ഉമ്മ സ്വർഗത്തിലേക്കു പോയ ദിവസം യത്തീമായ പോലെ തോന്നി നശ്വ നൗഷാദിന്. പിന്നെ, തോന്നി രോഗശയ്യയിലാണെങ്കിലും വാപ്പച്ചിയുണ്ടല്ലോ കൂടെ. പക്ഷേ, ആ തണലിന് ആയുസ്സ് 15 ദിനമേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങളുടെ ഇടവേളയിൽ വാപ്പച്ചിയേയും നഷ്ടപ്പെട്ടു, 12 വയസ്സുകാരി നശ്വക്ക്.
വേർപാടിന്റെ മൂന്നുവർഷം കടന്നു പോയെങ്കിലും നശ്വയുടെ വാപ്പച്ചിയെ മലയാളി അങ്ങനെ എളുപ്പം മ റക്കില്ല. രുചിയുടെ ഏഴാം സ്വർഗത്തിന്റെ ദം പൊട്ടിച്ച ജനപ്രിയ ഷെഫ് നൗഷാദ്. വാക്കിലും നോക്കിലും വാപ്പച്ചിയെ അനുസ്മരിപ്പിക്കുന്ന നച്ചു അവളുടെ ഉപ്പയുടെ കഥ പറയാനിരുന്നു.
പരാതി പറയാനുണ്ട് പടച്ചോനോട്...
‘‘16 വർഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണ് ഞാൻ. വൈകി വന്നതിന്റെ കടംകൂടി വീട്ടി എന്നെ സ്നേഹിക്കാൻ മത്സരമായിരുന്നു രണ്ടുപേരും. തരിമ്പ് സ്നേഹക്കൂടുതൽ വാപ്പച്ചിക്കായിരുന്നു. ‘നൗഷാദിക്കാ... നച്ചുവിനെ നിങ്ങള് സ്നേഹിച്ച് വഷളാക്കോ?’ എന്ന് ഉമ്മയുടെ അനിയത്തി ആമിയും മൂത്തുമ്മമാരും മാ മമാരും ചോദിക്കും. വാപ്പച്ചിയുണ്ടോ കേൾക്കുന്നു. ആ മനുഷ്യൻ കരഞ്ഞതും ചിരിച്ചതും കിനാവു കണ്ടതും എനിക്കു വേണ്ടിയായിരുന്നു. ഒരിക്കൽ വെള്ളത്തിൽ കളിച്ചതിന്റെ പേരിൽ ഉമ്മ എന്നെ ചെറുതായൊന്ന് തല്ലി. ആ വിഷമം സഹിക്കാതെ മുറിയിൽ കയറി വാപ്പച്ചി വാതിലടച്ചു കരഞ്ഞു.
ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എന്റെ ഉപ്പ തന്ന സ്വാതന്ത്ര്യമാണ് വെറും 15–ാം വയസ്സിലും എന്നെ ബോൾഡാക്കി നിർത്തുന്നത്. ഷെഫിന്റെ മകളെ ഷെഫ് ആക്കാനോ ഹോട്ടൽ മാനേജ്മെന്റ് പഠിപ്പിക്കാനോ കണക്കു കൂട്ടിയിരുന്നില്ല. ഒന്നിനും നിർബന്ധിക്കാതെ എല്ലാം നച്ചുവിന്റെ ഇഷ്ടമെന്ന് പറഞ്ഞ് കൂടെ നിന്നു. മറ്റു കുട്ടികളെ പോലെ മാർക്ക് വാങ്ങാനോ മത്സരിക്കാനോ പറഞ്ഞിട്ടില്ല. ‘നച്ചൂ... സ്ട്രെസ് എടുക്കല്ലേ കണ്ണേ... കൂളായിട്ട് ചെയ്യ്...’ എന്ന് പറയും. ഇന്നും പഠിക്കാനിരിക്കുമ്പോൾ പോലും തലയ്ക്കു മേലെ ആ വാക്കുകളുണ്ട്. അന്നേരം ഞാൻ മാനത്തേക്കു നോക്കി പറയും. ‘‘സങ്കടപ്പെടല്ലേ... വാപ്പച്ചിയുടെ നച്ചു ഓകെയാണേ... ’’
വേദന മറച്ച് ചിരിക്കുന്ന വാപ്പച്ചി
‘‘പ്രിയപ്പെട്ടവർക്കു വച്ചു വിളമ്പി നടക്കുമ്പോഴും വേ ദനയുടെ നടുക്കയത്തിലായിരുന്നു എന്നും വാപ്പച്ചി. അന്നൊന്നും അതു തിരിച്ചറിയാനുള്ള അറിവോ പക്വതയോ ഉണ്ടായിരുന്നില്ല.
