Friday 22 November 2019 02:34 PM IST

അന്ന് വനിത കവർ ഗേൾ റണ്ണറപ്പ്, സിനിമകൾ വേണ്ടെന്നു വച്ച് സാൻഡ്ര ചവിട്ടിക്കയറിയത് ഏഷ്യൻ സുന്ദരി പട്ടത്തിലേക്ക്!

Priyadharsini Priya

Senior Content Editor, Vanitha Online

cosmo001

എല്ലാം സ്വപ്നം പോലെ തോന്നുന്നു സാൻഡ്രയ്ക്ക്. സുന്ദരി കിരീടത്തിന് മാറ്റുരയ്ക്കാൻ ഒരുങ്ങുമ്പോൾ അവൾ സ്വയം പറഞ്ഞു, കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി. 300 പേരിൽ നിന്ന് രാജ്യത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അറിയാതെ പറഞ്ഞു പോയി, പെട്ടല്ലോ ഈശ്വരാ... എന്ന്. അടുത്ത ഘട്ടം മലേഷ്യയിലെ ക്വലാലംപുരില്‍. അവിടെ മിസ് കോസ്മോ വേള്‍ഡ് മത്സരത്തിൽ സാൻഡ്രയോട് ഏറ്റുമുട്ടാൻ എത്തിയത് 24 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ. ഒടുവിൽ കഴിവും സൗന്ദര്യവും ഇഴകീറി അളന്നപ്പോൾ കോഴിക്കോട്ട് നിന്നുള്ള ഈ സുന്ദരി സൗന്ദര്യറാണിയായി. 22 വയസ്സുകാരി സാൻഡ്ര സോമനിലൂടെ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യാന്തര സൗന്ദര്യ മത്സരങ്ങളിലൊന്നായ ‘മിസ് കോസ്മോ വേള്‍ഡ് കിരീടം’ അങ്ങനെ ആദ്യമായി ഇന്ത്യയിലേക്ക് പോന്നു. മുന്‍ ലോകസുന്ദരിയായിരുന്ന ക്യാരി ലീ 2016 ലാരംഭിച്ച മിസ് കോസ്‌മോ വേള്‍ഡ് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സൗന്ദര്യമത്സരങ്ങളിലൊന്നാണ്. എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ചായിരുന്നു സാൻഡ്രയുടെ കിരീടധാരണം. മിസ് ടാലന്റ്, മിസ് ഗ്ലാമറസ് ടൈറ്റിലുകൾ സ്വന്തമാക്കിയ ഈ നേട്ടത്തിന് മധുരം കൂടുതലാണ്. മിസ് കോസ്മോ കിരീടമെന്ന നേട്ടത്തിലേക്ക് കടന്നു വന്ന വഴികൾ ‘വനിത ഓൺലൈനോട്’ പങ്കുവയ്ക്കുകയാണ് ഫാഷൻ ഡിസൈനർ കൂടിയായ സാൻഡ്ര.

മുന്നൂറിലൊരാൾ

cosmo3

'മിസ് കോസ്‌മോ വേള്‍ഡ്' മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധി ആവുകയായിരുന്നു ആദ്യത്തെ കടമ്പ. അതിനായി പോർട്ട് ഫോളിയോ അയച്ചു നൽകിയിരുന്നു ആദ്യപടി. മൂന്നുറു പേരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്തവരെ ഓൺലൈൻ വഴി അഭിമുഖം നടത്തിയാണ് എന്നെ തിരഞ്ഞെടുത്തത്. അതിനുശേഷം കോസ്മോ വേൾഡ് ഓർഗനൈസേഷൻ നടത്തിയ മൂന്നോളം അഭിമുഖങ്ങളും ഉണ്ടായിരുന്നു. ഫൈനലായാണ് ഞാൻ ക്വാളിഫൈ ചെയ്തുവെന്ന് അറിയിച്ചത്. അയക്കുന്ന സമയത്ത് എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കിട്ടുകയാണെങ്കിൽ പോകാം എന്നാണ് കരുതിയത്. സെലക്ട് ആയതോടെ കുറച്ചു ടെൻഷനൊക്കെ വന്നു.

'മിസ് കോസ്‌മോ വേള്‍ഡ്' മത്സരത്തിൽ എന്റെ സ്റ്റൈലിംഗ് മുഴുവൻ ചെയ്തത് ‘ദി ഫാഷൻ അഡ്വക്കേറ്റ്’ ഇന്ത്യ എന്ന കമ്പനിയാണ്. മുൻ മിസ് ഇന്ത്യ പൂജ ബിമ്രയുടെ കീഴിലുള്ള കമ്പനിയാണ്. മുംബൈ, ഡൽഹി, കൊൽക്കത്ത, ജയ്‌പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഡിസൈനർമാരാണ് വസ്ത്രങ്ങൾ ഒരുക്കിയത്. ആക്സസറീസും അവിടെ നിന്നായിരുന്നു.

cosmo2

ഓഡിയൻസ് ഹാപ്പി ഞാനും ഹാപ്പി!

