Friday 02 February 2018 04:18 PM IST : By നിഷ്ഠ ഗാന്ധി

അതിനുശേഷം മാനുഷിക്ക് ഒരു പേരിട്ടു, ‘മിസ്. ബോംബ്ഷെൽ’

manushi-vani1

17 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം തിരികെ എത്തിച്ച മാനുഷി ഛില്ലറെ കുറിച്ച് പ്രിയപ്പെട്ടവർ സംസാരിക്കുന്നു..

റോത്തക്കിലെ മാനുഷി ഛില്ലറിന്റെ അമ്മവീട്ടിൽ ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല. മാനുഷിയുടെ അച്ഛൻ മിത്രാ ബസുവും അമ്മ നീലം ഛില്ലറും അതിഥികളെ സ്വീകരിച്ചും സംസാരിച്ചും സന്തോഷം പങ്കുവയ്ക്കുന്നു. ഇപ്പോഴും നിലയ്ക്കാതെ എത്തുന്ന ആശംസകൾക്ക് മറുപടി നൽകുന്ന തിരക്കിലാണ് മാനുഷിയുടെ അമ്മയുടെ മാതാപിതാക്കളായ ചന്ദ്രസിംഗ് സെഹ്റാവതും സാവിത്രി സെഹ്റാവതും. തിരക്കുകൾക്കിടയിൽ നിന്നു മാനുഷിയുടെ കുടുംബാംഗങ്ങൾ സംസാരിക്കാനിരുന്നപ്പോൾ ചന്ദ്രസിംഗ് സെഹ്റാവത് പറഞ്ഞു തുടങ്ങിയത് ഇങ്ങനെ, ‘‘കുട്ടിക്കാലം മുതൽക്കേ മാനുഷിക്ക് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. അവളുടെ സന്തോഷമാണ് എന്നും ഞങ്ങളുടെ വിജയം.’’ 108 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളി 17 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം തിരികെയെത്തിച്ച ഇരുപതുകാരിയായ മാനുഷി ഛില്ലറെ കുറിച്ച് പ്രിയപ്പെട്ടവർ സംസാരിക്കുന്നു.

മുത്തശ്ശിയുടെ ദാൽ ബേഠി

‘‘റോത്തക്കിന് അടുത്തുള്ള സോനിപടിലെ ഭഗത്ഫൂൽ സിങ് ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് മാനുഷി പഠിക്കുന്നത്. ഹോസ്റ്റലിൽ നിന്ന് എല്ലാ ആഴ്ചയും അവളെത്തുന്നത് ദാൽ കറി കഴിക്കാനാണ്. മത്സരത്തിന്റെ തയാറെടുപ്പുകൾ ഉണ്ടായിരുന്നതിനാൽ കുറച്ചുനാൾ അവൾക്ക് തിരക്കായിരുന്നു. ആ സമയത്ത് വീട്ടിലേക്ക് വരാൻ പറ്റാതെ സങ്കടപ്പെട്ടു ഫോൺ ചെയ്യുമായിരുന്നു. കട്ട് ചെയ്യും മുമ്പ് ഒന്നു ചോദിക്കാൻ മറക്കില്ല, ഇന്നു ഭക്ഷണത്തിന് എന്തായിരുന്നു കറികൾ? ഇവിടേക്ക് വരാൻ സമയമില്ലാതിരുന്ന മാനുഷിയെ കാണാൻ ഞങ്ങൾ ഡൽഹിയിലേക്ക് പോയിരുന്നു,’’ സാവിത്രി സെഹ്റാവത് പറയുന്നു.

