Monday 07 December 2020 03:40 PM IST

‘ആദ്യം കാണുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു; പക്ഷേ, ആദ്യ വാചകത്തിൽ അദ്ദേഹം വീഴ്ത്തി’: ഋഷി കപൂറുമൊത്തുള്ള അനുഭവം പങ്കിട്ട് ജീത്തു ജോസഫ്

Roopa Thayabji

Sub Editor

വര: അരുൺ ഗോപി

ഫാമിലി ത്രില്ലറായ ‘ദൃശ്യ’ത്തിനു രണ്ടാം ഭാഗം എടുക്കുന്ന സന്തോഷത്തിലാണ് സംവിധായകൻ ജീത്തു ജോസഫ്..

‘ദൃശ്യം ടു’ ആണ് വാർത്തകളിൽ ?

ആറു വർഷത്തിനു ശേഷം ജോർജുകുട്ടിയും കുടുംബവും നേരിടുന്ന ട്രോമ ആണ് ‘ദൃശ്യം ടു.’ കുറ്റകൃത്യമോ മർഡറോ ഒന്നുമില്ല. പക്ഷേ, സമാനമായ ടെൻഷനുണ്ട്.

‘ദൃശ്യം മോഡൽ കൊലപാതകം’ എന്നു കേ ൾക്കുമ്പോൾ എന്തു തോന്നും ?

െകട്ടിടം, കുഴി, അസ്ഥികൂടം, ചാക്ക്, മൊബൈൽഫോൺ... ഇവയിലൊന്ന് കൊലപാതകവുമായി ബ ന്ധപ്പെട്ടാൽ പഴി ദൃശ്യം സിനിമയ്ക്കാകും. ആദ്യമൊക്കെ കൗതുകവും അമ്പരപ്പും ആയിരുന്നു. പിന്നെ, ശ്രദ്ധിക്കാതായി.

ത്രില്ലറുകളോട് ചായ്‌വ് കൂടുതലുണ്ടോ ?

കാണാൻ ഇഷ്ടം ത്രില്ലറാണ്. വായിക്കുന്ന പുസ്തകങ്ങളിൽ കൂടുതലും അങ്ങനെയുള്ളവയും. ത്രില്ലർ എഴുതുമ്പോൾ എളുപ്പം തോന്നാറുണ്ട്. ത്രില്ലർ ഡയറക്ടർ എന്ന പേരിൽ നിന്നു പുറത്തു കടക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ.

ചെയ്ത സിനിമകളിൽ ഏറ്റവും ഇഷ്ടം ?

എല്ലാം ഇഷ്ടമാണ്. ചിലതു മോശമായി എന്ന അഭിപ്രായം ഒട്ടുമില്ല. ജീവിതത്തോടു ചേർന്നു നിൽക്കുന്ന ‘ലൈഫ് ഓഫ് ജോസൂട്ടി’യും ‘മമ്മി ആൻഡ് മീ’യുമാണ് പേഴ്സനൽ ഫേവറിറ്റ്സ്.

കഥാപാത്രങ്ങൾക്ക് കുറ്റം ചെയ്യാൻ വിദഗ്ധമായ വഴികൾ എങ്ങനെ കിട്ടുന്നു ?

വായിച്ച പുസ്തകങ്ങൾ, കണ്ട സിനിമകൾ, പത്രവാർത്തകൾ തുടങ്ങിയവയിൽ നിന്നൊക്കെ കിട്ടിയ ഐഡിയകൾ ക്രിയേറ്റീവായി മാറ്റിയെടുത്തതാണ്. അതെല്ലാം റിയൽ ലൈഫിൽ ചെയ്യാൻ പറ്റുന്നതാണോ എന്നു ചോദിച്ചാൽ അറിയില്ല.

‘ദൃശ്യം ടു’വിനു വേണ്ടി ‘റാം’ മാറ്റിവച്ചോ ?

ലാലേട്ടൻ നായകനാകുന്ന ഹെവി ബജറ്റ് സിനിമയാണ് ‘റാം’. അതിന്റെ ഷൂട്ടിങ് പകുതിയോളം പൂർത്തിയായി. ബാക്കി ഭാഗങ്ങൾ യുകെയിലാണ് പ്ലാൻ ചെയ്തിരുന്നത്. കോവിഡ് വന്നപ്പോഴേക്കും ബ്രേക്ക് വന്നു. ആ ബ്രേക്കിലാണ് ‘ദൃശ്യം ടു’ എഴുതിയത്.