വളരെ വലിയൊരു അവസരമാണ് എനിക്ക് കിട്ടിയത്. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. കോച്ചിങ് സമയത്തും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളുമായി ഇടപഴകിയതുമെല്ലാം പുതിയ അനുഭവമായിരുന്നു. 30 ദിവസങ്ങൾ എട്രെയിനിങ് ആൻഡ് ഗ്രൂമിങ് ചെയ്തത് പൂജ ബിമ്രയുടെ അക്കാദമിയായിരുന്നു. മേക്കപ്പ്, ഹെയർസ്റ്റൈൽ, ക്യാറ്റ് വോക്ക്, കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, സ്റ്റേജ് പ്രെസന്റേഷൻ, ഡിസിപ്ലിൻ, പഞ്ച്വാലിറ്റി അങ്ങനെ ഒരുപാട് കാര്യങ്ങൾ അവർ അഭ്യസിപ്പിച്ചു. വ്യക്തിപരമായി പറഞ്ഞാൽ എന്നെ കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി രൂപപ്പെടുത്തിയെടുക്കാൻ ട്രെയിനിങ്ങിലൂടെ കഴിഞ്ഞു.

'മിസ് കോസ്‌മോ വേള്‍ഡ്' നല്ലൊരു എക്സ്പീരിയൻസ് ആകുമെന്ന് അറിയാമായിരുന്നു. പക്ഷെ, വിജയിക്കുമെന്ന അമിത പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നെകൊണ്ട് എത്രമാത്രം ചെയ്യാൻ പറ്റും അത്രത്തോളം കഠിനാധ്വാനം ചെയ്യാം എന്ന് മനസ്സിൽ ഉറപ്പിച്ചു. ഫൈനൽ മത്സരത്തിന് മുന്നോടിയായി സെമിഫിനാലെ പോലെ മിസ് ടാലന്റ് മത്സരം ഉണ്ടായിരുന്നു. മിസ് ടാലന്റിന് വളരെ നല്ല റെസ്പോൺസ് കിട്ടി. അതുകൊണ്ട് ടോപ്പ് എട്ടിലോ, ടോപ്പ് ടെന്നിലോ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷെ, വിന്നർ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

cosmo005

മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, ഫ്യൂഷൺ എന്നിങ്ങനെ ക്ലാസിക്കൽ ഡാൻസ് പെർഫോമൻസ് ആയിരുന്നു മിസ് ടാലന്റിൽ ചെയ്തിരുന്നത്. അതിൽ റണ്ണേഴ്‌സ് അപ്പ് ആയി. അതേദിവസം തന്നെ മിസ് ഗ്ലാമറസ് എന്ന ടൈറ്റിലും വിജയിച്ചിരുന്നു. സൗത്ത് ഇന്ത്യൻ നൃത്തം കാണികളായി എത്തിയവർക്ക് ഒരുപാട് ഇഷ്ടമായി. അവരായിരുന്നു വോട്ട് ചെയ്തിരുന്നത്. അതല്ലാതെ ജഡ്ജസ് ഒന്നുമുണ്ടായിരുന്നില്ല.

എന്നെ മിസ് ഗ്ലാമറസ്‌ ആയി തിരഞ്ഞെടുത്തത് ശരിക്കും അദ്‌ഭുതപ്പെടുത്തി. അവിടെയുള്ള എല്ലാവരും അതീവ ഗ്ലാമറസ് ആയിരുന്നല്ലോ. ഇത്രയും പേരിൽ നിന്ന് ആ ടൈറ്റിൽ എനിക്ക് കിട്ടിയത് ഞെട്ടിച്ചു. എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തതെന്ന് അവരോട് ചോദിച്ചു. ഞാൻ തുടക്കം മുതൽ അവസാനം വരെ പുഞ്ചിരിച്ചാണ് റാമ്പിൽ നിന്നതെന്നും ആ ആറ്റിറ്റ്യൂഡ് ഇഷ്ടമായെന്നും അവർ പറഞ്ഞു. ഇതോടെ ഞാൻ ഭയങ്കര ഹാപ്പിയായി.

