Thursday 28 January 2021 01:56 PM IST

‘കാട്ടിൽ ജീവിക്കുന്ന’ ഒരാളല്ല!‍ ഇത് കാട്ടുവിഭവങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഓർഗാനിക് ഫോട്ടോഷൂട്ട്‍

Priyadharsini Priya

Sub Editor

prakrithi001

വാഴയിലയും പ്ലാവിലയുമൊക്കെ കൊണ്ട് തയാറാക്കിയ ഉടുപ്പുകള്‍ ധരിച്ച നിരവധി ഫോട്ടോഷൂട്ടുകൾ ഇതിനു മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായി പ്രകൃതിയോട് ഇണങ്ങുന്ന ഒരു ഫൊട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സ്മൃതി സൈമണ്‍ എന്ന ഫാഷൻ ഡിസൈനർ. കാടിന്റെ വന്യ സൗന്ദര്യം വസ്ത്രാലങ്കാരത്തിലേക്ക് പകർത്തിയിരിക്കുകയാണ് സൈമൺ. കാട്ടിൽ നിന്നും ശേഖരിച്ച വിവിധതരം പനയോലകൾ, കവുങ്ങിന്റെ ഇലകള്‍, കാറ്റാടി ഇലകള്‍ എന്നിവയാണ് വസ്ത്രങ്ങള്‍ ഒരുക്കാനായി സൈമണ്‍ തിരഞ്ഞെടുത്തത്.  ‘പ്രകൃതി’ എന്നു പേരിട്ടിരിക്കുന്ന വേറിട്ട ഫൊട്ടോഷൂട്ടിനു വേണ്ടിയാണ് കാട്ടുവിഭവങ്ങള്‍ കൊണ്ട് വസ്ത്രങ്ങള്‍ ഒരുക്കിയെടുത്തത്. മനോഹരമായ ഫൊട്ടോഷൂട്ടിന്റെ വിശേഷങ്ങള്‍ വനിത ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് തൃശൂർ വാടാനപ്പള്ളി സ്വദേശിയായ സൈമണ്‍. 

prakrithi004

പ്രകൃതി ഒരുക്കിയ അദ്ഭുതം

തൃശൂർ പോട്ടൂർ വനത്തിൽ വച്ചായിരുന്നു ഷൂട്ട്. പുഴ കടന്ന് മരങ്ങൾക്കിടയിലൂടെ കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കുന്ന തരത്തിലാണ് ഫൊട്ടോഷൂട്ട് ഒരുക്കിയത്. ആദ്യം നന്ദി പറയേണ്ടത് കാടിന്റെ സൗന്ദര്യവും വസ്ത്രങ്ങളുടെ ഭംഗിയും ചോരാതെ ചിത്രങ്ങള്‍ പകർത്തിയ ഫൊട്ടോഗ്രഫര്‍ ജസ്റ്റിൻ ജെയിംസിനാണ്. ഞാനും എന്റെ സഹായി ഷെറിൻ പ്രിന്സനും ചേർന്നാണ് ഇലകള്‍ കൊണ്ട് വസ്ത്രങ്ങള്‍ തുന്നിയെടുത്തത്. 

prakrithi007

ഇതിനുമുൻപും തീം പ്രകാരമുള്ള വസ്ത്രങ്ങൾ ഞാൻ ഒരുക്കിയിട്ടുണ്ട്. ദീപാവലിയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ സ്റ്റൈലിൽ വസ്ത്രങ്ങൾ ഒരുക്കിയത് വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നീട് പത്രങ്ങൾ കൊണ്ട് വസ്ത്രം ഒരുക്കി. മൂന്നാമതായാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എന്ന കോൺസപ്റ്റിൽ വസ്ത്രം ഒരുക്കിയാലോ എന്ന ഐഡിയ തോന്നിയത്. ആദ്യം ബോഡി പെയിന്റിങ് ചെയ്യാമെന്നാണ് ചിന്തിച്ചത്. പിന്നീട് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇലകൾ കൊണ്ട് വസ്ത്രം ഒരുക്കാം എന്ന് തീരുമാനിച്ചത്. 

