Friday 20 December 2019 12:10 PM IST : By സ്വന്തം ലേഖകൻ

‘ക്ഷമയോടെ കഠിനാധ്വാനം ചെയ്യണം; ബോഡി ബിൽഡറാകാൻ ഷോർട് കട്ട് ഇല്ല’

mr-universs22

‘മിസ്റ്റർ യൂണിവേഴ്സ് ’ ചിത്തരേഷ് നടേശൻ സംസാരിക്കുന്നു...

മിസ്റ്റർ കൊച്ചി

തിരുവനന്തപുരം ലക്ഷ്മിഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ പഠിക്കുന്ന കാലത്ത് ഹോക്കി ടീം ക്യാപ്റ്റനായിരുന്നു. ഡിഗ്രി കഴിഞ്ഞ് ഡൽഹിക്ക് വണ്ടി കയറി. അവിടെ ഫിറ്റ്നസ് ട്രെയ്നറായി, ഒപ്പം പ്രാക്ടീസും. ഒന്നു രണ്ടു മത്സരങ്ങളിൽ പങ്കെടുത്തെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.

മിസ്റ്റർ ഇന്ത്യ

വർക്ക് ഔട്ട് ചെയ്യുന്നതിലെ ഉത്സാഹവും അച്ചടക്കവുമൊക്കെ കണ്ട് സുഹൃത്തായ സാഗറാണ് പ്രോത്സാഹിപ്പിച്ചത്. ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദാനന്തര ബിരുദമെടുത്തു വന്ന സാഗർ തന്നെ കോച്ചിങ്ങും ഏറ്റെടുത്തു. തൊട്ടടുത്ത വർഷം മിസ്റ്റർ ഡൽഹി പട്ടം നേടി, പിറ്റേ വർഷം മിസ്റ്റർ ഇന്ത്യയുമായി. ഇന്ത്യൻ ബോഡി ബിൽഡേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച മത്സരത്തിൽ നാലു തവണ മിസ്റ്റർ ഇന്ത്യ പട്ടം നേടിയിട്ടുണ്ട്.

മിസ്റ്റർ യൂണിവേഴ്സ്

ആദ്യമായാണ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. 90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടിയതിനു പിന്നാലെ 55– 110 കിലോഗ്രാമിൽ ഒൻപതു ലോകചാംപ്യന്മാരെ പരാജയപ്പെടുത്തിയാണ് മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയത്. സൗത്ത് കൊറിയയിലെ വേദിയിൽ നിൽക്കുമ്പോഴേ അറിയാമായിരുന്നു ഈ വിജയം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഞാനെന്ന്. അച്ഛൻ നടേശനു കൊച്ചി വടുതലയിൽ സ്റ്റേഷനറി കടയാണ്. അമ്മയും രണ്ടു സഹോദരിമാരും ഡൽഹിയിൽ ട്രാൻസലേറ്ററായി ജോലി ചെയ്യുന്ന ഭാര്യ നസീബയുമെല്ലാം എനിക്ക് ഫുൾ സപ്പോർട്ടാണ്.

മിസ്റ്റർ പെർഫക്ട്

ദിവസം മൂന്നു നേരം വർക്കൗട്ട് ചെയ്യും. ചീര ചേർത്ത ഓംലെറ്റ്, ചീസ്, കാർബോഹൈഡ്രേറ്റ് പൗഡർ, പ്രോട്ടീൻ ഷേക്ക്, റൈസ്/ കോൺഫ്ലേക്സ്, ഇറച്ചി/ചിക്കൻ/ മുട്ട/മീൻ, സാലഡ്, എക്സ്ട്രാ വിർജിൻ കോക്കനട് ഓയിൽ, ബട്ടർ ഫ്രൂട്ട്.. ഇതൊക്കെയാണ് മെനു. ഇടയ്ക്കിടെ ഫുഡ് സപ്ലിമെന്റുകളും കഴിക്കും. വയസ്സ് 34 ആയി. ലഹരി ഉപയോഗിക്കില്ല, ആഘോഷങ്ങൾക്കു പോലും ഡയറ്റ് തെറ്റിക്കാറുമില്ല.

Tags:
  • Fashion