Tuesday 19 March 2019 04:12 PM IST

പേയ് പിടിച്ച നായ് വീണ്ടും കടിക്കുമോ?; കുത്തിവയ്പെടുക്കാതെ പോയി പേയ് വിഷബാധയേറ്റുവന്ന രോഗിയുടെ കഥ

Dr. Paul Vazhappilly

orma

ചൂടുകട്ടൻചായ ചുണ്ടോട് അടുപ്പിക്കുമ്പോൾ ഫോൺ ശബ്ദിച്ചു.

ഡോ. മോഹനന്റേതാണ്. ‘‘സർ പോയതിനുശേഷം ഒരു രോഗി വന്നു. ശക്തമായ പുറംവേദന. നോക്കിയിട്ട് പ്രത്യേകമായൊന്നും കണ്ടില്ല.

വേദനയ്ക്കുള്ള ഇൻജക്‌ഷൻ കൊടുത്തിട്ടുണ്ട്. ബ്ലഡ് ടെസ്റ്റിനും എക്സ്റേയ്ക്കും എഴുതിക്കൊടുത്തു. റിപ്പോർട്ടു കാണിക്കാൻ

സിസ്റ്ററെ ഏൽപിച്ചു...’’

‘‘ദാറ്റ്സ് െെഫൻ മോഹൻ... നാളെ റൗണ്ടിന് വരുമ്പോൾ കാണാം.’’ എന്നു പറഞ്ഞ് ഫോൺ വച്ചു.

അടുത്ത ദിവസം രാവിലെ ഡിപാർടുമെന്റിലെത്തി അറ്റൻഡൻസ് റജിസ്റ്ററിൽ ഒപ്പിട്ട് പോസ്റ്റ് ഒാപ്പറേറ്റീവ് വാർഡിലേക്കു നടന്നു.

ഡോ. മോഹനനും പരിവാരങ്ങളും റൗണ്ട്സിനു തയാറായി നിൽപുണ്ട്.

തലേദിവസം ഒാപ്പറേറ്റ് ചെയ്ത രോഗികളെ ഒാേരാരുത്തരെയായി പരിശോധിക്കാൻ തുടങ്ങി. സിസ്റ്റർ ഫിലോമിന പറഞ്ഞു: ‘‘ഇന്നലെ ലാപ്രോട്ടമി ചെയ്ത രാഘവന് വിറയും പനിയുമുണ്ടായിരുന്നു

ഡോക്ടർ...’’ സിസ്റ്ററോട് അയാളുടെ യൂറിനെടുത്ത് പരിശോധിച്ചു റിപ്പോർട്ടു കാണിക്കാൻ പറഞ്ഞു.

ജനറൽ വാർഡിലെ ഇൻചാർജ് സിസ്റ്ററും രണ്ടു ജൂനിയർ സിസ്റ്റർമാരുമായി ഞങ്ങൾ റൗണ്ട്സ് തുടങ്ങി. വാർഡിലെ രോഗികളുടെ കൂടെ ബന്ധുക്കളിൽ ചിലർ ചുറ്റിപ്പറ്റി നിന്നിരുന്നു. റൗണ്ട്സിന്റെ സമയത്ത് സന്ദർശകർ നിൽക്കുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. കാണാൻ വരുന്ന സന്ദർശകരിൽ ചിലർക്കു പലതരം രോഗമുണ്ടാവാം. ഒാപ്പറേറ്റ് ചെയ്ത രോഗികളുടെ രോഗപ്രതിരോധശക്തി വളരെ കുറവായിരിക്കും. സന്ദർശകരിൽ നിന്ന് ഇവർക്ക് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. സിസ്റ്ററെ ഞാൻ ഇതെന്താണെന്നമട്ടിൽ ഒന്നു നോക്കി. സിസ്റ്റർ അൽപം കുറ്റബോധത്തോടെയും നിസ്സഹായതയോടെയും പറഞ്ഞു: ‘‘പറഞ്ഞാൽ കേൾക്കണ്ടെ ഡോക്ടർ?’’ സിസ്റ്റർ അത്യാവശ്യമില്ലാത്തവരെയെല്ലാം പുറത്താക്കി. വാർഡിന്റെ വാതിൽ ചാരി.

വിചിത്രമായ പെരുമാറ്റം

തലേദിവസം െെവകിട്ട് ഡോ. മോഹനൻ അഡ്മിറ്റ് ചെയ്ത രോഗിയാണ് ആദ്യബെഡ്ഡിൽ കിടക്കുന്നത്. അയാളെ എവിടെയോ കണ്ടു പരിചയമുള്ള പോലെ തോന്നി. കേസ് ഷീറ്റിൽ നിന്ന് അയാളുടെ പേര് വായിച്ചിരുന്നുവെങ്കിലും സംഭാഷണത്തിലേർപ്പെടാൻ വേണ്ടി ചോദിച്ചു:

‘‘എന്താ പേര്...?’’

