Monday 09 August 2021 05:10 PM IST

ഡാൻസായാലും പാട്ടായാലും അഭിനയമായാലും ഡബിൾ ഓക്കേ; ഇന്ത്യയുടെ ‘മുഖശ്രീ’യായി മാറിയ അഞ്ജു കൃഷ്ണ പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

anju-face5

ഡാൻസായാലും പാട്ടായാലും അഭിനയമായാലും റാംപ് വോക്ക് ആയാലും അഞ്ജു ഡബിൾ ഓക്കേയാണ്. ഒന്ന് സ്റ്റാർട് പറയേണ്ട താമസമേ ഉള്ളൂ, കിടിലൻ പെർഫോമൻസുമായി സ്റ്റേജിനെ വരെ ഞെട്ടിച്ചുകളയും. ഈ ചുറുചുറുക്കും ആത്മവിശ്വാസവുമാണ് രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന മിസ് ഫെയ്സ് ഓഫ് ഇന്ത്യ മത്സരത്തിൽ അഞ്ജു കൃഷ്ണ അശോകിനെ വിജയകിരീടം ചൂടിച്ചത്. കോട്ടയം പാമ്പാടി എണ്ണയ്ക്കാപ്പള്ളിൽ അശോക് കുമാറിന്റെയും ഹർഷ വർധിനി ദേവിയുടെയും മകളാണ് അഞ്ജു കൃഷ്ണ അശോക്. കോട്ടയത്തിന്റെ സ്വന്തം ‘മുഖശ്രീ’ ഇന്ത്യയുടെ ‘മുഖശ്രീ’യായ കഥ വനിതാ ഓൺലൈനിലൂടെ പങ്കുവയ്ക്കുകയാണ് അഞ്ജു കൃഷ്ണ.

anju-face3

എല്ലാം ഓൺ ദി സ്പോട്ട് 

മിസ് ഫെയ്സ് ഓഫ് ഇന്ത്യ മത്സരങ്ങൾക്കായി എല്ലാ സംസ്ഥാനത്തും ഓഡിഷൻ നടക്കുന്നുണ്ടായിരുന്നു. കേരളത്തിൽ കൊച്ചിയിൽ വച്ചായിരുന്നു നടന്നത്. ഞാൻ അതിൽ പങ്കെടുത്തു. പെർഫോം ചെയ്യാൻ പറഞ്ഞപ്പോൾ ഓൺ ദി സ്പോട്ട് ആയി ഡാൻസ്, പാട്ട്, അഭിനയം ഒക്കെ കാഴ്ച വച്ചു. എന്റെ സ്മാർട്ട്നസ് അവർക്ക് ഇഷ്ടമായെന്ന് തോന്നുന്നു. അവിടെവച്ചു ഗ്രാന്റ് ഫിനാലെയിലേക്ക് നേരിട്ട് എനിക്ക് സെലക്ഷൻ ലഭിച്ചു.

anju-face4

രാജസ്ഥാനിലെ ജയ്പൂരിലാണ് മിസ് ഫെയ്സ് ഓഫ് ഇന്ത്യ ഗ്രാന്റ് ഫിനാലെ നടന്നത്. ജൂലൈ 28ന് തുടങ്ങി, ആദ്യത്തെ അഞ്ചു ദിവസം ഗ്രൂമിങ് ആയിരുന്നു. ആറാം ദിവസം ഗ്രാൻഡ് ഫിനാലെ. ഓരോ കാറ്റഗറിയിലുമായി 120 മത്സരാർഥികൾ ഉണ്ടായിരുന്നു. മിസ് ഫെയ്സ് ഓഫ് ഇന്ത്യയ്ക്ക് മാത്രമായി 35 പേരും. ഇൻട്രൊഡക്ഷൻ റൗണ്ട്, ടാലന്റ് റൗണ്ട്, റാംപ് വോക്‌ റൗണ്ട്, എത്നിക് വെയർ റൗണ്ട്, വെസ്റ്റേൺ റൗണ്ട് എന്നിങ്ങനെ ഓരോ ദിവസവും പ്രത്യേകം മത്സരങ്ങൾ നടന്നു. 