ചൈനയിൽ നടന്ന ലോകസുന്ദരി മത്സരത്തിന്റെ ഫൈനൽ തത്സമയം ടെലിവിഷനിൽ കണ്ടപ്പോൾ ചെറിയ ടെൻഷനുണ്ടായിരുന്നുവെന്ന് ചന്ദ്രസിംഗ് സെഹ്റാവത്. ‘‘അവസാന റൗണ്ടിലെ അഞ്ചുപേര്‍ക്കും  വിജയപ്രതീക്ഷ സമാസമമായിരുന്നു. സെക്കൻഡ് റണ്ണർ അപ്പിനെ പ്രഖ്യാപിച്ചു, മിസ് ഇംഗ്ലണ്ട്. ഫസ്റ്റ് റണ്ണർഅപ്പായത് മിസ് മെക്സിക്കോ. ആ പ്രഖ്യാപനമുണ്ടാകും മുമ്പ് ഞാൻ ഒരു നിമിഷം കണ്ണടച്ചു പ്രാർഥിച്ചു. വ ളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ പുഞ്ചിരിയോടെ ഓടിനട ന്നിരുന്ന മാനുഷിയുടെ മുഖമായിരുന്നു മനസ്സിൽ. അപ്പോഴാ ണ് വിജയിയെ പ്രഖ്യാപിച്ചത്, ‘മിസ് വേൾഡ് 2017 ഈസ് മിസ് ഇന്ത്യ മാനുഷി ഛില്ലർ.’ ഈ നേട്ടത്തിലൂടെ മാനുഷി സൗന്ദര്യത്തിന്റെ റാണി മാത്രമല്ല ആയത്, സ്വപ്നങ്ങളുടെ നെറുകയിൽ നിന്നാണ് അവൾ കിരീടം ചൂടിയത്.

manushi-vani4

പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നേടാൻ പോലും അനുവാദമില്ലാത്ത നാടായിരുന്നു ഇത്. മാനുഷിയുടെ അമ്മ നീലം ഛില്ലർ പഠിക്കാൻ മിടുക്കിയായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലീഡ് സയൻസസിൽ ന്യൂറോ കെമിസ്ട്രി വിഭാഗം മേധാവിയാണ് നീലം ഇപ്പോൾ. മാനുഷിയുടെ അച്ഛൻ ഡോ. മിത്രാ ബസു ഛില്ലർ സയന്റിസ്റ്റാണ്. ദുരഭിമാന കൊലപാതകങ്ങളും പെൺഭ്രൂണഹത്യയും ഖാപ് പഞ്ചായത്തുമടക്കം പെൺകുട്ടികളുടെ ചിറകുകൾക്ക് പറക്കാനനുവാദമില്ലാത്ത ഹരിയാനയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് മാനുഷി ലോകത്തിന്റെ നെറുകയിലെത്തിയത്. നിരവധി പേർക്ക് സ്വപ്നങ്ങളിലേക്കുള്ള പുതിയ പാത തെളിച്ചുനൽകുന്നു ഈ വിജയമെന്നു ഞങ്ങൾക്കറിയാം.’’

ആത്മവിശ്വാസം എന്നും

കുട്ടിക്കാലം മുതലേ ആത്മവിശ്വാസമുള്ള കുട്ടിയായിരുന്നു മാനുഷിയെന്ന് സാവിത്രി സെഹ്റാവത്. ‘‘മത്സരത്തിനു മുമ്പ് ഫോണിൽ സംസാരിക്കുമ്പോൾ ഒട്ടും ടെൻഷനടിക്കരുതെന്നു ഞാൻ മാനുഷിയോടു പറഞ്ഞിരുന്നു. അവളുടെ മറുപടി ഇങ്ങനെയായിരുന്നു, ‘ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല, ഞാൻ ലോകസുന്ദരി പട്ടം നേടിയിരിക്കും.’ മത്സരത്തിനായി ചൈനയിലേക്ക് പോകും മുമ്പ് ഹരിയാന മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴും മാനുഷി ഈ ഉറപ്പു നൽകിയിരുന്നു. വിജയവാർത്ത പുറത്തുവന്നതു മുതൽ ഇവിടേക്ക് ബന്ധുക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഒഴുക്കായിരുന്നു. എല്ലാവർക്കും മധുരം നൽകി. അവളെക്കാൾ ഞങ്ങളാണ് ഇത് ആസ്വദിക്കുന്നത്.’’