അയാളുടെ ഭാര്യയാണ് ഉത്തരം പറഞ്ഞത്: ‘‘വേലായുധൻ...’’

‘‘നിങ്ങളോടു ചോദിച്ചില്ലല്ലോ...’’ ഞാൻ പറഞ്ഞു.

‘‘അതേ സാർ, എന്റെ പേര് വേലായുധൻ എന്നുതന്നെയാ... അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു.’’ തത്വജ്ഞാനിയെപ്പോലെ അയാൾ പറഞ്ഞു. അയാളുടെ വായിൽ നിന്നു ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.

‘‘എന്താ വേലായുധാ, സമയമിത്രയുമായിട്ടും പല്ല് തേച്ചില്ലേ?’’

‘‘ഡോക്ടറെ, എന്തിനാണു പല്ലു തേക്കുന്നത്. ആനയും കുതിരയുമൊന്നും പല്ലുതേക്കുന്നില്ലല്ലോ...?’’ അയാൾ നിർത്താതെ സംസാരിച്ചു തുടങ്ങി. ആശുപത്രിയെയും

സിസ്റ്റർമാരെയും അയാൾ വിമർശിച്ചുകൊണ്ടിരുന്നു.

‘‘വേലായുധൻ ഭക്ഷണമൊന്നും കഴിച്ചില്ലേ?’’

അയാളുടെ ഭാര്യയാണ് ഉത്തരം പറഞ്ഞത്: ‘‘ഇന്നലെ ഉച്ച മുതൽ ഒന്നും കഴിച്ചിട്ടില്ല സർ...

അയാളെ ‘തലങ്ങും വിലങ്ങും’ പരിശോധിച്ചു. ഒരുപിടിയും കിട്ടാത്ത മട്ടിൽ ഞാൻ ഡോ. മോഹനനെ നോക്കി. മോഹനൻ എന്നെയും. സിസ്റ്ററോട് അയാളുടെ ലാബ്ടെസ്റ്റുകളുടെ റിപ്പോർട്ടും എക്സ്റേയും കൺസൽറ്റിങ് റൂമിലേക്കെത്തിക്കാൻ പറഞ്ഞ് ഞങ്ങൾ അടുത്ത െബഡ്ഡിനരികിലേക്കു നീങ്ങി.

റൗണ്ട്സ് കഴിഞ്ഞു ഞാനും മോഹനനും ഒപിയിലേക്കു നടന്നു. കൺസൽറ്റിങ് റൂമിന്റെ മുന്നിൽ നീണ്ട നിര. രോഗികളുടെ പേരുവിളിക്കുന്ന സിസ്റ്റർ പറഞ്ഞു: ‘‘ഇന്ന് ടോക്കൺ ധാരാളമുണ്ട് സർ...’’ അവർക്ക് ചെറുചിരി സമ്മാനിച്ച് ഞാൻ കസേരയിൽ ഇരുന്നു. സിസ്റ്ററോട് പേരു വിളിക്കാൻ പറഞ്ഞു.

പേവിഷബാധ

സിസ്റ്റർ ഗീത പറഞ്ഞു: ‘‘വാർഡിൽ അഡ്മിറ്റ് ചെയ്ത രോഗികളിൽ ഒരാളുടെ ഭാര്യയാണ് സാർ. എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞു.’’

‘‘അകത്ത് വരാൻ പറയൂ.’’

അവർ അകത്തുവന്നു– വേലായുധന്റെ ഭാര്യ. അവരുടെ മുഖത്തു പരിഭ്രമം നിഴലിച്ചുനിന്നിരുന്നു. ‘‘വേലായുധൻ ചായ ചുണ്ടോടടുപ്പിച്ചുകൊടുക്കുമ്പോൾ ഞെട്ടുന്നു ഡോക്ടർ...’’

എന്തോ, എവിടെയോ മണക്കുന്നു. മനസ്സു പറഞ്ഞു.

ഞാൻ ചോദിച്ചു: ‘‘വേലായുധൻ മുമ്പ് ഇവിടെ വന്നിട്ടുണ്ടോ?’’

‘‘രണ്ടു മാസം മുൻപ് ഒരു െെവകുന്നേരം പട്ടി കടിച്ച് ഇവിടെ വന്നിട്ടുണ്ട് സർ.’’

തലയിൽ കൂടെ ഒരു മിന്നൽ പാഞ്ഞു. വാർഡ് സിസ്റ്ററെ വിളിപ്പിച്ച് അയാളുടെ പഴയ കേസ് ഷീറ്റ് എടുത്തുകൊണ്ടുവരാൻ പറഞ്ഞു. മറ്റുള്ള

രോഗികളെ പരിശോധിക്കുമ്പോഴും വേലായുധനായിരുന്നു മനസ്സിൽ.