anju-face2

കേരളീയ സ്റ്റൈലിൽ കച്ചയും മുണ്ടും ധരിച്ചാണ് എത്‍നിക് റൗണ്ടിലെത്തിയത്. സ്റ്റേറ്റ് കോസ്റ്റ്യൂം റൗണ്ടിൽ ലഹങ്കയും വെസ്റ്റേൺ റൗണ്ടിൽ ഗൗണുമായിരുന്നു വേഷം. ഞാൻ സ്വന്തമായി ഡിസൈൻ ചെയ്ത കോസ്റ്റ്യൂം ഇട്ടാണ് ഒരു മത്സരത്തിൽ പങ്കെടുത്തത്. അവസാനം ആയിരുന്നു ചോദ്യോത്തര റൗണ്ട് എത്തിയത്. മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. ഇതുവരെ എത്തിയത് തന്നെ എന്റെ വിജയമല്ലേ എന്ന മറുപടി നൽകി. ജഡ്‌ജസിൽ നിന്ന് പോസിറ്റീവ് റെസ്പോൺസ് ആയിരുന്നു ലഭിച്ചത്. 

അങ്ങനെയാണ് മിസ് ഫെയ്‌സ് ഓഫ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം മിസ് ഫെയ്‌സ് ഓഫ് കേരള എന്ന സബ്‌ടൈറ്റിലും ലഭിച്ചിരുന്നു. 2019 ലെ മിസ് ഇന്ത്യ വേൾഡ് വിന്നറായ സുമൻ റാവുവാണ് എനിക്ക് കിരീടം അണിയിച്ചു തന്നത്. അവരെയൊക്കെ പരിചയപ്പെടാൻ പറ്റിയത് തന്നെ ഭാഗ്യം. 

anju-facc1

ലക്ഷ്യം ഫെമിന മിസ് ഇന്ത്യ

ഇപ്പോൾ മനസ്സിൽ കയറിക്കൂടിയ മോഹമാണ് ഫെമിന മിസ് ഇന്ത്യ. ഒക്ടോബറിൽ അപേക്ഷിക്കാം എന്നാണ് കരുതുന്നത്. അവിടെയും ഓഡിഷൻ എന്ന വലിയ കടമ്പയുണ്ട്. അതുകഴിഞ്ഞേ സെലക്ഷനും മറ്റും ഉണ്ടാകൂ... അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്. മനസ്സും ശരീരവും ഒന്നുകൂടി പാകപ്പെടുത്തിയെടുക്കണം. ബോഡി ഫിറ്റ് ആയിരിക്കണം. ഉടൻതന്നെ യോഗ ട്രെയിനിങ് ആരംഭിക്കണം. മുൻപ് ജിമ്മിൽ സ്ഥിരമായി പോയിരുന്നു. ഇപ്പോൾ ലോക്ക് ഡൗൺ ആയതുകൊണ്ട് അത് മുടങ്ങി.

അധികം ഭക്ഷണം കഴിക്കാത്ത ഒരാളാണ് ഞാൻ. അതുകൊണ്ട് ഇതുവരെ ഡയറ്റൊന്നും ചെയ്യേണ്ടിവന്നിട്ടില്ല. ധാരാളം വെള്ളം കുടിയ്ക്കും. അത്യാവശ്യം ഫിറ്റ്നസ് ശ്രദ്ധിച്ചാണ് മുന്നോട്ടുപോകുന്നത്. എങ്കിലും പെർഫെക്ട് ആകാൻ വേണ്ടിയാണ് യോഗ ചെയ്തു തുടങ്ങുന്നത്.

