Thursday 12 September 2019 04:10 PM IST

'മറ്റൊരാളെപ്പോലെ ആകാൻ ആഗ്രഹിക്കുമ്പോഴെ പ്രശ്‌നമാകൂ; നിങ്ങളായി ജീവിക്കാൻ വളരെ എളുപ്പമാണ്'

Sadhguru

sadhguru-onam887

ഏവർക്കും എന്റെ ഒാണാശംസകൾ. ഒാരോ ആഘോഷവും ഒരുപാടു കാര്യങ്ങൾ ഒാർമിപ്പിക്കുന്നുണ്ട്.  ഒപ്പം പലതും പഠിപ്പിക്കുന്നുമുണ്ട്. ആഘോഷവും ഉത്സവവും എല്ലാവരും ഒന്നാണെന്ന ബോധമാണ് മനുഷ്യന് നൽകുന്നത്.

ഇന്ത്യയെ സാമൂഹികമായി ഒരുമിച്ചു നിർത്തുന്നത് പൂർണമായും സർക്കാരോ, നിയമമോ, അടിസ്ഥാന സൗകര്യങ്ങളോ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനൊപ്പം തന്നെ സാഹോദര്യത്തോടെ ജീവിക്കാനുള്ള തോന്നലുകളും ഉണ്ട്.

ഒരു സംസ്കാരമെന്ന നിലയിൽ ഇന്ത്യയിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. എല്ലാ വ്യത്യാസങ്ങളും ഉണ്ടാകുമ്പോൾ തന്നെ ആഴത്തിലുള്ള എന്തോ ഒന്ന് നമ്മളെ ചേർത്തു നിർത്തുന്നു. ആ തോന്നൽ വളർത്തുന്നത് ഒാണവും ക്രിസ്മസും റമസാനുമൊക്കെയാണ്.

എല്ലാ ദിവസവും ഉത്സവകാലം

ഉല്ലാസത്തിന്റെയും ഉത്സാഹത്തിന്റെയും അവസ്ഥയിലേക്കു മനുഷ്യനെ എത്തിക്കുന്ന ഉപകരണമാണ് ഉത്സവങ്ങൾ. പണ്ടു പണ്ട് ഇന്ത്യയെ മൊത്തമായി നോക്കിയാൽ ഒരു ഗ്രാമത്തിലെങ്കിലും ആഴ്ചയിലൊരിക്കൽ ഉത്സവം നടന്നിരുന്നു.

ഒരു വർഷത്തിൽ 50 മുതൽ 100 ദിവസം വരെ മാത്രമായിരുന്നു ഉപജീവനത്തിനുള്ള ദിനങ്ങള്‍. ബാക്കിയെല്ലാം ഉത്സവ ദിനങ്ങൾ.  

ഇന്ന് നിലമുഴുതെടുക്കുന്നതിന്റെ ആഘോഷമാണെങ്കിൽ നാളെ വിത്തു വിതയ്ക്കുന്ന ആ ഘോഷം. പിന്നെ, കളപറിക്കുന്ന ദിവസമാണെങ്കില്‍ വീണ്ടും അതൊരു ആഘോഷമാണ്.  കൊയ്ത്തുത്സവം വേറെ...

ഓരോ ഗ്രാമത്തിനും ഉത്സവങ്ങളുണ്ടായിരുന്നു. അടുത്ത ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ വരും. ഓരോ വിവാഹവും കുറഞ്ഞത് അഞ്ചു ദിവസത്തെ ആഘോഷമായിരുന്നു.

കാലം മാറിയതോടെ ആഗ്രഹങ്ങൾ കൂടി. അതിനൊത്ത് പറന്നെത്താനാകാതായി. കടം പെരുകി. വെറും മൂന്നു വർഷത്തേക്കു മാത്രം ലോണെടുത്താൽ പോലും 365 ദിവസവും ജോലി  ചെയ്യാതെ തിരിച്ചടയ്ക്കാനാകില്ലെന്നായി.

അതോടെ ഉത്സവങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമായി അവശേഷിച്ചു. ഉള്ളതു പോലും ആഘോഷിക്കാൻ കഴിയാത്ത അവസ്ഥ.  

