കോട്ടയം ജില്ലയിൽ നേരം പോക്കിനു പറ്റിയ സ്ഥലമില്ലെന്ന് ഇനിയാരും പരാതി പറയരുത്. അവധി ദിവസങ്ങൾ ആഘോഷിക്കാൻ മാംഗോ മെഡോസ് ഒരുങ്ങിക്കഴിഞ്ഞു. കടുത്തുരുത്തിയിലെ അഗ്രിക്കൾചറൽ തീം പാർക്കിൽ പോയവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. കുട്ടികൾക്ക് കളിക്കാൻ സ്ഥലമുണ്ട്. മുതിർന്നവർക്ക് നീന്തൽക്കുളമുണ്ട്. നടന്നു കാണാൻ അത്യപൂർവ സസ്യങ്ങളുടെ തോട്ടമുണ്ട്. ഇതെല്ലാം കണ്ടാസ്വദിക്കാൻ കേബിൾ കാറുമുണ്ട്. നൂറ്റിയിരുപതു കോടി രൂപ മുടക്കി ഉണ്ടാക്കിയിട്ടുള്ള ഈ എന്റർടെയ്ൻമെന്റ് പാർക്ക് കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടമാകും. കാരണം, നീലക്കൊടുവേലി മുതൽ കൃഷ്ണനാൽ വരെ ആയിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട്. ലോകത്തു മറ്റെവിടെ പോയാലും ഇതെല്ലാം ഒരുമിച്ചു കാണാനാവില്ല. ഇതൊക്കെ വെറും ‘തള്ളാണെന്ന്’ തോന്നുന്നുണ്ടോ? അങ്ങനെ സംശയമുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി വേറൊരു കാര്യം പറയാം. അവിടെ പ്രേമിക്കുന്നവർക്കു മാത്രമായി ഒരു കോർണറുണ്ട് – വാലന്റൈൻസ് ഗാർഡൻ. ആദമിന്റെയും ഹവ്വയുടെയും തോട്ടമുണ്ട് – ഏദൻതോട്ടം!

കോട്ടയത്തു കടുത്തുരുത്തിക്കടുത്ത് ആയാംകുടിയിലാണ് മാംഗോ മെഡോസ്. ഒരു ദിവസത്തെ ടൂർ, റിസോർട്ട് ടൂർ, ആയുർവേദ ചികിത്സ, സുഖവാസം തുടങ്ങിയ സൗകര്യങ്ങളോടെ ഇക്കോ ടൂറിസമാണ് മാംഗോ മെഡോസ്. മത്സ്യക്കുളം, മരക്കൂട്ടം, കൃഷിയിടം, കന്നുകാലി ഫാം, ബോട്ട് സവാരി, റോപ് വേ, റസ്റ്ററന്റ്, റിസോർട്ട് എന്നിവയാണ് മാങ്കോ മെഡോസ് എന്ന പാർക്കിന്റെ ഉള്ളടക്കം. കുളത്തിനു മുകളിലൂടെയുള്ള കേബിൾ കാർ, മുപ്പതേക്കർ തോട്ടം മുഴവനായും കണ്ടാസ്വദിക്കാൻ പറ്റിയ വാച്ച് ടവർ, ഗുഹാ കോട്ടേജ് എന്നിവയാണ് തീം പാർക്കിന്റെ സവിശേഷതകൾ. നീന്തൽക്കുളം, പെഡൽ ബോട്ടിങ്, റോ ബോട്ടിങ്, വാട്ടർ സൈക്കിൾ, ഗോ കാർട്ട്, ജലചക്രം, മീനൂട്ട്, റോപ് കാർ, ആർച്ചറി, ട്രാംപോ ലൈൻ, ബംപർ കാർ, സ്നൂക്കർ – മാംഗോ മെഡോസ് എന്ന തീം പാർക്കിന്റെ സമ്പൂർണതയിൽ ഇതെല്ലാം ഉൾപ്പെടുന്നു.

കൃഷിയും മരങ്ങളുമൊക്കെ ജീവന്റെ ഭാഗമെന്നു വിശ്വസിക്കുന്ന എൻ.കെ. കുര്യൻ എന്ന വ്യവസായിയാണ് മാംഗോ മെഡോസിന്റെ ശിൽപ്പി. പതിനാലു വർഷംകൊണ്ടാണ് പഴങ്ങളും മരങ്ങളും മത്സ്യക്കുളങ്ങളും ഒരുക്കി പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്.

