Saturday 20 July 2019 05:50 PM IST

ഉച്ചമയക്കം ഉന്മേഷം പകരും; പക്ഷേ, അത് ഉറക്കമായി മാറരുതെന്ന് മാത്രം!

Dr. B. Padmakumar

Professor Medicine,medical College, Trivandrum

afternoon-sleep432

രാത്രി ഉറക്കത്തേക്കാൾ ചിലർക്കു പ്രിയം ഉച്ചമയക്കത്തോടായിരിക്കും.  ഊണു കഴിഞ്ഞ് കസേരയിൽ ഇരുന്ന് ഒന്നു മയങ്ങിയാൽ മതി, അവർ ഫ്രഷാകും. ഉച്ചമയക്കത്തെ അലസതയുടെയും മടിയുടെയും ലക്ഷണമായാണ് പലരും കാണുന്നത്. കുഞ്ഞുങ്ങളും പ്രായമേറിയവരും മാത്രം  ഉച്ചയ്ക്കു മയങ്ങിയാൽ മതി എന്നാണ് ചിലരുടെ പക്ഷം. എതായാലും ഉച്ചയ്ക്ക് അൽപം മയങ്ങുന്നതുകൊണ്ടു കുഴപ്പമില്ല. കൂടുതൽ ഉന്മേഷത്തോടെയും ഉണർവോടെയും  ജോലികളിൽ വ്യാപൃതരാകാൻ ഉച്ചമയക്കം സഹായിക്കും.

ഉച്ചമയക്കം ഉറക്കമാകരുത്

ഉച്ചമയക്കം നീണ്ട് ഉറക്കമാകുമ്പോൾ രണ്ടാണ്  പ്രശ്നം. ഉണർന്നെണീൽക്കുമ്പോൾ ഉന്മേഷത്തിനു പകരം ക്ഷീണവും മന്ദതയുമാകും അനുഭവപ്പെടുക.   ‘സ്‌ലീപ് ഇനർഷ്യ ’ മൂലം പെട്ടെന്നു തന്നെ ജോലിയിലേക്കു മടങ്ങി വരാൻ കഴി ഞ്ഞെന്നു വരില്ല. മറ്റൊന്ന് ഉ ച്ചമയക്കം കൂടുതലായാൽ അത് രാത്രി ഉറക്കത്തെയും ബാധിക്കും;  പ്രത്യേകിച്ച് ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങളുള്ളവർക്ക് പകലത്തെ ഉറക്കം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഉച്ചയ്ക്ക് ഉറങ്ങിയാൽ അത് ബാധിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ആഴമുള്ള ഘട്ടങ്ങളെയാണ്. ഇവരുടെ രാത്രി ഉറക്കം ഇടയ്ക്കിടെ ഉണർന്നു പോകുന്ന തരത്തിലുള്ള ദുർബല നിദ്രയായിരിക്കും.

ഉച്ചമയക്കം എത്ര നേരമാകാം

ഉച്ചമയക്കം 10–15 മിനിറ്റ് മാത്രമായി മിതമാക്കണം. പ്രായമേറിയവർക്കും കുഞ്ഞുങ്ങൾക്കും 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാകാം ഉച്ചമയക്കം. ഭക്ഷണശേഷം  രണ്ടിനും മൂന്നിനും ഇടയ്ക്കുള്ള സമയമാണ് ഉച്ചമയക്കത്തിന് ഏറ്റവും നല്ലത്.  വൈകി മയങ്ങിയാൽ രാത്രിയിലെ ഉറക്കത്തെ ബാധിക്കും. ഉറങ്ങാൻ പോകുന്നതിനു നാലു മണിക്കൂർ മുൻപ് മുതൽ ഉണർവും ഉന്മേഷവും ഉള്ള അവസ്ഥയിലായിരിക്കണം. എങ്കിലേ  രാത്രിയിൽ നല്ല ഉറക്കം  ലഭിക്കൂവെന്നതും  മനസ്സിലാക്കുക.

ഉച്ചമയക്കം അത്യാവശ്യമുള്ളവർ

എൽകെജിയിലും യുകെജിയിലും  പഠിച്ച കാലത്ത് ടീച്ചർമാർ പായ വിരിച്ച് ഉറക്കിയിട്ടുള്ളത് ഓർമയില്ലേ!   പഠിക്കുന്ന കുട്ടികളുടെ ഓർമ ശക്തി മെച്ചപ്പെടുത്താനും  ഉണർവോടെയും ഉന്മേഷത്തോടെയും ഏകാഗ്രതയോടെയും ക്ലാസിലിരിക്കാനും ഉച്ചമയക്കം  സഹായിക്കും.  പ്രായമേറിയവർ ഉച്ചമയക്കം  കഴിഞ്ഞ് ൈവകിട്ട്  അരമണിക്കൂർ ലഘുവ്യായാമങ്ങളിൽ  ഏർപ്പെടണം.  നടക്കാൻ പോയാൽ മതി. രാത്രിയിൽ നല്ല ഉറക്കം കിട്ടും.

രാത്രിയിൽ ഏറെ നേരം ഉറക്കമിളച്ച് ജോലി ചെയ്യേണ്ടി വരുന്നവർക്കും ഷിഫ്റ്റ് ജോലിക്കാർക്കും ഉച്ചമയക്കം ആവശ്യമാണ്. ജോലിക്കിടയിലും സംസാരിച്ചിരിക്കുമ്പോഴും  ഉറങ്ങിപ്പോകുന്ന അമിത ഉറക്കത്തിന്റെ  (നാർക്കോലപ്സി) പ്രശ്നമുള്ളവർക്കും ഉണർവോടെയിരിക്കാ ൻ ഉച്ചമയക്കം നല്ലതാണ്.

ഉച്ചമയക്കം ഒഴിവാക്കണോ?

ഉച്ചകഴിഞ്ഞ് ക്ലാസുള്ളവർക്കും ഒാഫിസ് ജീവനക്കാർക്കും ഉച്ചമയക്കം പറ്റിയെന്നു വരില്ല. ഉച്ചയ്ക്കു മയങ്ങിയാൽ രാത്രിയിൽ ഉറക്കം കിട്ടാത്തവരും ഉച്ചമയക്കം ഒഴിവാക്കണം. മയക്കം തോന്നുമ്പോൾ തണുത്ത വെള്ളത്തി ൽ മുഖം കഴുകി ഒരു ഗ്ലാസ് വെള്ളം കുടിക്കുക.  അൽപനേരം സുഹൃത്തുക്കളോടൊത്ത് സംസാരിച്ചിരിക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യുക.  മയക്കം വിട്ടകലും. വെറുതെ ഇരിക്കാതെ പുറത്തിറങ്ങി അൽപം നടക്കുകയോ ചെറിയ ജോലികളിൽ  വ്യാപൃതരാകുകയോ ചെയ്യുക. മയക്കം വിട്ടകന്ന് ഉണർവോടെ ജോലിയിലേക്കു തിരിച്ചെത്താം.