Saturday 18 January 2020 06:23 PM IST

കഴുത്തിന്റെയും തോളിന്റെയും സമ്മർദവും വേദനയും ഒഴിവാക്കാം; ബാക്‌പായ്ക് ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Dr. B. Padmakumar

Professor Medicine,medical College, Trivandrum

bag-pack977g

തോളുകൾ വഴി പുറത്തേക്ക് തൂക്കിയിട്ടിരിക്കുന്ന ബാക്‌പായ്ക്. പാന്റിന്റെ പോക്കറ്റിൽ മൊബൈൽ ഫോൺ. ഇരുചെവിയിലും തിരുകി, ഇയർ ഫോൺ. പരിസരം മറന്നുള്ള ധൃതി പിടിച്ച നടത്തം. ന്യുജൻ ചെറുപ്പക്കാരുടെ അടയാളങ്ങളാണിതൊക്കെ.   

ബാക് പായ്ക്കുമിട്ട് കയ്യും വീശി സ്റ്റൈലായി നടക്കാനൊക്കെ നല്ല രസമാണ്. ഒാഫിസിലെത്തി കംപ്യൂട്ടറിനു മുന്നിൽ മണിക്കൂറുകളോളം ഇരിക്കുന്നവരാണ് ഇവരിൽ പലരും. ബാക്‌പായ്ക്കിന്റെ ഭാരവും തുടർന്നുള്ള ദീർഘനേര ഇരിപ്പുമൊക്കെ വിട്ടുമാറാത്ത കഴുത്തുവേദനയ്ക്കു കാരണമാകാം ബാക്പായ്ക് എങ്ങനെ ആരോഗ്യകരമായി ഉപയോഗിക്കാം എന്നു മനസ്സിലാക്കിയാൽ കഴുത്തിന്റെയും തോളിന്റെയും സമ്മർദവും വേദനയും ഒഴിവാക്കാം.

ബാക്‌പായ്ക് പ്രശ്നമാകുന്നുണ്ടോ?

ബാക്‌പായ്ക്കുമിട്ട് നടക്കുമ്പോൾ മുന്നോട്ടു കുനിയേണ്ടി വരാറുണ്ടോ? കഴുത്ത്, തോൾ സന്ധികൾ, നടുവ് തുടങ്ങിയ ഭാഗങ്ങളിൽ വേദന അനുഭവപ്പെടാറുണ്ടോ?  കഴുത്തിനു പുറകിലായി പുകച്ചിലും കൈകളിലേക്കു പടരുന്ന തരത്തിൽ വേദനയും ഉണ്ടാകുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ ബാക്പായ്ക് ഉപയോഗം ആരോഗ്യകരമല്ല.  

ബാക്പായ്ക്കിന്റെ ഭാരം കുറയ്ക്കാനും ശരിയായ രീതിയിൽ ധരിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഭാവിയിൽ നട്ടെല്ലിനും തോൾസന്ധികൾക്കും ഘടനാപരമായ വ്യതിയാനം പോലും ഉണ്ടായെന്നു വരാം.

സാധനങ്ങൾ കുത്തി നിറയ്ക്കുമ്പോൾ

പലപ്പോഴും ബാക്പായ്ക് തുറന്നാൽ ആവശ്യമില്ലാത്ത ഒട്ടേറെ സാധനങ്ങൾ കുത്തി നിറച്ചതായി കാണാം.  ബാഗിന്റെ അമിത ഭാരമാണു തോളിന് സമ്മർദമുണ്ടാക്കുന്നത്. ഭാരമേറിയ ബാഗ് തോളിൽ തൂക്കിയിട്ട് ടൂവീലറിലും ബസിലും യാത്ര ചെയ്യുമ്പോൾ വാഹനത്തിന്റെ കുലുക്കമനുസരിച്ച് ബാഗിനും കുലുക്കമുണ്ടാകും.   ഭാരക്കൂടുതലുള്ള ബാഗാണെങ്കിൽ ഇങ്ങനെയുള്ള ചലനങ്ങൾ തോളിനും കഴുത്തിനും സ്ട്രെയിൻ ഉണ്ടാക്കാം.  സെർവിക്കൽ സ്പോണ്ടിലോസിസ്  പോലുള്ള  കശേരുക്കളുടെ തേയ്മാന പ്രശ്നമുള്ളവരിൽ വിട്ടുമാറാത്ത കഴുത്തുവേദനയും കൈകൾക്കു തരിപ്പും ബലക്കുറവും ഉണ്ടാകാനുമിടയുണ്ട്.  

ബാഗിൽ അത്യാവശ്യ സാധനങ്ങൾ മാത്രം വയ്ക്കാൻ ശ്രദ്ധിക്കണം. മുഴുവൻ ഭാരവും ഒരു അറയിലായി മാത്രമായി നിറയ്ക്കരുത്. ചെറിയ സാധനങ്ങൾ ബാഗിനു പുറത്തുള്ള ചെറി യ അറകളിൽ സൂക്ഷിക്കാനും ശ്രദ്ധിക്കണം.

എങ്ങനെ ധരിക്കണം

ബാഗിൽ സാധനങ്ങൾ നിറയ്ക്കുമ്പോൾ ഏറ്റവും കൂടുതൽ ഭാരമുള്ള വസ്തു ശരീരത്തോട് ചേർന്നു നിൽക്കുന്ന അറയിൽ വയ്ക്കണം. ബാക്പായ്ക് ഒരു തോളിൽ മാത്രമായി ഇട്ടു നടക്കരുത്. പകരം രണ്ടുവശത്തുമായി സ്ട്രാപ്പ് ഇട്ടുവേണം ധരിക്കാൻ. ബാക്ക് പാക്കുകൾ വാങ്ങുമ്പോ ൾ ഒറ്റ സ്ട്രാപ് മാത്രമുള്ള ബാഗുകൾ ഒഴിവാക്കണം. ബാക്പായ്ക് ധരിക്കുമ്പോൾ ബാഗ് ശരീരത്തോട്  ചേർന്നിരിക്കുന്ന തരത്തിൽ സ്ട്രാപ്പുകൾ ക്രമീകരിക്കണം. ബാഗ് വയറിനോടു ചേർന്നു കെട്ടാ വുന്ന വെയ്സ്റ്റ് സ്ട്രാപ്പും ഹിപ് സ്ട്രാപ്പും കൂടി ധരിക്കാനും ശ്രദ്ധിക്കണം.

കുട്ടികളുടെ ബാഗ്

കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം അമിതമാകാതെ ശ്രദ്ധിക്കണം. ബാക്പായ് ക്കിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 10 മുതൽ 15 ശതമാനത്തിൽ കൂടുതൽ ആകരുത്. ടൈംടേബിൾ നോക്കി ആവശ്യമുള്ള പുസ്തകങ്ങൾ മാത്രം ഓരോ ദിവസവും സ്കൂളിൽ  കൊണ്ടുപോകാൻ ശ്രദ്ധിക്കണം. ബാക്പായ്ക് വാങ്ങുമ്പോൾ കഴുത്തു മുതൽ ഇടുപ്പിനു തൊട്ടു മുകളിൽ വരെ നീളമുള്ള ബാഗു വേണം വാങ്ങാൻ. കഴുത്തുവേദനയും നടുവേദനയും ഒഴിവാക്കാൻ ഇതു സഹായിക്കും.

Tags:
  • Columns