Tuesday 19 January 2021 03:46 PM IST

വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ ഇപ്പോൾ കടന്നു പോകുന്നത്, കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്നത്തിലാണ്! ശ്രീശാന്ത് പറയുന്നു

Sujith P Nair

Sub Editor

sreesanth

ഒരു ഓവർ പന്തെറിഞ്ഞു സലാം പറയാനല്ല ശാന്തകുമാരൻ ശ്രീശാന്ത് ഏഴു വർഷം കാത്തിരുന്നത്. ചെറിയ വാക്കുകളിൽ ശ്രീ പറയുന്നു ആ വലിയ സ്വപ്നം

വിലക്ക് തീർന്നു, ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു ?

പ്രാർഥനയ്ക്കും പിന്തുണയ്ക്കും നന്ദി. പരിശീലനം ആ രംഭിച്ചു. സെപ്റ്റംബറിൽ കേരളത്തിനു വേണ്ടിയിറങ്ങും. വയസ്സ് 37 ആകും. എന്നാലും ‘ഐ നെവർ ഗിവ് അപ്.’

അമ്മയുടെ പ്രാർഥന സഫലമായി ?

ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അ മ്മ ഇപ്പോൾ കടന്നു പോകുന്നത്. ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി. ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്നത്തിലാണ്. ശക്തയായ സ്ത്രീയാണ് അമ്മ. അമ്മയ്ക്കു വേണ്ടിയും എല്ലാവരും പ്രാർഥിക്കണം.

വിലക്കു കാലത്ത് ഭുവനേശ്വരി നൽകിയ ഉപദേശം ?

പ്രശ്നങ്ങളുടെ നടുവിലാണ് ഞങ്ങൾ ജീവിതം തുടങ്ങുന്നത് തന്നെ. അന്നു മുതൽ ഭുവനേശ്വരിജി പറയും, ‘യു വിൽ പ്ലേ എഗെയ്ൻ...’ പക്ഷേ, ഉപദേശിക്കാനൊന്നും വരാറില്ല.

മക്കൾക്ക് ക്രിക്കറ്റ് താൽപര്യമാണോ?

പ്രാക്ടീസിന് സാൻവികയും തേസും ഒപ്പം വരാറുണ്ട്. മോൾക്കാണ് ക്രിക്കറ്റിൽ താൽപര്യം കൂടുതൽ. ‘ലെറ്റ്സ് പ്ലേ ക്രിക്കറ്റ്’ എന്നൊക്കെ പറഞ്ഞു വരും ഇടയ്ക്ക്.

ശ്രീശാന്തിൽ ഇഷ്ടപ്പെടാത്ത സ്വഭാവം ?

എല്ലാവരെയും വിശ്വസിക്കും. അതു മോശമാണോ? അ റിയില്ല. പലരും ഒപ്പം ചേരുന്നത് എന്തെങ്കിലും ലക്ഷ്യമിട്ടാണോയെന്ന് മനസ്സിലാക്കാൻ കഴിയാറില്ല. അവർക്ക് നല്ലതു വരട്ടെ.

Sreesanth-new
വര: അരുൺ ഗോപി

ക്രിക്കറ്റോ സിനിമയോ ?

എനിക്ക് ലൈഫാണ് ഇഷ്ടം. ദിപു ചേട്ടനും മധു ചേട്ടനും ബന്ധുക്കളും സിനിമയിലുണ്ടല്ലോ. അങ്ങനെയാണ് സിനിമയിൽ ഒരു കൈ നോക്കിയത്. രണ്ടു സിനിമ തീർക്കാനുണ്ട്.

ബിഗ് ബോസ് ഹിന്ദി റണ്ണറപ്പായി ?

വിന്നർ ആയില്ലെങ്കിലും വലിയ അനുഭവമായി. സൽമാൻ ഭായിയുമായി അടുത്തു. കപ്പടിക്കാത്തതിൽ വിഷമമില്ല. ബിഗ് ബോസ് ഹൗസിൽ പ്രശ്നക്കാരനായിരുന്നു ?

ക്രിക്കറ്റിൽ മാത്രമാണ് അഗ്രസീവ്. എന്നാലും കുടുംബത്തെയും കുട്ടികളെയും മലയാളികളെയും താഴ്ത്തി പ റഞ്ഞാൽ ഇടപെടും. അതെന്റെ സ്വഭാവമാണ്.

നൃത്തം ഇപ്പോഴും പ്രാക്ടീസുണ്ടോ ?

പ്രാക്ടീസ് ചെയ്യാറില്ല. സിനിമയ്ക്കു വേണ്ടിയും ഷോയ്ക്കു വേണ്ടിയും വല്ലപ്പോഴും മാത്രം. ‘വനിത’ ഫിലിം അവാർഡ്സിൽ പെർഫോം ചെയ്തത് നല്ല അനുഭവമായിരുന്നു

സഞ്ജുവിനെ രാജസ്ഥാൻ ടീമിലെത്തിച്ചത് ?

