Wednesday 25 November 2020 03:35 PM IST : By സ്വന്തം ലേഖകൻ

വസ്ത്രം ഒരുക്കാൻ വേണ്ടിവന്നത് 700 മാങ്ങകൾ; ‘വിത്തിൽ’ നിന്നൊരു അടിപൊളി ഗൗണ്‍! പതിനേഴുകാരിയുടെ ഫാഷൻ വൈറൽ

mangoseed-gown667

പല ഡിസൈനിലും നിറത്തിലുമുള്ള ഗൗണുകൾ കാണാറുണ്ട്. എന്നാൽ ഇതുപോലൊരു പരീക്ഷണം ആദ്യമായിട്ടാകും. ഫാഷൻ സങ്കൽപ്പങ്ങളെ തന്നെ മാറ്റി മറിച്ച ഒരു ഗൗൺ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബെയ്ജ് - സ്വർണ്ണ നിറത്തിലുള്ള ഗൗൺ അതിമനോഹരമാണ്. ഒപ്പം മീനിന്റെ ചെതുമ്പലുകൾ പോലുള്ള ഡിസൈൻ കൂടുതൽ ആകർഷണീയവും. സൂക്ഷിച്ചു നോക്കിയാൽ വസ്ത്രം നിർമ്മിച്ചിരിക്കുന്ന വസ്തു ആരെയും അദ്‌ഭുതപ്പെടുത്തും. മാങ്ങയുടെ വിത്ത് കൊണ്ടാണ് ഗൗൺ ഒരുക്കിയിരിക്കുന്നത്. 

mangoseed445676

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് സ്വദേശിനിയായ ജസീക്ക കോളിന്‍സ് എന്ന പതിനേഴുകാരിയാണ് മാങ്ങയുടെ വിത്ത് കൊണ്ട് അടിപൊളി ഗൗൺ സ്വന്തമായി ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരിക്കലും മാങ്ങയുടെ വിത്താണെന്ന് തോന്നാത്ത രീതിയിലാണ് ഗൗണ്‍ തുന്നിയെടുത്തിരിക്കുന്നത്. തോടുകള്‍ ഉണക്കിയെടുത്തു അവയില്‍ വ്യത്യസ്ത നിറങ്ങള്‍ നല്‍കാനായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. പിന്നീട് സ്വാഭാവിക നിറം തന്നെ ഉപയോഗപ്പെടുത്താൻ ജസീക്ക തീരുമാനിക്കുകയായിരുന്നു.

mangoseedgg2

ഓസ്‌ട്രേലിയയില്‍ വേനല്‍ക്കാലത്ത് വിളയുന്ന കലിപ്‌സോ മാങ്ങയാണ് ഗൗണ്‍ തുന്നാനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 700 ഓളം മാങ്ങകൾ ഗൗൺ ഒരുക്കാനായി ഉപയോഗിച്ചു. മാങ്ങ വിത്തിന്റെ പുറന്തോടുകള്‍ മാത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായി ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി പ്രോജക്റ്റിനു വേണ്ടിയാണ് ജസീക്ക വസ്ത്രം ഒരുക്കിയത്. മാതാപിതാക്കൾക്ക് സ്വന്തമായി മാംഗോ ഫാം ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് താൻ മുതിർന്നതെന്ന് ജസീക്ക പറയുന്നു.

Tags:
  • Fashion