Monday 16 May 2022 03:05 PM IST

‘ബിസിനസ് എട്ടുനിലയിൽ പൊട്ടിയപ്പോൾ സിനിമയിലേക്കിറങ്ങി’: കോഹ്‍ലിക്കു വരെ കോസ്റ്റ്യൂം തുന്നിയ സുജിത്തിന്റെ കഥ

Delna Sathyaretna

Sub Editor

sujith-costime-designer-21

സൂപ്പർ താരങ്ങൾക്കും അന്യഭാഷാ താരങ്ങൾക്കും പ്രിയങ്കരനായ കോസ്റ്റ്യൂം ഡിസൈനറാകുക അത്ര എളുപ്പമല്ല. വസ്ത്രങ്ങളോ ടും നിറങ്ങളോടും കൂട്ടുകൂടിയും ദേശാന്തര യാത്രകൾ വ ഴിയും നേടിയ അനുഭവസമ്പത്തായിരുന്നു സുജിത് സുധാകരൻ എന്ന ഡിസൈനറുടെ കൈമുതൽ. നൈസർഗികമായ കഴിവുകളും സിനിമാ– സംരംഭ മേഖലകളിലെ കഠിനാധ്വാനവും ആണ് ദേശീയപുരസ്കാരം വരെയുള്ള വിജയകഥയിലേക്ക് സുജിത്തിനെ എത്തിച്ചത്.

‘മരക്കാറി’ലെ കോസ്റ്റ്യൂം ഡിസൈനിനു നേടിയ ദേശീയ അവാർഡിലൂടെയാണ് സുജിത് സുധാകരനെന്ന ഡിസൈനർ അറിയപ്പെടാൻ തുടങ്ങിയത്. അതിനു മുൻപ്?

ആദ്യം ചെയ്ത മലയാള സിനിമ ‘ഒപ്പം’ ആണ്. പിന്നീട് ലൂസിഫർ, മരയ്ക്കാർ, ബ്രോ ഡാഡി അങ്ങനെ നല്ല പ്രോജക്ടുകൾ ചെയ്യാനായി. ഒരേസമയം മൂന്നിൽ കൂടുതല്‍ സിനിമകൾ ഏറ്റെടുക്കാറില്ല. അല്ലെങ്കിൽ ഓരോന്നിനും വേണ്ടത്ര ശ്രദ്ധ നൽകാനാകാതെ വരും. കുറച്ചു സിനിമകൾ ചെയ്യുക, ചെയ്യുന്നതോരോന്നും വ്യത്യസ്തവും മൂല്യവത്തുമാക്കുക, അതാണെന്റെ പോളിസി. പ്രിയദർശന്‍ സാറിന്റെ പുറകേ നടന്നും വഴി തടഞ്ഞുമൊക്കെയാണ് ആദ്യ ചാൻസ് നേടിയെടുത്തത്. എന്റെ വീടിന്റെ അടുത്താണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹം നടക്കാനിറങ്ങുമ്പോൾ വഴിയിൽ കാത്തുനിൽക്കും. ‘പ്രതിഫലമൊന്നും വേണ്ട, അവസരം മാത്രം മതി’ എന്നൊക്കെ പറഞ്ഞാണ് ‘ഒപ്പം’ സിനിമയിൽ അദ്ദേഹത്തോടൊപ്പം കൂടിയത്. അതിനു മുൻപ് പരസ്യങ്ങളാണ് ചെയ്തത്. വിരാട് കോഹ്‍ലിക്കു വേണ്ടിയൊക്കെ കോസ്റ്റ്യൂം ചെയ്യാനായി.

ഡിസൈൻ എത്രത്തോളം സിംപിളാക്കാൻ പറ്റുമോ, അത്രയും നല്ലതെന്നു പറയുന്ന ഡിസൈനർ അപൂർവമല്ലേ?

പണ്ടൊക്കെ ഒരുപാടു പണമുള്ളവരാണ് പുറത്തുപോയി ഭ ക്ഷണമൊക്കെ കഴിക്കുന്നത്. മറ്റുള്ളവർ അവരെക്കൊണ്ടു കഴിയും പോലെ വീട്ടിൽ ലളിതമായി ഭക്ഷണമുണ്ടാക്കും. ഇപ്പോൾ പക്ഷേ, അതാണോ അവസ്ഥ? ചട്ടിയും കലവും ചിരട്ടത്തവിയുമായി സ്റ്റാറ്റസ് സിംബൽസ്. പിന്നിലേക്ക് സഞ്ചരിക്കുകയാണ് നമ്മുടെ ക്ലാസ് സിംബൽസ്.