കുഞ്ഞിലേ ഫുട്ബോൾ കളിച്ചപ്പോഴുണ്ടായ പരുക്കിനെ തുടർന്ന് ഇടുപ്പിൽ നാല് സ്ക്രൂ ഇട്ടിരുന്നു. ഒരുപാട് സമയം നിൽക്കേണ്ടി വരുമ്പോൾ വേദന അസഹനീയമാകും. അങ്ങനെ വാപ്പച്ചിയുടെ കാറ്ററിങ് ഷെഡ്യൂളിൽ ആശുപത്രികളും ഇടംപിടിച്ചു. എല്ലിനു തേയ്മാനമുണ്ടായിരുന്നു. അതു ഗുരുതരമായപ്പോൾ വെല്ലൂരിലെ ആശുപത്രിയിൽ സർജറിയിലൂടെ സെറാമിക് എല്ല് പിടിപ്പിച്ചു. പക്ഷേ, വേദന വാപ്പച്ചിയെ വെറുതെ വിട്ടില്ല. എങ്കിലും തെല്ലാശ്വാസം കിട്ടുമ്പോൾ പഴയ നൗഷാദായി എല്ലാവർക്കും നടുവിലേക്കു വരും.
നൗഷാദിക്കയുടെ ഡേറ്റ് ഫ്രീ ഉണ്ടോ എന്നറിഞ്ഞിട്ട് വിവാഹ തീയതി ഉറപ്പിച്ചാൽ മതിയെന്നു പറഞ്ഞ എത്രയോ മണവാട്ടിമാർ. പന്തിക്കു നടുവിൽ ഇക്കയുണ്ടാകണം. ചെക്കനും പെണ്ണുമൊക്കെ വരും മുൻപു കല്യാണവീട്ടിലേക്ക് ‘ഷെഫ് നൗഷാദിന്റെ’ റോയല്‍ എൻട്രിയുണ്ടത്രേ. കാറി ൽ നിന്നിറങ്ങി, വാച്ച് മുറുക്കി, പാന്റ് ഒന്നു കുലുക്കി ഷർട്ടൊക്കെ റെഡിയാക്കിയുള്ള രാജകീയ വരവ്. ഇപ്പോഴും ബിരിയാണി കഴിക്കുമ്പോൾ മനസ്സിലോർക്കും. വാപ്പച്ചിയുടെ ബിരിയാണിയുടെ അത്രയും വന്നിട്ടില്ലല്ലോ. ആ രുചി പോയതിൽ പിന്നെ, ഞാൻ കഴിക്കുന്നതൊന്നും ബിരിയാണിയാണെന്നു തോന്നിയിട്ടില്ല.’’
വാപ്പച്ചിക്കായി എന്റെ കൈപ്പുണ്യം
‘‘ഞാനെന്ത് ഉണ്ടാക്കി കൊടുത്താലും വാപ്പച്ചിക്ക് അത് അമൃതായിരുന്നു. വാപ്പച്ചിയുടെ ചില പാചക കുറിപ്പുകളും ചില്ലറ അറിവുകളും വച്ച് ഒരു പാൻ കേക്ക് ഉണ്ടാക്കി കൊടുത്തതാണ് ഓർമയിൽ മറക്കാനാകാത്തത്.
മധുരത്തിന് നിയന്ത്രണം ഉണ്ടായിട്ടും വാപ്പച്ചി അത് കൊ തിയോടെ കഴിച്ചു. കമന്റിനായി കാത്തുനിന്ന എന്നോട് പറഞ്ഞു. ‘നച്ചുവേ... മാരിയറ്റ് ഹോട്ടലിൽ നിന്ന് കഴിച്ച കേക്കിന്റെ അതേ സ്വാദ്.’ മോശം പറഞ്ഞാൽ എനിക്ക് വിഷമമാകുമോ എന്ന് വാപ്പച്ചി കരുതിയിട്ടുണ്ടാകുമോ?
