Monday 25 July 2022 12:29 PM IST

‘എട്ടാംക്ലാസ് മുതലുള്ള എന്റെ മോഹമാണ് ഇവിടെ വരെ എത്തിച്ചത്’; ബോളിവുഡ് താരങ്ങള്‍ മുതൽ നിത അംബാനി വരെ ഫാഷനില്‍ അഭിപ്രായം തേടുന്നത് സ്വാതി കുഞ്ചനോട്...

Roopa Thayabji

Sub Editor

swathi-kunjan77889

ബോളിവുഡ് താരങ്ങള്‍ മുതൽ റിലയൻസ് മേധാവി നിത അംബാനി വരെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതി കുഞ്ചന്റെ അഭിപ്രായമാണ് തേടുന്നത്. നടൻ കുഞ്ചന്റെ മകളാണ് സ്വാതി. 

സ്റ്റൈൽ സ്റ്റൈൽ താൻ...

‘‘അമ്മ സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ ഞാനും ചേച്ചിയും കാത്തിരുന്നത് മിഠായിക്കും ഐസ്ക്രീമിനും വേണ്ടിയല്ല. മിനുസമുള്ള കടലാസിൽ പ്രിന്റ് ചെയ്തു വരുന്ന, സ്റ്റൈലൻ വസ്ത്രങ്ങളണിഞ്ഞ പെൺകുട്ടികളുടെ ചിത്രമുള്ള ഫെമിന മാസികയ്ക്കു വേണ്ടിയായിരുന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ പേജുകൾ തൊട്ടും മണത്തും നോക്കും.

എട്ടാം ക്ലാസ് മുതൽ തന്നെ ഫാഷൻ ടെക്നോളജി പഠിക്കണമെന്ന മോഹം മനസ്സിൽ കയറിയതും അങ്ങനെയാണ്.’’ മലയാളത്തിന്റെ പ്രിയനടൻ കുഞ്ചന്റെയും മേക്കപ് ആർട്ടിസ്റ്റ് ശോഭ കുഞ്ചന്റെയും മകൾ സ്വാതി സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ചുറ്റും ‘സ്റ്റൈൽ സ്റ്റൈല്‍ താൻ...’ എന്ന പാട്ടു മുഴങ്ങും.

‘‘ഞാനും ചേച്ചി ശ്വേതയും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസമുണ്ട്. കോളജിലെ ചേച്ചിയുടെ ഫ്രണ്ട്സ് ഗ്യാങ്ങിൽ പത്തുപേരുണ്ട്. അവരെല്ലാം ഒന്നിനൊന്നു ഫാഷനബിളും. അവരുടെ ഡ്രസ്സുകളാണ് എന്റെ ഉള്ളിലും നല്ല വസ്ത്രങ്ങളോടുള്ള മോഹം ഉണർത്തിയത്.

അമ്മയുടെ സാരിയുടുത്തും ചേച്ചിയുടെ ഡ്രസ്സുകൾ പല തരത്തിൽ മിക്സ് ആൻഡ് മാച്ച് ചെയ്തും കണ്ണാടിക്കു മുന്നിൽ നിന്നു പോസ് ചെയ്യുന്നതായിരുന്നു എന്റെ പ്രധാന വിനോദം. പിന്നെ, തൊട്ടടുത്ത വീട്ടിലെ മോസ്റ്റ് സ്റ്റൈലിഷ് താരത്തെ കുറിച്ചു കൂടി പറയാതെ എന്റെ കുട്ടിക്കാലം തീരില്ല, നമ്മുടെ സ്വന്തം മമ്മൂക്ക. ഈയിടെ റിലീസായ ‘ഭീഷ്മപർവ’ത്തിൽ കറുപ്പുമുണ്ടും നീളൻ മുടിയും ലെതർ  ചെരിപ്പുമിട്ട് മമ്മൂക്ക വന്നപ്പോൾ തിയറ്ററിൽ ഞാൻ എണീറ്റു നിന്നു കയ്യടിച്ചു.

കൊച്ചി ടു മുംബൈ

എട്ടാംക്ലാസ് മുതലുള്ള എന്റെ മോഹമാണ് ഫാഷൻ ടെക്നോളജി പഠിക്കാൻ നിഫ്റ്റിൽ പോണമെന്ന്. നിഫ്റ്റിൽ നിന്ന് മൂന്നാം വർഷത്തിൽ ഇന്റേൺഷിപ് ചെയ്യാൻ ‘ഫെമിന’യിലും പോയി. പഠിത്തം കഴിഞ്ഞ് ദുബായിലെ ഒരു ഫാഷൻ ഫേമിൽ ഫ്രീലാൻസറായി ജോലി ചെയ്യാൻ തുടങ്ങി. ആയിടയ്ക്കാണ് മനീഷ് അറോറ ഷോ ചെയ്യാനായി അവിടെയെത്തിയത്. ആറു മാസക്കാലം നീണ്ട തയാറെടുപ്പുകൾക്കിടെ അദ്ദേഹവുമായി അസോസിയേറ്റ് ചെയ്യാൻ അവസരം കിട്ടി.

