Saturday 18 May 2019 03:45 PM IST

പ്രേത സിനിമകൾ കണ്ട് പേടിക്കാത്തവർ ജീവിതത്തിൽ പലപ്പോഴും ഭയക്കുന്നു; അതെന്തായിരിക്കാം?

Sadhguru

sadguru-fear

പ്രേത സിനിമകൾ ഇഷ്ടമണോ? പേടിത്തുമ്പത്തിരുന്നാണ്  കാണുന്നതെങ്കിലും പലരും അത് ഇഷ്ടപ്പെടുന്നുണ്ട്. മറ്റു ചിലർക്ക് ആക്‌ഷൻ സിനിമകളാകും താൽപര്യം. വില്ലനും നായകനും തമ്മിലുള്ള സംഘട്ടനങ്ങൾ... പ്രണയ സിനിമകളിലെ പ്രതിസന്ധികളും അതിനെ തരണം ചെയ്തുള്ള വിജയം നേടലുമൊക്കെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. 

സിനിമയിലെ ഇത്തരം പ്രതിസന്ധികളും പേടിയും ഒക്കെ ഒരുപാടിഷ്ടമാണ്. എന്നാൽ ജീവിതത്തിലോ? പ്രേത സിനിമകൾ കണ്ട് പേടിക്കാത്തവർ ജീവിതത്തിലെ പല സന്ദർഭങ്ങളെയും ഭയക്കുന്നു. അതെന്തായിരിക്കാം?

‘അത് പിന്നെ സിനിമയും ജീവിതവും രണ്ടല്ലേ’ എന്നായിരിക്കും ഉത്തരം. അതു തന്നെയാണ് കുഴപ്പവും.

കുട്ടിക്കാലം തൊട്ടേ ഭയത്തിന്റെ വിത്തുകൾ അറിഞ്ഞോ അറിയാതെയോ മനസ്സിൽ വീഴുന്നുണ്ട്. ക്ലാസ്മുറികളിൽ നിന്ന് അല്ലെങ്കിൽ ര ക്ഷിതാക്കളിൽ നിന്ന് കുഞ്ഞുമനസ്സുകളിൽ പേടി തുടങ്ങിയേക്കാം. പരീക്ഷാപ്പേടി  മെല്ലെ വളർന്നു തുടങ്ങും. കൗമാരത്തില്‍ കരിയർ എന്തായി തീരുമെന്ന ഭയം, ജോലി കിട്ടിക്കഴിഞ്ഞാലോ വലിയ ലക്ഷ്യങ്ങളിലേക്കുള്ള ഒാട്ടത്തിൽ പിന്നിലായിപ്പോകുമോ എന്ന ആശങ്ക.

മധ്യവയസ്സായാല‍്‍ രോഗത്തെക്കുറിച്ചും പ്രായമേറിക്കഴിഞ്ഞാൽ മരണത്തെക്കുറിച്ചും ചിന്ത കയറി വരും. ആലോചിച്ചു നോക്കൂ, ശരിക്കും ഇങ്ങനെ ഉമി  പോലെ  എരിഞ്ഞു തീരേണ്ടതാണോ ഒാരോ മനുഷ്യ ജന്മവും.

ഒരിക്കലും അല്ല. നിങ്ങൾക്കുള്ളിലെ വസന്തത്തെ ഉണർത്താൻ ഭയത്തിന്റെ വേരറുത്തുകളയണം. ഏതു കാര്യവും വലിയ ബാധ്യതയായി  കാണുന്നതു കൊണ്ടാണ് ജീവിതം ഇത്രയും ആയാസമുള്ളതായി തോന്നുന്നത്.  

എന്താണ് പേടിയുടെ കാരണം?

നമ്മളെപ്പോഴും മനസ്സിലാണ് ജീവിക്കുന്നത്. മനസ്സെപ്പോഴും അടുത്തതായി എന്തു സംഭവിക്കാൻ പോകുന്നു എന്നതിനെക്കുറിച്ചോർത്ത് ഭയപ്പെട്ടുകൊണ്ടേയിരിക്കും.

യഥാർഥത്തിൽ അങ്ങനെ ഭയക്കുന്ന കാര്യങ്ങളിൽ ഒരു ശതമാനം മാത്രമായിരിക്കും സംഭവിക്കുക. ബാക്കി 99 ശതമാനവും നടക്കാതെ പോകും. അപ്പോൾ   വെറും സങ്കൽപങ്ങളെയാണോ ഭയപ്പെട്ടത്? സങ്കൽപങ്ങളെ പേടിക്കുന്നു എങ്കില്‍ അതിനെ  ചിത്തഭ്രമം എന്നു തന്നെയല്ലേ വിളിക്കേണ്ടത്.  

