Thursday 31 January 2019 04:41 PM IST : By സ്വന്തം ലേഖകൻ

വനിതയുടെ ആദ്യ ലക്കത്തിൽ വന്ന പ്രേംനസീറിന്റെ അഭിമുഖം

nazeer.jpg.image.784.410
ഫോട്ടോ: ചിത്രാ കൃഷ്ണന്‍കുട്ടി

നിത്യഹരിത നായകന്‍ പ്രേം നസീര്‍ ഓർമയായിട്ട് ജനുവരി 16 ന് 28 വർഷം തികഞ്ഞു. നാല്‍പ്പതു വര്‍ഷം മുമ്പ് മലയാളി വനിതകളുടെ പ്രിയ സുഹൃത്തും വഴികാട്ടിയുമായി വനിത എത്തിയപ്പോൾ ആദ്യ ലക്കത്തിലെ സിനിമ അഭിമുഖം നിത്യഹരിതനായകന്‍ പ്രേംനസീറിന്റേതായിരുന്നു. അന്ന് മലയാള സിനിമയുടെ നിറസ്‌നേഹമായിരുന്നു ആ പേര്. വസന്തം ആടിത്തിമിര്‍ത്ത പുഞ്ചിരിയോടെ അന്ന് നസീര്‍ തന്നോടൊപ്പം അഭിനയിച്ച നായികമാരെക്കുറിച്ചുള്ള സ്മരണകള്‍ വനിത വായനക്കാരുമായി പങ്കുവച്ചു. ഇതാ ഇന്നും പ്രേംനസീര്‍ എന്ന പുഞ്ചിരിക്ക് എന്തു തെളിച്ച മാണ്. അതുകൊണ്ടാവാം, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് സിനിമ ഡിജിറ്റലിലേക്ക് എത്തിയിട്ടും നമുക്ക് ഇന്നും ഒരേയൊരു നിത്യഹരിതനായകനേയുള്ളൂ... പ്രേംനസീര്‍. ആദ്യ ലക്കം വനിതയുടെ താളില്‍ പതിഞ്ഞ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഒരിക്കല്‍ കൂടി നമുക്കു കാണാം.

അന്നത്തെ ആ അഭിമുഖം ഇതാ വീണ്ടും. ഓര്‍മകള്‍ ഒരിക്കല്‍ കൂടി പൂമരമാവട്ടേ...

ഒരേയൊരു നായകനും അമ്പത്തേഴു നായികമാരും

അമ്പത്തേഴു നടികളോടൊപ്പം അഭിനയിക്കുക. എന്നിട്ടു വെട്ടിത്തിളങ്ങുന്ന തിരശീലയില്‍ പ്രത്യക്ഷപ്പെടുക. അതും വെറും 25 വര്‍ഷക്കാലത്തിനിടയില്‍. ഒരു നടനെ സംബന്ധിച്ചിടത്തോളം അപൂര്‍വ നേട്ടമാണിത്. അതില്‍ തന്നെ ഒരു നടിയോടൊപ്പം 97 ചിത്രങ്ങളില്‍ അഭിനയിച്ച് ഏതാണ്ടൊരു സെഞ്ചുറി നേടുക. ഇത്തരമൊരു അപൂര്‍വ ബഹുമതി നേടിയ നടന്‍ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുണ്ടാവുമോ, എന്തോ! അതിലും രസകരമായിരിക്കുന്നത്; ആദ്യത്തെ നായികയുടെ മകളുടെ നായകനായി 24 വര്‍ഷത്തിനുശേഷം അഭിനയിച്ചു എന്നതാണ്. അതില്‍ ഒപ്പം നില്‍ക്കാന്‍ ഇന്ത്യയില്‍ അശോക് കുമാറെന്ന ഹിന്ദി നടന്‍ മാത്രമേ കാണൂ.