അരി ഏതു ചെടിയിലാണ് വിളയുന്നതെന്നു പോലും അറിയാത്ത പുതുതലമുറയ്ക്കു വേണ്ടിയുള്ളതാണ് മാങ്കോ മെഡോസ് എന്നു കുര്യൻ പറഞ്ഞു. അതിനു ശേഷം, ഒരു കപ്പ് മീൻതീറ്റയുമായി പാലത്തിലേക്കു കയറി. അതിൽ നിന്നൊരു പിടി വെള്ളത്തിലേക്കിട്ടപ്പോൾ കുളത്തിനു നടുവിൽ ചാകര വന്ന പോലെ മീനുകൾ തുള്ളിച്ചാടി. ‘‘ഇതാണ് മീനൂട്ട്’’ കുര്യൻ മത്സ്യക്കുളത്തിലേക്കു ചൂണ്ടിക്കാട്ടി. കാരിയും വരാലും മുതൽ മുപ്പതു കിലോയുള്ള അലങ്കാര മത്സ്യം വരെ വളരുന്ന കുളത്തിനു മുകളിലെ പാലവും പ്ലാറ്റ് ഫോമുമാണ് മീനൂട്ടിന്റെ കേന്ദ്രം. പാർക്കിലെത്തുന്നവർക്ക് പാലത്തിൽ കയറാം, മീനുകൾക്കു തീറ്റി കൊടുക്കാം.

മാങ്കോ മെഡോസിന്റെ ഗൈഡ് ടൂറിൽ പങ്കെടുത്താൽ സർവ വിജ്ഞാന കോശം വായിച്ചതിനു തുല്യമാണു ഫലം. ഏദൻതോട്ടം, വാലന്റൈൻ ഗാർഡൻ, വാഴത്തോപ്പ്, മാന്തോപ്പ്, നക്ഷത്ര ജംക്ഷൻ, പച്ചക്കറിത്തോട്ടം, വളർത്തു മൃഗങ്ങളുടെ ഫാം, മത്സ്യക്കുളം, തേയിലത്തോട്ടം, ഏലത്തോട്ടം, സർപ്പക്കാവ്, അമ്പലക്കുളം, കുളക്കടവ്, ആയുർവേദ മരങ്ങൾ – ഇത്രയുമാണ് ഗൈഡ് ടൂർ. മാങ്കോ മെഡോസിൽ ചെന്നു കയറുന്നവർക്ക് വഴികാട്ടികൾ കാര്യങ്ങൾ വിശദീകരിക്കും. രാമായണത്തിൽ പറയുന്ന സീതാദേവിയുടെ സഹനത്തിനു സാക്ഷിയായ ശിംശിപാ വൃക്ഷം മുതൽ ബുദ്ധഭിക്ഷുക്കളുടെ ഭക്ഷണപ്പാത്രമായ തിരുവട്ടക്കായുടെ മരം വരെ അവർ പരിചയപ്പെടുത്തും.

ബോട്ടിൽ കയറിയൊരു സവാരിയാകാം. കുളം ചുറ്റി വരാൻ അര മണിക്കൂർ വേണം. വെളത്തിലേക്ക് നീണ്ടു നിൽക്കുന്ന കോട്ടേജുകളും റോപ് കാറുകളും ബോട്ട് സവാരിയിലെ കാഴ്ചകൾക്കു ചന്തംകൂട്ടുന്നു. പാലത്തിൽ നിൽക്കുന്നവർ തീറ്റയെറിയുമ്പോൾ കുതിച്ചു പൊങ്ങുന്ന മീനുകളാണ് ഈ യാത്രയ്ക്കു ത്രിൽ കൂട്ടുന്നത്.

146 ഇനം പഴങ്ങൾ വിളഞ്ഞു നിൽക്കുന്ന കൃഷി സ്ഥലമാണ് ഏദൻതോട്ടം. തോട്ടത്തിനുള്ളിൽ ഹൗവ്വയുടെയും ആദമിന്റെയും ശിൽപ്പങ്ങളുണ്ട്. ബൈബിളിൽ പറയുന്ന അദ്ഭുതപ്പഴം, ഇസ്രയേൽ ഓറഞ്ച്, ചെറി, ആപ്പിൾ, പ്ലം... അപൂർവ പഴങ്ങൾ ഏദൻതോട്ടത്തിൽ നേരിട്ടു കാണാം.

അഞ്ചാറു തെങ്ങിൻ തൈകൾ മാത്രമുണ്ടായിരുന്ന കൃഷി സ്ഥലം പൂങ്കാവനമാക്കി മാറ്റാമെന്നു മാംഗോ മെഡോസിലൂടെ കുര്യൻ കാണിച്ചു തരുന്നു. നെല്ലും വാഴയും മീനും മാത്രമല്ല, പാടത്തു സന്തോഷവും വിളയുമെന്നതിനു തെളിവാണ് കർഷകനായ കുര്യന്റെ മാംഗോ മെഡോസ്.