എല്ലാവരേയും ഭക്ഷണം കഴിപ്പിക്കാൻ മത്സരിച്ച ഷെഫിന്, എന്നെ രാജകുമാരിയെ പോലെ വളർത്തിയ വാപ്പച്ചിക്ക് ഒന്നും തിരികെ കൊടുക്കാനുള്ള സമയം പടച്ചോനെ നീ തന്നില്ലല്ലോ.
പെണ്ണുങ്ങൾ നിരനിരാ നിൽക്കുന്ന വീട്ടിലേക്കു കയറി വന്നിട്ട് വാപ്പച്ചി വിളിച്ചു പറയും. ‘നച്ചുവേ വാപ്പച്ചിക്കൊരു ചായ ഇട്ടേ...’ അതൊരു മനഃകണക്കാണ് സ്കൂളിൽ ഞാൻ പഠിച്ച കെമിസ്ട്രി പോലെ. പാൽ കട്ടികുറച്ച്, വെള്ളം കുറച്ച് കൂടുതലാക്കി, കടുപ്പം കൂട്ടി, മധുരം കുറച്ച്... ഇന്ന് ആർക്ക് ചായ ഇട്ടാലും സ്വിച്ചിട്ട പോലെ ആ അളവ് മനസ്സിലേക്കു വരും. അതെന്റെ വാപ്പച്ചിയുടെ രുചിയാണ്, ഓർമയാണ്.’’
അറംപറ്റിയോ ആ വാക്കുകൾ?
‘‘സർപ്രൈസുകൾ കൊണ്ട് എന്നും ഞെട്ടിച്ചിരുന്നു വാപ്പച്ചി. ഒരു പിറന്നാളിന് എനിക്കു സമ്മാനിച്ചത് ഗ്ലാൻസാ കാറായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ?
‘നൗഷാദ് ഇക്കാ... ഇത്രയും ആഡംബരം വേണോ എന്ന് ചോദിച്ചവരോട് ‘എനിക്കെന്റെ നച്ചു മാത്രമല്ലേയുള്ളൂ. ഇ നിയൊരൂ പക്ഷേ, അവളുടെ കല്യാണത്തിന് ഞാനില്ലെങ്കിലോ എന്നു പറഞ്ഞുവത്രേ.’ ഇന്ന് ആ വാക്കുകൾ ഓർക്കുമ്പോൾ നെഞ്ചിൽ മുള്ളുകുത്തുന്ന വേദനയാണ്. എന്റെ സങ്കൽപങ്ങളും സ്വപ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നൊരാൾ ഉമ്മച്ചിയായിരുന്നു.
ഒരിക്കൽ പറഞ്ഞു, ‘ഉമ്മച്ചിയേ... നമുക്കു രണ്ടു പേർക്കും ഒരു യാത്ര പോകണം കേട്ടോ.’ എല്ലാത്തിനും വാപ്പച്ചിയെ കൂടെ കൂട്ടുന്ന എന്റെ മനസ്സിൽ അന്നേരം എന്തോ വാപ്പച്ചി വന്നില്ല. ‘വാപ്പച്ചി ഇല്ലാതെ നമ്മളെങ്ങോട്ടും ഇല്ല മോളേ...’ എന്ന് കട്ടായത്തോടെ ഉമ്മയുടെ മറുപടി.
ഉടനെ മുഖം കനപ്പിച്ച് ഞാൻ പറഞ്ഞു. ‘അവസാനം എന്നെ ഇവിടെ ഒറ്റയ്ക്കാക്കി നിങ്ങൾ രണ്ട് ഇണക്കിളികള്‍ക്കും കൂടി അങ്ങു പോകാനല്ലേ.’ ആ പറഞ്ഞത് അങ്ങനെയങ്ങു ഫലിക്കുമെന്ന് കരുതിയില്ല. ഒടുക്കം അവരങ്ങ് പോയി. ഇന്നോർക്കുമ്പോൾ അതിലെനിക്ക് അദ്ഭുതമില്ല. ഒറ്റയ്ക്ക് നിൽക്കാൻ കഴിയാത്ത വിധം മനസ്സൊട്ടി നിൽക്കുന്നവരായിരുന്നു അവർ രണ്ടും.