തന്റെ നായികകളില്‍ പലരും വൃദ്ധകളായി, ഒളിമങ്ങി രംഗം വിട്ടിട്ടും കാലത്തിന്റെ കടന്നാക്രമണങ്ങളെ അതിജീവിച്ച് ഇന്നും മലയാള ചലച്ചിത്രരംഗത്തെ നിത്യഹരിതകാമുകനായി കഴിയുന്ന ഈ നടന്‍ ആ രെന്ന് ഇതിനകം നിങ്ങള്‍ ഊഹിച്ചു കാണും. ഏതാണ്ടു കാല്‍ നൂറ്റാണ്ടു മുമ്പു ചിറയിന്‍കീഴ് അബ്ദുള്‍ഖാദറായി ചലച്ചിത്രരംഗത്തു വന്ന പ്രേംനസീര്‍ തന്നെ. ഏതാനും ദിവസം മുമ്പു പുതുമഴയില്‍ കുളിച്ചുല്ലസിച്ച ഒരു മലനാടന്‍ നഗരത്തില്‍ വച്ചു നസീര്‍ സംസാരിച്ചു; തന്റെ നായികമാരെക്കുറിച്ച്, അവരോടൊപ്പം ആദ്യം അഭിനയിച്ചപ്പോഴത്തെ അനുഭവങ്ങളെക്കുറിച്ച്, അവരുടെ കഴിവുകളെക്കുറിച്ച്, അവരുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച്. എല്ലാം.. എല്ലാം..

''എന്റെ ആദ്യത്തെ നായിക നെയ്യാറ്റിന്‍കര കോമളമാണ്. എന്നെക്കാള്‍ പ്രായത്തിലും അഭിനയപരിചയത്തിലും മുന്നില്‍ നിന്ന നടിയായിരുന്നു അവര്‍. പോള്‍ കല്ലുങ്കല്‍ നിര്‍മിച്ച 'മരുമകള്‍' ആയിരുന്നു ചിത്രം.''

ശ്രീലേഖ നെയ്യാറ്റിന്‍കര കോമളത്തിന്റെ മകളല്ലേ?

''അതേ ആ പതിനെട്ടുകാരിയോടൊപ്പം അടുത്ത കാലത്തു ഞാന്‍ അഭിനയിച്ചു.''

പ്രമുഖയായ നടിയോടൊപ്പം ആദ്യം ക്യാമറയ്ക്കു മുന്നില്‍ നിന്നപ്പോള്‍ സങ്കോചവും വെപ്രാളവുമൊക്കെയുണ്ടായില്ലേ?

''പിന്നെ.? അതു പറയുമ്പോള്‍ ഓര്‍മിക്കുന്നതു പ്രശസ്ത നടി ബി.എസ്. സരോജയോടൊപ്പം ആദ്യം അഭിനയിച്ച ദിവസമാണ്. ഉദയ സ്റ്റുഡിയോയില്‍ 'അച്ഛന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുകയാണ്. ആദ്യം നടത്തേണ്ടിയിരുന്നത് ഒരു ഗാനത്തിന്റെ ചിത്രീകരണമാണ്. നായകനും നായികയും കൈകോര്‍ത്തു പിടിച്ചു പൂന്തോട്ടത്തിലൂടെ ആടിപ്പാടി നടക്കുന്നതാണു രംഗം. സരോജ അന്നത്തെ ഏറ്റവും പ്രശസ്ത നടികളിലൊരാളാണ്. പ്രശസ്തിയെ കവിഞ്ഞു നില്‍ക്കുന്ന ധാടിയും സൗന്ദര്യവും വേറെയും. പിന്നെ നല്ല തലയെടുപ്പും ഗൗരവവും.