ഞാൻ സാധാരണ ജീവിതത്തിലും അല്ലാത്തപ്പോഴും ടെൻഷൻ അടിക്കുന്ന ആളല്ല. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കാനാണ് ഇഷ്ടം. ടെൻഷന് പകരം എക്സൈറ്റഡ് ആകാനാണ് ശ്രമിക്കാറ്. കാരണം ടെൻഷൻ അടിക്കുമ്പോൾ നമ്മൾ ചെയ്യുന്ന കാര്യം ആസ്വദിക്കാൻ പറ്റില്ല. ഈയൊരു മെന്റാലിറ്റി എന്നെ മത്സരത്തിൽ വളരെയധികം സഹായിച്ചിട്ടുണ്ട്. സെമിഫൈനൽ മത്സരത്തിൽ കാണികൾ എടുത്തു പറഞ്ഞതും എന്റെ ഈ ആറ്റിറ്റ്യൂഡിനെപ്പറ്റിയായിരുന്നു.

cosmo4

മോഹിപ്പിച്ച വനിത കവർഗേൾ...

കുട്ടിക്കാലം മുതൽ കലാപരമായ കാര്യങ്ങളോട് താല്പര്യം ഉണ്ടായിരുന്നു. ചെറുപ്രായം തൊട്ടേ ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്നു. പിന്നീട് പ്ലസ്‌ടു കഴിഞ്ഞശേഷം ഫാഷൻ ഡിസൈനിങ് തിരഞ്ഞെടുത്തു. കോഴ്സ് ചെയ്യുമ്പോൾ ഒപ്പംതന്നെ മോഡലിങ്ങും ചെയ്തുവന്നു. അങ്ങനെ കുറച്ചു ബ്രാൻഡിനും ടെക്സ്റ്റൈൽസിനും വേണ്ടി മോഡലായി. ആ സമയത്താണ്, 2017 ൽ വനിത കവർഗേൾ കോണ്ടസ്റ്റിന് അപേക്ഷ ക്ഷണിച്ചത്. ഒട്ടുമിക്ക മലയാളി വീടുകളിലും വരുത്തുന്ന മാഗസിനാണ് വനിത. അതുകൊണ്ടുതന്നെ പോപ്പുലാരിറ്റി കിട്ടുമെന്ന് കാര്യത്തിൽ ഒരു സംശയവുമില്ല. മോഡലിങ്ങിന് കൂടുതൽ സഹായിക്കുകയും ചെയ്യും. അങ്ങനെയാണ് ഒന്ന് ട്രൈ ചെയ്തു നോക്കാമെന്ന് തോന്നുന്നത്. കവർ ഗേൾ ആയില്ലെങ്കിലും റണ്ണറപ്പാകാൻ കഴിഞ്ഞത് നേട്ടമായി.

അന്നെല്ലാം സിനിമയിൽ നിന്ന് ധാരാളം ഓഫറുകൾ വന്നിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാനായിരുന്നു എന്റെ തീരുമാനം. സ്വന്തമായി ഒരു സ്ഥാനത്ത് എത്തിയിട്ട് മതി സിനിമ എന്ന ചിന്തയായിരുന്നു മനസ്സിൽ. അങ്ങനെയാകുമ്പോൾ കുറച്ചുകൂടി നല്ല അവസരങ്ങൾ കിട്ടുമല്ലോ എന്ന് കരുതി. അന്ന് അവസരം ലഭിക്കുമായിരുന്ന സിനിമകളെല്ലാം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും ഓഫറുകൾ വരുന്നുണ്ട്. പക്ഷെ, ഇതുവരെ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

ഫാഷൻ ഡിസൈനിങ്ങിൽ ഗ്രാജ്വേഷൻ ഏപ്രിലിൽ പൂർത്തിയായതേ ഉള്ളൂ. അതിനുശേഷം കണ്ണൂരിലെ ഒരു ബ്രാൻഡിന് വേണ്ടി ഡിസൈനിങ് ചെയ്തിരുന്നു. അതുകൂടാതെ സ്വന്തമായി ഒരു ഓൺലൈൻ ബ്രാൻഡ് ഉണ്ട്. synk എന്നാണ് പേര്. ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നുണ്ട്. ഒപ്പം എക്സിബിഷൻസ് ഒക്കെ നടത്താറുണ്ട്.

cosmo6

ഫിറ്റ്നസ് ഫ്രീക്ക്

കഴിഞ്ഞ നാലു വർഷമായി മോഡലിങ് രംഗത്തുണ്ട്. അതുകൊണ്ട് ഫിറ്റ്നസിന്റെ കാര്യത്തിൽ ഞാനെന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു. പഠനം കഴിഞ്ഞതിനു ശേഷം ഫുൾ ടൈം മോഡലിങ്ങിന് ഇറങ്ങിയിരുന്നു. ഭക്ഷണത്തിലും മറ്റും മിതത്വം പുലർത്തിയിരുന്നു. ഡാൻസ്, സ്വിമ്മിങ് ഇതൊക്കെ സ്ഥിരമായി ചെയ്യാറുണ്ട്. രണ്ടു വർഷമായി വെയിറ്റ് ട്രെയിനിങ് എടുക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു 'മിസ് കോസ്‌മോ വേള്‍ഡ്' മത്സരത്തിന് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യേണ്ടി വന്നില്ല. സെലക്ഷൻ കിട്ടിയ ശേഷവും മുൻപത്തെ പോലെ തന്നെയായിരുന്നു.