ഷെഫ് ഒക്കെയാണെങ്കിലും മീൻ കറി ഉമ്മ വച്ചാലേ വാപ്പച്ചി ഓകെ ആകൂ. ഉമ്മയുടെ മീൻ വാഴയിലയിൽ പൊള്ളിച്ചതും പാലപ്പവും ഇടിയപ്പവും ഫേവറിറ്റ് ലിസ്റ്റിലുണ്ട്. ഉപ്പയുടെ ബിരിയാണി കഴിഞ്ഞാൽ ഉമ്മയുടെ മീൻകറിയാണ് എന്റെയും പ്രിയവിഭവം . എന്താണ് കാരണമെന്ന് അറിയില്ല, ഉമ്മ പോയ ശേഷം ഞാൻ മീൻകറി കഴിച്ചിട്ടില്ല. കഴിക്കാൻ തോന്നാറില്ല എന്നതാണ് സത്യം. ഉമ്മ പോയ ശേഷം ഷെൽഫിൽ ഉണ്ടാക്കി വച്ചൊരു അച്ചാർ കുപ്പിയുണ്ടായിരുന്നു. ഇ നി അത് കിട്ടില്ല എന്നുറപ്പുള്ളതു കൊണ്ടാകണം. എന്റെ കുഞ്ഞിവിരലിൽ ഇത്തിരി വീതം നാവിൽ തൊട്ടു രുചി നോക്കിക്കൊണ്ടേയിരുന്നു. ദിവസങ്ങളോളം.
ഇപ്പോഴും വാപ്പച്ചിയും ഉമ്മച്ചിയും പോയി എന്ന സത്യം ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അവർ യാത്ര പോയി, അതുമല്ലെങ്കിൽ വാപ്പച്ചി വർക്കിന് പോയി എന്നു വിശ്വസിക്കാനാണ് ഇഷ്ടം. രുചിയായും വാസനയായും അ വരെനിക്കു ചുറ്റുമുണ്ട്.
ഒരിക്കൽ വർക്ക് കഴിഞ്ഞ് ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നതിനിടയിൽ ഞാന്‍ അധികാരത്തോടെ പറഞ്ഞു. ‘വാപ്പച്ചിയേ. ഇനി ഓരോ വർക്ക് കഴിയുമ്പോഴും എനിക്ക് 2000 രൂപ വച്ച് തരണം കേട്ടോ എന്ന്’. എന്തിനാണെന്നു പോലും കേൾക്കാതെ ചിരിയോടെ വാപ്പച്ചി യെസ് മൂളി. പിന്നെ, ഓരോ വർക്ക് കഴിഞ്ഞും കണക്ക് തീർക്കുമ്പോൾ അതിൽ പുതിയൊരു ഇനം കൂടി വന്നു. ‘നച്ചുവിന്റെ രണ്ടായിരം.’ ആ വിയർപ്പിലും വാപ്പച്ചിയുടെ ടോം ഫോർഡ് പെർഫ്യൂമിന്റെ വാസനയിലും തൊട്ട നോട്ടുകൾ ഇന്നും ചെലവാക്കാതെ ഞാൻ സൂക്ഷിക്കുന്നു.’’
അവരുടെ അവസാന കൂടിക്കാഴ്ച
പിടിച്ച് നിൽക്കാവുന്നതിന്റെ അങ്ങേയറ്റം എന്റെ വാപ്പച്ചി പിടിച്ചു നിന്നു. അണുബാധ കലശലായതോടെ ആശുപത്രികളിലൂടെയുള്ള ഓട്ടമായി ജീവിതം. എന്റെ പിറന്നാളിനെങ്കിലും വാപ്പച്ചി വീട്ടിലെത്തണേ എന്ന എന്റെ ദുആ പടച്ചോൻ കേട്ടു. പതിനൊന്നാം പിറന്നാളിന് വാപ്പച്ചി വീട്ടിലെത്തി. തീരെ വയ്യായിരുന്നു. എന്നിട്ടും ചോദിച്ചു. ‘നച്ചുവിന് എന്താ സ്പെഷൽ വേണ്ടത്?’ ഒന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു. ‘ഹണി ചിക്കൻ’.
മുൻപിൽ നിരന്നിരിക്കുന്ന കറിക്കൂട്ടുകൾ. ഓർമയിൽ നിന്ന് ഓരോന്നും നുള്ളിപ്പെറുക്കിയെടുത്ത് വാപ്പച്ചി എനിക്കു വേണ്ടി ഹണി ചിക്കൻ തയാറാക്കി. കാലമിനിയെത്ര കഴിഞ്ഞാലും നാവും മനസ്സും മറക്കില്ല ആ രുചി.
