എട്ടുവർഷം മുൻപ് ‘സാൾട്ട് സ്റ്റുഡിയോ’ എന്ന സ്വന്തം ബ്രാൻഡിനു വേണ്ടി ദിയ ജോൺ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. മോഡൽ ചെയ്യാൻ ചിരപരിചിതമല്ലാത്ത ഒരു പഴ്സണാലിറ്റി വേണം എന്ന ചിന്തയാണ് അന്നു കനിയുടെ അടുത്തെത്തിച്ചത്. ‘‘അന്നു മുതലുള്ള കൂട്ടാണ് എന്റെ വസ്ത്രങ്ങളെയും കാനിലെത്താൻ സഹായിച്ചത്.’’ ദിയ പറയുന്നു.
‘‘ഒരുക്കങ്ങളുടെ ദിനങ്ങളിൽ കനി ഷൂട്ടിങ് തിരക്കിലായിരുന്നു. അതുകൊണ്ടു പലപ്പോഴും രാത്രി വൈകിയിരുന്നാണു ഡിസൈൻ ചർച്ചകൾ.
തണ്ണിമത്തൻ നിറങ്ങളിൽ ഒരു ബാഗിന്റെ മിനിയേച്ചർ ആദ്യം ചെയ്തു നോക്കി. അതു കൊള്ളാമെന്നു തോന്നി. പക്ഷേ, ഞങ്ങളുടെ വർക് ഷോപ്പിൽ ഇതുവരെ ബാഗ് ഉണ്ടാക്കിയിട്ടില്ല. ടെൻഷനുണ്ടായിരുന്നെങ്കിലും ധൈര്യമായി ചെയ്തു. ഗജ്ജി സിൽക്കിലും മഷ്റൂം സിൽക്കിലുമാണ് ബാഗ് തയ്ച്ചെടുത്തത്. തണ്ണിമത്തൻ ബാഗിന് റെഡ്, യെല്ലോ, ഗ്രീൻ നിറങ്ങൾ ആയതുകൊണ്ട് അതു പിടിച്ചു നിൽക്കുമ്പോൾ ഡ്രസ്സിന് വൈറ്റ് കൊണ്ടുവരാം എന്നു കരുതി.
വസ്ത്രങ്ങളെക്കുറിച്ച് കനിയുടെ കൺസേൺ എ ന്തൊക്കെയാകും എന്നാണ് ആദ്യം ആലോചിച്ചത്. ഒരുപാട് ഡ്രാമ ഉടുപ്പിലുണ്ടാകുന്നത് ഇഷ്ടമില്ലാത്ത ആളാണ്. ഒരിക്കൽ മാത്രം ഉപയോഗിക്കാനായി ഉടുപ്പുകൾ ഉണ്ടാക്കുന്നത് താൽപര്യമില്ലെന്നറിയാം. ക്ലാസ്സി ആൻഡ് മിനിമൽ എന്ന ആശയത്തിലാണു തുടങ്ങിയത്.
സ്റ്റോറിൽ ഉണ്ടായിരുന്ന ഒരു ‘വി’ നെക് ബ്ലൗസ് അണിഞ്ഞു നോക്കുമ്പോൾ അത് നന്നായി ഇണങ്ങുന്നുണ്ട്. അങ്ങനെ വൈറ്റ് കളറിൽ സിൽവർ ത്രെഡ് ഉള്ള മെറ്റീരിയലിൽ വിനെക് ഡ്രസ്സ് തയാറായി.
മുടി കെട്ടിവച്ച് വെള്ളപ്പൂവും ചൂടി വെള്ളപ്പൊട്ടും ധരിക്കാമെന്നും ബാലറ്റ് ഷൂ അണിയാമെന്നും ധാരണയായി. എല്ലാം നന്നായി വന്നെന്നു മാത്രമല്ല, ബാഗ് പിടിച്ച വിരലിലണിഞ്ഞ പേൾ മോതിരം പോലും ഹിറ്റ് ആയി.’’