Saturday 03 August 2019 06:27 PM IST

‘സംഘര്‍ഷം ജീവിതത്തിന്റെ ഭാഗമാണെന്ന ധാരണയിലേക്ക് ആളുകള്‍ എത്തിക്കഴിഞ്ഞു!’

Sadhguru

sadh-guru9986-peace

സുഹൃത്തേ, നിങ്ങൾ  ഒാടിക്കൊണ്ടിരിക്കുന്ന ഒരു വാഹനമാണ്. ചിലർ റോഡ് നിയമങ്ങളൊക്കെ പാലിച്ച് ശരാശരി വേഗത്തിൽ പോവും. മറ്റു ചിലരാകട്ടെ ഒാവർ സ്പീഡിൽ പായും. വേഗം നിയന്ത്രിക്കാനുള്ള ക്യാമറകളൊക്കെ ജീവിതത്തിൽ പലയിടത്തു സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാ നിയമങ്ങളെയും തെറ്റിച്ച് ചിലർ ലക്ഷ്യത്തിലേക്കു പറപറക്കും. ശരീരം, മനസ്സ്, വികാരങ്ങള്‍, ഊർജം, ഇവയെല്ലാമാണ് വാഹനത്തിലെ പാർട്സ്.  ഇതിലുണ്ടാവുന്ന തകരാറുകൾ നിങ്ങളുടെ യാത്രയെ ബാധിച്ചേക്കാം, നിങ്ങളെ അപകടത്തിലാക്കിയേക്കാം.

നിങ്ങളെന്ന വാഹനത്തിന്റെ യാത്രയെ ബാധിക്കുന്ന പ്രധാന തകരാറുകളിലൊന്നാണ് മാനസിക സംഘർഷം അഥവാ സട്രെസ്. അത് എൻജിനിലെ തേയ്മാനം പോലെയാണ്. വേണ്ടത്ര അയവ് ഇല്ലാത്തതു കൊണ്ടോ, വേണ്ടപോലെ പ്രവര്‍ത്തിക്കാത്തതു കൊണ്ടോ ആണ് എൻജിൻ തകരാറിലാവുന്നത്. അപ്പോൾ എന്തു വേണം? എവിടെയാണ് ഘർഷണം ഉണ്ടാകുന്നതെന്നു കണ്ടു പിടിക്കണം. അവിടെ ശാന്തിയുടെ ‘ഒായിലുകൾ’ ഒഴിച്ചു കൊടുക്കണം. അപ്പോൾ യാത്ര കൂടുതൽ സുഗമമാവും.

സ്ട്രെസ് എന്ന വാക്ക്

വർഷങ്ങൾക്കു മുൻപ് ഞാന്‍ ആദ്യമായി അമേരിക്കയില്‍ എത്തി. ആളുകളുമായി സംവദിക്കാൻ  ചെന്നിടത്തെല്ലാം  സ്ട്രെസ് മാനേജ്മെന്‍റിനെകുറിച്ചാണ് ചോദ്യങ്ങൾ. അതിൽ പണക്കാരനെന്നില്ല, ജോലിക്കാരനെന്നില്ല.. എല്ലാവർക്കും മാനസ്സിക സംഘർഷം. അതെങ്ങനെ ‘കൈകാര്യം’ ചെയ്യുമെന്നാണ് അവർക്ക് അറിയേണ്ടത്.

വിലയുണ്ടെന്ന്  ആളുകള്‍ കരുതുന്ന കാര്യങ്ങളല്ലേ  ‘കൈകാര്യം’ ചെയ്യുക – പണം, വസ്തു, ബിസിനസുകള്‍.  എന്തിനാണ് ആളുകള്‍ സംഘര്‍ഷം ‘കൈകാര്യം’ ചെയ്യുന്നത്? 

അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്, സംഘര്‍ഷം ജീവിതത്തിന്‍റെ ഭാഗമാണെന്ന ധാരണയിലേക്ക് ആളുകള്‍ എത്തിക്കഴിഞ്ഞു. അവര്‍ കരുതുന്നത് സംഘര്‍ഷം അനുഭവിക്കുന്നതു സ്വാഭാവികമാണെന്നാണ്. എല്ലാവരുടെ ജീവിതത്തിലും സ്ട്രെസ് മുടി വളരും പോലെ താടി നരയ്ക്കും പോലെ  സംഭവിക്കുന്നു എന്നാണ്.

