Wednesday 10 July 2019 06:59 PM IST

മനസ്സിന്റെ കരുത്തിൽ വിശ്വസിക്കുക, ആ കരുത്തിനെ ജ്വലിപ്പിക്കാനുള്ള വഴികൾ തേടുക!

Sadhguru

sad-guru9998

ആണ് എന്നോ പെണ്ണ് എന്നോ ഉള്ള തിരിച്ചറിവ് കുട്ടിക്കാലത്ത് നിങ്ങളെ ബാധിക്കുക പോലുമില്ല. ഒരു നഴ്സറിയിൽ പോയി നോക്കൂ. എത്ര പൂക്കളാണ് ചിരിയോടെ നിറഞ്ഞാടുന്നത്. ആൺകുട്ടിയാണ് മാറി നിൽക്കൂ എന്നൊരു തോന്നലൊന്നും അവിടെ ഉണ്ടാകുന്നില്ലല്ലോ.

എന്നാല്‍ പെട്ടെന്ന് മാറ്റം വരുന്നു. വംശത്തിന്‍റെ പുനരുൽപാദനം, തുടര്‍ച്ച, നിലനിര്‍ത്തല്‍ എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ക്കായി പ്രകൃതി നിങ്ങളെ ‘ഒരു ലഹരിക്ക്’ അടിപ്പെടുത്തുകയും  രാസപരമായ അട്ടിമറിക്കു വിധേയമാക്കുകയും ചെയ്യുന്നു. ഈ രാസപദാര്‍ഥം നിങ്ങളുടെ ശരീരത്തെ നിയന്ത്രിക്കാന്‍ തുടങ്ങുകയും രണ്ടു ജീവനുകൾക്കിടയ്ക്ക് വലിയ മതിൽ ഉയരുകയും ചെയ്യുന്നു. അങ്ങനെ നഴ്സറി ക്ലാസിൽ ഒരുമിച്ചിരുന്നവര്‍ ആൺകുട്ടിയും പെൺകുട്ടിയുമായി മാറുന്നു.

വളരുമ്പോൾ സമൂഹം നമ്മളെ പരിശീലിപ്പിക്കുന്നതും അടിച്ചേൽപിക്കുന്നതും അതുതന്നെയാണ് ആണ് അല്ലെങ്കിൽ പെണ്ണ്– ഇങ്ങനെയൊരു വേർതിരിവിൽ വളരേണ്ട ആവശ്യം ഉണ്ടോ? 24 മണിക്കൂറും പുരുഷനോ സ്ത്രീയോ ആയി നിന്നാൽ നിങ്ങള്‍ പ്രശ്‌നത്തിലാകുമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ദിവസം മുഴുവൻ സ്വന്തം പുരുഷത്വമോ സ്ത്രീത്വമോ നിങ്ങള്‍ ചുമന്നു കൊണ്ടു നടക്കേണ്ടിവന്നാൽ ഒ രു നേട്ടവും ഉണ്ടാകില്ല.

പ്രകൃതി നമ്മളെ ഈ വിധത്തില്‍ സൃഷ്ടിച്ചിരിക്കുന്നത് പ്രത്യുൽപാദനം സംഭവിച്ച്  അടുത്ത തലമുറ യാഥാര്‍ഥ്യമാക്കാൻ വേണ്ടിയാണ്. ഇതല്ലായിരുന്നെങ്കിൽ നമുക്ക് ഒരു സ്ത്രീയെയും പുരുഷനെയും ആവശ്യമാകുമായിരുന്നോ? ഇപ്പോഴുള്ള പല പ്രശ്നങ്ങളും കാണുമ്പോൾ ഇങ്ങനെ ചോദിക്കാൻ തോന്നാറുണ്ട്.

ജീവിതത്തിന്‍റെ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം  ഒരു പുരുഷനോ സ്ത്രീയോ ആയിരിക്കേണ്ടി വരും. അതുവരെ നിങ്ങൾ മനുഷ്യരാകാൻ ശ്രമിക്കുക. പരിശീലിക്കുക.

