Tuesday 04 June 2019 04:59 PM IST

‘നിങ്ങൾ എത്രകാലം ജീവിക്കും എന്നതല്ല, എത്ര നന്നായി ജീവിച്ചു എന്നതാണ് ചോദ്യം’

Sadhguru

sadhguru886

ഉറക്കം  കുറയുന്നു, അതുകൊണ്ട്  വല്ലാത്ത ക്ഷീണം എന്നു പലരും പറയുന്നത് കേൾക്കാം. യഥാർഥത്തിൽ ശരീരം ആവശ്യപ്പെടുന്നത് ഉറക്കമല്ല. വിശ്രമമാണ്. സദാ ആകുലമായ മനസ്സിന് ശരിയായ രീതിയിൽ വിശ്രമം അനുഭവിക്കാൻ കഴിയില്ല.

രാവിലെ പാർക്കിൽ നടക്കുമ്പോഴും ഉള്ളിലെ ടെൻഷൻ അവരുടെ കണ്ണുകളിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെ വ്യായാമം ചെയ്യുന്നത് കൊണ്ട് കാര്യമായ പ്രയോജനമില്ല. ജോഗിങ് അല്ല എന്തു തന്നെ ആയാലും  അത് സന്തോഷത്തോടെ ചെയ്യുക. ജീവിതം ഒരു യുദ്ധമല്ല. ഇഷ്ടമുള്ള കാര്യങ്ങൾ ആനന്ദത്തോടെ ചെയ്യാൻ കഴിയുമ്പോഴാണ് ശരിയായ വിശ്രമം ലഭിക്കുന്നത്.

യോഗയും പ്രകൃതി ഭക്ഷണവും

ശാംഭവി മഹാമുദ്ര പോലുള്ള യോഗ പരിശീലനങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രധാനമാറ്റം പൾസ് റേറ്റ് നോക്കിയാൽ തന്നെ മനസ്സിലാകും. മനസ്സിന്റെ ശാന്തത ശരീരത്തിനു സ്വാഭാവികമായ വിശ്രമാവസ്ഥ നൽകും. പിന്നെ, രാത്രിയിൽ ഉറക്കം കുറഞ്ഞുവെന്ന പരാതിയും ശേഷിക്കില്ല. ഉന്മേഷത്തോടെയും ആ നന്ദത്തോടെയും പുതിയ പ്രഭാതത്തിലേക്ക് ഉണരാനും  കഴിയും.

ഭക്ഷണ ക്രമത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിശ്ചിത അളവിലെങ്കിലും പാകം ചെയ്യാത്ത ഭക്ഷണം കഴിക്കണം. പഴങ്ങളും പച്ചക്കറികളും പ്രകൃതി നമുക്കു തരുന്ന രീതിയിൽ തന്നെ കഴിക്കാൻ സാധിച്ചാൽ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.

പാചകം ചെയ്ത  ഏതൊരു  ഭക്ഷണവും  ഒന്നര മുതൽ രണ്ടു മണിക്കൂറിനുളളിൽ കഴിക്കണമെന്നതാണ് ഭാരതീയരുടെ പരമ്പരാഗത ധാരണ. അത് ഫ്രിജിൽ വച്ച് വീണ്ടും ഉപയോഗിക്കുന്നതും ടിന്നിലടച്ച ഭക്ഷണം ഉപയോഗിക്കുന്നതും ‘തമസ്സ്’ വർധിപ്പിക്കും. ആഹാരത്തിലൂടെ അകത്തുചെല്ലുന്ന തമസ്സിന് മനഃശക്തിയും  ജാഗ്രതയും കുറയ്ക്കാനാകും.

യോഗയുടെ പാതയിൽ ജീവിക്കുന്നവർക്ക് 24 വായ ആഹാരം മാത്രമേ കഴിക്കേണ്ടതുള്ളൂഎന്നാണ് പറയുന്നത്.