അടുപ്പിച്ച് മോഹൻലാൽ ചിത്രങ്ങൾ, ഭാഗ്യമാണത് ?

ആ ഭാഗ്യം ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

മമ്മൂട്ടിയെ നായകനാക്കി സിനിമ എപ്പോഴാണ്  ?

രണ്ടുമൂന്ന് പ്രൊജക്റ്റുകളുടെ ചർച്ച നടന്നെങ്കിലും വർക് ഔട്ട് ആയില്ല. അങ്ങനെയൊരു സിനിമ ചെയ്യാൻ അതിയായ ആഗ്രഹമുണ്ട്, ശ്രമം തുടരും.

ഋഷി കപൂറിന്റെ അവസാന ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ബോഡി’ ?

ആദ്യം കാണുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ, ആദ്യ വാചകത്തിൽ അദ്ദേഹം വീഴ്ത്തി. ‘യു ആർ ദൃശ്യം ഡയറക്ടർ, ഐ വാസ് എക്സ്പെക്ടിങ് എ ഫിഫ്റ്റി പ്ലസ് ഗൈ...’ വലിയ തമാശക്കാരനാണ്, അതുപോലെ ദേഷ്യവും. രാത്രി എ ട്ടു കഴിഞ്ഞാൽ ഷൂട്ടിങ്ങിനു നിൽക്കില്ല. പക്ഷേ, ‘ബോഡി’ക്കു വേണ്ടി മൂന്നുദിവസം രാത്രി ഒരു മണി വരെ നിന്നു.

ഷെഡ്യൂൾ കഴിഞ്ഞപ്പോൾ എന്റെ വീട്ടിലേക്കു വരാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ, ഒരുദിവസം പ്രൊഡ്യൂസർ വിളി ക്കുന്നു. ‘ഞങ്ങൾ വരുന്നുണ്ട്, ഋഷി സാറിന് കരിമീൻ പൊള്ളിച്ചതു കഴിക്കണം...’ പക്ഷേ, അദ്ദേഹം യാത്ര പോയത് അങ്ങേ ലോകത്തേക്കാണ്. മോഹൻലാലിനൊപ്പം അഭിനയിക്കണമെന്നും കഥ ആലോചിക്കാമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

കമലഹാസനൊപ്പമായിരുന്നു ‘പാപനാശം’ ?

‘പാപനാശ’ത്തിൽ തല്ലുകൊള്ളുന്ന സീനിനു വേണ്ടി മൂക്കു നീരുവന്നു വീർത്ത പോലെ വേണം. അതിനുള്ള റബർ പീസ് കമൽ സാറിന്റെ മൂക്കിലേക്ക് കയറ്റിവച്ചപ്പോൾ ഉള്ളിലേക്കു കയറിപോയി. ഷൂട്ടിങ് നിർത്തിവയ്ക്കേണ്ട എന്നു കരുതി അദ്ദേഹം ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല. അവസാനം ഓപറേഷൻ തിയറ്ററില്‍ കയറ്റിയാണ് അതു പുറത്തെടുത്തത്.

മലയാളത്തെ അപേക്ഷിച്ച് വലിയ ഇൻഡസ്ട്രികളാണ് തമിഴും ഹിന്ദിയും ?

വലിയ കഥകൾ ആലോചിക്കാനും വലിയ സിനിമ ചെയ്യാനും അവിടെ അവസരമുണ്ട്. അതു ഗുണമാണ്. പക്ഷേ, ഇപ്പോൾ മലയാളത്തിലും ബിഗ് ബജറ്റും ടെക്നോളജിയുമൊക്കെ വന്നു.

സംവിധായകൻ ജയരാജിനൊപ്പമാണ് തുടക്കം ?

സംവിധായകനു വേണ്ടത് തന്റേടം ആണെന്നു പഠിച്ചത് ജയരാജ് സാറിൽ നിന്നാണ്. സിനിമയിൽ അദ്ദേഹം ചെയ്യുന്ന പരീക്ഷണങ്ങൾ ഞെട്ടിക്കുന്നതല്ലേ.

മരട് ഫ്ലാറ്റ് പൊളിക്കും മുൻപ് തന്നെ ‘ഊഴ’ത്തിലൂടെ മലയാളിക്ക് ഫ്ലാറ്റ് പൊളിക്കൽ പരിചിതമായി ?

