Saturday 19 June 2021 04:48 PM IST

പ്രായത്തിലൊക്കെ എന്ത്?

Delna Sathyaretna

Sub Editor

D-01

തന്നെത്തന്നെ നോക്കിയിരിക്കുന്ന സെൽഫിക്കണ്ണുകളിലേക്ക് ഉറക്കച്ചടവു മാറാത്ത നോട്ടമെറിഞ്ഞ് അവൾ ഒറ്റയിടി! പിന്നെ സീനാകെ കളറായി. അടിമുടി സുന്ദരിയായി സുരഭിലയായി അവളുടെ ഭാവഭേദങ്ങളും കൊഞ്ചലുകളും സെൽഫിക്കണ്ണിൽ നിറയും. പല സ്റ്റൈലുകളിൽ ഉടുപ്പുകൾ മാറി മാറിയിട്ടവൾ പാറിപ്പറക്കും സ്ക്രീനാകെ. പിന്നെ ഇൻസ്റ്റാഗ്രാമത്തിൽ അവളാണ് അന്നത്തെ താരം. ഇഷ്ടങ്ങളും സ്നേഹങ്ങളുമങ്ങനെ കമന്റ് ബോക്സിലേക്ക് ദിശ തെറ്റാതെ ഒഴുകും.   ചന്നം പിന്നം പെയ്ത് പല തുള്ളി പെരു വെള്ളമാകും പോലെ അവളെ ഫോളോ ചെയ്യുന്നവരുടെ എണ്ണമങ്ങനെ കൂടും. ചിരിപ്പിക്കാനും മൂഡ് കളറാക്കാനും സ്മാർട്ട് ഷോപ്പിങ് എങ്ങനെ വേണം എവിടെ നിന്നു വേണമെന്നുമൊക്കെ പിന്നെ അവളെക്കണ്ട് ജനം പഠിക്കും. ബ്രാന്റുകൾ അവരുടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്താൻ അവളെ കൂട്ടു പിടിക്കും. ഫാഷൻ ഇൻഫ്ലുവൻസര്‍മാരുടെ ജീവിതവും സന്തോഷങ്ങളും ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. പല തരത്തിലുള്ള ക്രിയാത്മക വിഭവങ്ങളിലൂടെ ഹൃദയങ്ങളെ രസിപ്പിക്കുകയും തലച്ചോറിന് പുതിയ വിവരങ്ങളും നൽകുന്നവരാണവർ. പതിനായിരത്തിന് മുകളിൽ ഫോളോവേഴ്സ് ഉള്ളവർക്കാണ് ബ്രാന്റുകൾക്കിടയിൽ ഡിമാന്റ് കൂടുതൽ. ഫാഷൻ ഇൻഫ്ലുവൻസേഴ്സിനെ ശ്രദ്ധിച്ചാൽ, മിക്കവർക്കും യൗവ്വനം മാറിയിട്ടുണ്ടാകില്ല. ചെറുപ്പത്തിന്റെ ചോരത്തിളപ്പിലാണല്ലോ ഫാഷനൊക്കെ കൂടുതലും തലയിൽ കയറുന്നത്.

D-02

പക്ഷേ ഇനി പറഞ്ഞു വരുന്ന രണ്ടു പേരുടെ കാര്യം വ്യത്യസ്തമാണ്. ഹരിയാനക്കാരായ ദമ്പതിമാരാണവർ. ഒരാൾക്ക് പ്രായം 82, മറ്റേയാൾക്ക് 76. രണ്ടാളുടേയും പേരിലൊരു അടിപൊളി ഇൻസ്റ്റാഗ്രാം അക്കൗണ്ടുണ്ട്, മിസ്റ്റർ ആന്‍ഡ് മിസിസ് വർമ്മ എന്ന പേരിൽ. അവിെട പാട്ടും നൃത്തവും കിടിലൻ സ്റ്റൈലുകളുമായി ജീവിതത്തിന്റെ സായന്തനങ്ങൾക്ക് അവർ നിറം പകരുന്നു. അതു കണ്ട്  അനേകം ബ്രാന്റുകളാണ് ഇവരെത്തേടിയെത്തുന്നത്. മിസിസ് വർമ്മയുടെ സാരി സ്റ്റൈലുകൾ കണ്ട് ഇരുപത്തിരണ്ടുകാരിയായ കൊച്ചു മകൾ പറയും, ഇതൊക്കെ ഇത്ര നന്നായി എനിക്കു പോലും ഇടാനാകില്ല. വർമ്മ ദമ്പതികൾ ഒരേ ഷർട്ടും പാന്റ്സും ‌സ്റ്റൈൽ ചെയ്ത് ആർക്കാണ് ലുക്ക് കൂടുതൽ എന്നു വരെ വോട്ടെടുപ്പു നടത്തും. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ നേരമ്പോക്കാണ് ഇന്നീ ദമ്പതികൾക്ക് ഏറെ അംഗീകാരവും സന്തോഷവും നേടിക്കൊടുക്കുന്നത്. വർമ്മയപ്പൂപ്പൻ പണ്ടേ വളരെ ഔട്ട്ഗോയിങ് ആയിരുന്നുവെന്നാണ് കൊച്ചുമകളുടെ അഭിപ്രായം. പക്ഷേ നാളിതു വരെ പാത്തും പതുങ്ങിയുമിരുന്ന അമ്മൂമ്മ ക്യാമറയ്ക്കു മുന്നിൽ ‍ഞെട്ടിച്ചു കളഞ്ഞു. ജീൻസിനു മുകളിൽ സാരി, സാരിയും ട്രെഞ്ച് കോട്ടും ബെൽറ്റും എന്നു വേണ്ട, യുവസുന്ദരിമാർ പോലും കൊതിക്കുന്ന ഗെറ്റപ്പുകളിലാണ് മിസിസ് വർമ്മ!

Tags:
  • Latest Fashion
  • Fashion Tips
  • Fashion
  • Trends