം മെഴുകിയിട്ടാണല്ലോ പൂവിടുക. ‘മുണ്ടിലൊക്കെ ചാണകമാക്വോ മുത്തശ്ശീ’ എന്നു ചോദിച്ച് ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ശ്രദ്ധയോടെ അവ ൾ പൂവിട്ടു. ‘ഉച്ചയാകുമ്പോഴേക്കും സദ്യയുണ്ണാൻ വരണം ട്ടോ’ എന്നും പറഞ്ഞ് മുത്തശ്ശി അവളെ യാത്രയാക്കി. അവൾ അവളെത്തന്നെ മനസ്സിലാക്കിത്തുടങ്ങിയ കാലമായിരുന്നു അത്. ചിലപ്പോഴൊക്കെ ഞാൻ അവളെ ആശ്രയിക്കാൻ തുടങ്ങിയിരുന്നു അപ്പോൾ. ‘ശരിക്കും നീ അമ്മയാണോ മകളാണോ?’ ഞാൻ ചോദിക്കും. അപ്പോഴവൾ ഗമയിൽ ചിരിക്കും. ആ ഡിസംബറിൽ അവൾ പോയി.
വീടു നിറയും അവളുടെ ചിരി
മോളുടെ ഏറ്റവും വലിയ ഇഷ്ടം നായ്ക്കളായിരുന്നു. അച്ഛനും ഏട്ടനും അങ്ങനെ തന്നെ. മൃഗസ്നേഹം കാരണം കഴിവതും വെജിറ്റേറിയൻ ഭക്ഷണമാണ് അവൾ കഴിച്ചത്. ബെംഗളുരുവിൽ അഞ്ചേക്കർ സ്ഥലം വാങ്ങി തെരുവുനായ്ക്കൾക്കായി ആശുപത്രി തുടങ്ങണമെന്നത് വലിയൊരു സ്വപ്നമായിരുന്നു.
‘1992നു മുൻപും ശേഷവും... അങ്ങനെയാണെന്റെ ഓർമകൾ. ഈ വീട്ടിലിപ്പോഴും അവളുടെ കിലുകിലും ചിരി കേൾക്കാറുണ്ട്. വീട് നിറഞ്ഞിരുന്നൊരു പെൺകിടാവ്. ഞങ്ങളുടെ ഐശ്വര്യം. അവളിപ്പോൾ ഉണ്ടായിരുന്നെങ്കിൽ... നാൽപത്തൊമ്പതു വയസ്സുള്ള മോനിഷയെ ഒന്നു സങ്കല്‍പിച്ചു നോക്കൂ...’ അമ്മയെ കെട്ടിപ്പിടിച്ച് കുസൃതിച്ചിരിയുമായി നിൽക്കുന്ന മോനിഷയുടെ ചിത്രത്തിലേക്ക് നോക്കിയപ്പോൾ ശ്രീദേവിയുടെ വാക്കുകൾ അലിഞ്ഞലിഞ്ഞ് മൗനമായി.