ഫാഷന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. കാലാവസ്ഥയ്ക്കിണങ്ങിയ സിംപിൾ വസ്ത്രങ്ങളാണ് നല്ലത്. റിലാക്സ് ആകാൻ പറ്റുന്ന ഉടുപ്പുകളേ ഞാനിടാറുള്ളൂ. മാർച്ചിലും ഏപ്രിലിലും പോലും ജാക്കറ്റുമിട്ട് ചിലരെ കാണാറുണ്ട്. കഷ്ടപ്പെട്ടു കൊണ്ടു നടക്കുന്ന സ്റ്റൈൽ സ്റ്റേറ്റ്മെന്റിൽ വലിയ കാര്യമൊന്നുനില്ല.

ഏറ്റവും ബുദ്ധിമുട്ടി കോസ്റ്റ്യൂം ചെയ്തത് ?

മലയാളം സിനിമകളിൽ കോസ്റ്റ്യൂം ചെയ്യാനാണ് എളുപ്പം. തെലുങ്ക്, തമിഴ് സിനിമകളിലും കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. നമ്മുടെ സിനിമകൾ 30 ദിവസം ഷെഡ്യൂളിട്ടാൽ 28 –29 ദിവസം കൊണ്ട് ഷൂട്ട് കഴിയും. മറ്റു പല ഇൻഡസ്ട്രികളിലും പത്തു ദിവസം ഷൂട്ട് കഴിഞ്ഞാൽ ബ്രേക്ക് ആകും. ബ്രേക് കഴിഞ്ഞ് വീണ്ടും ഷൂട്ട്, അങ്ങനെ നീണ്ടു പോകും. ‘മരക്കാറി’ലെ ജോലി നല്ല സ്ട്രെയ്ൻ തന്നിരുന്നു. മരയ്ക്കാറിന്റെ കോസ്റ്റ്യൂം തയാറാക്കാൻ വേണ്ടി 30 പേരാണ് രാത്രിയും പകലുമില്ലാതെ ഒപ്പം പണിയെടുത്തത്. 500 വർഷങ്ങ ൾക്കു മുൻപുള്ള കഥയായതുകൊണ്ട് ഉടുപ്പിലെ തുന്നലുകൾ കൈകൊണ്ടാണ് ചെയ്തത്. അന്നു പാടുപെട്ടതിന്റെ അംഗീകാരമാണ് നാഷനൽ അവാർഡായി വന്നത്.

‘ബ്രോ ഡാഡി’യിലെ വാർഡ്രോബ് ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. ഡബിൾ ഷെയ്ഡ് സാരികളും അരികുകളിൽ സ്കാലപ് ചെയ്ത സാരികളും ശ്രദ്ധിക്കപ്പെട്ടു. ഒഴുകിക്കി ടക്കുന്ന സുഖമുള്ള തുണിയിലാണ് കുർത്ത ചെയ്തെടുത്തത്. അതുപോലെ ഒഴുക്കിനൊത്ത് മൈസൂർ സിൽക് മുണ്ടും അണിയിച്ചു.

വിജയങ്ങൾക്കു മുന്നിൽ ഒരു തോൽവി ഉണ്ടായിരുന്നില്ലേ?

എൻജിനീയറിങ് പഠിക്കാനാണ് ആദ്യം ചേർന്നത്. അതു ശരിയാകില്ലെന്നു തോന്നി ഫാഷൻ ഡിസൈൻ തിരഞ്ഞെടുത്തു. ബെംഗളൂരു വോഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിപ്ലോമ ക ഴിഞ്ഞ് പല ഡിസൈനർമാരുടെ കീഴിൽ ഇന്റേൺഷിപ് ചെയ്തു. യാത്രകളിലൂടെയാണ് ഡൈയിങ്ങും പ്രിന്റിങ്ങും പഠിച്ചത്. ഓരോ സ്ഥലത്തു പോകുമ്പോഴും അവിടുത്തെ ഫാഷൻ രീതികൾ പഠിക്കാറുണ്ട്.

