Tuesday 07 July 2020 03:15 PM IST

അനു സിത്താര ഇടേണ്ടിയിരുന്ന ആ ഭംഗിയേറിയ ദാവണികൾ ഒടുവിലിട്ടത് അദിതി റാവൂ ഹൈദരി ! ‘സൂഫിയും സുജാതയും’ ദാവണി വിശേഷങ്ങളുമായി സമീറ സനീഷ്

Delna Sathyaretna

Sub Editor

sameera

എംബ്രോയിഡറി ചെയ്ത ഒലിവ് ഗ്രീൻ പാവാടയും പഫ് സ്ലീവുള്ള ബ്ലൗസും. സോളിഡ് ചുവപ്പിലെ പ്ലെയിൻ ദുപ്പട്ടയും ചേർന്ന് ഒരു നാടൻ സുന്ദരിയായി അദിതി നിൽക്കുന്നത് കണ്ടാൽ ആരും കൊതിക്കും ദാവണികൾ കൊണ്ട് അലമാര നിറയ്ക്കാൻ. ജീൻസൊക്കെ അൽപനേരം മാറ്റി വച്ച്, കല്ലുപതിച്ച വെള്ളിക്കൊലുസ് കിലുക്കി നടക്കാനും. കൊറോണക്കാലത്തെ ആമസോൺ റിലീസിലൂടെ ചർച്ചയായ ചിത്രമാണ് സൂഫിയും സുജാതയും. സുജാതയെന്ന ടൈറ്റിൽ റോളിലെത്തിയ അതി സുന്ദരിയാകട്ടെ അദിതി റാവൂ എന്ന ബോളിവുഡ് മോഡലും.

kolussu

രണ്ടു വർഷങ്ങൾക്കു മുൻപ് ചിത്രത്തിന്റെ പ്ലാനിങ് നടക്കുമ്പോൾ, അനു സിത്താരയായിരുന്നു സംവിധായകൻ ഷാനവാസിന്റെ മനസ്സിൽ. പിന്നെ ചിത്രീകരണം നീണ്ടു, അങ്ങനെ ക്ര്യൂവിലും തീയതിയിലുമെല്ലാം മാറ്റങ്ങൾ വന്നു. അദിതി നായികയായെത്തിയതോടെ അവരുടെ സ്റ്റൈലിസ്റ്റ് മുംബൈയിൽ നിന്ന് എത്താമെന്നായി. എന്നാൽ ഷാനവാസിന് സമീറ തന്നെ ചെയ്യണമെന്നുണ്ടായിരുന്നു. ഇരുപത്തി അഞ്ചോളം മനോഹരമായ ദാവണികൾ അങ്ങനെ സമീറ ഡിസൈൻ ചെയ്തു. സിമ്പിൾ കോട്ടണിലാണ് ഈ ദാവണികൾ. പാവാടയിലോ ബ്ലൗസിലോ ഡിസൈൻ വർക്കുകൾ കൊടുത്ത്, ദുപ്പട്ട ഏറ്റവും സിമ്പിൾ ആക്കി നിർത്തുന്ന സ്റ്റൈലിന് ഏറെ ആരാധകപ്രീതിയാണ് ലഭിക്കുന്നത്. അദിതിയെ ഡിസൈനുകൾ കാണിക്കാനും ട്രയൽ നോക്കാനുമായി സമീറ മുംബൈയിൽ പോയി. ട്രയൽ നോക്കിയതോടെ അദിതിയുടെ ആകുലതകൾ എല്ലാം പോയി. ഡിസൈനുകൾ ഒരുപാടിഷ്ടമായി. പിന്നെ വസ്ത്രങ്ങളുടെ കാര്യത്തിൽ അഭിപ്രായ കടന്നു കയറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അദിതിക്കൊപ്പം ആസ്വദിച്ചു സ്റ്റൈലിംഗ് ചെയ്യാൻ സാധിച്ചെന്നും സമീറ പറയുന്നു. വല്യ മോഡലാണെന്ന അഹങ്കാരം തീരെയില്ലാത്ത, പാവം സ്വഭാവമാണ് അദിതിക്കെന്നു സമീറ പറയുന്നു. ക്ര്യൂവിലെ മറ്റുള്ളവർക്കൊപ്പം ഹോംലി മീൽസ് കഴിക്കാൻ വരെ അവർ ഒപ്പം കൂടും. ചിലർക്ക് എന്തിട്ടാലും സൗന്ദര്യമുണ്ടാകുമല്ലോ.. അങ്ങനെയാണ് അദിതിക്ക്. ഏതു ദാവണിയിട്ടാലും ഒടുക്കത്തെ ഭംഗി. അദിതി ഇടുന്ന ആ കല്ലുവച്ച വെള്ളിക്കൊലുസ് എറണാകുളം മുഴുവൻ തിരഞ്ഞു കണ്ടു പിടിച്ചതാണ്. വാങ്ങുമ്പോൾ ആ ഒരൊറ്റ പീസേ ഉണ്ടായിരുന്നുള്ളു. സുജാതക്കൊലുസ് ആരാധികമാർക്ക് ഒരുപാടിഷ്ടമാകുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷം.

Tags:
  • Fashion