ആഴ്ചയിൽ ഒരിക്കൽ ‘ചീറ്റോ’

പഴങ്ങളും പച്ചക്കറികളുമാണ് പ്രധാനമായും ഞാൻ ഡയറ്റിൽ ഉൾപ്പെടുത്താറുള്ളത്. എല്ലാ ദിവസവും ഡയറ്റ് എടുക്കാറില്ല. ഷൂട്ട് ഉള്ളപ്പോഴെല്ലാം മുടക്കം സംഭവിക്കാറുണ്ട്. വർക്ക് ഔട്ട് ചെയ്യുന്ന സമയത്ത് ഹെൽത്തിയായിട്ട് ഭക്ഷണം കഴിക്കും. ആഴ്ചയിൽ ഒരിക്കൽ, പ്രധാനമായും ഞായറാഴ്ച പുറത്തുനിന്ന് ഇഷ്ടമുള്ളതൊക്കെ കഴിക്കും.

ചില ദിവസങ്ങളിൽ ആറു മണിയ്ക്ക് എഴുന്നേറ്റ് കളരി ചെയ്യും. അമ്മ കഴിഞ്ഞ ഏഴു വർഷമായി കളരി അഭ്യസിക്കുന്നുണ്ട്. വീട്ടിലുള്ള ദിവസങ്ങളിൽ ഞാൻ അമ്മയ്‌ക്കൊപ്പം കൂടും. പഠിച്ചുകൊണ്ടിരിക്കുമ്പോൾ കളരിയുടെ വെക്കേഷൻ ക്ലാസിനു രണ്ടുമൂന്ന് മാസം ഞാൻ പോയിരുന്നു.

cosmo7

രാവിലത്തെ വ്യായാമം കഴിഞ്ഞു തിരിച്ചുവന്നാൽ ഒരു ബ്ലാക് കോഫിയിലാണ് ദിവസം തുടങ്ങുക. അതിന്റെ ഒപ്പം മൂന്ന് പച്ച വെളുത്തുള്ളി കഴിക്കും. ദഹനം ശരിയാകാൻ വെളുത്തുള്ളി സഹായിക്കും. പിന്നെ ബ്രേക്ഫാസ്റ്റായി നാലു മുട്ടയുടെ വെള്ളയും കാരറ്റോ കാബേജോ മഞ്ഞപ്പൊടിയിട്ട് പുഴുങ്ങിത് കഴിക്കും. ഉച്ചയ്ക്ക് മുട്ടയുടെ വെള്ളയോ ചിക്കൻ ബ്രസ്റ്റോ കഴിക്കും. അതുവഴി കൂടുതൽ പ്രോട്ടീൻ ലഭിക്കും. അപ്പോഴും പുഴുങ്ങിയ പച്ചക്കറികൾ സൈഡ് ഡിഷായി ഉണ്ടാകും. പിന്നെ ധാരാളം വെള്ളം കുടിക്കും.

ഷൂട്ട് ഇല്ലാത്ത ദിവസം ആണെങ്കിൽ ജിമ്മിന് പോകും. അല്ലാത്തപ്പോൾ എവിടെയാണോ ഉള്ളത് അവിടെവച്ച് ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യും. രാത്രി വളരെ ചെറിയ അളവിൽ ഓട്സ് പോലുള്ള ധാന്യങ്ങൾ കൊണ്ടുള്ള വിഭവം കഴിക്കും. പനീർ ഇഷ്ടമാണ്. ചോറ് കഴിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. റൊട്ടിയോ പച്ചക്കറിയോ ഒക്കെയാണ് കൂടുതൽ താല്പര്യം.

കോഴിക്കോട് കോട്ടൂളി സ്വദേശികളായ വി. സോമന്റെയും ശ്രീജ നായരുടെയും മകളായ സാന്‍ഡ്ര മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്നാണ് ഫാഷന്‍ ഡിസൈനിങ് പൂർത്തിയാക്കിയത്. അനിയൻ എൽഎൽബി രണ്ടാം വർഷമാണ്, ബെംഗളൂരുവിൽ പഠിക്കുന്നു. അച്ഛൻ കോഴിക്കോട് സിവിൽ കോർട്ടിൽ ക്ലർക്കാണ്. അമ്മ വീട്ടമ്മയാണ്.

Tags:
  • Celebrity Fashion
  • Fashion