Tuesday 12 February 2019 12:24 PM IST

ഉപ്പയെന്ന വൻമരം, ഉമ്മയെന്ന തണൽ; കഥാകാരൻ ടി.വി. കൊച്ചുബാവയുടെ മകൻ നബീലിന്റെ ഓർമയിൽ

Tency Jacob

Sub Editor

kochu3
ഫോട്ടോ: അരുൺ പയ്യടിമീത്തൽ

അല്ലാഹുവേ, എന്റെ മാതാപിതാക്കളുടെ സ്വർഗത്തിലുള്ള വിരുന്ന് നീ ആദരപൂർവമാക്കേണമേ. അവരുടെ പ്രവേശനമാർഗം വിശാലമാക്കേണമേ. വെള്ളംകൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴംകൊണ്ടും കഴുകേണമേ... (മയ്യത്തു നമസ്ക്കാരത്തിൽ നിന്ന്)

കോലായിൽ കഫൻ പുതച്ചു കിടക്കുന്ന ഉപ്പ. സാധാരണ ചാരുകസേരയിലാണ് കിടക്കാറ്. ഇന്ന് എന്താണാവോ ഇങ്ങനെ! രാത്രിയിൽ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ‘‘നെഞ്ചിലൊരു അസ്വസ്ഥത’’എന്ന് ഉമ്മയോടു പറയുന്നത് കേട്ടിരുന്നു. ഉമ്മ നെഞ്ചുഴിഞ്ഞു കൊടുക്കുന്നതും കണ്ടതാണ്. കുറച്ചു കഴിഞ്ഞ് ഉമ്മയുടെ കൈ പിടിച്ച് തൊട്ടപ്പുറത്തുള്ള സലീമേട്ടന്റെ കാറിൽ കയറാനായി വേച്ചു വേച്ചു നടന്നു പോകുന്നത് കണ്ടു. പിന്നെ, പുലർച്ചെ മടങ്ങി വന്നപ്പോഴാണ് ഉപ്പയെ കാണാൻ വീടു നിറയെ ആൾക്കാർ. ബന്ധുക്കളും സ്വന്തക്കാരും അടുത്തുള്ളവരും പിന്നെ, ഞാനറിയാത്തവരും. ഉമ്മ അകത്ത് ബന്ധുക്കളുടെയിടയിലിരുന്ന് കരയുകയായിരുന്നോ? ഓർമയില്ല. ഇത്താത്ത അടുത്തിരുത്തി എന്നെയും കെട്ടിപ്പിടിച്ചു തേങ്ങിക്കരയുന്നതോർമയുണ്ട്.

ഉപ്പയെന്ന വൻമരം

ഉപ്പ സാഹിത്യകാരനാണെന്നൊന്നും  എനിക്കറിയില്ലായിരുന്നു. കോഴിക്കോട് ചെലവൂരെ വീട്ടിൽ ഉപ്പയ്ക്കെഴുതാൻ ഒരു മുറിയുണ്ട്. അതിലൊരു ചാരുകസേരയും. അതിലിരുന്ന്  കുത്തിക്കുറിക്കണത് നേർത്ത ഒരോർമയുണ്ട്. എന്നും വൈകീട്ട് എന്റെ കൈയും പിടിച്ച് അവിടെ അടുത്തു തന്നെയുള്ള ഉമ്മയുടെ വീടായ പള്ളിത്താഴത്തേക്ക് പോകാറുണ്ടായിരുന്നൂന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെയും ഇത്താത്തയുടേയും പിറന്നാളൊക്കെ ആഘോഷിക്കാൻ ഉപ്പയ്ക്ക് വലിയ ഇഷ്ടമായിരുന്നു. അതിന്റെയെല്ലാം ഫോട്ടോ കാണുമ്പോ കൊതിയാകും. ഉപ്പ മരിച്ചതിനുശേഷം ഉമ്മ ഓരോരോ ഓർമകളായിട്ടു പറഞ്ഞു തരുമായിരുന്നു. എനിക്ക് അതായിരുന്നു ഉപ്പ. നന്നായി വായിക്കാറായപ്പോൾ ഉമ്മ പറയും. ‘‘നീ ഒരു എഴുത്തുകാരന്റെ മോനാ. നന്നായി വായിക്കണം.’’