പല നാടുകളിൽ നിന്നുള്ള ഫാഷൻ സ്റ്റൈലിസ്റ്റുകളുമായി ജോലി ചെയ്ത അനുഭവവുമായി ഇനിയൊന്നു സെറ്റിൽ ചെയ്യാമെന്ന മോഹത്തോടെ ഞാൻ വീണ്ടും നാട്ടിലെത്തി. അപ്പോഴാണ് ആ പഴയ സ്വപ്നം സത്യമായതുപോലെ ഒരു വിളിയെത്തിയത്. ഫെമിനയിൽ ഫാഷൻ കോർഡിനേറ്റർ ആകാൻ. പക്ഷേ, മുംബൈയിലേക്കു ജോലിക്കു പോകുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛൻ പിണങ്ങി. ജോയിൻ ചെയ്യുന്നതിനു ഒരാഴ്ച മുൻപേ തന്നെ എന്നെയും കൂട്ടി ജോലിസ്ഥലവും താമസിക്കുന്ന വീടുമൊക്കെ കണ്ട് തൃപ്തിയായ ശേഷമാണ് അനുവാദം തന്നത്.

ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ് അക്ഷിത സിങ്ങിനു കീഴിലായിരുന്നു ആദ്യം ജോലി ചെയ്തത്. പിന്നീട് ഹെഡ് സ്റ്റൈലിസ്റ്റ് ആയി. ഫെമിനയുടെ കവർ പേജുകളിൽ വരുന്ന താരങ്ങളെ സ്റ്റൈൽ ചെയ്യുന്നതാണ് ജോലി. ദീപിക പദുക്കോൺ, അദിതി റാവു, സോണാലി ബിന്ദ്രെ... ലിസ്റ്റ് ഇനിയും നീളും.

ഒരിക്കൽ ഷൂട്ടൊക്കെ കഴിഞ്ഞ് നോക്കുമ്പോൾ തിരിച്ചേൽപിക്കേണ്ട ജാക്കറ്റിൽ ഫൗണ്ടേഷന്റെ കറ പറ്റി. ആ കോസ്റ്റ്യൂം തിരികെയെടുക്കാൻ പറ്റില്ല എന്ന് ഷോപ്പുടമ തീർത്തു പറഞ്ഞു. അതിന്റെ കാശ് കയ്യിൽ നിന്നു പോയ വിഷമത്തിൽ അമ്മയെ വിളിച്ചു കരഞ്ഞു, ‘ഈ ജോലി എനിക്കു വേണ്ടാ...’ പക്ഷേ, അതൊരു പാഠമായിരുന്നു. പിന്നീടൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല.

നിത അംബാനി കോളിങ്

ഒരിക്കൽ റിലയൻസ് മേധാവി നിത അംബാനിയെ ഫെമിനയുടെ കവർ പേജാക്കി. അങ്ങനെയാണ് അവരുടെ ഫാഷൻ വിങ് ആയ ഹെർ സർക്കിളിലെ ഫാഷൻ ഹെഡ് ആകാൻ ഓഫർ കിട്ടിയത്. വളരെ ഡൗൺ ടു എർത് ആണ് അവർ. ഓരോ ചടങ്ങിനും എന്തുതരം വേഷം വേണമെന്ന് കൃത്യമായി അവർ പറയും. സ്വന്തം ബ്രാൻഡ് തുടങ്ങണമെന്ന സ്വപ്നം മനസ്സിലുള്ളതു കൊണ്ട് ഇപ്പോൾ ഫ്രീലാൻസ് ആയാണ് ജോലി ചെയ്യുന്നത്.

മലയാളിയുടെ ഫാഷൻ സെൻസ് വളരെ ബോൾഡ് ആൻഡ് ഒതന്റിക് ആണ്. എല്ലാവരും ഭംഗിയുള്ളവരാണ്. ഏറ്റവും പുതിയ ഫാഷൻ അപ്ഡേറ്റ് വന്നെന്നു കരുതി അതു ഫോളോ ചെയ്യണമെന്നു ഞാൻ പറയില്ല. പെഴ്സനാലിറ്റിയെ പ്രതിനിധീകരിക്കുന്ന കംഫർട്ടബിൾ വസ്ത്രമാകണം നിങ്ങളുടെ സ്റ്റൈൽ.

സിനിമ, ഫാഷൻ

പണ്ട് സിനിമയിൽ അച്ഛനെ അടിക്കുന്നതും അച്ഛൻ മരിക്കുന്നതുമൊന്നും എനിക്ക് ഇഷ്ടമില്ലായിരുന്നു. ലേലത്തിലെ സീൻ കണ്ട് കരഞ്ഞുപൊളിച്ചിട്ടുണ്ട്. ‘ഏയ് ഓട്ടോ’ കണ്ട് ത്രില്ലടിച്ച് ഒരിക്കൽ കുരിശുകമ്മലൊക്കെ ഇട്ട് ഞാൻ പുറത്തു പോകാനിറങ്ങി. പക്ഷേ, അച്ഛൻ കണ്ണുരുട്ടി.

അഭിനയിക്കാന്‍ രണ്ടുതവണ അവസരം വന്നെങ്കിലും അച്ഛൻ വിട്ടില്ല. ഇനി വരുന്ന ഓഫറുകളിൽ വേണമെങ്കിൽ ഒരുകൈ നോക്കാം. സിനിമയിലെ സ്റ്റൈലിങ് ചെയ്യാനും ഇഷ്ടമാണ്.’’

Tags:
  • Bollywood Fashion
  • Fashion