prakrithi002

അതിരാവിലെയുള്ള ഷൂട്ടിങ് സമയവും സ്ഥലവും ഇലകൾ വാടുന്നതുമൊക്കെ വെല്ലുവിളിയായിരുന്നു. പുലർച്ചെ അഞ്ചിന് എത്തിയാലാണ് ആറിന് കാട് കയറാൻ കഴിയുക. പിന്നെ മേക്കപ്പ് എല്ലാം കഴിഞ്ഞാണ് കോസ്റ്റ്യൂം ഇട്ട് നില്‍ക്കേണ്ടത്. ആറേഴു മണിക്കൂര്‍ എടുത്തായിരുന്നു ഫൊട്ടോഷൂട്ട്. മേക്കപ്പ് കഴിഞ്ഞപ്പോഴേക്കും മുൻപ് തയാറാക്കി വച്ചിരുന്ന ഇലയുടുപ്പുകളൊക്കെ ഡ്രൈ ആയിപ്പോയിരുന്നു. അതിന്റെ ഫ്രഷ്നസ്‌ നഷ്ടപ്പെട്ടതോടെ കാട്ടിൽ നിന്ന് ശേഖരിച്ച ഇലകൾ കൊണ്ട് പെട്ടെന്ന് വസ്ത്രങ്ങൾ നെയ്തെടുക്കുകയായിരുന്നു. താമരയിലയും കടച്ചക്കയുടെ ഇല കൊണ്ടുള്ള വസ്ത്രങ്ങളാണ് തയാറാക്കി കൊണ്ടുവന്നിരുന്നത്. അത് ഉപയോഗിക്കാൻ പറ്റാതായതോടെ കാട്ടിൽ നിന്ന് ശേഖരിച്ച പനയോല, കവുങ്ങ്, കാറ്റാടി കൊണ്ട് പുതിയ വസ്ത്രങ്ങൾ ഒരുക്കിയെടുത്തു. 

prakrithi003

നാലു കോസ്റ്റ്യൂം ആണ് ഉണ്ടായിരുന്നത്. ഒന്നര മണിക്കൂർ എടുത്താണ് തുന്നിയെടുത്തത്. കിട്ടിയ ഇലകൾ കൊണ്ടാണ് കിരീടം ഒക്കെ ഒരുക്കിയത്. ആർട്ടിഫിഷ്യൽ ആയി ഒന്നും ഉപയോഗിച്ചിട്ടില്ല. ആതിര, ശ്രീദേവി വേണുഗോപാൽ എന്നിവരാണ് മോഡലുകള്‍. ഇവരെ മനോഹരമായി അണിയിച്ചൊരുക്കിയത് പ്രഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റായ സിന്ധു പ്രദീപ് ആണ്. ശരീരത്തില്‍ ഇലയും പൂക്കളും പെയിന്റിങ് ചെയ്തത് സംഗീതയാണ്. ഒപ്പം മറ്റു സാങ്കേതിക പ്രവർത്തകരായ വിലാസ് ഇഷ്ടം, ജിതിൻ പുലിക്കോട്ടിൽ എന്നിവരും ഞങ്ങളോടൊപ്പം പങ്കുചേർന്നു.

prakrithi005

അടുത്തത് ‘തൂവൽസ്പർശം’

ഞാൻ പത്തു വർഷമായി കോസ്റ്റ്യൂം ഡിസൈനർ ആയി ജോലി ചെയ്യുന്നു. ഒപ്പം ഫാഷൻ ഡിസൈനിങ് കോളജിൽ പഠിപ്പിക്കുന്നുമുണ്ട്. അടുത്ത ഫൊട്ടോഷൂട്ടിനായി വസ്ത്രങ്ങൾ ഒരുക്കുന്നത് കോഴിത്തൂവൽ കൊണ്ടാണ്. അതിനായി കോഴിത്തൂവൽ ഷാമ്പൂ ഉപയോഗിച്ചു കഴുകി വൃത്തിയാക്കി എടുത്താണ് വസ്ത്രങ്ങൾ ഒരുക്കുന്നത്. ഏകദേശം അതിന്റെ ജോലികളൊക്കെ തീർന്നു. വസ്ത്രങ്ങൾ ഒരുക്കി, ഫൊട്ടോഷൂട്ട് ചെയ്തിട്ടില്ല. കുറേമുൻപ് വാഴനാരു കൊണ്ട് സാരികളും വസ്ത്രങ്ങളും ഒക്കെ ഒരുക്കിയിരുന്നു. മ്യൂറൽ പെയിന്റിങ് ചെയ്താണ് സാരികളൊക്കെ ഒരുക്കിയിരുന്നത്. പക്ഷെ, ജോലിയും ചിലവും കൂടുതലും തുച്ഛമായ വിലയുമായിരുന്നു വസ്ത്രങ്ങൾക്ക് ലഭിച്ചിരുന്നത്. സാമ്പത്തികമായി പരാജയപ്പെട്ടതോടെ അത് നിർത്തി. എങ്കിലും തുടർന്നും പുതുമയുള്ള വസ്ത്രങ്ങൾ ഒരുക്കണം എന്നുതന്നെയാണ് ആഗ്രഹം. ആരും ചിന്തിക്കാത്ത രീതിയിൽ, മികച്ച വിഷയങ്ങൾ കണ്ടെത്തി മനോഹരമായി അവതരിപ്പിക്കണം.  

1.

prakrithi008

2.

prakrithi0011

3.

prakrithi006

4.

prakrithi009

5.

saiin445
ഫൊട്ടോഗ്രഫർ ജസ്റ്റിൻ ജെയിംസ്

6.

prakk445
വസ്ത്രങ്ങൾ ഒരുക്കിയ സ്മൃതി സൈമണ്‍, ഷെറിൻ പ്രിൻസൺ, മേക്കപ്പ് ആർട്ടിസ്റ്റ് സിന്ധു പ്രദീപ് എന്നിവർ.
Tags:
  • Fashion