ഇപ്പോൾ, നിർഭാഗ്യവശാൽ, ഒരു ഉത്സവം എന്നതിനർഥം അവധി ദിനം എന്നായി. അന്ന് ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കു മാത്രമെ ഉണരുകയുള്ളൂ. എന്നിട്ട് ധാരാളം ഭക്ഷിച്ച്, സിനിമയ്‌ക്കു പോകുകയോ വീട്ടിൽ ടെലിവിഷൻ കാണുകയോ ചെയ്യും.

മുൻപ് ഉത്സവം എന്നാൽ ഗ്രാമം മുഴുവൻ ഒരിടത്ത് ഒത്തുകൂടും. എന്‍റെ ചെറുപ്പത്തില്‍ ഉത്സവദിവസം ഞങ്ങൾ പുലർച്ചെ നാലു മണിക്ക് എഴുന്നേറ്റ് വളരെ സജീവമായി വീട്ടിലുടനീളം ധാരാളം കാര്യങ്ങൾ ചെയ്യും.

അവർ പറയുന്നു, യന്ത്രമാകുക

നിങ്ങൾ ഒരു യന്ത്രമാകണമെന്നു സമൂഹം മുഴുവൻ പ്രതീക്ഷിക്കുന്നു. ഉപജീവനം എന്ന വാക്കിന് മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള ആഗ്രഹം എന്നർഥം വന്നതോടെ വലിയ വേഗത്തിൽ ഒാടാനാകുന്ന യന്ത്രമായേ പറ്റൂ. അതോടെ ഉത്സവമെല്ലാം സൗകര്യപൂർവം മറക്കാനോ ഒാടിവന്ന് ആ ഘോഷിച്ചു പോകാനോ ഉള്ളതായി മാറി.

സത്യത്തിൽ ഉപജീവനത്തിനായി വളരെ കുറച്ചു മതി. നിങ്ങൾ മറ്റൊരാളെപ്പോലെ ജീവിക്കാൻ ആഗ്രഹിക്കുമ്പോൾ മാത്രമെ ഇത് ഒരു പ്രശ്‌നമാകൂ. നിങ്ങൾ‌ക്ക് ജീവിക്കാൻ‌ താൽ‌പര്യമുണ്ടെങ്കിൽ‌ അതു വളരെ എളുപ്പമാണ്. ഓരോ മനുഷ്യനും ഇതിന് കഴിവുള്ളവരാണ്. അയൽക്കാരന്റെ കൈവശമുള്ളത് ആഗ്രഹിക്കുമ്പോൾ മാത്രമെ  ഉപജീവനമാർഗം സങ്കീർണമാകൂ.  

ജീവിതം അനായാസമാക്കുക. ഒാരോ ഉത്സവങ്ങളും ആഘോഷിക്കാൻ അവസരങ്ങളൊരുക്കുക. അത് അടുത്ത തലമുറയിലേക്കു പകർന്നു കൊടുക്കുക. ഇതിനാണ് ശ്രമിക്കേണ്ടത്. അതിനായി സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ശീലിക്കുക. സമ്പന്നത ഒരിക്കലും ആളുകൾക്കു സ്വാതന്ത്ര്യം നല്‍കാൻ പോകുന്നില്ല എന്നു തിരിച്ചറിയുക.

ഉത്സവ സംസ്കാരം തിരികെ കൊണ്ടുവരുന്നതിനായി, ഇഷ ഫൗണ്ടേഷൻ എല്ലാ വർഷവും  പൊങ്കൽ, മഹാശിവരാത്രി, ഗുരു പൂർണിമ, ദസറ, ദീപാവലി എല്ലാം ആഘോഷിക്കും

ഉത്സവങ്ങളുടെ സന്തോഷം വീട്ടിൽ മനഃപൂർവം സൃഷ്ടിക്കുക. അല്ലെങ്കിൽ, അടുത്ത തലമുറ വരുമ്പോഴേക്കും, അതെന്താണെന്ന് അറിയാതെ പോകും. നിങ്ങൾ എല്ലാത്തിനെയും ആഘോഷ രീതിയിൽ സമീപിക്കുകയാണെങ്കിൽ, ജീവിതത്തിലുട നീളം സന്തോഷം നിറയും. ആ മനസ്സ് ശീലമാക്കുക. 

Tags:
  • Vanitha Exclusive