anju-face8

ബാന്റിലൂടെ അവസരങ്ങൾ 

കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഗേൾസ് ഹൈസ്‌കൂളിലായിരുന്നു 14 വർഷം പഠിച്ചത്. അവിടെ ബാന്റ് ടീമിന്റെ ലീഡർ ആയിരുന്നു. അതെന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തു. ലീഡർഷിപ്പ് ക്വാളിറ്റി, കോൺഫിഡൻസ് ഒക്കെ ബാന്റ് വഴി നേടിയെടുത്ത കഴിവുകളാണ്. സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടതും അതൊക്കെയാണ്. ബാന്റിലൂടെയാണ് എനിക്ക് ആദ്യമായി അവസരങ്ങൾ ലഭിച്ചത്. സ്റ്റേറ്റ് ലെവൽ വിന്നർ ആയതോടെ മലയാള മനോരമയുടെ തൊഴിൽ വീഥിയിൽ കവർ മോഡൽ ആയി. പിന്നീട് വനിതയുടെ ബ്യൂട്ടി ക്വീൻ. 2020 ൽ മിസ് മിലേനിയം ടോപ് മോഡൽ ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ് ആയി തിരഞ്ഞെടുത്തു. 

പ്ലസ് ടു കഴിഞ്ഞതോടെ കോട്ടയം എംഇഎസ് കോളജിൽ ബികോം ചെയ്തു. ഇപ്പോൾ 'ഇമേജി'ൽ ഫാഷൻ ഡിസൈനിങ് പഠിക്കുന്നു. എൽകെജി മുതൽ ഒമ്പതാം ക്ലാസ് വരെ ഞാൻ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ടായിരുന്നു. ഡാൻസ്, ഫാഷൻ ഡിസൈനിങ്, അഭിനയം, മോഡലിങ് എല്ലാം ഒരുപോലെ എനിക്കിഷ്ടമാണ്.

anju-face6

എന്റെ ഫാമിലിയാണ് ഏറ്റവും വലിയ സപ്പോർട്ട്. ഒരിക്കലും അത് ചെയ്യേണ്ട, ഇന്നത് ചെയ്യണം എന്നൊന്നും പറഞ്ഞിട്ടില്ല. എന്റെ പാഷന് അവർ വിലക്ക് കല്പിച്ചിട്ടില്ല, ഒപ്പം നിന്ന് വേണ്ട പിന്തുണ നൽകി. അച്ഛൻ തിരുവനന്തപുരം എൻസിസി ഡയറക്റ്ററേറ്റ് ഓഫിസിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ഓഫിസറാണ്. അമ്മ ഇൻഷൂറൻസിൽ ജോലി ചെയ്യുന്നു. രണ്ടു സഹോദരന്മാർ ഉണ്ട്, അനോജ് കുമാർ, അജയ് കുമാർ. ചേട്ടൻ അജയ് കേരളാ ക്രിക്കറ്റ് ടീമിൽ കളിച്ചിട്ടുണ്ട്.   

സിനിമയിൽ നായിക

‘പ്രതി പൂവൻകോഴി’യിൽ മഞ്ജു ചേച്ചിയ്‌ക്കൊപ്പം അഭിനയിച്ചു. ആ അനുഭവം ഒരിക്കലും മറക്കാൻ പറ്റില്ല. പൂജ കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്ക് ശേഷമായിരുന്നു ഷൂട്ട്. സെറ്റിൽ വച്ച് മഞ്ജു ചേച്ചി എന്റെ പേര് ഓർത്തെടുത്തു വിളിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. ‘സുമേഷ് ആൻഡ് രമേഷ്’ എന്ന പുതിയ സിനിമയിൽ നായികയായി ചെയ്തിട്ടുണ്ട്. അതിന്റെ തിയറ്റർ റിലീസിങ്ങിനായി കാത്തിരിക്കുകയാണ്. 

anju-face7
Tags:
  • Fashion