അൽപസമയത്തിനുശേഷം കേസ് ഷീറ്റുമായി കൗണ്ടറിൽ നിന്നു സിസ്റ്റർ ലൂസി വന്നു. കേസ് ഷീറ്റിലൂടെ കണ്ണുകൾ അതിവേഗം പാഞ്ഞു.

എന്റെ കയ്യക്ഷരം എനിക്ക് അപരിചിതമായി തോന്നി. പട്ടികടിച്ചു കാഷ്വൽറ്റിയിലേക്കു കയറിവന്ന വേലായുധന്റെ മേലാകെ ചോരയിൽ കുതിർന്നിരുന്നു. ആശാരിപ്പണിയാണു വേലായുധന്. െെസക്കിളിലാണു പണിസ്ഥലത്തേക്കുള്ള വരവും പോക്കും. െെവ കിട്ടു പണി കഴിഞ്ഞു വരുമ്പോൾ രണ്ടെണ്ണം വീശും! അന്നും അതുപോലെ പണി കഴിഞ്ഞു ടൗണിലെത്തി. സൈക്കിൾ അടുത്തുള്ള പീടികയുടെ ചുവരിൽ ചാരിവയ്ക്കുമ്പോൾ അലഞ്ഞുനടക്കുന്ന പട്ടികളിൽ ഒരെണ്ണം വന്നു കടിച്ചു. കൊണ്ടുവന്നവരാണ് പിന്നീടു പറഞ്ഞത്. അയാൾ പട്ടിയുടെ പിന്നാലെ ഒരു വടിയുമെടുത്തോടി. അവ തിരിഞ്ഞു വീണ്ടും കടിച്ചു. കയ്യിലും കാലിലുമായി പതിനഞ്ചോളം തുന്നലിട്ടത് കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്നു. മദ്യലഹരിയിൽ അയാൾ എന്തോ പുലമ്പിക്കൊണ്ടിരുന്നു. ഞാൻ കേസ് ഷീറ്റിൽ പരതി ANTI RABIES VACCINE-Adviced. ഞാൻ കേസ് ഷീറ്റ് വീണ്ടും നോക്കി. ‘രോഗി വാക്സിൻ നിരസിച്ചു’ അടിയിൽ ഒരു വരയിടുകയും ചെയ്തു.

രണ്ടുവട്ടം കടിക്കില്ലല്ലോ?

ഞാൻ ഡോ. മോഹനനെ റൂമിലേക്കു വിളിപ്പിച്ചു. അയാൾ വാക്സിൻ എടുക്കാൻ വിസമ്മതിച്ച വിവരവും പറഞ്ഞു. “പുവർ ഗേയ്.” മോഹനൻ ആത്മഗതം ചെയ്തു. പേപിടിച്ച പട്ടികൾ രണ്ടു പ്രാവശ്യം കടിക്കില്ല എന്നാണ് വേലായുധന്റെ സ്വന്തം നിഗമനം. പല പ്രാവശ്യം നിർബന്ധിച്ചിട്ടും അയാൾ വാക്സിൻ എടുക്കാൻ സമ്മതിച്ചില്ല.

ഞാനും മോഹനനും വാർഡിലേക്കു നടന്നു. ഞങ്ങളെ കണ്ടപ്പോൾ തന്നെ അയാളുടെ വിറയലും ഞെട്ടലും തുടർന്നുകൊണ്ടിരുന്നു. ഞാൻ മോഹനനെ നോക്കി. എന്റെ നിഗമനം ശരിയാണെന്ന മട്ടിൽ മോഹനൻ തലയാട്ടി. വേലായുധന് പേപ്പട്ടി വിഷബാധയേറ്റിരിക്കുന്നു.

ഞാൻ കൂടെ നിന്ന ബന്ധുക്കളിൽ രണ്ടാളെ വിളിച്ചു കാര്യം പറഞ്ഞു: ‘‘വേലായുധനെ രക്ഷിക്കാൻ ഞങ്ങൾക്കാവില്ല. അയാൾക്കു പേപ്പട്ടിവിഷബാധയേറ്റിരിക്കുന്നു.’’ അവരുടെ മുഖത്തു നിരാശ. ഭാര്യയോട് ഇപ്പോൾ പറയണ്ടയെന്നും പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലേക്കു ശുപാർശ ചെയ്തു. പോകുമ്പോൾ അയാൾ യാത്ര പറഞ്ഞു ‘‘പോയി വരാം സാർ...’’ ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും ഞാൻ െെകവീശി: ‘‘പോയ് വരൂ വേലായുധൻ...’’