Saturday 26 June 2021 02:17 PM IST

ആദ്യ ഡോസായി കോവീഷീൽഡ് വാക്സീൻ എടുത്തു; രണ്ടാമത്തെ ഡോസായി കോവാക്സീൻ എടുക്കാമോ? നിർബന്ധമായും അറിയേണ്ടതെല്ലാം

Dr. B. Padmakumar

Professor Medicine,medical College, Trivandrum

padmmm445551111

കോവിഡ് പ്രതിരോധ വാക്സീൻ എടുത്താലും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  മരുന്നു കഴിക്കുന്നതു മുതൽ രക്തദാനം വരെയുള്ള കാര്യങ്ങളിൽ പലർക്കും പലതരം സംശയങ്ങളുമുണ്ട്. അവയ്ക്കെല്ലാം വിദഗ്ധ മറുപടികള്‍ നല്‍കുകയാണ്, ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രഫസർ ഡോ. ബി. പത്മകുമാർ.

കോവിഡ് വന്നുപോയവർ എത്ര നാൾ കഴിഞ്ഞാണ് വാക്സീൻ സ്വീകരിക്കേണ്ടത് ?

കോവിഡിന്റെ ലക്ഷണങ്ങൾ പൂർണമായും അപ്രത്യക്ഷമായി രണ്ടാഴ്ച കഴിഞ്ഞാകണം വാക്സീനെടുക്കേണ്ടത്. കോവിഡ് വന്നു പോയി എന്നു കരുതി വാക്സിനേഷൻ ഒഴിവാക്കരുത്.  കോവിഡ് ബാധയെ തുടർന്ന് ഇമ്യൂണിറ്റി എത്രനാൾ നീണ്ടു നിൽക്കുമെന്നോ വീണ്ടുമൊരു അണുബാധയെ പ്രതിരോധിക്കാൻ ശരീരം പര്യാപ്തമാണോ എന്നോ നമുക്കറിയില്ല. അതുകൊണ്ട് തൃപ്തികരവും ഉറപ്പുള്ളതുമായ പ്രതിരോധം ലഭിക്കാനായി വാക്സീനെടുക്കണം.  

രണ്ടാമത്തെ ‍ഡോസ് കൃത്യമായി എടുക്കാൻ കഴിഞ്ഞില്ല. എന്തു ചെയ്യണം?

നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് എടുക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് എടുക്കാതിരിക്കരുത്. രണ്ടാമത്തെ ഡോസ് 120 ദിവസം വരെ താമസിച്ചാലും രോഗപ്രതിരോധശേഷി കുറയുന്നില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ ‍ഡോസ് വാക്സീൻ എടുത്തപ്പോൾ ഉണ്ടായ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താനും ആന്റിബോഡി ഉൽപാദനത്തെ ഉദ്ദീപിപ്പിക്കാനുമാണ് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് എടുക്കുന്നത്.

ആദ്യ ഡോസ് എടുത്തതിന്റെ രേഖകൾ നഷ്ടപ്പെട്ടു. രണ്ടാമത്തെ ഡോസ് എങ്ങനെയെടുക്കും?

ആദ്യ ഡോസ് എടുത്ത വാക്സീനേഷൻ കേന്ദ്രവുമായി ബ ന്ധപ്പെടുക. വിശദവിവരങ്ങൾ അവിടെ നിന്നു ലഭിക്കും.  

ആദ്യ ഡോസായി കോവീഷീൽഡ് വാക്സീൻ ആണ് എടുത്തത്.  രണ്ടാമത്തെ ഡോസായി കോവാക്സീൻ എടുക്കാമോ?

രണ്ടു ഡോസ് വാക്സീനുകളും ഒരേ വിഭാഗത്തിൽ തന്നെയുള്ളത് ആകണം. രണ്ട് തരം വാക്സീൻ പാടില്ല. രണ്ടു വാക്സീനുകളുടെ സ്വഭാവത്തിലും ഘടനയിലും ചേർന്നിരിക്കുന്ന ഘടകങ്ങളിലും വ്യത്യാസമുണ്ട്.

രണ്ടു തരം വാക്സീനുകൾ എടുക്കുമ്പോൾ ഈ ഘടകങ്ങൾ തമ്മിൽ പ്രതിപ്രവർത്തിക്കാെമന്നുള്ളതുകൊണ്ട്  ഇത് ഒഴിവാക്കണം. തന്നെയുമല്ല പലതരം വാക്സീൻ എടുത്തു കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും കൂടുതൽ പഠനങ്ങളും ലഭ്യമല്ല.  