എപ്പോഴോ വായിച്ച പുസ്തകത്തിൽ നിന്ന് മനസ്സിൽ കയറിയ ഐഡിയ ആയിരുന്നു അത്. ‘മെമ്മറീസി’നു മുൻപേ പൃഥ്വിരാജിനോടു പറഞ്ഞ കഥയാണ് ‘ഊഴം.’

കാളിദാസിനെ നായകനാക്കി. ദുൽഖർ എപ്പോൾ ?

മുൻപൊരു കഥ ദുൽഖറിനോടു പറഞ്ഞിരുന്നു. അതു സ്ക്രിപ്റ്റ് ആക്കണം. മറ്റൊരു കഥ കൂടി മനസ്സിലുണ്ട്.  

പ്രണവ് അസിസ്റ്റന്റായിരുന്നല്ലോ. അഭിനയത്തിലാണോ സംവിധാനത്തിലാണോ പ്രണവിന് ഭാവി ?

ബേസിക്കലി ഡയറക്ടറാകാനുള്ള താൽപര്യം അവനുണ്ടെന്ന് ഇപ്പോൾ തോന്നുന്നില്ല. നടൻ എന്ന നിലയിലും പ്രണവിനെ ആരുമായും താരതമ്യപെടുത്തേണ്ട കാര്യമില്ല.

മറ്റൊരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുമെങ്കിൽ ?

‘ഡിറ്റക്ടീവി’ന്റെ രണ്ടാം ഭാഗം ചെയ്യണമെന്നു മോഹമുണ്ടായിരുന്നു. മറ്റൊരു പക്കാ കുറ്റാന്വേഷണ സിനിമയായി അതു വീണ്ടും എഴുതി തുടങ്ങി.

വീട്ടിൽ ‘മമ്മി ആൻഡി മീ’ ടൈപ് വഴക്കുണ്ടോ ?

ആ സിനിമ ചെയ്തു മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും വീട്ടിൽ മുകേഷേട്ടന്റെ റോളായി എനിക്ക്. ഇപ്പോൾ മക്കളൊക്കെ വലുതായി. മൂത്ത മകൾ കാതറിൻ പിജിക്ക് ജോയിൻ ചെയ്തു, ഇളയവൾ കറ്റീന ഡിഗ്രി രണ്ടാം വർഷം.

ഭാര്യയുടെ തിരക്കഥയിൽ അടുത്ത സിനിമ ഇനി എപ്പോഴാണ് ?

‘മൈ ബോസ്’ പോലൊരു കോമഡി ചിത്രം മനസ്സിൽ കണ്ടാണ് ലിൻഡയുടെ സ്ക്രിപ്റ്റിൽ ‘മിസിസ് ആൻഡ് മിസ്റ്റർ റൗഡി’ ചെയ്തത്. ലിൻഡ അടുത്ത സ്ക്രിപ്റ്റ് എഴുതുന്നുണ്ട്.

മക്കൾ കൂടി സിനിമയിലേക്കു വന്നാൽ ?

അവർക്ക് സന്തോഷം കിട്ടുമെങ്കിൽ സിനിമയിലേക്കു വരുന്നതിന് ഒരു തടസ്സവും പറയില്ല. കാതറിന് സിനിമയോടു താൽപര്യമുണ്ട്, ‘തമ്പി’യിലും ‘റാമി’ലും അവൾ എന്നെ അ സിസ്റ്റ് ചെയ്തു.

കൃഷി, രാഷ്ട്രീയം ഇതിലൊന്നു തിരഞ്ഞെടുക്കേണ്ടി വന്നാൽ ?

മുവാറ്റുപുഴയിൽ നിന്ന് എംഎൽഎ ആയ ആളാണ് അച്ഛൻ വി.വി. ജോസഫ്. മക്കളാരും രാഷ്‌ട്രീയത്തിലേക്ക് വരരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പവർ ഉണ്ടെങ്കിലേ കൂടെ ആളുണ്ടാകൂ എന്നു രാഷ്ട്രീയത്തിൽ അച്ഛന്റെ അനുഭവം കണ്ടു ഞാൻ പഠിച്ചു, സിനിമയും അങ്ങനെ തന്നെ. കർഷക കുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കൃഷിയേ തിരഞ്ഞെടുക്കൂ.

Tags:
  • Celebrity Interview
  • Movies