എന്നാൽ അതു തെറ്റാണ്. നിങ്ങളുടെ മനസ്സും, ശരീരവും, ഊർജങ്ങളും വേണ്ടപോലെ പ്രവർത്തിച്ചിരുന്നെങ്കില്‍, ലോകത്ത് എന്തുതന്നെ സംഭവിച്ചാലും, നിങ്ങള്‍ സംഘര്‍ഷഭരിതരാവില്ല. ലോകം സുന്ദരമായി തോന്നും ഇളംകാറ്റു വീശും.

ആളുകള്‍ സംഘര്‍ഷം അനുഭവിക്കുന്നത് അവര്‍ ചെയ്യുന്ന ജോലി കാരണം മാത്രമല്ല. ജോലിയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഏതു കാരണം കൊണ്ടും, ഏതുതരം സാഹചര്യം കൊണ്ടും ആളുകള്‍ക്കു സംഘര്‍ഷമുണ്ടാകാം. ചിലർ വിശ്വസിക്കുന്നു, സമ്പത്താണ് സ്ട്രെസ്സിന്റെ കാരണമെന്ന്. ഒരാൾ ജീവിതകാലം മുഴുവന്‍ വെറുതെയിരുന്നു ഭക്ഷണം കഴിക്കാനുള്ള സമ്പത്തുണ്ടായാലും അയാൾ സംഘർഷമനുഭവിക്കും.

മായ്ചു കളയാം സംഘർഷം

ഒന്നോർക്കുക നിങ്ങള്‍ ഒരു ജോലിയില്‍ ചേര്‍ന്നതും, കല്യാണം കഴിച്ചതും, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും സന്തോഷം അനുഭവിക്കാന്‍ വേണ്ടിയാണ്. ആ സന്തോഷത്തെ എന്തുകൊണ്ട് തിരിച്ചറിയാനാകാതെ പോവുന്നു?

സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യങ്ങളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. നിങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്നതില്‍ ഏറ്റവും മികച്ചതു നിങ്ങള്‍ക്കു ചെയ്യാനാകും എന്നുറപ്പിക്കുക. നിങ്ങളുടെ ജോലി, കരിയര്‍, ട്രാഫിക് തുടങ്ങി നിങ്ങളുടെ ജീവിതത്തില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന എല്ലാ സാഹചര്യങ്ങളെയും തിരിച്ചറിഞ്ഞു പെരുമാറുക.

ഒരാള്‍ മനോഹരമായി ജീവിക്കുന്നു എങ്കിൽ അതിനര്‍ഥം അയാള്‍ വ്യത്യസ്തനാണെന്നല്ല. എല്ലാവരെയും പോലെ അയാളും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ടൊയ്‌ലറ്റിലേക്കു പോകുന്നു.  പല്ലു തേക്കുന്നു. എങ്ങനെയോ, അയാളുടെ ജീവിതം മനോഹരമാകുന്നു,  

സന്തോഷമുള്ള പശ്ചാത്തലത്തിലേക്ക് എന്നും ജീവിതം വളർത്തിയെടുക്കുകയാണ് വേണ്ടത്. സന്തോഷത്തോടെ ഇരുന്നാല്‍ ഒരുപാടു കാര്യങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തയാറായിരിക്കും. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഏറ്റവും ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ പോലും താൽപര്യം ഉണ്ടാകില്ല.  

അപ്പോള്‍ നാം ആദ്യം ചെയ്യേണ്ട കാര്യം ഒരു മനുഷ്യനെ ശാന്തനും സന്തോഷവാനും ആക്കുകയെന്നതാണ്.  ശരിയായ തരത്തിലുള്ള യോഗ ചെയ്താല്‍,  ആ ശാന്തത ജീവിതത്തിൽ നേടാനാവും. കാരണം യോഗ ആന്തരിക ശാസ്ത്രമാണ്.  

Tags:
  • Health Tips