വീട്ടിലെ അലമാരയിൽ കുറേ പുസ്തകങ്ങളുണ്ട്. ഉപ്പ എഴുതിയതും വായിക്കാൻ വാങ്ങിയതും. എവിടെയെങ്കിലും പരിപാടികൾക്ക് പോകുമ്പോൾ കൊച്ചുബാവയുടെ കുടുംബം എന്നു പറയുമ്പോൾ പ്രത്യേക പരിഗണനയാണ്. അങ്ങനെയൊക്കെയാണ് ഞാൻ ഉപ്പയെ കൂടുതലറിയുന്നത്. പിന്നെ, ഉപ്പയുടെ എല്ലാ ഓർമ ദിവസങ്ങളിലും കവി പി. കെ. ഗോപി ചേട്ടനും കോമളേച്ചിയും  മക്കൾ ആര്യേച്ചിയും സൂര്യേച്ചിയും വരും. അതിനൊരിക്കലും മുടക്കം വരുത്തിയിട്ടില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങൾക്കും അവർ കൂടെയുണ്ടായിരുന്നു. ഉപ്പ കുറച്ചുകാലം ഗൾഫിലുണ്ടായിരുന്നല്ലോ. അവിടുത്തെ കൂട്ടുകാരും വിളിക്കാറുണ്ട്. ‘കാലത്തിനു മുന്നേ സഞ്ചരിച്ച ഒരാൾ’ എന്നെല്ലാം ഉപ്പയെ വിശേഷിപ്പിച്ചു കേൾക്കുമ്പോൾ എനിക്ക് അഭിമാനം തോന്നും. ഒപ്പം സങ്കടവും. എനിക്കു കിട്ടിയില്ലല്ലോ ആ സ്നേഹം.

ചെറുപ്പത്തിൽ എനിക്ക് ശ്വാസംമുട്ടലുണ്ടായിരുന്നു. പകലൊക്കെ കളിച്ചു തിമിർത്ത് വൈകുന്നേരമാകുമ്പോഴേക്കും കൂടിയിട്ടുണ്ടാകും. എന്റെ പിടച്ചിൽ കാണുമ്പോൾ ഉപ്പ വാരിയെടുത്ത് ഓടും. ഇത്താത്തയ്ക്ക് കുറച്ചുകൂടി ഓർമയുണ്ട്. ഉപ്പ സിനിമയ്ക്ക് കൊണ്ടുപോകണതെല്ലാം. ഇടയ്ക്ക് പൈസയുടെ ബുദ്ധിമുട്ടു വരുമ്പോഴെല്ലാം ഉമ്മ പറയും. ‘‘ഉപ്പ നമ്മുടെ കൂടെയുണ്ട്. എന്തെങ്കിലുമൊരു വഴി കാണാതിരിക്കില്ല.’’ കൃത്യം ആ സമയത്താകും ഉപ്പയുടെ ബുക്കുകളുടെ റോയൽറ്റി വരുന്നത്. ഉമ്മയ്ക്കപ്പോൾ ഒരു ചിരിയുണ്ട്. ‘ഞാൻ പറഞ്ഞില്ലേ ഉപ്പ കൂടെയുണ്ടെന്ന’ മട്ടിൽ.

നാൽപത്തിനാലാം വയസ്സിലാണ് ഉപ്പയുടെ മരണം. നാൽപത് കഴിഞ്ഞപ്പോൾ തന്നെ മരിച്ചാൽ തന്റെ നാടായ കാട്ടൂര് ഖബറടക്കണമെന്ന് ഉപ്പ പറഞ്ഞേൽപിച്ചിരുന്നു. ഉപ്പ ജീവിച്ചിരിക്കുന്നുണ്ടായെങ്കിൽ ഉയർന്ന നിലയിലെത്തിയേനേ എന്ന് ഉമ്മയെപ്പോഴും നെടുവീർപ്പിടും. ശരിയായിരിക്കും. ‘വൃദ്ധസദനം’ എന്ന ആദ്യ നോവൽ കൊണ്ടുത്തന്നെ സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട ആളല്ലേ! പതിനെട്ടു കൊല്ലം മുമ്പ് നവംബർ ഇരുപത്തിയഞ്ചിനാണ് ഉപ്പ മരിക്കുന്നത്. ഞാൻ അന്നു യുകെജിയിൽ പഠിക്കുന്നു. അഞ്ചു വയസ്സ്. ഇത്താത്തയ്ക്ക് എട്ടുവയസ്സും.

