Saturday 02 November 2019 04:33 PM IST

‘ആളുകള്‍ക്ക് നമ്മളെക്കുറിച്ച് അഭിപ്രായങ്ങൾ ഉണ്ടായിരിക്കും; അതവരുടെ ശരിയാണ്, നമ്മുടെ ശരി അതാകണമെന്നില്ല!’

Sadhguru

sadhguru-social-media

പുതിയ വസ്ത്രമിട്ട് നിങ്ങൾ ഒാഫിസിൽ വരുന്നു. ഏറ്റവും പ്രിയപ്പെട്ട ആരെങ്കിലും ഒാണക്കോടിയായി സമ്മാനിച്ചതാകാം. പക്ഷേ, അതിന്റെ നിറം അൽപം കൂടിപോയോ എന്നൊരു സംശയം. ആശങ്ക പലർക്കും എപ്പോഴും ഉള്ളതാണ്.

ചുറ്റുമുള്ളവർക്ക് നിങ്ങളെക്കുറിച്ചുള്ള അഭിപ്രായത്തെ ഭയന്ന്, മറ്റുള്ളവർ എന്തു പറയും എന്നാലോചിച്ച് ജീവിക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. എന്തൊരു വിഡ്ഢിത്തമാണ്? നിങ്ങളുടെ കാലിലുള്ള പന്ത് എതിരാളിക്ക് സമ്മാനിക്കുന്നതു പോലെയല്ലേ അത്.

ആളുകൾക്ക് എല്ലാക്കാര്യങ്ങളെക്കുറിച്ചും അഭിപ്രായമുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ എന്താണു പ്രശ്നം? നമ്മള്‍ ചെയ്യുന്ന കാര്യത്തെക്കുറിച്ചു നമുക്കു വ്യക്തതയില്ലാതെ വരുമ്പോൾ മാത്രമാണ് അവരുടെ അഭിപ്രായങ്ങള്‍ നമുക്കു പ്രശ്നമാകുന്നത്.

മറ്റുള്ളവരുടെ അഭിപ്രായങ്ങളോടു യുദ്ധം പ്രഖ്യാപിക്കുന്നതിനു പകരം, നമ്മള്‍ എന്താണു ചെയ്യുന്നതെന്നതിനെപ്പറ്റിയും എന്തുകൊണ്ട് അതു ചെയ്യുന്നുവെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കുകയെന്നതാണ് ഏറ്റവും അത്യാവശ്യം.

ഈ വ്യക്തതയുണ്ടാകുന്ന പക്ഷം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ഒരു പ്രശ്നമേ ആവില്ല. ആളുകള്‍ക്കെപ്പോഴും നമ്മളെക്കുറിച്ച് അഭിപ്രായങ്ങളുണ്ടായിരിക്കും. അത് അവരുടെ ശരിയാണ്. നമ്മുടെ ശരി അതാകണമെന്നില്ല. അതാകുകയും അരുത്.

കണ്ണു തുറന്ന് സോഷ്യൽ മീഡിയ

മറ്റുള്ളവര്‍ എന്തു പറയുമെന്നതിനെക്കുറിച്ചു നിങ്ങള്‍ ഭയപ്പെടുന്നു. അതു സാമൂഹിക ജീവിതത്തിന്‍റെ ഭാഗമാണ്. ആരെങ്കിലുമൊക്കെ എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ പറയും. പണ്ട് ഈ അഭിപ്രായ പ്രകടനങ്ങൾ അയൽവീടുകളിലോ ഒാഫിസുകളിലോ ഒതുങ്ങി നിന്നിരുന്നു. അവരുടെ അഭിപ്രായങ്ങളോടുമാത്രം മല്ലടിച്ചാൽ മതിയായിരുന്നു. എന്നാലിത് സോഷ്യൽ മീഡിയയുടെ കാലം ആണ്. ലോകം മുഴുവനാണ് നിങ്ങളെ നോക്കുന്നത്, നിങ്ങളെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത്.

