Friday 29 March 2019 12:04 PM IST

നിങ്ങള്‍‌ പ്രണയത്തിലേക്ക് കയറുകയായിരുന്നോ, അതോ പ്രണയത്തിലേക്ക് വീഴുകയായിരുന്നോ?

Sadhguru

sadguru-love

മനസ്സിന്റെ എൻജിനീയറിങ് തിരിച്ചറിഞ്ഞ്  ജീവിതത്തിൽ വെളിച്ചം നിറയ്ക്കൂ... ഇതാ സദ്ഗുരു പകരുന്ന ആത്മജ്ഞാനത്തിന്റെ ഹൃദയമന്ത്രങ്ങൾ - സദ്ഗുരു 

ഷില്ലോങ്ങിലെ നോർത് ഈസ്റ്റ് യുണിവേഴ്സിറ്റിയിലെ ഒരു കൂട്ടം കൗമാരക്കാരോടു സംസാരിക്കുകയായിരുന്നു ഞാൻ. അവരുടെ മാനസ്സിക പിരിമുറുക്കങ്ങളും, കരിയർ ആശങ്കകളും ലോകത്തെക്കുറിച്ചുള്ള ചിന്തകളുമെല്ലാം ചോദ്യങ്ങളായി വരുന്നുണ്ട്. പെട്ടെന്നാണ് അവരിൽ ഒരാൾ ചെറിയൊരു പതർച്ചയോടെ എന്നോടു ചോദിച്ചത്, ‘‘സദ്ഗുരുജി, എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്. പക്ഷേ,  അവളോടു തുറന്നു പറയാൻ എനിക്കു ഭയമാണ്. അവളെ പ്രണയിക്കാൻ അർഹതയുണ്ടോ എന്നുപോലും അറിയില്ല. എങ്ങനെയാണ് ഞാൻ പ്രണയം പറയേണ്ടത്?’’

സദസ്സിലുണ്ടായ ചിരിയുടെ വലിയ ഒാളം ഒതുങ്ങിയപ്പോൾ ഞാൻ ചോദിച്ചു. ‘‘നിങ്ങള്‍‌ പ്രണയത്തിലേക്കു കയറുകയായിരുന്നോ അതോ പ്രണയത്തിലേക്കു വീഴുകയായിരുന്നോ?’’ ഒരു നിമിഷം പോലും ആലോചിക്കാതെ അവൻ ഉത്തരം പറഞ്ഞു, ‘‘ആക്ച്വലി െഎ ഫെൽ ഇൻ ലൗ.’’ അതേ, പ്രണയത്തിലേക്ക് വീഴുകയായിരുന്നു. ‘ഫാൾ ഇൻ ലൗ’ എന്ന ഇംഗ്ലിഷ് പ്രയോഗം  എത്ര സുന്ദരമാണ്. നമ്മൾ എപ്പോഴും പ്രണയത്തിൽ വീഴുകയാണ്.  

പ്രണയത്തിൽ നിൽക്കുക, പ്രണയത്തിൽ കയറുക, പ്രണയത്തിൽ പറക്കുക എന്നൊന്നും  ആരും പറയാറില്ല. കാരണം എല്ലായ്പോഴും, അതിലേക്കു ‘സ്വയം’ വീഴുകയാണല്ലോ.  പ്രണയം  എന്ന വികാരം  അങ്ങനെയാണ്. പ്രണയത്തിലേക്ക് വീണാലേ അതു പൂർണമായും തിരിച്ചറിയാനാകൂ. നിങ്ങള്‍ ‘വീഴുമ്പോൾ’ നിങ്ങളെ കൈ ഉയർത്താൻ ഒരാളുണ്ടായേക്കാം. ചിലപ്പോൾ വീഴ്ചയെ ഗൗനിക്കാതെ നിങ്ങൾക്കു മുകളിലൂടെ അവർ കടന്നു പോയെന്നുമിരിക്കും,  എന്നാൽ അങ്ങനെ ഒരാൾ വരുമോ കൈ പിടിച്ച്  ഉയർത്തുമോ എന്നു  മാത്രമാലോചിച്ച് പ്രണയിക്കരുത്, അതോർത്ത് ആ വീഴ്ചയുടെ ‘രസം’ ഇല്ലാതാക്കരുത്. 