കോവിഡിന്റെ ഒരു ഡോസ് വാക്സീൻ എടുത്തു. എനിക്ക് ജനിതകമാറ്റം വന്ന വൈറസുകൾക്കെതിരെ പ്രതിരോധം ലഭിക്കുമോ?

ഇപ്പോൾ നിലവിലുള്ള കോവിഷീൽഡും കോവാക്സീനും വൈറസിന്റെ സ്പൈക് പ്രോട്ടീനെതിരെ ഉൾപ്പെടെ വിവിധ തരം ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം വാക്സീനുകൾ  ജനിതകമാറ്റം വന്ന വൈറസുകൾക്കെതിരെ ഒരു പരിധി വരെ ഫലപ്രദമാണ്.

shutterstock_1740628409

നമ്മുടെ പ്രതിരോധ കോശങ്ങൾ (ടി സെല്ലുകൾ) അക്രമിക്കുന്ന വൈറസിന്റെ ഘടകങ്ങൾക്കും (ടി സെൽ എപിടോപ്സ്) മാറ്റങ്ങളില്ല എന്നതും വാക്സീന്റെ ക്ഷമത ഉറപ്പു വരുത്തുന്നു. എന്നാൽ ഡബിൾ മ്യൂട്ടേഷൻ വന്ന വൈറസുകളെ നേരിടാൻ ഈ പ്രതിരോധം മതിയാകില്ല.

ആദ്യ ഡോസിൽ കയ്യിൽ ഇൻജക്‌ഷൻ എടുത്ത ഭാഗത്ത് ചൊറിച്ചിലും ചുവന്ന പാടും ഉണ്ടായി. രണ്ടാം ഡോസ് ആ കയ്യിൽ തന്നെ എടുക്കാമോ?

ചിലർക്ക് വാക്സീനെ തുടർന്ന് ലഘുവായി അലർജി ഉണ്ടാകാറുണ്ട്. ചുവന്ന പാടും ചൊറിഞ്ഞു തടിക്കലുമൊക്കെ ഇതിന്റെ ഭാഗമാണ്. ഇതൊന്നും രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് തടസ്സമല്ല. കൂടുതൽ ഗുരുതരമായ അലർജി ഉണ്ടാകണമെന്നുമില്ല. രണ്ടാമത്തെ ഡോസ് മറ്റേ കയ്യിൽ എടുക്കുന്നതാണ് നല്ലത്. ആന്റിഹിസ്റ്റമിൻ മരുന്നുകൾ കഴിക്കുന്നത് അലർജിയുടെ  പ്രശ്നങ്ങൾ കുറയ്ക്കും. ഇത് ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം കഴിക്കുക.

ആദ്യ ‍‍‍ഡോസ് വാക്സീൻ എടുത്തു. ഉടനേ വിദേശത്തേക്ക് മടങ്ങണം. രണ്ടാം ഡോസ് അവിടെ എടുത്താൽ മതിയോ?

നമ്മുടെ നാട്ടിൽ ലഭിക്കുന്ന അതേ വാക്സീൻ തന്നെ വിദേശത്ത് ലഭിക്കണമെന്നില്ല. അതിനാൽ ഇത്തരം സാഹചര്യത്തിലുള്ളവർക്ക് ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ നാട്ടിലെ വാക്സിനേഷൻ കേന്ദ്രത്തിൽ മുൻഗണന നൽകും. ഇവർ പോർട്ടലിൽ വാക്സീൻ സ്ലോട്ട് ബുക്ക് ചെയ്യേണ്ടതില്ല. ആദ്യ ഡോസ് എടുത്ത കേന്ദ്രത്തിൽ നേരിട്ടു പോയി സെക്കൻഡ് ഡോസ് സ്വീകരിക്കാം.

ആദ്യ ഡോസ് വാക്സീൻ എടുത്തവർക്ക് തൊട്ടടുത്ത ദിവസങ്ങളിൽ കോവിഡ് ടെസ്റ്റ് ചെയ്താൽ റിസൽറ്റ് പോസിറ്റീവ് ആകുമോ?

ഇല്ല. വാക്സീനായി കുത്തിവയ്ക്കുന്നത് നീർജീവമാക്കപ്പെട്ട വൈറസുകളെയും വൈറസിന്റെ ചില ഘടകങ്ങളെയും മാത്രമാണ്. ഇത് ശരീരത്തിൽ എത്തിയാൽ ആന്റിബോഡി ഉൽപാദനമാണ് സംഭവിക്കുക.