പിന്നീടു സ്വന്തമായി ബിസിനസ് തുടങ്ങി. അത് എട്ടു നിലയിൽ പൊട്ടിയിട്ടാണ് സിനിമകളിലേക്കു കടന്നതും വി ജയിച്ചതും. ആദ്യമൊക്കെ സിനിമകളിലൂടെ കിട്ടുന്ന കാശു മുഴുവൻ യാത്രകൾക്കു വേണ്ടിയാണ് ചെലവിട്ടത്. സ്വതന്ത്രമായി കറങ്ങി നടന്ന് പഠിച്ചതെല്ലാം സിനിമകളിൽ പയറ്റി തെളിഞ്ഞു. ഇപ്പോൾ കോൺലാങ് എന്ന പേരിൽ സ്വന്തമായി ബിസിനസുമുണ്ട്.

യാത്രകൾക്കിടയിൽ കുടുംബത്തെ മിസ് ചെയ്യാറില്ലേ?

തൃശൂർ മണ്ണുത്തിയിലാണ് അച്ഛനുമമ്മയും. ഒരനുജനുമുണ്ട്. ഞങ്ങൾ പഠിക്കുന്ന കാലത്ത് അച്ഛൻ ഗൾഫിലായിരുന്നു. ഇപ്പോൾ കൊച്ചിയിലാണ് എന്റെ താമസവും പ്രൊഡക്ഷൻ യൂണിറ്റുമൊക്കെ. സ്ഥാപനത്തിൽ ജോലി ചെയ്യാനെത്തുന്നവർക്കൊക്കെ ഭക്ഷണം കൊടുക്കും. വീട്ടിൽ ഞങ്ങൾ കഴിക്കുന്ന അതേ ഭക്ഷണം തന്നെ. കുടുംബത്തോടൊപ്പം സ്വസ്ഥതയോടെയിരിക്കുന്നതും ആ രസങ്ങൾ ആസ്വദിക്കുന്നതും ഇപ്പോഴാണ്. വ്യത്യസ്തമായ നല്ല സിനിമകളിൽ ഇനിയും കോസ്റ്റ്യൂം ചെയ്യണം, ബോളിവുഡിലും പേരെടുക്കണം ഇതൊക്കെയാണ് ചെറിയ വലിയ സ്വപ്നങ്ങൾ.

Trends

∙ ആളുകൾ ലേസിലുക് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്റ്റാർച്ചിൽ മുക്കി വടിവൊത്തതാക്കി കോട്ടൻ വസ്ത്രങ്ങൾ ധരിക്കുന്നതൊക്കെ പഴങ്കഥ. ധരിക്കാൻ സുഖമുള്ള, ഒഴുക്കൻ സ്വഭാവമുള്ള സോഫ്റ്റ് കോട്ടൻ ആണ് ഇപ്പോൾ കൂടുതൽപേരും തിരഞ്ഞെടുക്കുന്നത്.

∙ അബ്സ്ട്രാക്റ്റ്, ടൈ ആൻഡ് ഡൈ പോലുള്ള പ്രിന്റുകൾക്ക് നല്ല ഡിമാൻഡാണിപ്പോൾ.

∙ ബെൽബോട്ടവും പാരലൽ ഫിറ്റുമൊക്കെയാണ് പാന്റ്സിലെ കൂൾ ട്രെൻഡ്സ്. കാലിനോട് ഒട്ടിക്കിടക്കുന്ന പാന്റ്സ് ഒൗട്ട് ആയി.

∙ വീതിയേറിയ ബെൽറ്റിന് ആരാധകരേറുന്നു. തൊണ്ണൂറുകളിലെ ബൾക്കി ഷൂസിനും ഫാഷനിൽ ഇടമുണ്ട്.

∙ ക്യൂബൻ കോളറും പ്ലീറ്റഡ് ട്രൗസേഴ്സും പല വിധ പ്രിന്റുകളുമൊക്കെയായി പുരുഷന്മാർക്കും ഇപ്പോൾ ഫാഷൻ ഓപ്ഷൻ നിരവധിയുണ്ട്.

ഡെൽന സത്യരത്ന

ഫോട്ടോ: ബേസിൽ പൗലോ