ഒന്നോർക്കുക. അവർ ആഗ്രഹിക്കുന്നതെല്ലാം അവര്‍ക്കു പറയാം. അതിനുള്ള സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ  ജീവിതത്തിൽ നമ്മള്‍ എന്തു പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചും അത് എന്തുകൊണ്ടു പ്രവര്‍ത്തിക്കുന്നു എന്നതിനെപ്പറ്റിയും തികച്ചും വ്യക്തമായ കാഴ്ചപ്പാട് നമ്മൾ രൂപപ്പെടുത്തിയിരിക്കണം.

ഇക്കാര്യത്തിൽ നമുക്കു വ്യക്തതയുണ്ടെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കാറ്റിൽപറന്നു പോകുകയും കാലക്രമത്തിൽ അതു നിലച്ചു പോകുകയും ചെയ്യുന്നു. അതുകൊണ്ട് കമന്റുകളിൽ അസ്വസ്ഥനാകാതിരിക്കുക.   

ആരോപണങ്ങളെ വെറുതെ വിടുക

ആളുകള്‍ക്ക് നിങ്ങളുടെ നേര്‍ക്ക് എല്ലാത്തരം ആരോപണ സാധനങ്ങളും വലിച്ചെറിയാൻ സാധിക്കും. എങ്ങനെയാണു വിമര്‍ശനങ്ങളെയും പ്രതിലോമ ശക്തികളെയും നേരിടേണ്ടത്? അതിന് അസതോമഃ സദ്ഗമയ ആവശ്യമാണ് - സത്യത്തിലേക്കുള്ള, ഫലം ചെയ്യുന്ന കാര്യത്തിലേക്കുള്ള, നിരന്തര പ്രയാണമാണത്.

ആദ്യം സങ്കൽപ്പങ്ങളുടെ ആ സ്വിച്ച് ഒാഫ് ചെയ്യുക. നിങ്ങളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും ചിന്തിക്കുകയാണെങ്കിൽ അതവരുടെ വിഷയമാണ്. അവരുടെ ചിന്തകള്‍ അവരുടെ പ്രശ്നമാണ്. അവരാഗ്രഹിക്കുന്നത് അവര്‍ ചിന്തിക്കട്ടെ.  മറ്റുള്ളവരെക്കുറിച്ചു നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. അവരുടെ ചിന്തകളെ  നേരെയാക്കാന്‍ കഴിയില്ല. ആ മാനസിക പ്രശ്നങ്ങള്‍ അവര്‍ക്കുതന്നെ വിട്ടുകൊടുക്കുക. അവ നിങ്ങൾ പരിഹരിക്കേണ്ട.   

എല്ലാവരും ചിന്തിക്കാൻ മാത്രം അത്രമേൽ പ്രാധാന്യമുള്ള ഒരു വ്യക്തിയാണു നിങ്ങള്‍ എന്നു കരുതുന്നുണ്ടോ? അതു മണ്ടത്തരമാണ്. ഭാവനയിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്.

ഭൂരിഭാഗം ആളുകളും അവരുടേതായ പ്രശ്നങ്ങളിൽ മുഴുകിയിരിക്കുകയാണ്. നിങ്ങളെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുകയല്ല. നിങ്ങളെക്കാൾ അവർക്കു പ്രാധാന്യം മറ്റു പലരുമാകും. അതു കൊണ്ട് അവരെ മറന്നു കളയൂ.

ആരും തന്നെ നിങ്ങളെക്കുറിച്ചു ചിന്തിക്കില്ലെന്നു കരുതുക. അതു തികഞ്ഞ സ്വാതന്ത്ര്യമാണ്. നിങ്ങൾക്കിഷ്ടമുള്ളതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം. അത് ആസ്വദിക്കാൻ മനസ്സിനെ പഠിപ്പിക്കുക. മറ്റുള്ളവരെ ഒാർത്തുകൊണ്ടിരുന്നാൽ നിങ്ങൾ ചെന്നെത്തുന്നത് കുടുസു മുറിയിലേക്കാണ്. എന്തു ചെയ്താലും പേടിയുടെ ഇരുട്ടുള്ള മുറി. മനസ്സിലെ ആ മുറിക്ക് ജനലുകൾ വയ്ക്കുക. 

Tags:
  • Inspirational Story