Thursday 12 September 2019 06:44 PM IST : By ശ്രീജിത്ത് മേലൂർ, പി.കെ.അർജുനൻ

അത്തം പിറന്നാൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും കോലങ്ങളായി ഇവർ വരും; ഓണപ്പൊട്ടനും ഓണത്താറും!

0W0A7689-copy ഫോട്ടോ: ശ്രീജിത്ത് മേലൂർ

ഓണത്തിന്റെ വരവറിയിക്കാൻ മണികിലുക്കിയെത്തുകയാണ് ഓണപ്പൊട്ടന്മാര്‍. കോഴിക്കോടൻ ഗ്രാമവീഥികളിലെ നിറകാഴ്ച. കാലു നിലത്തുറപ്പിക്കാതെ താളംചവിട്ടിയും കുട്ടികളോടു കൂട്ടുകൂടി തുള്ളിച്ചാടിയും ഓരോ വീട്ടിലുമെത്തുന്ന ഓണപ്പൊട്ടൻ അഥവാ ഓണേശ്വരൻ ആരോടും ഒന്നും മിണ്ടില്ല. അതുെകാണ്ടാണ് ഒാണപ്പൊട്ടന്‍ എന്നു പേര്. കയ്യിലെ മണികിലുക്കിയാണ് നാട്ടുകാരെ തന്റെ വരവറിയിക്കുന്നത്. 

മുഖത്തു ചായം തേച്ച് കുരുത്തോലക്കുട ചൂടി കൈതനാരുകൊണ്ട് മുടിവച്ച് കിരീടം ചൂടി ആടയാഭരണങ്ങളണിഞ്ഞാണ് ഓണപ്പൊട്ടന്റെ വരവ്. ഓണത്തെയ്യം പോലെ തന്നെ വീടുവീടാന്തരം കയറി അരിയും ദക്ഷിണയും സ്വീകരിക്കുന്നു. എല്ലാ വർഷവും തിരുവോണദിവസം പതിവു പോലെ ഓണേശ്വരൻ വന്നെത്താറുണ്ട്. കോലം കെട്ടിക്കഴിഞ്ഞാൽ ദൈവത്തിന്റെ പ്രതിരൂപമാണ് ഓണപ്പൊട്ടന്‍.

പന്തീരടി തറവാട്ടിലേക്ക് ഓണപൊട്ടന്മാർ

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി താലൂക്കിലെ നിട്ടൂർ ഗ്രാമത്തിലെ മനോഹര കാഴ്ചയാണ് കൂട്ടമായുള്ള ഓണപൊട്ടന്മാരുടെ വരവ്. പന്തീരടി തറവാട്ടിലേക്കാണ് ഓണപൊട്ടന്മാർ ആദ്യം എത്തുക. അതിനു പിന്നിലൊരു കഥയുണ്ട്.

onathaar66787

മുൻകാലങ്ങളിൽ ദൂരെ ദിക്കായ വടയോത്ത് ദേശത്തു നിന്നായിരുന്നു ഓണപൊട്ടന്മാർ എത്താറുള്ളത്. അതുകൊണ്ടുതന്നെ ഒരുപാട് വൈകിയേ ഇവർ പന്തീരടി തറവാട്ടിൽ എത്തൂ. ‘എന്താണിതിനൊരു പരിഹാരം’ തറവാട്ട് കാരണവർ തലപുകഞ്ഞാലോചിച്ചു. അങ്ങനെ തെയ്യം െകട്ടുന്നവരെ തറവാടിനടുത്ത് താമസിപ്പിക്കാന്‍ തീരുമാനമായി .

മലയ സമുദായക്കാർക്ക് തറവാടിന്റെ ഭാഗമായുള്ള *വെള്ളോലിപ്പ് എന്ന സ്ഥലം നൽകി  അവിടെ താമസിപ്പിച്ചു. ഒപ്പം കാരണവർ മലയ മൂപ്പനുമായി ഒരു വ്യവസ്ഥയും വച്ചു, ‘ഓണപൊട്ടന്മാർ ആദ്യം പന്തീരടി തറവാട്ടിൽ എത്തിയ ശേഷമെ മറ്റ്‌ സ്ഥലങ്ങളിലേക്കു പോകാൻ പാടുള്ളൂ’.