kochu2

ഉമ്മയെന്ന തണൽമരം

വെളുത്ത കഫൻ പുടവ പുതച്ച് ഒരോർമ മാത്രമാകാൻ ഉമ്മ കിടന്നത് ഉപ്പ കിടന്ന അതേ കോലായിലായിരുന്നു. നാലുനാൾ മുമ്പ്, കാലത്തെഴുന്നേറ്റ് ചായ വെക്കാൻ നോക്കുമ്പോഴാണ് അറിയുന്നത് സ്റ്റൗവിന്റെ റെഗുലേറ്ററിനെന്തോ തകരാറ്. ഉമ്മ എന്നെയും വിളിച്ചെഴുന്നേൽപിച്ചു നന്നാക്കുന്ന കടയിലേക്ക് പോകാനൊരുങ്ങി.അന്നു ഒഴിവു ദിവസമായതുകൊണ്ടു കട തുറക്കില്ലെന്ന് എനിക്കുതോന്നി. പോയി നോക്കാമെന്നു ഉമ്മ പറഞ്ഞു. ഞാൻ ബ്രഷ് ചെയ്തു വന്നപ്പോൾ ഉമ്മ പോകാൻ തയ്യാറായി നിൽക്കുന്നുണ്ട്. വേഗം ബൈക്ക് സ്റ്റാർട്ടാക്കി.  ഉമ്മ സ്റ്റൗവും പിടിച്ച് പിന്നിൽ കയറിയിരുന്നു. 

കുറച്ചുദൂരം കഴിഞ്ഞ് എനിക്കു പിന്നിൽനിന്നു ഭാരം ഊർന്നു പോയതുപോലെ... തിരിഞ്ഞു നോക്കുമ്പോൾ, മുഖംപൊത്തി താഴെ കിടക്കുന്നുണ്ട് ഉമ്മ... ആശുപത്രിയിലും ഉമ്മ ഉറക്കം തന്നെ. ഞാൻ വിളിച്ചിട്ടൊന്നും മിണ്ടിയില്ല. ചെറുതായൊന്നു പിടയും. കല്ല് വന്നിടിച്ച വേദന കൊണ്ട് ഒന്നു മയങ്ങിപോയതായിരിക്കും. കുറച്ചു കഴിയുമ്പോൾ ഉറക്കത്തിൽ നിന്നുണർന്നു വരുമെന്നു കരുതി.

ഹോസ്റ്റലില്‍  താമസിച്ചായിരുന്നു ഞാൻ എൻജിനീയറിങ്ങിനു പഠിച്ചത്. രാത്രി ഭക്ഷണം കഴിക്കാൻ  പോകുമ്പോഴും, കിടക്കുന്നതിനു മുമ്പും മൊബൈലിൽ ഉമ്മയെ ഞാനിങ്ങനെ വിളിച്ചുകൊണ്ടേയിരിക്കും. കൂട്ടുകാർ കളിയാക്കും. ‘‘എത്ര പൈസയാ ഇവൻ ഉമ്മയെ വിളിച്ചു കളയണത്.’’ പക്ഷേ, എനിക്ക് ഉമ്മയില്ലാണ്ട് ഒന്നിനും പറ്റില്ലായിരുന്നു. ഓർമയുറയ്ക്കുമ്പോൾ ഉമ്മയാണ് കൂടെയുള്ളത്. വലുതായപ്പോൾ എനിക്കൊരു മുറി തന്നിട്ടും ഇടയ്ക്ക് ഉമ്മയുടെ കൂടെകിടക്കാൻ ആഗ്രഹം തോന്നും. ‘‘ഞാനിന്ന് ഉമ്മയുടെ കൂടെ കിടന്നോട്ടെ’’ എന്ന കൊഞ്ചലിനു ഇത്താത്തയെ കട്ടിലിന്നറ്റത്തേക്കു നീക്കികിടത്തി  എനിക്കു കിടക്കാനിടം തരും. എന്നെ കെട്ടിപ്പിടിച്ചു കിടക്കും.

ഉപ്പയുടെ മരണശേഷം ഉമ്മ ഒന്നു തളർന്നിട്ടുണ്ടാകാം. ഉമ്മ കൂടി തളർന്നാൽ എട്ടും അഞ്ചും വയസ്സുള്ള മക്കൾ എന്തെടുക്കുമെന്നു വേവലാതിപ്പെട്ടിട്ടുണ്ടാകും. ധൈര്യത്തിന്റെ കാര്യത്തിൽ ഉമ്മയെ തോൽപിക്കാൻ ആർക്കും പറ്റില്ല. ഉമ്മയുടെ കണ്ണിൽ കണ്ണീരു വന്നൊന്നും  ഞാൻ കണ്ടിട്ടേയില്ല. ഉപ്പ എന്തു ചെയ്തിരുന്നോ അതിനൊന്നും ഒരു മുടക്കവും വരുത്തിയില്ല.