ജീവന്റെ അംശമാകുക

ഒരു സ്പീഷീസിനെയാണ് ആണെന്നും പെണ്ണെന്നും വേർതിരിക്കുന്നത്. അതു തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഒരേ സ്പീഷീസിലെ രണ്ടു ‘ഭാവങ്ങൾ’ മാത്രം. വേഷവും ശരീരവും മാറുന്നെന്നേയുള്ളൂ. മനസ്സ് ഒന്നു തന്നെ. ഈ തിരിച്ചറിവുണ്ടാകുമ്പോൾ സ്ത്രീ ദുർബലയാണെന്നൊക്കെയുള്ള തോന്നൽ ഇല്ലാതാകും. എന്നാൽ ജീവിതത്തിൽ പുരുഷനും സ്ത്രീയും ആയിരിക്കാനുള്ള സാഹചര്യങ്ങൾ തീർച്ചയായും ഉണ്ടാകും.

അമ്മയുടെ ഭാര്യയുടെ കടമകൾ അതിൽ ചിലതു മാത്രം. അപ്പോൾ അതു തിരിച്ചറിഞ്ഞ്  കാര്യക്ഷമമായി ആ പങ്കു നിർവഹിക്കുകയാണ് വേണ്ടത്. അതു മനസ്സിലാക്കി പ്രവർത്തിക്കുകയാണു ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വേർതിരിവില്ലാതാകും. അതുണ്ടാക്കുന്ന സംഘർഷങ്ങൾ കുറയും.

ഈ ചിന്ത മനസ്സിൽ തെളിയാതിരിക്കുമ്പോഴാണ് പുരുഷനും സ്ത്രീയും രണ്ടു നിര്‍ബന്ധ ബുദ്ധികളായി മാറുന്നത്. വാശിയുടെ മുൾവേലികൾ ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ വളരുന്നത്. ‘ഞാൻ പുരുഷനാണ്.  ഞാൻ പറയുന്നതെല്ലാം നീ അനുസരിച്ചേ മതിയാകൂ’ എന്ന ആൺകോയ്മ വളരുന്നത്. എല്ലാ മനുഷ്യരും  ഒരു സ്പീഷീസാണെന്ന തോന്നലില്ലാതെ വരുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.

ഇത്തരം രണ്ടു ചിന്തകൾ ഒരു വീട്ടിൽ വളരുമ്പോൾ അസ്വസ്ഥതകൾ ഉണ്ടാക്കുകയേയുള്ളൂ. രണ്ട് ഈഗോകൾ തമ്മിലുള്ള യുദ്ധമായി ദാമ്പത്യം മാറും. ഇങ്ങനെ ആൺ–പെൺ ചിന്ത  നിർബന്ധബുദ്ധിയായി മനസ്സിൽ കിടക്കുമ്പോൾ നിങ്ങൾ വീട്ടിൽ മാത്രമല്ല സമൂഹത്തിലും അപഹാസ്യനാകാനുള്ള സാധ്യതകളുണ്ട്.

ഇത് നിങ്ങളെ മാത്രമല്ല, നിങ്ങളുടെ അടുത്ത തലമുറയെക്കൂടി ബാധിക്കാൻ സാധ്യതയുണ്ട്. അമ്മയെ പരിഹസിക്കുന്ന അച്ഛനെ കണ്ട് മകൻ പഠിക്കുന്നതെന്താണ്? അമ്മയെ ഉപദ്രവിക്കുന്നതു കണ്ട മകന്റെ ഉള്ളിലെ ബോധത്തിനുണ്ടാകുന്ന മുറിവ് ഉണങ്ങുമോ?

സ്ത്രീകളോടു മുഴുവൻ പുച്ഛവുമായി നടക്കുന്ന പുരുഷന്മാരുടെ അടുത്ത തലമുറയുടെ മനസ്സിലും ആ ബോധത്തിന്റെ വിത്തുകൾ മുളപൊട്ടില്ലേ? അതുണ്ടാകരുത്,

ശരിയാണ്. സ്ത്രീയും പുരുഷനും ശാരീരികമായി കുറച്ചൊക്കെ വ്യത്യസ്തരാണ്. അതുപക്ഷേ മനസ്സിന്റെ കരുത്തിനെ ബാധിക്കുകയില്ലല്ലോ. മനസ്സിന്റെ കരുത്തിൽ വിശ്വസിക്കുക, ആ കരുത്തിനെ ജ്വലിപ്പിക്കാനുള്ള വഴികൾ തേടുക.