നൂറ്റാണ്ടുകൾക്കിപ്പുറവും വ്രതനിഷ്‌ഠയോടു കൂടി ആ വ്യവസ്ഥ അവര്‍ പാലിച്ചു പോരുന്നു. തിരുവോണദിവസം വെള്ളോലിപ്പിൽ നിന്നു പുലർച്ചെ ഇറങ്ങുന്ന ഓണപൊട്ടന്മാർ പന്തീരടി തറവാട്ടിൽ എത്തി, കാരണവരിൽ നിന്നു കോടിയും ദക്ഷിണയും വാങ്ങി ദേശദേവനായ നിട്ടൂരപ്പനെയും വണങ്ങി വിവിധ ഭാഗങ്ങളിലേക്കു പിരിയുന്നു. ജാതിമത ഭേദമെന്യേ എല്ലാ വീട്ടിലും കയറിയിറങ്ങും.

ഓണപ്പൊട്ടന്റെ വേഷം കെട്ടുന്ന ആൾ അത്തം മുതൽ തിരുവോണം വരെ വ്രതം അനുഷ്ഠിക്കണം. വേഷം കെട്ടുന്നതിന്റെ തലേദിവസം ഒരു നേരം മാത്രമെ അരിയാഹാരം കഴിക്കൂ. പുലർച്ചെ രണ്ടു മണിയോടെ എഴുന്നേറ്റ് കുളിച്ചു മുഖത്ത് മഞ്ഞ തേപ്പു തുടങ്ങും. വിളക്കിൻ തിരി കത്തിച്ചെടുത്തുണ്ടാക്കുന്ന കൺമഷിയാണ് നിറച്ചാർത്തിനെടുക്കുന്നത്.

കഥകളി കലാകാരന്മാരെ പോലെ കടക്കണ്ണ് വരയുന്നത് ഓണപ്പൊട്ടന് പ്രധാനമാണ്. പിന്നീട് നെറ്റിയിൽ ഗോപിക്കുറി തൊടും.  വേഷം അണിഞ്ഞ് കിരീടം വച്ചു കഴിഞ്ഞാല്‍ സംസാരിക്കാന്‍ പാടില്ല. ചമയത്തിനു ശേഷം ഓണപ്പൊട്ടൻ ആദ്യം പോകുന്നത് കുടുംബക്ഷേത്രത്തിലേക്കാണ്. ദൈവത്തെ വണങ്ങി പൂജാരി നൽകുന്ന ദക്ഷിണയും കോടിവസ്ത്രവും വാങ്ങും. വേഷം അഴിച്ച  ശേഷം മാത്രമേ ഓണപ്പൊട്ടൻ ഭക്ഷണം കഴിക്കാറുള്ളൂ.

കുട്ടികളുമായാണ് ഓണപ്പൊട്ടനു ചങ്ങാത്തം. അവരോടൊപ്പം കളിക്കുകയും മഹാബലിയായി അഭിനയിക്കുകയും ചെയ്യും. ഓരോ പ്രദേശത്തും ഒന്നിലധികം ഓണപ്പൊട്ടനുണ്ടാകും. നാട്ടുവഴികൾ പിന്നിട്ടു മണി കിലുക്കി ഓണപ്പൊട്ടൻ വരവ് കാത്തിരിക്കുന്ന ബാല്യങ്ങൾ ഇപ്പോഴും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി ഭാഗങ്ങളിലുണ്ട്. ഓണപ്പൊട്ടൻ വീട്ടിൽ വന്നാൽ െഎശ്വര്യമെന്നാണ് മലബാറുകാരുടെ വിശ്വാസം.

onapottan7787

ആടി വരുന്ന ഓണത്താർ...

വെള്ളാര പൂമല മേലേ... െപാന്‍കിണ്ണം നീട്ടി നീട്ടി...