ക്യാമറ റെഡിയായി. റെക്കാര്‍ഡു വച്ചു. പാട്ടു തുടങ്ങി. ഷൂട്ടിങ് തുടങ്ങുകയായി. ഞാനും സരോജവും കൈകോര്‍ത്തു പിടിച്ചു. എന്റെ കൈ വിറയ്ക്കാന്‍ തുടങ്ങി. വിറയല്‍ നിര്‍ത്താന്‍ കൂടുതല്‍ ബലമായി പിടിച്ചു. പിന്നീട് രണ്ടു കൈയും കൂട്ടിപ്പിടിച്ചു നോക്കി. വിറയല്‍ തുടര്‍ന്നതേയുള്ളൂ. കൂട്ടത്തില്‍ വിയര്‍ക്കുകയും. അവിടെ നിന്ന ആരോടോ പറഞ്ഞു സോഡ വേണം. ആരോ സോഡ കൊണ്ടുവന്നു. അടുത്തു കിടന്ന കസേരയിലിരുന്ന് അതു കുടിച്ചു.

സരോജയ്ക്കു സംഗതി പിടികിട്ടി. അവര്‍ പറഞ്ഞു: 'മേക്കപ്പ് റൂമില്‍ പോയിരുന്ന് അല്പം വിശ്രമിക്കൂ.' മേക്കപ്പ് റൂമിലിരിക്കുമ്പോള്‍ സരോജ കടന്നുവന്ന് എന്നെ ആശ്വസിപ്പിച്ചു. എത്ര സ്‌നേഹമസൃണമായിരുന്നു അവരുടെ പെരുമാറ്റം! കുറെ നേരം പല കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എഴുന്നേറ്റുപോയി. നിര്‍മാതാവിനോടു പറഞ്ഞു: 'തനിക്കു നല്ല സുഖം തോന്നുന്നില്ല. ഷൂട്ടിങ് നാളത്തേക്കു മാറ്റാം.' അങ്ങനെ സ്വന്തം ഉത്തരവാദിത്തത്തില്‍ അവര്‍ ഷൂട്ടിങ് മാറ്റിവച്ച് എന്നെ രക്ഷിച്ചു.

nazeer2.jpg.image.784.410സരോജയോടൊപ്പം അഭിനയിക്കുന്നതിനു മുമ്പാണു കുമാരി തങ്കത്തിന്റെ കൂടെ ഉദയായുടെ 'വിശപ്പിന്റെ വിളി'യില്‍ അഭിനയിച്ചത്. തികച്ചും മാന്യമായ വിധമാണ് അന്നൊരു പുതുമുഖമായ എന്നോടു തങ്കം പെരുമാറിയത്. പിന്നീട് അവര്‍ ചലച്ചിത്രരംഗം വിട്ടു. നടനും നിര്‍മാതാവും സംവിധായകനുമായ സത്യപാലിന്റെ പത്‌നിയായി.

മിസ്സ് കുമാരിയെപ്പോലെ ബുദ്ധിമതിയും നിര്‍മലയും വിനീതയുമായ ഒരു നടിയെ കണ്ടുമുട്ടാന്‍ ബുദ്ധിമുട്ടാണ്. 'സംഭാഷണം' ഒരിക്കല്‍ കേട്ടാല്‍ മതി. കാണാപ്പാഠം പഠിച്ചുകഴിയും. പെരുമാറ്റം എത്ര സ്‌നേഹപൂര്‍ണമായിരുന്നു! 'ശശിധര'നില്‍ വിക്രമന്‍ നായരോടൊപ്പവും 'യാചക'നില്‍ മന്മഥനോടൊപ്പ വും അഭിനയിച്ചു പ്രശസ്തയായിക്കഴിഞ്ഞ കുമാരി എന്നെ ആദ്യം കണ്ടപ്പോള്‍ പറഞ്ഞത് എന്തെന്നോ? സാറിന്റെ പടമെല്ലാം കണ്ടു. സാറിന്റെ ഒരാരാധികയാണു ഞാന്‍.''

കുമാരിയോടു കൂടെ അഭിനയിച്ച ആദ്യത്തെ ചിത്രം?

