‘അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് കഥ പറയാനുള്ള കഴിവുണ്ട്....’. ഫ്രെയിമുകള്‍ക്ക് ജീവൻ വയ്പ്പിച്ച...ക്യാമറക്കണ്ണിൽ ജീവനും ജീവിതവും കണ്ട വിക്ടർ ജോർജിനെക്കുറിച്ചുള്ള ഓർമകളിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഈ വാചകങ്ങളായിരിക്കും. വിക്ടർ ജോർജും ആ മനുഷ്യൻ ഒപ്പിയെടുത്ത ജീവസുറ്റ ചിത്രങ്ങളും സ്മരണയുടെ മച്ചകങ്ങളിൽ കനലായി എരിയുമ്പോൾ ഇതാ ഒരു ഓർമ്മക്കുറിപ്പ്. അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനത്തിൽ പങ്കുവയ്ക്കാൻ അദ്ദേഹത്തിന്റെ മകൻ പങ്കുവച്ച അച്ഛനോർമ്മയോളം വലുതായി മറ്റൊന്ന് ഉണ്ടെന്ന് തോന്നുന്നില്ല. മഴയിൽ കുതിരാത്ത നീൽ വിക്ടർ ജോർജിന്റെ അച്ഛനോർമ്മകളും ഒപ്പം മഴപ്പെയ്ത്തിൽ നിറം പടർന്ന നീലിന്റെ ചിത്രങ്ങളും... വനിത ഓൺലൈനിൽ 2019 ജൂലൈ 9ന് വിക്ടർ ജോർജിന്റെ ഓര്‍മദിനത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഒരിക്കല്‍ കൂടി...
മഴ പെയ്തു തുടങ്ങി. മനസ്സിന് കുളിർമയും നിർവൃതിയും നൽകുന്ന മഴക്കാഴ്ചകളാണ് മൺസൂൺ കാലം ഒാരോ യാത്രകളിലും നമുക്ക് നൽകുന്നത്. തണുപ്പു നിറഞ്ഞ തെന്നൽ തൊടുമ്പോഴും തൂവാനം മുഖം നനയ്ക്കുമ്പോഴും മഴയുടെ സ്നേഹം നമ്മളനുഭവിക്കും. എന്നാൽ, ക്ഷണിക്കാത്ത അതിഥിയായി നമ്മുടെ ജീവിതത്തിലേക്കു മലവെള്ളപ്പാച്ചിലായും പ്രളയജലമായും ഇതേ മഴ എത്താറുണ്ട്. അപ്പോൾ മഴത്തുള്ളികൾക്കു കണ്ണീരിന്റെ ഉപ്പുരസമാണ്. കാലവും കടന്നു വന്ന ജീവിതവഴികളും ഇവ രണ്ടും നമുക്ക് നൽകിയിട്ടുണ്ട്.
ഇപ്പോഴും മഴ പെയ്യുന്നു
മഴയിൽ മറഞ്ഞ അപ്പയുടെ (ഫൊട്ടോഗ്രഫർ വിക്ടർ ജോർജ്) മഴച്ചിത്രങ്ങളെ ഗൗരവമായെടുത്തത് വിഷ്വൽ കമ്യൂണിക്കേഷൻ പഠനകാലത്താണ്. അതുവരെ ചെറുപ്പകാലത്ത് മഴ നനഞ്ഞതിന് അമ്മയുടെ വഴക്കു കേട്ടതും മഴയത്ത് ഇറങ്ങി കൂട്ടുകാരോടൊപ്പം കളിച്ചതും ഇറയത്തിരുന്ന് ഉപ്പേരി കൊറിച്ചതുമെല്ലാമായിരുന്നു മനസ്സിലെ മഴച്ചിത്രങ്ങൾ. മഴയ്ക്കും മഴയിലെ ജീവിതങ്ങൾക്കും മഴക്കാഴ്ചകൾക്കും വേറൊരായിരം മുഖങ്ങളും കഥകളുമുണ്ടെന്ന തിരിച്ചറിവിലാണു ക്യാമറയുമായി ഇറങ്ങിയത്.
മധുരൈയിലെ തിരുപരൻകുണ്ട്രം ദർഗയിൽ നിന്നു മടങ്ങുന്ന കുടുംബം, മഴയിൽ നനഞ്ഞ് കടമക്കുടി, വയൽമഴയുമായി കോട്ടയം മലരിക്കൽ, പെരുമഴയത്ത് അമ്മയുടെ സാരിതുമ്പിനുള്ളിൽ അഭയം തേടുന്ന കുട്ടി... മഴ സ്പർശമുള്ള ഫ്രെയിമുകൾക്ക് ക്ലിക്ക് ചെയ്യുമ്പോൾ മനസ്സിലാരോ മന്ത്രിക്കും, ‘it’s raining...’ .
</p>