ആർടിപിസിആർ/റാപിഡ് ആന്റിജെൻ ടെസ്റ്റുകളിൽ കണ്ടെത്തുന്നത് സജീവമായിട്ടുള്ള വൈറസിന്റെ ഭാഗങ്ങളെയാണ്. അതുകൊണ്ട് തന്നെ വാക്സീനേഷൻ മൂലം റിസൽറ്റ് പോസിറ്റീവ് ആകുന്ന സാഹചര്യമുണ്ടാകില്ല.

ഒന്നാം ഡോസ് എടുത്തു കഴിഞ്ഞപ്പോൾ ഉണ്ടായ പാർശ്വഫലങ്ങൾ രണ്ടാം ഡോസ് എടുക്കുമ്പോഴും ഉണ്ടാകുമോ?

വാക്സീൻ എടുക്കുമ്പോൾ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ഉദ്ദീപിപ്പിക്കപ്പെടുമെന്നതുകൊണ്ടാണ് പനി, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

വാക്സീൻ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നതിന്റെയും ആന്റിബോഡി ഉൽപാദനം ത്വരിതഗതിയിൽ നടക്കുന്നു എന്നതിന്റെയും തെളിവാണ് ഈ പാർശ്വഫലങ്ങൾ.  രണ്ടാം ഡോസ് എടുക്കുമ്പോഴും ഇത്തരം പാർശ്വഫലങ്ങ ൾ ഉണ്ടാകാനും ചിലപ്പോൾ അധികരിക്കാനും സാധ്യതയുണ്ട്. എന്നാൽ പ്രായമേറിയവരിൽ ഇത്തരം പ്രതികരണങ്ങൾ കുറവായിരിക്കും.

ക്ഷീണം തോന്നുന്നുണ്ടെങ്കിൽ വിശ്രമമെടുക്കുക, ധാ രാളം വെള്ളം കുടിക്കുക. പനി, തലവേദന, സന്ധിവേദന, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് പാരസെറ്റമോൾ മതി.  മറ്റ് വേദനാസംഹാരികൾ ഉദരപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതുകൊണ്ട് ഒഴിവാക്കണം.

ആദ്യ ഡോസ് എടുത്തു. ഇടയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ടി വന്നു. ഇത് വാക്സീന്റെ പ്രവർത്തനത്തെ ബാധിക്കുമോ?

ഇല്ല. ആദ്യ ഡോസ് എടുത്തതിനുശേഷം രോഗാണുബാധയോ മറ്റ് അസുഖങ്ങളോ ഉണ്ടായാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം നിശ്ചിത കാലയളവിലേക്ക് ആന്റിബയോട്ടിക്കുകൾ കഴിക്കാം. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വാക്സീന്റെ പ്രവർത്തനത്തെ ബാധിക്കുകയില്ല. ഒരു കാരണവശാലും സ്വയം ചികിത്സ അരുത്. മരുന്ന് ഉപയോഗം ഡോക്ടറും നിർദേശപ്രകാരം മാത്രം മതി.

കോവിഡ് പ്രതിരോധ വാക്സീന്‍ ആദ്യ ഡോസ് എടുത്തു. മറ്റ് വാക്സീനുകൾ എടുക്കേണ്ടി വന്നാൽ എന്തു ചെയ്യണം?

കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തശേഷം  മറ്റ് വാക്സീനുകൾ എടുക്കേണ്ടി വന്നാൽ രണ്ടാഴ്ചയ്ക്കു ശേഷം എടുക്കുന്നതാണ് നല്ലത്. പാർശ്വഫലങ്ങൾ ഉണ്ടായാൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ പേവിഷ ബാധയ്ക്കുള്ള വാക്സീനും ടെറ്റനസ് ടോക്സിഡും മറ്റും എടുക്കേണ്ടി വന്നാൽ ഡോക്ടറുടെ നിർദേശപ്രകാരം നിശ്ചിത സമയത്തു തന്നെ എടുക്കണം.

ആർത്രൈറ്റിസ് ചികിത്സയ്ക്കായി സ്റ്റിറോയിഡുകൾ കഴിക്കുന്നുണ്ട്. അത് വാക്സീന്റെ പ്രവർത്തനത്തെ ബാധിക്കുമോ?