''അവകാശി. മൊത്തം പതിനാറു പടങ്ങളില്‍ ഞാന്‍ അവരോടൊപ്പം അഭിനയിച്ചു. ''മെറിലാന്‍ഡിന്റെ പൊന്‍കതിരിനു വേണ്ടിയാണു 1953-ല്‍ തിരുവിതാംകൂര്‍ സഹോദരിമാരില്‍ മുതിര്‍ന്ന ലളിതയോടൊപ്പം ക്യാമറയ്ക്കു മുന്നില്‍ നിന്നത്. ഞാന്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ ലളിത അഭിനയിച്ച ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്; ആരാധനാഭാവത്തോടെ. പിന്നീട് സെറ്റില്‍ വച്ച് തന്റെ അഭിനയം ശരിയായോ എന്ന് അവര്‍ ചോദിക്കുമ്പോള്‍ സത്യത്തില്‍ എനിക്കു സങ്കോചമാണു തോന്നിയിട്ടുള്ളത്.

ലളിതയെപ്പോലെ വിനീതമായും തികച്ചും അന്തസോടെയുമാണു പത്മിനി പെരുമാറിയിട്ടുള്ളത്. സംഭാഷണം പറയുന്നത് ശരിയാകുന്നുണ്ടോയെന്ന് ഷൂട്ടിങ്ങിനിടയില്‍ പത്മിനി ചോദിക്കുമായിരുന്നു. രാഗിണിയാണെങ്കില്‍ നല്ലൊരു സുഹൃത്താണ്; കുശാഗ്ര ബുദ്ധിയും. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ രസമാണ്. ഇടയ്ക്കിടയ്ക്ക് എത്രയെത്ര കഥകള്‍ പറയാനുണ്ടാകും അവര്‍ക്ക്! രാഗിണിയുടെ വീരസാഹസിക കഥാപാത്രങ്ങളെ ഓര്‍ക്കുമ്പോള്‍ ഒരു സംഭവം സ്മരണയിലെത്തുന്നു.

ഉദയായില്‍ വച്ചാണു സംഭവം: 'ഉണ്ണിയാര്‍ച്ച'യുടെ ചിത്രീകരണം നടക്കുന്നു. എല്ലാവരും വേഷമിട്ട്, കച്ചകെട്ടി വാളും പരിചയുമായി നില്ക്കുകയാണ്; ഉഗ്രമായ പോരാട്ടത്തിന്. പെട്ടെന്നതാ അയ്യോ എന്നു വിളിച്ചു ഞെട്ടി പരിഭ്രമിച്ച്, വാളും പരിചയും പിടിച്ച് ഓടുന്നു 'ഉണ്ണിയാര്‍ച്ച.'

എന്ത്? എന്തുണ്ടായി...?' എന്നു ചോദിച്ചു.

'കാലിനടിയില്‍ നിന്നെന്തോ എടുത്തുചാടി.' രാഗിണി പറഞ്ഞു. ചെന്നു നോക്കിയപ്പോഴോ, ഒരു പൊക്കാച്ചിത്തവള!''

ശാരദയുമായി കണ്ടുമുട്ടിയതെങ്ങനെ?

''ശാരദയുമൊത്ത് ആദ്യം അഭിനയിച്ചത് ഉദയായില്‍ വച്ചാണ്- ഇണപ്രാവുകള്‍ക്കുവേണ്ടി... സത്യനും ഞാനും ഉദയായുടെ മേക്കപ്പ് റൂമിലിരിക്കുകയായിരുന്നു. ശാരദ പെട്ടെന്നു കടന്നുവന്നു. പരിചയമില്ലാതിരുന്നതുകൊണ്ട് ഒന്നും സംസാരിക്കാതെ പോകാന്‍ ഒരുങ്ങി. ഉടന്‍ സത്യന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒന്നിരുത്തിമൂളി; എന്നിട്ടു ചോദിച്ചു: 'എന്താ അങ്ങനെ മിണ്ടാതെയൊക്കെ കടന്നുപോകുന്നത് ശരിയാണോ?' ശാരദ പരുങ്ങി. സത്യനെ ഞാന്‍ ശാരദയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തു. 'ഇതു സത്യന്‍. ഞാന്‍ നസീര്‍.' കൈകള്‍ കൂപ്പി ക്ഷമാപണം നടത്തിയിട്ട് അവര്‍ കടന്നുപോയി. സെറ്റില്‍ ചെന്നപ്പോള്‍ സംഭാഷണത്തിന്റെ കാര്യത്തില്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ചു. ഓരോ ഷോട്ടിലും ശാരദ ചോദിക്കും: 'ശരിയോ സാര്‍?'