ശരിക്കും ആലോചിച്ചു നോക്കൂ എന്തിനെക്കുറിച്ചാണ് നിങ്ങളുടെ ഭയം?  അത് എപ്പോഴും ഭാവിയെക്കുറിച്ചുള്ളതായിരിക്കും.

ഭാവി ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു. അ തിനർഥം അതു നിലവിലില്ലെന്നാണ്. അതുകൊണ്ട്, നിങ്ങള്‍ ഭയപ്പെടുന്നുവെന്നതിനർഥം ഇല്ലാത്ത ഒന്നിനെച്ചൊല്ലി  ആകുലപ്പെടുന്നുവെന്നാണ്.  

ഭയത്തെ തോൽപിക്കാം

നിങ്ങളില്‍  മുളപൊട്ടിയ ഭയത്തെ തോൽപിക്കാൻ  ജീവിതത്തെ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വരുത്തണം. അതിനാദ്യം ചെയ്യേണ്ടത് ഇന്നിൽ ജീവിതം പഠിക്കുക എന്നതാണ്. ഇന്നലെകളും നാളെകളുമല്ല, ഇന്നാണ് സത്യം എന്നു തിരിച്ചറിയുക.

 ഭാവിയെക്കുറിച്ച് കൃത്യമായി പ്രവചിക്കാന്‍ ആ ർ‌ക്കും കഴിയില്ല. പോയ കാലത്തിൽ സംഭവിച്ച കാര്യങ്ങളിൽ നിന്ന്  ഒരു കഷണമെടുത്ത് അതിനെ മേക്കപ്പ് ഇട്ട് ഭാവി ഇങ്ങനെയാണെന്നു കരുതുന്നവരാണ് പലരും.

ഇന്നു വേണമെങ്കിൽ നമുക്ക് നാളെയെക്കുറിച്ച് ആസൂത്രണം ചെയ്യാൻ‌ പറ്റും  എന്നാൽ നാളെയിൽ ജീവിക്കാനാകില്ല. അതുകൊണ്ട് വെറുതേ ആശങ്കപ്പെട്ടിട്ടു കാര്യമില്ല. എന്തുവന്നാലും നേരിട്ടേ പറ്റൂ എന്നുറപ്പിക്കുക മുന്നോട്ടു പോകുക.

ഇങ്ങനെയൊക്കെ ചെയ്യാനാകുമോ എന്ന സംശയം വേണ്ട. ആത്മീയ തലത്തിലേക്ക് മനസ്സ് സഞ്ചരിക്കണം. ആത്മീയതയെന്നാൽ  ക്ഷേത്രത്തിൽ  പോകുക എന്നല്ല ഞാനുദ്ദേശിക്കുന്നത്.

പ്രാർഥനകളിൽ പോലും ഞാൻ എന്ന വാക്കിനെ ഉപേക്ഷിക്കുന്നതാണ് ആത്മീയതയിലേക്കുള്ള തുടക്കം. അവനവന്റെ സുഖത്തിനായുള്ള അപേക്ഷകളായ പ്രാർഥനകൾ പോലും ഭയത്തിന്റെ പടിവാതിൽക്കൽ മനസ്സിനെയെത്തിക്കും.

ഒരിക്കല്‍ ഈ ആത്മീയ തലം നിങ്ങൾക്കുള്ളിൽ ഉണർന്നാൽ, ഒരിക്കല്‍ നിങ്ങള്‍ ശാരീരികവും മാനസ്സികവുമായ ‘പരിമിതികള്‍ക്ക്’ ഉപരിയായ തലത്തില്‍ അവനവനെ തന്നെ അനുഭവിക്കാൻ തുടങ്ങിയാൽ മാത്രമേ ഭയമെന്ന സംഗതി ഇല്ലാതാകൂ..

ചുരുക്കി പറഞ്ഞാല്‍ എന്നോ നടക്കാനോ നടക്കാതിരിക്കാനോ ഉള്ള  കാര്യത്തെക്കുറിച്ചുള്ള  ഈ ഭ്രമകൽപനകള്‍ ഇവിടെ വച്ചു നിർത്തൂ... അപ്പോൾ  പിന്നെ,  ഭയമെവിടെ?