വീണ്ടും ആശുപത്രിയിലേക്കു പോകുമ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷ നൽകി വിധി എന്നെ കൊതിപ്പിച്ചു. ഒരു വൈകുന്നേരം ഉമ്മയോടു വാപ്പച്ചി പറഞ്ഞു. ‘ഷീബോ... എ നിക്ക് ഇപ്പോൾ ഇത്തിരി ആശ്വാസം തോന്നുന്നുണ്ട് കേട്ടോ?, എന്നെക്കുറിച്ചോർത്ത് ആധികയറി നീ ആരോഗ്യം കളയരുത്.’
‘ആദ്യം ഒരാൾ വർക്‌ഷോപ്പിൽ നിന്നിറങ്ങട്ടെ, പിന്നെയല്ലേ എന്റെ കാര്യം.’ ഷുഗറിന്റെ പ്രശ്നങ്ങൾ അലട്ടിയിരുന്ന ഉമ്മ വാപ്പച്ചിയോട് തമാശയോടെ മറുപടി പറഞ്ഞു. പ ക്ഷേ, പുലർച്ചെ പൊടുന്നനെയുണ്ടായ സൈലന്റ് അറ്റാക് ഉമ്മയെ കൊണ്ടുപോയി. ആ ദിവസം ഞങ്ങളുടെ ജീവിതം നെടുകെ പിളർന്നു. ഒരു വസിയ്യത്തു (ഒസ്യത്ത്) പോലും പറയാതെ ഉമ്മ അങ്ങുപോയി.
ഐസിയുവിലുള്ള വാപ്പച്ചിയെ ഇത് എങ്ങനെ അറിയിക്കുമെന്നായിരുന്നു ആശങ്ക. പാതിമയക്കത്തിലായിരുന്ന വാപ്പച്ചിയോടു ‘നൗഷാദിക്കാ... ഷീബ പോയി’ എന്നു പറഞ്ഞപ്പോൾ’ കണ്ണുകൾ നിറഞ്ഞ്, ഒന്നേങ്ങിയത്രേ....’ അതിൽ പിന്നെ, വാപ്പച്ചി സംസാരിച്ചില്ല. ഐസിയു ബെഡിൽ കിടന്ന് വെള്ളത്തുണിയിൽ കഫൻ പൊതിഞ്ഞ ഉമ്മയുടെ മയ്യിത്തിനെ വാപ്പച്ചി ഒന്നു നോക്കി. അതായിരുന്നു അവരുടെ അവസാന കൂടിക്കാഴ്ച.
എല്ലായിടത്തും കൈകൾ കോർത്തുപിടിച്ച് യാത്ര പോകുന്ന എന്റെ വാപ്പച്ചിയും ഉമ്മച്ചിയും 15 ദിവസത്തെ ഇടവേളയിൽ പടച്ചോന്റെ സവിധത്തിലേക്കു പോയി. 2021 ഓഗസ്റ്റ് 12 നും 2021 ഓഗസ്റ്റ് 27നും സംഭവിച്ച രണ്ട് വേർപാടുകൾ. ഒക്ടോബറിലെ എന്റെ മറ്റൊരു പിറന്നാളിന് കാത്തു നിൽക്കാതെ വാപ്പച്ചിയും പോയി. വീട്ടിൽ മയ്യിത്ത് കൊണ്ടു വരുമ്പോൾ എനിക്ക് സ്വബോധമുണ്ടായിരുന്നില്ല. എന്റെ ശരീരം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.
‘എന്റെ വാപ്പച്ചിക്കു ശ്വാസം മുട്ടും... മൂക്കിൽ നിന്നും ആ പഞ്ഞി എടുത്തുമാറ്റ്’ എന്നു പറഞ്ഞു ഞാൻ അലറിക്കരഞ്ഞു. ഇപ്പോഴും ഇടയ്ക്കൊക്കെ ഒറ്റയ്ക്കിരിക്കുമ്പോള്‍ അ വർ അടുത്തിരിപ്പുണ്ടെന്നു സങ്കൽപിച്ചു ഞാൻ ഓരോന്നു പറയും. അവർ കേൾക്കുന്നുണ്ടാകും.’’
ബിൻഷാ മുഹമ്മദ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