Saturday 04 July 2020 12:16 PM IST

‘സ്കൂൾ യൂണിഫോം ധരിക്കുന്നതുപോലെ മാസ്കും ശീലമാക്കണം’; ഇനി പഠിക്കേണ്ടത് പ്രതിരോധം തീർത്ത് കോവിഡിനൊപ്പം ജീവിക്കാൻ

Dr. B. Padmakumar

Professor Medicine,medical College, Trivandrum

padmsgvhrguyt7777

മൂന്നു മാസങ്ങൾക്കു മുൻപ് നാം ചിന്തിച്ചിരുന്നില്ല ജീവിതം ഇങ്ങനെയൊക്കെ മാറുമെന്ന്. കോവിഡ് നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു. എങ്കിലും നാമിന്ന് അതിജീവനത്തിന്റെ പാതയിലാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചും സാമൂഹിക അകലം പാലിച്ചും ശുചിത്വത്തിലൂടെയും രോഗത്തിന്റെ സമൂഹവ്യാപനം ഒഴിവാക്കാനും തീവ്രത ഒരു പരിധി വരെ നിയന്ത്രിക്കാനും നമുക്കു കഴിഞ്ഞു. എന്നാലും കോവിഡിനെ പൂർണമായും തുടച്ചു നീക്കാനായേക്കില്ല എന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നു. കൊറോണ വൈറസ് ഭൂമിയിൽ ഏറെക്കാലം ഉണ്ടായേക്കാം.

കോവിഡ് ഭീതി നിലനിൽക്കുമ്പോൾ തന്നെ നമുക്ക് സാധാരണ ജീവിതം തുടങ്ങേണ്ടതുണ്ട്. ഓഫിസിൽ പോകണം, കുട്ടികൾക്ക് സ്കൂളിൽ പോകണം, കടകൾ തുറക്കണം, ഒപ്പം കോവിഡിനെ പ്രതിരോധിക്കുകയും വേണം.

ഓഫിസിൽ പോകുമ്പോൾ

വീട്ടിൽനിന്നിറങ്ങുമ്പോൾതന്നെ മാസ്ക് ധരിക്കണം. യാത്രയ്ക്ക് കഴിയുന്നതും സ്വകാര്യവാഹനം ഉ പയോഗിക്കുക.  പൊതു വാഹനത്തിൽ  യാത്ര ചെയ്യേണ്ടി വരികയാണെങ്കിൽ രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ഒരാൾ, മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടു പേർ എന്ന രീതിയിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കണം. ഓഫിസിൽ കയറുന്നതിനു മുൻപ് കൈകൾ സോപ്പ്  ഉപയോഗിച്ച് വൃത്തിയായി കഴുകണം. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക.  ഓഫിസിൽ ഒരു മീറ്റർ അകലം പാലിച്ച് ഇരിക്കാൻ ശ്രദ്ധിക്കണം. കുടിക്കാനുള്ള വെള്ളവും കഴിക്കാനുള്ള ഭക്ഷണവും കരുതാം. പൊതുവായ പാത്രങ്ങളുടെയും കപ്പുകളുടെയും ഉപയോഗം ഒഴിവാക്കുക. സ്റ്റെയർകെയ്സിന്റെ റെയ്‌ലിങ്സ്, ലിഫ്റ്റിന്റെ വാതിൽ, മുറിയുടെ ഭിത്തി, ഫർണിച്ചർ തുടങ്ങിയ പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ശുചിത്വം പ്രധാനം

കൊറോണ വൈറസിന് പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹം തുടങ്ങിയ വ സ്തുക്കളുടെ പ്രതലങ്ങളിൽ ദിവസങ്ങളോളം സജീവമായി നിലനിൽക്കാൻ സാധിക്കും. അതുകൊണ്ട് ഓഫിസ് ഫർണിച്ചര്‍ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം. ഒരു ലീറ്റർ വെള്ളത്തിൽ മൂന്നു ചെറിയ സ്പൂൺ ബ്ലീച്ചിങ് പൗഡർ ലയിപ്പിച്ച് തയാറാക്കുന്ന ഹൈപ്പോക്ലോറൈറ്റ് ലായനി  നല്ല അണുനാശിനിയാണ്.  ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറും ശുചീകരണത്തിന് ഉപയോഗിക്കാം. ടോയ്‌ലറ്റും  ദിവസവും ബ്ലീച്ചിങ് ലായനി ഉപയോഗിച്ചു വൃത്തിയാക്കണം.

വായുസഞ്ചാരം പ്രധാനം

നല്ല വായുസഞ്ചാരമുള്ള മുറികളാണ് കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടത്. ഉയർന്ന അന്തരീക്ഷ താപനിലയും ഈർപ്പനിലയും കോവിഡ് വ്യാപനത്തെ തടയും.  എസി ഉപയോഗിക്കേണ്ടി വരികയാണെങ്കിൽ മുറിയിലെ താപനില 24 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായി ക്രമീകരിക്കണം. മുറിയിൽ ഒരു പാത്രത്തിൽ വെള്ളം നിറച്ചു വയ്ക്കുന്നത് ഈർപ്പനില വർധിപ്പിക്കും. എസിയും ഫാനും പ്രവർത്തിക്കുമ്പോഴും നല്ല വായുപ്രവാഹം ഉറപ്പാക്കാനായി ഒരു ജനാല അൽപം തുറന്നിടണം.

കുട്ടികൾ സ്കൂളിലേക്ക്

സ്കൂൾ യൂണിഫോം ധരിക്കുന്നതുപോലെ  മാസ്കും ശീലമാക്കണം. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ  ലക്ഷണങ്ങളുള്ളപ്പോൾ കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. കൈകൾ വൃത്തിയാക്കാനായി ഹാൻഡ് സാനിറ്റൈസറിന്റെ ചെറിയ ബോട്ടിൽ സ്കൂൾ ബാഗിൽ വയ്ക്കാം. സ്കൂൾ ബസിലും ക്ലാസിലും സാമൂഹിക അകലം പാലിച്ച് ഇരിക്കണം. കൈകൾ ഇടയ്ക്കിടെ കഴുകാനും കുട്ടികളെ പഠിപ്പിക്കുക. തിരികെ വീട്ടിലെത്തിയാലുടൻ വസ്ത്രങ്ങൾ മാറി നന്നായി കുളിച്ചിട്ടു വേണം  മറ്റുള്ളവരുമായി  ഇടപഴകാൻ. റിവേഴ്സ് ക്വാറന്റീനിൽ കഴിയുന്ന മുത്തച്ഛനും മുത്തശ്ശിയുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക.

Tags:
  • Columns