‘പരസ്പരം നേട്ടമുള്ള  ഒരു പദ്ധതി ’ അങ്ങനെയാണ് പൊതുവേ സ്നേഹത്തെ പലരും  കണക്കാക്കുന്നത്.  ‘നീ എനിക്ക് ഇത് തന്നാൽ  ഞാൻ നിനക്ക് അത് തരാം,  നീ എനിക്ക് ഇത് തരുന്നില്ലെങ്കിൽ, ഞാൻ നിനക്കും തരില്ല.’ ഇങ്ങനെയുള്ള കൊടുക്കൽ വാങ്ങലിന്റെ വഴികളിലൂടെയാണ് ചില സ്നേഹവും പ്രണയവും സഞ്ചരിക്കുന്നത്. ആ സ്നേഹത്തിന് നരച്ച നിറമായിരിക്കും, അത്തരം പ്രണയയാത്രകള്‍ വിരസവുമായിരിക്കും. ഉപാധികളില്ലാത്ത പ്രേമമാണ് ഏറ്റവും മികച്ചത്. അത് നേട്ടത്തിനായുള്ളതല്ല.   

പ്രണയത്തിനു കീഴടങ്ങുക

മനസ്സു കൊണ്ട് മറ്റൊരാൾക്കു കീഴടങ്ങാത്ത ഒരു പ്രണയബന്ധവും ഇല്ല. അവിടെ ഒരു സ്വാതന്ത്ര്യം ഉപേക്ഷിക്കൽ ഉണ്ട്. എവിടെ പോകുന്നു, എന്തു ചെയ്യുന്നു, എപ്പോൾ വരും ഏതു വസ്ത്രമിടണം... ഇത്തരം ചോദ്യങ്ങൾക്ക് നിങ്ങൾ ആസ്വദിച്ച് ഉത്തരം നൽകുന്നു, ആ പാരതന്ത്ര്യം ആസ്വദിച്ച് അനുഭവിക്കുന്നു. ഇത്തരം ചോദ്യങ്ങൾ മാതാപിതാക്കൾ ചോദിച്ചാൽ അത്രയ്ക്ക് രസമുണ്ടാവില്ല. പക്ഷേ, പ്രണയത്തിൽ ഇതിനെല്ലാം നല്ല മധുരമായിരിക്കും.അതാണ് പ്രണയത്തിന്റെ മാജിക്. 

നിങ്ങളുടെ ഉള്ളിൽ അഗാധമായ സ്നേഹാനുഭവം ഉണ്ടാകുന്നു. നിങ്ങൾ മറ്റൊരാളായി മാറുന്നു. തനിച്ചിരിക്കുമ്പോള്‍ ആ വ്യക്തിയെ   എത്രമാത്രം സ്നേഹിക്കുന്നുവെന്ന്  തിരിച്ചറിയുന്നു. പ്രണയത്തിനായി  ഏതു ത്യാഗത്തിനും ഒരുങ്ങുന്നു. ഈ ഒരവസ്ഥയാണ് പ്രണയത്തിലെ ഏറ്റവും മനോഹരമായ  മുഹൂർത്തം. രണ്ടുപേർക്കും ഇതേ മനസ്സാണെങ്കിൽ അവർക്കിടയിൽ സ്നേഹം  തൂമഞ്ഞുപോലെ പെയ്തുകൊണ്ടേയിരിക്കും. ഡയമണ്ട് റിങ് നൽകിയ നിമിഷം അല്ല, പ്രണയത്തിനായി എന്തും ചെയ്യാൻ തയാറെടുക്കുന്ന നിമിഷമാണ് ഏറ്റവും തീവ്രം.   

പ്രണയത്തിന്റെ ഭക്തി 

എല്ലാവരും ഇങ്ങനെ പ്രണയിക്കണം എന്ന് നിർബന്ധിക്കാനാകുമോ? മനസ്സു മാറുന്നതിനനുസരിച്ച് പ്രണയവും മാറിക്കൊണ്ടേയിരിക്കും. എന്നാൽ അതിനുമപ്പുറം പ്രണയത്തിന്റെ ഭക്തിയിലേക്കു യാത്ര പോകാൻ അവർ തയാറാകില്ല.  എന്താണ് പ്രണയത്തിന്റെ ഭക്തി? അവിടെ പ്രണയം ഒന്നും ആവശ്യപ്പെടുന്നില്ല, പരസ്പരം ആസ്വദിക്കുകയേ ചെയ്യൂ. ഒരേ മനസ്സുണ്ടെങ്കിലേ പ്രണയത്തിന്റ ഭക്തി ആസ്വദിക്കാനാകൂ.  

അത് തിരിച്ചറിഞ്ഞ് ഒരു നല്ല ജീവിതം നയിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ, ഉപാധികളില്ലാത്ത പ്രണയത്തിന് കീഴടങ്ങുക. പ്രണയത്തിന്റെ ഭക്തനാകുക. എന്തായി തീരും എന്നോർക്കാതെ പ്രണയിച്ചു കൊണ്ടേയിരിക്കുക...