കലാപരമായ കഴിവുകൾ ചെറിയ പ്രായത്തിൽ തന്നെ പ്രകടിപ്പിച്ചിരുന്ന മാനുഷി പഠിക്കാനും മിടുക്കിയാണെന്ന് ഡോ. മിത്ര ബസു പറയുന്നു. ‘‘മനസ്സിലൊന്ന് ഉറപ്പിച്ചാൽ അത് കൈയെത്തിപ്പിടിക്കാനായി കഠിനാധ്വാനം ചെയ്യാൻ അവൾക്കു യാതൊരു മടിയുമില്ലായിരുന്നു. പല കാര്യങ്ങളും സ്വയം പഠിച്ചെടുക്കാൻ അവൾ മിടുക്കിയാണ്. പഴയൊരു സംഭവം പറയാം. മാനുഷിക്ക് രണ്ടോ മൂന്നോ വയസ്സാണ് പ്രായം. അ വളുടെ അമ്മ ഒരു പെയിന്റിങ് കിറ്റ് സമ്മാനിച്ചു. ആദ്യമൊക്കെ വെറുതെ ചായം ചാലിക്കും. പിന്നീട് ചില രൂപങ്ങളൊക്കെ വ രയ്ക്കാൻ തുടങ്ങി. വരച്ചുവരച്ച് സ്കൂളിലേക്കെത്തിയപ്പോൾ ബ്രഷും പെയിന്റും മാനുഷിക്ക് നന്നായി വഴങ്ങി. ഇപ്പോൾ ന ല്ലൊരു ചിത്രകാരി മാത്രമല്ല, നർത്തകിയും  മാർഷ്യൽ ആർട്സ് പേഴ്സനുമാണ് മാനുഷി. മോഡലിങ്ങായിരുന്നു അവളുടെ പാഷൻ. നൃത്തം, കായികം, സാമൂഹിക സേവനം തുടങ്ങിയവ യൊക്കെ അവൾക്ക് പ്രിയപ്പെട്ട രംഗങ്ങളാണ്.’’

പെൺമക്കളുള്ള എല്ലാ അച്ഛനമ്മമാർക്കും ഈ വിജയം പ്രചോദനമാകുമെന്ന് നീലം ഛില്ലർ. ‘‘ഫൈനൽ മത്സരത്തിലെ മാനുഷിയുടെ ഉത്തരം കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി. എ ല്ലാ അച്ഛനമ്മമാരും മക്കളുടെ വിജയത്തിനു വേണ്ടതെല്ലാം ചെയ്യും. ഇക്കാര്യത്തിൽ ഞാനെന്തെങ്കിലും അധികമായി ചെ യ്തു എന്നു തോന്നുന്നില്ല. അവളുടെ വിജയത്തിനു പിന്നിൽ തുടക്കം മുതൽ നിൽക്കാനായതിൽ അഭിമാനം തോന്നുന്നു. മ നസ്സു മോഹിക്കുന്നത് ചെയ്യണം  എന്നാണ് അവളോടു ചെറുപ്പത്തിലേ പറഞ്ഞുകൊടുത്തത്. അതിനു കൂട്ടായി എന്നുമുണ്ടാകുമെന്നും. മാനുഷിയുടെ ചേച്ചി ദേവാംഗനയ്ക്കും അനിയൻ ദാൽമിത്രയ്ക്കും ഞാൻ സുഹൃത്താണ്.

PTI12_3_2017_000095B

പെൺമക്കളുള്ള എല്ലാ അച്ഛനമ്മമാരോടും ഒരു അപേ ക്ഷയുണ്ട്, നിങ്ങളുടെ മക്കളിൽ വിശ്വാസമർപ്പിക്കണം, അവ രുടെ കാഴ്ചപ്പാടുകളെ ഉൾക്കൊള്ളണം. ഈ തലമുറയിലെ പെൺകുട്ടികൾക്ക് വേണ്ടത്ര തന്റേടവും ബുദ്ധിയും ഭാവനയുമു ണ്ട്. പണമായി മാത്രമല്ല അവർക്ക് പിന്തുണ നൽകാനാകുക, സ്നേഹം, ഉറപ്പ്, അനുഗ്രഹത്തിന്റെ ഒരു നറുസ്പർശം, അവർക്കു വേണ്ടി ചെലവാക്കുന്ന നല്ല നിമിഷങ്ങൾ... ഇതൊക്കെ അ വർക്കു വേണം. സ്നേഹത്തോടെ നൽകുന്ന ഒരു ചിരിയും, ആ ചിരിക്കു പിന്നിലുള്ള വിശ്വാസവും മതിയാകും അവൾക്ക് ഉയരങ്ങളിലേക്കെത്താൻ.’’