ആകാശപ്പൂമുടി ചൂടി... മൂകിലാരപ്പട്ടു ചുറ്റി

ഒാണത്താറാടി വരുന്നേ... ഒാണത്താർ ആടി വരുന്നേ...

തിരുവോണപ്പുലരിയില്‍ ചെണ്ടമേളത്തിന്റെ താളം മുറുക്കി ആടി വരികയാണ് ഒാണത്താര്‍. മഹാബലിയുടെ െഎതി ഹ്യകഥ പാടി വരുന്ന ഓണത്താറിന്റെ പാട്ടിലലിഞ്ഞാണ് ഉ ത്തരകേരളം തിരുവോണത്തെ വരവേല്‍ക്കുന്നത്.

മഹാബലി സങ്കൽപത്തിലുള്ള നാട്ടുദൈവമാണ് ഓണത്താർ. ദേവാരാധന നിറഞ്ഞ തെയ്യം കലാരൂപത്തിന്റെ ചെറിയ പതിപ്പ്. ആറു മുതൽ പതിനാലു വരെ പ്രായമുള്ള ആൺകുട്ടികളാണ് ഓണത്താര്‍ കെട്ടുന്നത്. മുഖത്തെഴുതി, ചുവന്ന പട്ടുടയാട ധരിച്ച്, ആടയാഭരണങ്ങളണിഞ്ഞ്, വലതു കയ്യിൽ മണിയും ഇടതുകയ്യിൽ ഓണവില്ലുമായി  വീടുവീടാന്തരം കയറിയിറങ്ങാനെത്തുന്ന ഈ കുട്ടിതെയ്യങ്ങളെ െഎശ്വര്യത്തിന്റെ പ്രതീകമായാണ് കാണുന്നത്.

onapottan778

മഹാബലിയുടെ െഎതിഹ്യകഥ പാടിയെത്തുന്ന ഓണത്താറിനെ പൂക്കളമൊരുക്കി, വിളക്കു വച്ച് വീട്ടുകാര്‍ സ്വീകരിക്കും. വീട്ടുമുറ്റത്തു നിന്ന് ഒാണത്താര്‍ പാടിത്തുടങ്ങും.

‘ചിങ്ങമാസത്തിലെ ഓണം വന്നാൽ,

മംഗളമായി കഴിക്കവേണം...’

പാട്ടു കഴിയുമ്പോള്‍ വീട്ടുകാര്‍ തൊഴുതു വണങ്ങി ദക്ഷിണയും അരിയും നൽകും.

ഓണത്താറിന്റെ വരവിനു മുൻപേ ഓണത്തിന്റേതായ ചില സവിശേഷ ആചാരങ്ങൾ കണ്ണൂരിന്റെ ഉൾപ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. അതിൽ ആദ്യത്തേതാണ് ചിങ്ങസംക്രമണത്തിനുള്ള  കാലൻവേഷത്തിന്റെ വരവ്.

തേങ്ങ ഉടച്ച് അതിൽ തിരികത്തിച്ച് വീട്ടുകാർ കാലൻ വേഷത്തെ ഉഴിയുന്നു. പിന്നീട് ചുണ്ണാമ്പും മഞ്ഞളും വെള്ളത്തിൽ കലക്കിയെടുത്ത് ‘ഗുരുതി’ യുണ്ടാക്കും. വീട്ടമ്മ ഈ വെള്ളം സ്വന്തം ദേഹത്തുഴിഞ്ഞ്  തെക്കുഭാഗത്തേക്ക് തട്ടി മറിക്കുന്നതോടെ കർക്കടകമാസത്തിലെ ചേട്ടകളൊഴിഞ്ഞ് ചിങ്ങമാസത്തിന്റെ സമൃദ്ധിയെ വരവേൽക്കാൻ ആ വീട്  ഒരുങ്ങുകയായി.  ഓരോ വീട്ടിലും ചിങ്ങമാസത്തിന്റെ സമൃദ്ധി നിറച്ച് കാലൻ വേഷം യാത്രയാകും. അതിനു ശേഷമാണ് തിരുവോണ നാളിലെ ഓണത്താറിന്റെ വരവ്.

Tags:
  • Vanitha Exclusive