ഞാൻ ജോലി നേടി വലിയൊരാളാകണമെന്ന് ഉമ്മ സ്വപ്നം കണ്ടിട്ടില്ല. ‘‘മറ്റുള്ളവരെക്കൊണ്ട് നല്ലതല്ലാത്തതൊന്നും പറയിപ്പിക്കരുത്. ആരുമായിട്ടും അടികൂടാൻ പാടില്ല. എല്ലാവരുമായിട്ടും സ്നേഹായിട്ടു പോകണം.’’ ഇതെല്ലാമായിരുന്നു ഉമ്മയുടെ കരുതൽ. പരീക്ഷയായാൽ എനിക്കെന്നും ടെൻഷനായിരിക്കും. റിസൽറ്റ് വരുന്നതിന്റെ തലേന്ന് ഞാനിങ്ങനെ ബേജാറാകുമ്പോൾ  ‘‘ എ‌ന്തിനാ ഇങ്ങനെ ടെൻഷൻ. എഴുതിയേന്റെ മാർക്ക് കിട്ടും. അല്ലെങ്കിൽ അടുത്ത തവണ എഴുതിയെടുക്കാലോ.’’ ഇങ്ങനെ നിസ്സാരമായി പറഞ്ഞ് ഉമ്മ ആശ്വസിപ്പിക്കും. അതുപോലെ ക്യാംപസ് സെലക‌്‌ഷൻ വഴി എനിക്കൊട്ടും  പിടിയില്ലാത്ത പ്രോഗ്രാമിങ് ജോലി കിട്ടിയപ്പോഴും  ഉമ്മയായിരുന്നു ധൈര്യം. ‘‘നിന്നെക്കൊണ്ട് പറ്റും’’.

ഒപ്പമുണ്ട്, ഉപ്പയും ഉമ്മയും

ഉപ്പ പോയിക്കഴിഞ്ഞ് എനിക്ക് ശ്വാസംമുട്ടു വരുമ്പോൾ എത്രയോ രാത്രികളിൽ ഉമ്മ എന്നെയുമെടുത്തോടിയിട്ടുണ്ട്. പതിയെപ്പതിയെ ആ അസുഖം എന്നിൽനിന്നു വിട്ടുപോയപ്പോഴാണ് ഉമ്മ ആശ്വസിച്ചത്. മക്കളോട് സ്നേഹം മാത്രം കാണിക്കുന്ന ഒരാളൊന്നുമായിരുന്നില്ല ഉമ്മ. ദേഷ്യം വന്നാൽ അടിച്ചു പുറം പൊളിക്കും. പത്താംക്ലാസ്സു കഴിഞ്ഞപ്പോൾ ഞാനൊരു മൊബൈൽ ഫോണിനു കുറേ കെഞ്ചി. പക്ഷേ, ഉമ്മ കൂട്ടാക്കിയില്ല. എൻജിനീയറിങ്ങിനു ചേരാനിറങ്ങുമ്പോൾ ഉമ്മ ഒരു ഫോണെടുത്തു കൈയിൽ തന്നു. അന്നത്തെ ഏറ്റവും നല്ല ഫോൺ. കൂട്ടുകാരൊക്കെ അദ്ഭുതപ്പെട്ടു. ബൈക്കും അങ്ങനെത്തന്നെ. പതിനെട്ടു വയസ്സു തികഞ്ഞു ലൈസൻസ് എടുത്തതിനു ശേഷം മാത്രമാണ് വാങ്ങിത്തന്നത്. എന്നിട്ട് ആ ബൈക്കിൽപോയപ്പോഴാണ് ഉമ്മയെ എനിക്ക് നഷ്ടമായത്.

വലിയ പെരുന്നാളായാൽ ഉമ്മ ഞങ്ങളേയും കൊണ്ട്  ഉപ്പയുടെ നാടായ ഇരിങ്ങാലക്കുടയിലെ കാട്ടൂരിലേക്കു പോകും. തീവണ്ടിയിലാണ് യാത്ര. ഷൊർണൂരെത്തുമ്പോൾ ഞങ്ങൾക്കിഷ്ടമുള്ള പരിപ്പുവടയും ഉഴുന്നുവടയും വാങ്ങിത്തരും. ഉമ്മ ഉണ്ടാക്കുന്ന ബിരിയാണിക്ക് നല്ല രുചിയാ. ഉമ്മ എവിടെയായിരുന്നോ അവിടെയായിരുന്നു ഞങ്ങളുടെ ലോകം. അടുക്കളയിൽ, മുറിയിൽ, കോലായിൽ ഞങ്ങളിങ്ങനെ ഉമ്മയ്ക്കു ചുറ്റും  കറങ്ങിക്കൊണ്ടിരിക്കും. ഉമ്മയോടു പറയാത്തതായി എനിക്ക് ഒന്നുമുണ്ടായിരുന്നില്ല.