ഞാൻ അവസരം നേടിക്കൊടുത്തു എന്നൊന്നും പറയല്ലേ, മെസഞ്ചറുടെ റോൾ മാത്രമായിരുന്നു എനിക്ക്. കഴിവുള്ളതു കൊണ്ട് സഞ്ജു ശ്രദ്ധിക്കപ്പെട്ടു. അത്രതന്നെ. ഇന്ത്യൻ ടീമിലും സ്ഥിരമായ സ്ഥാനം നേടട്ടെ എന്ന് പ്രാർഥിക്കുന്നു.

ഇന്ത്യൻ താരങ്ങളിൽ ഇപ്പോഴും സൗഹൃദമുള്ളത് ?

ആരുടെയും പേരെടുത്ത് പറയാനില്ല. എക്കാലത്തും അ ടുത്ത സൗഹൃദമുള്ളത് സ്കൂൾ ഫ്രണ്ട്സുമായാണ്.

പ്രതിസന്ധി കാലത്ത് ഏറ്റവും പിന്തുണച്ചത് ?

വീരേന്ദർ സേവാഗ് പാജിയും വിവിഎസ് ലക്ഷ്മണും. രാഷ്ട്രീയത്തിൽ ശശി തരൂർജി. അദ്ദേഹമാണ് പറഞ്ഞത്, ‘ശ്രീശാന്തിനെ എനിക്കറിയാം, അവൻ അങ്ങനെ ചെയ്യില്ല’ എന്ന്.

ശ്രീ ഇന്ത്യൻ ടീമിൽ എന്നു മടങ്ങിയെത്തും ?

സെപ്റ്റംബറിൽ കേരളത്തിന്റെ ഏകദിന ടീമിൽ കളിക്കാൻ അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. 2021ൽ ലോർഡ്സിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിൽ കളിക്കുക എന്നതാണ് സ്വപ്നം.

ഒത്തു കളിയിൽ കുടുക്കിയത് ആരാണ് ?

എല്ലാം കഴിഞ്ഞതല്ലേ? ഇനി ആരെയും അതിലേക്കു വ ലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ല.

ദൈവം കൂടെ നിന്നില്ല എന്നു തോന്നിയോ ?

ഒരിക്കലുമില്ല. കരുത്തനാകാനുള്ള അവസരമാണ് ദൈ വം തന്നത്. കുടുംബത്തോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു.

എത്ര നാൾ കൂടി ക്രിക്കറ്റിലുണ്ടാകും?

2023 ലോകകപ്പ് ഫൈനലിൽ കപ്പുയർത്തണം എന്നത് ലക്ഷ്യങ്ങളിലൊന്ന്. 2025 വരെ ക്രിക്കറ്റ് മാത്രമാകും ജീവിതം.

തിരിച്ചു വരവിനുള്ള പ്രചോദനം ആരൊക്കെ ?

ഐ.എം. വിജയനും പി.ടി ഉഷയും ഈ പ്രായത്തിലും എന്തു ഫിറ്റാണ്. എന്നെ കാണുമ്പോൾ വിജയൻ ചേട്ടൻ പറയും, ‘പുലിക്കുട്ടാ വിട്ടുക്കൊടുക്കരുത്...’. 38 ാം വയസ്സിൽ ലോകകപ്പ് കളിച്ച ആശിഷ് നെഹ്റയും എന്റെ മോട്ടിവേഷനാണ്.

കോഹ്‌ലിയും ശ്രീശാന്തും ഒരുമിച്ചിറങ്ങിയാൽ ?

ലാലേട്ടൻ പറയും പോലെ, ‘കളി കണ്ടു തന്നെ അറിയണം.’ കോഹ്‌ലി അവിടെത്തന്നെ കാണും. എനിക്കാണ് ചാലഞ്ച്.

ധോണിയെ ഒറ്റ വരിയിൽ വിശേഷിപ്പിക്കാമോ ?

വൺ മാൻ ഷോ. വൺ മാൻ ആർമി.

വിലക്കിനേക്കാളും വിഷമിപ്പിച്ച കാര്യം ?

വിഷമങ്ങളൊക്കെ മറക്കാം. മലയാളി ആയതിന്റെ പേരി ൽ ക്രിക്കറ്റ് വിവാദം പറഞ്ഞ് നിങ്ങളെ ആരെങ്കിലും പരിഹസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഫീനിക്സ് പക്ഷിയെയാണ് ഞാൻ ടാറ്റു ചെയ്തിരിക്കുന്നത്. ചാരത്തിൽ നിന്നു ഞാനും ഉയർത്തെഴുന്നേൽക്കും.