ഷീലയോടൊപ്പം

ഷീലയോടൊപ്പം 100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. കഴിവും സഹകരണബുദ്ധിയുമുള്ള നടിയാണു ഷീല. ഏതു റോളും-കരച്ചിലും ചിരിയും പരിഹാസവും ഏതു വികാരം ഉള്‍ക്കൊള്ളുന്ന റോളും-ഭംഗിയായി അവതരിപ്പിക്കു ന്ന ഷീല 'ഒരു ഓള്‍ റൗണ്ടറാ'ണ്.

സെറ്റില്‍ സഹപ്രവര്‍ത്തകരുടെയും നിര്‍മാതാക്കളുടെയും കഴിവും കഴിവുകേടും മനസ്സിലാക്കി ഇത്രയധികം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മറ്റൊരു നടിയുണ്ടെന്നു തോന്നുന്നില്ല. സമയത്തിനു സെറ്റിലെത്തും. സമയം കഴിഞ്ഞാലും ഒരു രംഗം തീര്‍ത്തിട്ടു പോകണമെന്നു പറഞ്ഞാല്‍ അതനുസരിച്ചു സഹകരിക്കും. ചലച്ചിത്ര രംഗത്തുള്ളവര്‍ക്കെല്ലാം അവരെക്കുറിച്ചു മതിപ്പേയുള്ളൂ. നിണമണിഞ്ഞ കാല്പാടുകളിലാണ് ആദ്യം ഷീലയുമൊന്നിച്ച് അഭിനയിച്ചത്. പിന്നീട് 92 ചിത്രങ്ങള്‍ ഒരു ലോകറെക്കോര്‍ഡായിരിക്കും-ഇതല്ലേ?''

nazeer_family.jpg.image.784.410ഇടയ്‌ക്കൊന്നു ചോദിക്കട്ടെ: ബി.എസ്. സരോജയോടൊപ്പം ആദ്യം അഭിനയിച്ചപ്പോള്‍ വിറയലും പരിഭ്രമവും ഉണ്ടായെന്നു പറഞ്ഞല്ലോ.

നിങ്ങളെപ്പോലെ പരിചയസമ്പന്നരായ നടന്മാരോടൊപ്പം ആദ്യം അഭിനയിക്കുമ്പോള്‍ നടികള്‍ക്കും വിറയലും പ്രയാസവുമൊക്കെ ഉണ്ടാകാറില്ലേ? അപ്പോള്‍ നിങ്ങളെന്തു നിലപാടായിരിക്കും സ്വീകരിക്കുക?

''ശരിയാണ്. ഒരു ഉദാഹരണം പറയാം. ജയഭാരതിയുമൊന്നിച്ച് ആദ്യമഭിനയിച്ചത് 'തോക്കുകള്‍ കഥ പറയുന്നു' എന്ന ചിത്ര ത്തിലാണ്. അതില്‍ ജയഭാരതിയും ഞാനും ഒരു ജോടിയായിരുന്നു. മറ്റേ ജോടി സത്യനും ഷീലയും. അന്നു ജയഭാരതിക്ക് 15 വയസ്സേ പ്രായമുള്ളുവെന്നു തോന്നുന്നു. അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ജയഭാരതി പറഞ്ഞു: ''അയ്യോ എനിക്കു കിചു കിചേ ആകുന്നു സാര്‍...'' (എനിക്ക് ഇക്കിളിയെടുക്കുന്നു.)