പരീക്ഷയ്ക്കു പോകാനിറങ്ങുമ്പോൾ പ്രാർഥിച്ചു നെറ്റിയിലൊരു മുത്തം തരും ഉമ്മ. ഇപ്പോഴും പരീക്ഷകൾക്കു മുമ്പ് ഞാൻ ആ ഉമ്മയുടെ ഫോട്ടോയ്ക്കു നേരെ മുഖം ഉയർത്തി നില്ക്കും. അപ്പോൾ സ്വർഗത്തിൽ നിന്നൊരു കാറ്റായി വന്ന് ഉമ്മ എനിക്ക് മുത്തം തരുന്നതു പോലെ തോന്നും. ഹോസ്റ്റലിലായിരിക്കുമ്പോൾ ഞായറാഴ്ചകളിൽ ഉമ്മയുടെ വിളിവരും.

‘‘ഇന്നെന്താ പരിപാടീ..’’ഒന്നുമില്ലെന്നു പറയുമ്പോൾ‘‘ ഒരു സിനിമയ്ക്കൊക്കെ പൊയ്ക്കൂടേ. മുറിയിൽത്തന്നെ ഇരിക്കണതെന്തിനാ.’’

ഉമ്മയ്ക്ക് ചെറുതായി ബിപിയും കൊളസ്ട്രോളും ഷുഗറും ഉണ്ടായിരുന്നു. അതിനു മരുന്നും കഴിച്ചിരുന്നു. എനിക്ക് വേഗം ജോലിയായി കാണാൻ ഉമ്മയ്ക്കായിരുന്നു ഏറ്റവുമാഗ്രഹം. ഞാനും സ്വപ്നം കണ്ടു. ജോലിയും ശമ്പളവുമൊക്കെ കിട്ടി ഉമ്മയ്ക്ക് നല്ല സാരി വാങ്ങിക്കൊടുക്കുന്നതും വീടിനു തുണയാകുന്നതും ഇത്താത്തയുടെ നിക്കാഹ് നടത്തണതും.
ഇനി ഇത്താത്തയുടെ നിക്കാഹിന്റെ കാര്യം നോക്കണം.ഇത്താത്ത ഉമ്മയുടെ മരണത്തെ എങ്ങനെ എടുക്കുമെന്നായിരുന്നു എന്റെ പേടി മുഴുവൻ. അവർ വേഗം അതിനെ മറികടന്നു. ഇപ്പോൾ ഗ്ലാസ്സ് പെയിന്റിങും ടെറാക്കോട്ട കൊണ്ട് കൗതുകവസ്തുക്കൾ ഉണ്ടാക്കലുമായി തിരക്കിലാണ്.

ഞാൻ മൈസൂരിലേക്കു പോയപ്പോൾ മാമനും വല്യമ്മയും അവരുടെ വീട് പൂട്ടിയിട്ടു ഞങ്ങളുടെ കൂടെ വന്നു നിന്നു. അതുകാരണം  ഇത്താത്തക്ക് കൂട്ടായി. ഉമ്മ മരിച്ചതിനു പിറ്റേന്നാണ് ജോലിക്കുള്ള കോൾലെറ്റർ കിട്ടുന്നത്. ജോലിക്കു ചേർന്നിട്ടും ടെൻഷനായിരുന്നു. അപ്പോഴാണ് ഉമ്മ കൂട്ടുവന്നത്. നിനക്കു പറ്റും എന്നു കൂട്ടുകാരിലൂടെ പറഞ്ഞു ധൈര്യം  തന്നു. ഇപ്പോൾ നിറയെ കൂട്ടുകാരുണ്ട്. എനിക്കറിയാം ഉമ്മയാണ്  അവരെ പറഞ്ഞയച്ചത്. ഉമ്മയ്ക്കും ഉപ്പയ്ക്കും  ഞങ്ങളെ വിട്ടു പോകാനൊന്നും പറ്റില്ലല്ലോ. ഞാനും ഇത്താത്തയും തനിച്ചല്ലേ...

kochu1