‘മിസ് ബോംബ്ഷെൽ’ മാനുഷി

ഭഗത്ഫൂൽ സിങ് ഗവൺമെന്റ് മെഡിക്കൽ കോളജിൽ മാനുഷിയുടെ അധ്യാപകനായ ഡോ. മൻജീത് ഭിഷ്ടിന് പ്രിയവിദ്യാർഥിനിയെ കുറിച്ചു പറയുമ്പോൾ നൂറു നാവാണ്. ‘‘ഏറ്റവും അഭിമാനത്തോടെയാണ് ഇപ്പോൾ എല്ലാവരും മാനുഷിയെ കുറിച്ച് സംസാരിക്കുന്നത്. മറ്റു കുട്ടികളെ പോലെയല്ല മാനുഷി. ഏ റ്റവും മികച്ച പത്തു വിദ്യാർഥികളുടെ ലിസ്റ്റിൽ എപ്പോഴും അവളുണ്ടാകും. ലോകസുന്ദരി മത്സരത്തിലുടനീളവും തന്റെ മുൻതൂക്കം മാനുഷി ഉറപ്പിച്ചിരുന്നത് ഓർക്കുന്നില്ലേ. കഴിഞ്ഞ പത്തുവർഷമായി ഹരിയാനയിലേക്ക് പെൺകുട്ടികൾ നേട്ടങ്ങൾ കൊണ്ടുവരുന്നുണ്ട്.

പഠനത്തിന്റെ തിരക്കിനിടയിലും ലോകസുന്ദരി മത്സരത്തിന്റെ തയാറെടുപ്പുകൾ എങ്ങനെയാണ് അവൾ പൂർത്തിയാക്കിയതെന്ന് ആലോചിച്ച് ഞാൻ അതിശയിക്കുന്നു. കഠിനാധ്വാനവും  അർപ്പണ മനോഭാവവും അവളെ കണ്ടു പഠിക്കണം. ‘ബ്യൂട്ടി വിത് ബ്രെയിൻ’ എന്നൊക്കെ പറയാറില്ലേ, അത് മാനു ഷിയാണ്. കോളജിലേക്കെത്തുന്ന മാനുഷിക്ക് സർപ്രൈസ് സ്വീകരണങ്ങളാണ് ഞങ്ങൾ ഒരുക്കുന്നത്.’’

മാനുഷിയുടെ കവിതകളുടെ വലിയ ആരാധികയാണ് റൂമേറ്റായ സ്മൃതി ഖസ. ‘‘അവളുടെ കവിതകൾ വായിക്കാൻ നല്ല രസമാണ്. അമ്മയ്ക്കാണ് എല്ലാ കവിതകളും സമർപ്പിക്കാറുള്ളത്. അമ്മയാണ് അവളുടെ മെന്റർ. എത്ര തിരക്കിട്ടു പഠിക്കു ന്നതിനിടയിലും ഹോസ്റ്റൽ റൂം വൃത്തിയായി അടുക്കിപ്പെറു ക്കുന്നത് അവളാണ്. കാര്യങ്ങൾക്കെല്ലാം ഒരു ചിട്ടയൊക്കെ വേണമെന്നാണ് മാനുഷിയുടെ പക്ഷം.’’