വിജശ്രീയാണെങ്കില്‍ സ്‌റ്റേഷന്‍ മാസ്റ്ററില്‍ അഭിനയിക്കുമ്പോള്‍ കൊച്ചുകുട്ടിയായിരുന്നു. നല്ല മുഖശ്രീയുള്ള കുട്ടി. കുട്ടിക്ക് നല്ല ഭാവിയുണ്ടെന്ന് അന്നെല്ലാരും പറഞ്ഞു. പിന്നെ ഒമ്പതു വര്‍ഷം കഴിഞ്ഞു കെ.പി. കൊട്ടാരക്കരയുടെ 'രക്തപുഷ്പ'ത്തിലാണ് വിജയശ്രീ നായികയായി എന്നോടൊന്നിച്ച് അഭിനയിച്ചത്. കഴിവുള്ള ഒരു നടിയായിരുന്നു വിജയശ്രീ. പുതുമുഖമായ നടി കൂടെ അഭിനയിക്കാനെത്തുമ്പോള്‍ ഞങ്ങള്‍ അവരോടു വളരെ സ്‌നേഹമസൃണമായേ പെരുമാറൂ. സെറ്റില്‍ ആവശ്യമായ ഉപദേശങ്ങളെല്ലാം കൊടുക്കും. പരിഭ്രമവും പേടിയും വേണ്ടെന്നു പറയും. അവരെ പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ളതൊക്കെ ചെയ്യും.

പ്രേമരംഗങ്ങളില്‍ ആലിംഗനം ചെയ്യുമ്പോള്‍ ഏതെങ്കിലും നടി വിസമ്മതം പ്രകടിപ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യാറുണ്ടോ?

''ജയഭാരതി പറഞ്ഞതുപോലെ ഇക്കിളിയെടുക്കുന്നെന്നും മറ്റും പറഞ്ഞവരുണ്ട്. പിന്നെ മാന്യമായ വിധമേ ആലിംഗനവും കെട്ടിപ്പിടുത്തവുമൊക്കെ നടത്താറുള്ളൂ. അല്പം അതിരു കടന്നാല്‍ അവര്‍ എതിര്‍ക്കുകയും ശുണ്ഠിയെടുക്കുകയും ചെയ്യും. സെറ്റില്‍ വന്ന് അഭിനയിച്ചു മടങ്ങുന്നതുകൊണ്ടൊന്നും ആരും ചീത്തയാവില്ല.''

'നസീറിന്റെ ഏറ്റവും പ്രായം കുറഞ്ഞ നായികയും പ്രായം കൂടിയ നായികയും ആരൊക്കെയെന്നോര്‍ക്കുമോ?

പ്രായം കുറഞ്ഞ നായിക 17 കാരി ശോഭനയാണെന്നു തോന്നുന്നു. ഏറ്റവും പ്രായം കൂടിയ ആളുടെ കാര്യം പറഞ്ഞാല്‍... പിന്നെ തമിഴ് ചലച്ചിത്രവേദിയിലെ പ്രശസ്ത നടികളായ ഭാനുമതി, എം.എന്‍. രാജം, ഷൗക്കാര്‍ ജാനകി തുടങ്ങിയവരൊക്കെ എന്റെ നായികമാരായി അഭിനയിച്ചിട്ടുണ്ട്. പിന്നെയും ഉണ്ട് ഒരു നീണ്ട ലിസ്റ്റ്-ജ്യോതിലക്ഷ്മി, വിജയ ലളിത, ഉഷാനന്ദിനി, നന്ദിതാ ബോസ്, ദേവിക, മൈനാവതി അങ്ങനെ... അങ്ങനെ അമ്പത്തേഴു നായികമാര്‍.''

അസാധാരണയോഗം തന്നെ അല്ലേ?

ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി-അസാധാരണ വിജയത്തിന്റെ പൊട്ടിച്ചിരി.