സ്റ്റിറോയിഡുകൾ ശരീരത്തിന്റെ ഇമ്യൂണിറ്റി കുറയ്ക്കാനും ആന്റിബോഡികളുടെ ഉൽപാദനം മന്ദീഭവിപ്പിക്കാനുമിടയുണ്ട്. അതുകൊണ്ട് വാക്സീൻ എടുക്കുമ്പോൾ ഉദ്ദേശിച്ച പ്രതികരണം ഉറപ്പാക്കാനാകുകയില്ല. സ്റ്റിറോയിഡുകൾ കൂടാതെ ശരീരത്തിന്റെ പ്രതിരോധശേഷിയെ കുറയ്ക്കുന്ന മെത്തോട്രെക്സേറ്റ്, അസൊറാൻ തുടങ്ങിയ മ രുന്നുകൾ കഴിക്കുമ്പോഴും ഈ പ്രശ്നമുണ്ടാകാം. ചികിത്സിക്കുന്ന ഡോക്ടറുമായി ആലോചിച്ച് രണ്ടാം ഡോസ് എടുക്കുന്നതിനു മുൻപ്  മരുന്ന് ഏതാനും ദിവസങ്ങളിലേക്കു നിർത്താനോ  ഡോസ് കുറയ്ക്കാനോ  സാധിക്കുമോ എന്നു പരിശോധിക്കണം.  

shutterstock_1889868607

ആദ്യ ഡോസ് എടുത്തു കഴിഞ്ഞപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. രണ്ടാമത്തെ ഡോസ് എടുക്കാമോ?

ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും കോവിഡ് വാക്സീൻ സംബന്ധിച്ച് പഠനങ്ങൾ നടന്നു വരികയാണ്.  സമീപഭാവിയിൽ തന്നെ അവർക്കും വാക്സീൻ നൽകാൻ പറ്റുമെന്നാണ് പ്രതീക്ഷ.

കോവിഡ് ഗർഭിണികളെ ബാധിച്ചാൽ ഗുരുതരമാകാം. അതിനാൽ കോവിഡ് പിടിപെടാനുള്ള സാധ്യത, മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ എന്നിവ കണക്കിലെടുത്തശേഷം ചികിത്സിക്കുന്ന ഡോക്ടറാണ് ഇക്കാര്യത്തിൽ അ ന്തിമ തീരുമാനമെടുക്കേണ്ടത്.

വാക്സിനേഷനു ശേഷം ഇൻസുലിൻ തുടരാമോ?

കോവിഡ് വാക്സീൻ എടുത്തതിനുശേഷം  ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു മരുന്നും നിർത്തേണ്ട കാര്യമില്ല. ഇ ൻസുലിൻ തുടരാം. അതുപോലെ തൈറോയ്ഡ് ഗ്രന്ഥി യുടെ പ്രവർത്തന തകരാറിനുള്ള മരുന്നുകൾ കഴിക്കുന്നവർക്കും രണ്ടാമത്തെ ഡോസ് വാക്സീനെടുക്കാം. തൈറോയ്ഡ് മരുന്നിന്റെ ഡോസിൽ മാറ്റം വരുത്തേണ്ടതുമില്ല

ദീർഘകാല ശ്വാസകോശരോഗ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന ഇൻഹേലറുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ തുടങ്ങിയവയൊക്കെ ഡോക്ടറുടെ നിർദേശാനുസരണം തുടരണം.

രക്തം കട്ട പിടിക്കാതെയിരിക്കാനുള്ള ആസ്പിരിൻ ഗുളിക കഴിക്കുന്നുണ്ട്. എനിക്ക് വാക്സീൻ എടുക്കാമോ?

ആസ്പിരിൻ കഴിക്കുന്നവർക്ക് വാക്സീനെടുക്കുന്നതിന് തടസ്സമൊന്നുമില്ല. ഹിമോഫിലിയ രോഗികൾ, രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറഞ്ഞവർ തുടങ്ങിയവർ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ വാക്സീനെടുക്കാവൂ. അതുപോലെ ആശുപത്രിയിലും മറ്റും പ്രവേശിപ്പിച്ചിരിക്കുന്ന ഗുരുതര രക്തസ്രാവമുള്ള രോഗികളും  രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്  ചെയ്ത ശേഷം മാത്രമേ വാക്സീനെടുക്കാവൂ.

വാക്സീൻ എടുത്ത് എത്രനാൾ കഴിഞ്ഞാണ് തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുന്നത്?