manushi-vani3

കോളജിലെ ഫ്രഷേഴ്സ് ഡേക്ക് മാനുഷി അവതരിപ്പിച്ച ബെല്ലി ഡാൻസ് ഓർത്തെടുത്തത് സഹപാഠിയായ വർഷ ധാക്കയാണ്. ‘‘ക്ലാസിക്കൽ ഡാൻസ് പഠിച്ച മാനുഷി ബെല്ലി ഡാ ൻസ് കളിക്കുമെന്ന് ഞങ്ങളൊന്നും  സ്വപ്നത്തിൽ പോലും ക രുതിയിരുന്നില്ല. യുട്യൂബ് നോക്കി പഠിച്ചാണ് അന്നവൾ എ ത്തിയത്. ആ പരിപാടിക്കു ശേഷം മാനുഷിക്ക് ഞങ്ങളൊരു പേരിട്ടു, ‘മിസ്. ബോംബ്ഷെൽ.’ മോട്ടിഛൂർ ലഡ്ഡുവിന്റെ വ ലിയ ഫാനാണ് അവൾ, പക്ഷേ, ലോകസുന്ദരി മത്സരങ്ങളുടെ തയാറെടുപ്പുകൾക്കായി അത് ഉപേക്ഷിക്കേണ്ടി വന്നു. അവളെത്തിയിട്ടു വേണം വൈകുന്നേരത്തെ പതിവു നടത്തവും ലഡ്ഡു ക്രേസും വീണ്ടും പുറത്തെടുക്കാൻ.

കവിതയെഴുത്തും പെയിന്റിങ്ങും മാത്രമല്ല, നാഷനൽ സ്കൂ ൾ ഓഫ് ഡ്രാമയുടെ ഭാഗമായി നിരവധി തിയറ്റർ ഷോകളുടെ അമരക്കാരിയായിരുന്നു മാനുഷി. കുച്ചിപ്പുടിയിൽ പ്രഗത്ഭരായ രാജാ– രാധാറെഡ്ഡിമാരുടെ ശിഷ്യയാണ്. ഇംഗ്ലിഷ് ഭാഷ മ നോഹരമായി കൈകാര്യം ചെയ്യും. നീന്തൽ, പാരാഗ്ലൈഡിങ്, ബംഗീ ജംപിങ്, സ്കൂബാ ഡൈവിങ് എന്നിവയിലും വിദഗ്ധയാണ് അവൾ.’’

സിനിമ സ്വപ്നമാണ്, പക്ഷേ...

ലോകസുന്ദരി പട്ടം നേടിയ മാനുഷിക്ക് സ്വപ്നസമാനമായ ഒരു ഓഫർ ലഭിച്ചു, സല്‍മാന്‍ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറാനുള്ള അവസരം. പക്ഷേ, മാനുഷിയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ‘‘പഠനം പൂര്‍ത്തിയാക്കാതെ സിനിമയി ലേക്കില്ല. നല്ലൊരു ഡോക്ടറാകണമെങ്കില്‍ നല്ലൊരു അഭിനേതാവ് കൂടിയാകണമെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തൽക്കാലം അഭിനയം ഇല്ലേയില്ല, ആദ്യം മെ ഡിസിന്‍ പഠനം മതി.

സിനിമയിലേക്ക് ഒരിക്കലും വരില്ലെന്നു പറയുന്നില്ല. മിസ്റ്റർ പെർഫെക്‌ഷനിസ്റ്റ് ആമിര്‍ ഖാനൊപ്പം ജോലി ചെയ്യുക എന്റെ സ്വപ്നമാണ്. സമകാലിക പ്രസക്തിയുള്ളതും സാ മൂഹിക പ്രതിബദ്ധതയുള്ളതുമായ ചിത്രങ്ങളാണ് ആമിര്‍ ചെയ്യുന്നത്. എന്നെങ്കിലും സിനിമാരംഗത്ത് എത്തിയാല്‍ ആ മിറിനൊപ്പമാകണമെന്നാണ് ആഗ്രഹം.’’ മാനുഷി പറഞ്ഞു.