ഓരോ വായ ആഹാരവും ഇരുപത്തി നാല് തവണയെങ്കിലും ചവയ്ക്കണം. ഭക്ഷണം ഈ ക്രമത്തിലാക്കിയാൽ പുലർച്ചെ മൂന്നര മണിക്ക് സ്വസ്ഥമായി ഉണരാൻ കഴിയും. ഈ ബ്രാഹ്മ മുഹൂർത്തമാണ് യോഗ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. കാരണം  നിങ്ങളുടെ സാധനയ്ക്ക് ആ സമയത്ത് പ്രകൃതിയിൽ നിന്നു കൂടുതൽ പിന്തുണയുണ്ട്.

ഉറങ്ങേണ്ടതെങ്ങനെ?

നിങ്ങൾ ശരീരത്തിന് നിർബന്ധപൂർവം ഉറക്കം നിഷേധിക്കുകയാണെങ്കിൽ, ശാരീരികവും മാനസികവുമായ ക്ഷമതയെ അത് ബാധിക്കും. വയർ നിറച്ച് ഭക്ഷണം കഴിച്ചാലേ ഉറക്കം വരൂ എന്ന മാനസികാവസ്ഥ പുലർത്തുന്നവരുണ്ട്. പക്ഷേ, കഴിക്കുന്ന ഭക്ഷണം ദഹിക്കാനായി അൽപം സമയം നൽകേണ്ടതുണ്ട്. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറിനുള്ളിൽ നിങ്ങൾ ഉറങ്ങുന്നുവെങ്കിൽ, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെ എൺപത് ശ തമാനം പാഴായി പോകുമെന്ന് അറിയുക.

ഭൂമിയുടെ കാന്തിക ശക്തി കൂടി കണക്കിലെടുത്തതാണ് പൗരാണികർ ഉറങ്ങാൻ കിടക്കുമ്പോൾ തല വയ്ക്കേണ്ട ദിക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വടക്കോട്ട് തല വച്ചു കിടന്നാൽ നിങ്ങൾ ഉടനേ മരിച്ചു പോകുമെന്നല്ല, ഉറച്ച ശരീരം ഉള്ള ആളാണെങ്കിൽ കൂടി നിങ്ങൾക്ക് ശരിയായ ഉറക്കം ലഭിക്കില്ല. ഇത് പതിവാക്കിയാൽ പ്രായാധിക്യമോ അനാരോഗ്യമോ ഉള്ളവരിൽ സ്ഥിതി കൂടുതൽ മോശമാകാം. രക്തത്തിലെ പ്രധാന ഘടകമാണ് ഇരുമ്പ്. ഭൂമിയുടെ കാന്തിക ശക്തി തലച്ചോറിനു മേൽ സമ്മർദം ഏൽപിക്കാത്ത നിലയി ൽ വേണം കിടപ്പ്.

ഉത്തരാർധഗോളത്തിൽ ജീവിക്കുന്ന നമ്മൾ തല കിഴക്കോട്ടു വച്ചുറങ്ങുന്നതാണ് ഉത്തമം. വടക്ക് വർജിക്കണം. ഓസ്ട്രേലിയ, ബ്രസീൽ എന്നീ രാ ജ്യങ്ങൾ ഉൾപ്പെടുന്ന ദക്ഷിണാർധ ഗോളത്തിൽ  ജീവിക്കുന്നവർ ഒഴിവാക്കേണ്ടത് തെക്ക് ആണ്.

നിങ്ങൾ എത്രകാലം ജീവിക്കും എന്നതല്ല, എത്ര നന്നായി ജീവിച്ചു എന്നതാണ് ചോദ്യം. നിങ്ങൾ എന്താണ് കേൾക്കുന്നത്, നിങ്ങൾ എന്താണ് പറയുന്നത്, എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നത് ഇവയെല്ലാം പ്രധാനമാണ്. മനസ്സിനെ സ്വാഭാവികമായ ശരിയിലൂടെ സഞ്ചരിക്കാനുള്ള പരിശീലനമാണ് യോഗ നൽകുന്നത്. എന്തെന്നാൽ നമ്മുടെ നാവിനെയും, മനസ്സിനെയും, ശരീരത്തെയും ശുദ്ധമാക്കിയാല്‍ ബുദ്ധിയും സന്തുഷ്ടിയും താനേ കൈവരും. അപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ആനന്ദത്തിന്റെ തൂവലിളക്കം നിറയും.