Saturday 06 November 2021 04:24 PM IST

ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണ്; തുടക്കത്തിലെ ശ്രദ്ധിക്കണം ഫാറ്റി ലിവർ

Dr. B. Padmakumar

Professor Medicine,medical College, Trivandrum

padmaliverrrr

ഗുരുതര കരൾ രോഗങ്ങളായി ഫാറ്റി ലിവർ മാറാനുള്ള സാധ്യത കൂടുതലാണ്..

സാധാരണ വൈദ്യപരിശോധനയുടെ ഭാഗമായി വയറിന്റെ അൾട്രാ സൗണ്ട് സ്കാനിങ് നടത്തിയതാണ്. ഉദരസംബന്ധമായ യാതൊരു പ്രശ്നവുമില്ല. റിസൽറ്റ് വന്നപ്പോൾ ഫാറ്റി ലിവർ. പലരുടെയും സ്ഥിതി ഇതാണ്.

കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടി ഉണ്ടാകുന്ന ഫാറ്റി ലിവർ ഗുരുതരമായ ആരോഗ്യപ്രശ്നമല്ലെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഗുരുതര കരൾ രോഗങ്ങളായ സിറോസിസ്, കരൾ കാൻസർ തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോൾ ഫാറ്റി ലിവർ രോഗികളിൽ കൂടുതലായി കാണപ്പെടുന്നു. ജീവിതശൈലിയിലും ഭക്ഷണ രീതികളിലും മാറ്റങ്ങൾ വരുത്തി ഫാറ്റി ലിവറിനെ പ്രതിരോധിക്കേണ്ടതുണ്ട്.

ലക്ഷണമില്ലാത്ത രോഗം

ഫാറ്റി ലിവർ സാധാരണയായി ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. യാദൃച്ഛികമായി നടത്തുന്ന സ്കാനിങ് പരിശോധനയിലായിരിക്കും കരൾ വീക്കമുണ്ടെന്ന് കണ്ടെത്തുന്നത്. ചിലരിൽ വയറിന്റെ വലതു ഭാഗത്തായി അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഫാറ്റി ലിവറിന്റെ അടുത്ത സ്റ്റേജ് ആയ ഹെപ്പറ്റൈറ്റിസിലേക്ക് പുരോഗമിക്കുമ്പോൾ വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. സിറോസിസ് പോലെയുള്ള ഗുരുതരാവസ്ഥയിലെത്തുമ്പോൾ കരൾ പരാജയത്തിന്റെ ലക്ഷണങ്ങളായ കാലിൽ നീര്, മഞ്ഞപ്പിത്തം, വയറ്റിൽ വെള്ളം കെട്ടി വീർക്കുക തുടങ്ങിയവ പ്രകടമാകാം. ഫാറ്റി ലിവറിൽ നിന്ന് സിറോസിസിലേക്കുള്ള കാലദൈർഘ്യം 30–40 വർഷങ്ങളായിരുന്നത് ഇപ്പോൾ 20 വർഷമായി കുറഞ്ഞിരിക്കുന്നു.

ഫാറ്റി ലിവർ; കാരണങ്ങൾ

ആധുനിക ജീവിതശൈലിയുമായി ബന്ധപ്പെട്ട വ്യായാമക്കുറവ്, അമിതഭക്ഷണം, പൊണ്ണത്തടി, രക്താതി സമ്മർദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിനു കാരണമാകാം. പ്രമേഹവും ഇൻസുലിൻ പ്രതിരോധവും ഫാറ്റി ലിവറിനുള്ള മറ്റൊരു പ്രധാന കാരണമാണ്. മദ്യപിക്കാത്തവരിൽ കണ്ടുവരുന്ന ഫാറ്റി ലിവർ രോഗത്തെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് വിളിക്കുന്നത്. വേദനാസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ ദീർഘകാല ഉപയോഗം, ജനിതക കാരണങ്ങൾ എന്നിവയും ഫാറ്റി ലിവർ ഉണ്ടാക്കാം.

മറ്റു രോഗങ്ങൾ

ഫാറ്റി ലിവർ ഉള്ളവരിൽ രക്തധമനീ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത ഇവർക്കു കൂടുതലാണ്. ഫാറ്റി ലിവർ ഉള്ളവരിൽ  കരളിലെ കാൻസറിനു പുറമെ പാൻക്രിയാസ്, വൻകുടൽ തുടങ്ങിയ അവയവങ്ങളിലും അർബുദ സാധ്യത കൂടുതലാണ്. പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, ഹൈപ്പർ െടൻഷൻ എന്നിവ ചേർന്ന മെറ്റബോളിക് സിൻഡ്രം ഫാറ്റി ലിവർ രോഗികളിൽ കൂടുതലായി കാണപ്പെടുന്നു.

കരളിന്റെ ആരോഗ്യത്തിന്

കൃത്യമായ വ്യായാമം ശീലമാക്കി അമിത വണ്ണം ഒഴിവാക്കുക. നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറിയും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ഫാസ്റ്റ് ഫൂഡ്, ജങ്ക് ഫൂഡ്, കോള പോലെയുള്ള പാനീയങ്ങൾ, എണ്ണയിൽ പൊരിച്ച വിഭവങ്ങൾ, റെഡ് മീറ്റ്, ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

രാത്രി ഭക്ഷണം എട്ടുമണിക്ക് മുൻപ് കഴിക്കുക. ഹോട്ടൽ ഭക്ഷണം മാസത്തിൽ ഒന്നോ രണ്ടോ തവണ മതി.

Tags:
  • Columns