manushi-vani2

ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിൽ പഠിക്കുന്ന കാ ലത്ത് മാനുഷിയുടെ സീനിയറായിരുന്ന മുൻ മിസ് ഇന്ത്യ കോയൽ റാണ പറയുന്നതു കേൾക്കൂ. ‘‘ലോകസുന്ദരി മത്സര ത്തിലെ ‘ബ്യൂട്ടി വിത് എ പർപസ്’ വിഭാഗത്തിൽ വിധികർത്താ വായെത്തിയ എന്നെ ‘ദീദീ’ എന്നുവിളിച്ച് കെട്ടിപ്പിടിച്ച് മാ നുഷി ഞെട്ടിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ഒരു വാനിലായിരുന്നു ഞങ്ങൾ രണ്ടുപേരും പോയിരുന്നത്. അന്നുമുതലേ അ നിയത്തി കുട്ടിയായിരുന്നു എനിക്കവൾ.

ഞാൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത കാലത്താണ് ആദ്യമായി ഇങ്ങനെയൊരു മോഹം തോന്നിയതെന്ന് അവൾ പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞുപോയി. മാനുഷിയുടെ വിജയത്തിൽ എനിക്കും അഭിമാനമുണ്ട്. എന്തുകൊണ്ടും അവളാണ് ഈ കിരീടം അർഹിക്കുന്നത്.’’

സ്വപ്നങ്ങളിലേക്ക് ഒരു ചോദ്യത്തിന്റെ ദൂരം

‘‘കഠിനാധ്വാനം ചെയ്യുക, സമയത്ത് ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുക. അവനവനോടു മാത്രമാണ് മത്സരിക്കേ ണ്ടത്. അതു സ്വയം തിരുത്താനും കഴിവുകളെ തേച്ചുമിനുക്കാനും വേണ്ടിയാകണം.’’ മിസ് വേൾഡ് കിരീടം ചൂടിയ ശേഷം മാനുഷി പറഞ്ഞു. ഈ ആത്മവിശ്വാസം കൊണ്ടുത ന്നെ മത്സരത്തിന്റെ അവസാന റൗണ്ടിൽ മാനുഷി വിധികർത്താക്കളെ വിസ്മയിപ്പിച്ചു.

ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലിയേത് എന്നായിരുന്നു ചോദ്യം. ഒരു നിമിഷം പോലുമാലോചിക്കാതെ മാനുഷി മറുപടി നൽകി, ‘‘ഏറ്റവും  ബഹുമാനമർഹിക്കുന്ന ജോലി ചെയ്യുന്നത് അമ്മയാണ്. പ്രതിഫലത്തിലല്ല, തിരി കെ നൽകുന്ന സ്നേഹത്തിലും കരുതലിലുമാണ് കാര്യം. മക്കൾക്കു വേണ്ടി ഏറ്റവും ത്യാഗം സഹിക്കുന്നത് അമ്മയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും അമ്മയാണ്.’’ ഈ മറുപടി കൊണ്ട് മാനുഷി നേടിയത് ഭൂമിയുടെ എല്ലാ കോണിലുമുള്ള അമ്മമാരുടെ സ്നേഹവും അനുഗ്രഹവും കൂടിയാണ്. ഈ മറുപടിയിലൂടെ മാനുഷി ഒരു കാര്യം പറയാതെ പറയുകയായിരുന്നു, എത്ര ഉയരത്തിലേക്കു പറന്നാലും ചിറകുകൾക്ക് കരുത്തു പകരുന്നത് കുടുംബവും അവർ നൽകുന്ന സ്നേഹവുമാണ്. അവിടെ നിന്നു പഠിക്കുന്ന മൂല്യങ്ങളാണ് വിജയത്തിലേക്കുള്ള ചവിട്ടുപടികളാകുന്നത്.

ഗ്രാമ– നഗര വ്യത്യാസമില്ലാതെ സ്ത്രീകളുടെ ആർത്ത വ ശുചിത്വം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ബോധവത്ക രണ പരിപാടികൾ നടത്തിയ മാനുഷി ലോകസുന്ദരി മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് എ പർപസ്’ ടൈറ്റിൽ നേടിയിരുന്നു. മിസ് വേൾഡ് പട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.