ഒന്നാമത്തെ ഡോസ് (പ്രൈമിങ് ഡോസ്) എടുത്തു കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ നമുക്ക് ഭാഗികമായ പ്രതിരോധശേഷി ലഭിക്കുന്നു. എന്നാൽ അത് രോഗത്തെ പ്രതിരോധിക്കാൻ പര്യാപ്തമല്ല.

കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സീൻ രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞാണ് നമുക്ക് കോവിഡിനെ പ്രതിരോധിക്കാനാവശ്യമായ ആന്റിബോഡി ഉൽപാദനം ഉണ്ടാകുന്നത്. കോവിഷീൽഡ് ആദ്യത്തെ ഡോസ് എടുത്ത് മൂന്നാഴ്ച കഴിയുമ്പോഴേക്കും 70 ശതമാനം വരെ സംരക്ഷണം ലഭിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വാക്സീൻ എടുത്തവരും കോവിഡ് സുരക്ഷാമാർഗങ്ങളായ മാസ്ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പാലിക്കണം. തന്നെയുമല്ല വാക്സീനെടുത്തവർക്കും തൊണ്ടയിൽ വീണ്ടും അ ണുബാധയുണ്ടാകാമെന്നതുകൊണ്ട് രോഗം പരത്താനും സാധ്യതയുണ്ട്. ഒരുപക്ഷേ, വീണ്ടും വൈറസ് ബാധയുണ്ടായാലും രോഗം ഗുരുതരമാകുകയില്ല എന്നതാണ് വാക്സീന്റെ പ്രയോജനം.

വാക്സീനെടുത്തു കഴിഞ്ഞാൽ വ്യായാമം ചെയ്യാമോ?

തീർച്ചയായും. എന്നാൽ ആരോഗ്യസ്ഥിതി അനുസരിച്ച് വേണമെന്ന് മാത്രം. വാക്സീൻ എടുത്തശേഷം ഏതാനും ദിവസങ്ങൾ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കാം. 

വാക്സീന്‍ സ്വീകരിച്ച് എത്ര ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം?

വാക്സിനേഷനു ശേഷം 28 ദിവസത്തിനു ശേഷമേ രക്തം ദാനം ചെയ്യാവൂ എന്നായിരുന്നു വിദഗ്ധർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ നിരവധി പഠനങ്ങൾക്കുശേഷം അത് 14 ദിവസമായി ചുരുക്കിയിട്ടുണ്ട്.

ആദ്യ ഡോസ് വാക്സീനു ശേഷവും രണ്ടാമത്തെ ഡോസ് വാക്സീനു ശേഷവും രണ്ടാഴ്ച കഴിയുമ്പോ ൾ സുരക്ഷിതമായി രക്തം ദാനം ചെയ്യാം.

ആദ്യ ഡോസ് കോവിഡ് വാക്സീനെടുത്തു. മദ്യപിക്കാമോ?

വാക്സീനെടുത്തവർ കുറച്ചു ദിവസത്തേക്കെങ്കിലും മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്. മദ്യം വാക്സീനെ നീർവീര്യമാക്കുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും പാർശ്വഫലങ്ങളെ അവ്യക്തമാക്കാം. പനി, ക്ഷീണം വാക്സീനെടുത്ത സ്ഥലത്ത് അനുഭവപ്പെടുന്ന വേദന, നീർക്കെട്ട് തുടങ്ങിയ പാർശ്വഫലങ്ങൾ തിരിച്ചറിയാതെ പോകുന്നത് ചികിത്സ തേടേണ്ടത് വൈകിപ്പിക്കും. കൂടാതെ മദ്യം ശരീരത്തിന്റെ പ്രതിരോധശേഷിയെ മന്ദീഭവിപ്പിക്കാനുമിടയുണ്ട്.

വാക്സീനെടുത്തശേഷം നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാമോ?

വാക്സീനെടുത്തവർക്ക് പ്രത്യേക ഭക്ഷണ നിയന്ത്രണത്തിന്റെ ആവശ്യമില്ല. ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയടങ്ങിയ സമീകൃതഭക്ഷണമാണ് നല്ലത്. ദിവസും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ക്ഷീണമകറ്റാൻ സഹായിക്കും. കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ മിതമായ അളവിൽ ഉപയോഗിക്കാം. വാക്സീനെടുത്തശേഷം വൈറ്റമിനുകളോ, സിങ്ക്, കാത്സ്യം തുടങ്ങിയ ഘടകങ്ങളോ കഴിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് മെച്ചമൊന്നുമില്ല.

Tags:
  • Columns