Saturday 19 November 2022 03:26 PM IST : By സ്വന്തം ലേഖകൻ

പൂക്കളെന്താ പുരുഷൻമാർക്ക് ചേരില്ലേ? മൊറോക്കോയിൽ ഫാഷൻ വസന്തം തീർത്ത് രൺവീർ സിങ്

ranveer-cover

ബോളിവുഡിന്റെ ഫാഷൻ ഐക്കണാണ് രൺ‌വീർ സിങ്. ക്യാമറയ്ക്കു മുന്നിൽ താരം പ്രത്യക്ഷപ്പെടുമ്പോഴൊക്കോയും ഓരോ സ്റ്റൈൽ സ്റ്റേറ്റ്മെന്റുകൾ കൂടിയാണ് പിറവിയെടുക്കുന്നത്. ലോകമെമ്പാടും ഇന്ന് പുരുഷ ദിനം ആഘോഷിക്കുമ്പോൾ ആണഴകിന് പുതുഭാഷ്യം ചമച്ച് രംഗത്തെത്തുകയാണ് ദീപികയുടെ പ്രിയപ്പെട്ടവൻ. പൂക്കളെ പെണ്ണഴകുമായി ചേർത്തുവയ്ക്കുന്ന പതിവ് ഫാഷൻ‌ സങ്കൽപ്പങ്ങൾക്കു വിപരീതമായി കിടിലൻ ലുക്കിലാണ് രൺവീർ രംഗത്തെത്തുന്നത്.

പ്രശസ്ത ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഒരുക്കിയ സ്‌റ്റൈലിഷ് വസ്ത്രങ്ങളാണ് രണ്‍വീര്‍ ധരിച്ചത്. ഫ്ളോറൽ പാറ്റേണുകളാൽ സമ്പന്നമായ റൗണ്ട് നെക്ക് റെഡ് ഷെര്‍വാണിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. കൂട്ടിന് വര്‍ക്കുകളുള്ള ഷൂസും ഡയമണ്ട് കമ്മലുകളും പെയർ ചെയ്തു.

ranveer-1

മറ്റൊരു അവസരത്തിൽ ഇളം നിറത്തിലുള്ള ഫ്ളെയേര്‍ഡ് പാന്റും ബ്രൈറ്റ്-പിങ്ക് പ്രിന്റഡ് ഷര്‍ട്ടും രണ്‍വീര്‍ പരീക്ഷിച്ചു. ഇവയ്‌ക്കൊപ്പം എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത പാദരക്ഷകള്‍, വലിയ സ്റ്റൈലിഷ് ഗ്ലാസ്, ഡയമണ്ട് സ്റ്റഡുകള്‍, നീളമുള്ള ഗോള്‍ഡന്‍ ചെയിനും പെയര്‍ ചെയ്തതോടെ താരം ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ കവര്‍ന്നു.

ആനിമല്‍ പ്രിന്റഡ് ഷര്‍ട്ടും കറുത്ത ഹൈ-റൈസ് പാന്റസും ധരിച്ച് രൺ‌വീർ എത്തിയപ്പോൾ അത് സ്റ്റൈലിന്റെ പുതുഭാഷ്യമായി. സീക്വിന്‍ഡ് സ്ലിംഗ് ബാഗും മാച്ചിങ് പാദരക്ഷകളും താരത്തിന്റെ ഫാഷന്‍ പ്രേമം വിളിച്ചു പറയുന്നതായിരുന്നു. അവസാനം താരം എത്തിയതും രാജകീയ പ്രൗഢിയിലായിരുന്നു. ജ്യോമെട്രിക് പാറ്റേണിലുള്ള ബ്രൗണ്‍-ബ്ലാക്ക് ബന്ദ്ഗാലയിലുള്ള ലുക്കും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ranveer-2

മൊറോക്കോയില്‍ നടന്ന മാരാക്കേച്ച് രാജ്യാന്തര ചലച്ചിത്രമേളയിലെ രണ്‍വീറിന്റെ ചിത്രങ്ങളാണ് പുരുഷ ദിനത്തിൽ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുക്കുന്നത്. ‘എറ്റോയില്‍ ഡി ഓര്‍’ പുരസ്‌കാരം സ്വീകരിക്കാനാണ് അദ്ദേഹം എത്തിയത്. ആ മൊറോക്കൻ യാത്രയില്‍നിരവധി ഫാഷന്‍ പരീക്ഷണങ്ങളും രണ്‍വീർ ഒപ്പം കൂട്ടി.