Saturday 15 February 2020 04:14 PM IST

വിഷപ്പുക ശ്വസിച്ച് അലർജി മുതൽ ആസ്‌മ വരെ; വായു മലിനീകരണം മൂലമുള്ള അസുഖങ്ങൾക്കെതിരെ മുൻകരുതലെടുക്കാം!

Dr. B. Padmakumar

Professor Medicine,medical College, Trivandrum

airhhhvbhh

അന്തരീക്ഷ മലിനീകരണം ഡൽഹി ഉൾപ്പടെയുള്ള മഹാനഗരങ്ങളെ ഗ്യാസ് ചേംബർ സമാനമാക്കിയിരിക്കുന്നു. ജനങ്ങൾ പ്രാണവായുവിനായി ഓക്സിജൻ പാർലറുകളിൽ ക്യൂ നിൽക്കുന്ന  ഭയാനകമായ അവസ്ഥ! വായു മലിനീകരണത്തിനെതിരെ വേണ്ട മുൻകരുതലുകൾ എടുത്തില്ലെങ്കിൽ നാളെ നമ്മുടെ നഗരങ്ങളിലും ഈ അവസ്ഥ ഉണ്ടായെന്നു വരാം. മലിനമായ അന്തരീക്ഷ വായു ശ്വസിക്കുന്നത് ഒട്ടേറെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകാം. നമ്മുടെ ചുറ്റുപാടുകളിലും വാഹന ഉപയോഗത്തിലും തൊഴിലിടങ്ങളിലും ചില മാറ്റങ്ങൾ വരുത്തി  ശ്വസിക്കുന്ന വായു ശുദ്ധമെന്ന്  ഉറപ്പു വരുത്തേണ്ടതുണ്ട്.

അലർജി മുതൽ ആസ്‌മ വരെ

ഫാക്ടറികളിൽ നിന്നു പുറന്തള്ളുന്ന വിഷപ്പുകയിൽ നിന്നും ഡീസൽ, പെട്രോൾ തുടങ്ങിയ െപട്രോളിയം ഉൽപന്നങ്ങളിൽ നിന്നും ഏറ്റവും കൂടുതലായി ബഹിർഗമിക്കുന്നത് കാർബൺ മോണോക്സൈഡാണ്.

ഈ പുക ശ്വസിക്കുന്നത്  ശ്വാസനാളികളിൽ നീർക്കെട്ടുണ്ടാക്കാനും  അവ ചുരുങ്ങി ശ്വാസോച്ഛ്വാസം തടസ്സപ്പെടാനും കാരണമാകും.  തുടർച്ചയായ തുമ്മൽ, മൂക്കടപ്പ്, ജലദോഷം തുടങ്ങിയ അലർജിക് റൈനൈറ്റിസിന്റെ ലക്ഷണങ്ങൾ പിന്നീട് ആസ്മയായി മാറാം. വാഹനപുകയിൽ അടങ്ങിയിരിക്കുന്ന ലെഡ് നാഡികളുടെ പ്രവർത്തനം തകരാറിലാക്കാം. രക്തസമ്മർദം ഉയരാനും കുട്ടികളിൽ ബുദ്ധിമാന്ദ്യം ഉണ്ടാകാനും ലെഡ് കാരണമാകും.

ഗ്രീൻ ബെൽറ്റ് എന്ന സുരക്ഷാ കവചം

വായു മലിനീകരണത്തിന്റെ പ്രശ്നങ്ങൾ ലഘൂകരിക്കാൻ മരങ്ങൾക്കു കഴിയും. വൃക്ഷങ്ങൾ  കാർബൺഡൈഓക്സൈഡ് ശ്വസിച്ച് ഓക്സിജൻ പുറത്തേക്കു വിടുന്നതിനാൽ വായുവിലെ ഓക്സിജൻ സാന്ദ്രത നിലനിൽക്കും. വീടിനു ചുറ്റും പരിസരങ്ങളിലും ധാരാളം ചെടികളും മരങ്ങളും വച്ചുപിടിപ്പിക്കണം.  

ഇവ  ധാരാളം ഓക്സിജൻ പുറത്തുവിടുന്നതിനാൽ കൂടുതൽ ശുദ്ധവായു ശ്വസിക്കാൻ കഴിയും. വിദ്യാലയങ്ങൾക്കു ചുറ്റും പാതയോരങ്ങളിലുമൊക്കെ ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കണം. വ്യവസായ ശാലകൾക്കു ചുറ്റുമായി  വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് ഗ്രീൻ ബെൽറ്റ് (പച്ചപ്പ്) സ്ഥാപിക്കുന്നത് വായുമലിനീകരണം ഗണ്യമായി കുറയ്ക്കും.

മാസ്ക് ശീലമാക്കാം

പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരും വായുവിലെ മാലിന്യങ്ങൾ തടയുന്ന മാസ്ക് ധരിക്കുന്നത് നല്ലതാണ്. ഗുണനിലവാരമനുസരിച്ച് പല തരത്തിലുള്ള മാസ്കുകൾ ലഭ്യമാണ്.  

ഡിസ്പോസബിൾ മാസ്കും വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള  മാസ്കുകളും ഉണ്ട്.  പല തരത്തിലു‌ള്ള ബാക്ടീരിയ, വൈറസുകൾ, പൊടിപടലങ്ങൾ എന്നിവയിൽ നിന്ന് 95 ശതമാനം വരെ സംരക്ഷണം നൽകുന്ന N95 മാസ്കുകളാണ് ഏറ്റവും നല്ലത്.

തൊഴിലിടങ്ങൾ ആരോഗ്യകരമാക്കാം

നിർമാണ തൊഴിലാളികൾക്കും, കയർ, കൈത്തറി, കൃഷി മേഖലകളിൽ പണിയെടുക്കുന്നവർക്കും വായു മലിനീകരണം മൂലം ആസ്മയുണ്ടാകാം.  

തൊഴിൽ ചെയ്യുമ്പോഴോ അതിനുശേഷമോ അനുഭവപ്പെടുന്ന ചുമ, തുമ്മൽ, ശ്വാസംമുട്ട് എന്നിവയാണ് തൊഴിൽജന്യ ആസ്മയുടെ മുഖ്യലക്ഷണങ്ങൾ.

തൊഴിലിൽ ഏർപ്പെടുമ്പോൾ കയ്യുറകൾ, മാസ്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ധരിക്കണം.  പുകവലിയും പുകവലിക്കാരോടുള്ള സഹവാസവും ഒഴിവാക്കണം. ചുമയോ ശ്വാസംമുട്ടലോ ഉണ്ടായാൽ ആവശ്യമായ വൈദ്യ സഹായം സ്വീകരിക്കണം.

Tags:
  • Columns