Tuesday 17 January 2023 12:48 PM IST

‘ഉയരക്കൂടുതലിന്റെ പേരില്‍ ബുള്ളിയിങ്; ജിറാഫ് എന്നു വിളിച്ച് ഒരുപാടുപേര്‍ കളിയാക്കുമായിരുന്നു’; മിസ് കേരള ലിസ് ജയ്മോൻ ജേക്കബ് പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

miss-kerala-kiz445

നിറത്തിന്റെ പേരിലും ഉയരക്കൂടുതലിന്റെ പേരിലും കുട്ടിക്കാലം മുതലേ ബോഡി ഷെയ്മിങ്ങും ബുള്ളിയിങ്ങും നേരിട്ടയാളാണ് കോട്ടയം സ്വദേശിയായ ലിസ് ജയ്മോൻ ജേക്കബ്. 2022 ലെ മിസ് കേരളാ കിരീടം ലിസ് സ്വന്തമാക്കിയപ്പോള്‍, സൗന്ദര്യത്തിന്റെ പതിവ് ‘മാനദണ്ഡങ്ങൾ’ക്കുള്ള ചുട്ട മറുപടിയായി. സൗന്ദര്യം പുറംമോടിയിലല്ല, നന്മയുള്ള ഹൃദയത്തിലാണെന്ന് പറയുകയാണ് ലിസ്. വനിതാ ഓണ്‍ലൈനിനു നല്‍കിയ വിഡിയോ അഭിമുഖത്തിലാണ് ലിസ് മനസു തുറന്നത്.  

ജിറാഫ് എന്ന ഇരട്ടപ്പേര്

‍എന്റെ ഉയരം 5.9 ഇഞ്ച്സ് ആണ്. എന്റെ സഹോദരനെ കണ്ടാല്‍ എല്ലാവരും പേടിക്കും, 6.5 ഇഞ്ച്സ് ആണ് ഉയരം. വീട്ടില്‍ വരുമ്പോഴാണ് എനിക്ക് നോര്‍മല്‍ ആയി തോന്നാറുള്ളത്. വീട്ടില്‍ എല്ലാവര്‍ക്കും നല്ല പൊക്കമാണ്. എന്റെ സ്കൂള്‍ സമയത്ത് ഉയരം കൂടുതല്‍ ഉള്ളത് നെഗറ്റിവ് ആയി അനുഭവപ്പെട്ടിരുന്നു. കാരണം ക്ലാസില്‍ ഏറ്റവും അവസാനം ആയിരിക്കും എന്റെ സ്ഥാനം. ഡാന്‍സ് ആണെങ്കിലും ഏറ്റവും പുറകില്‍ കൊണ്ടുപോയി നിര്‍ത്തും. ഞാന്‍ പിന്നെ അത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമായിരുന്നു.

പൊക്കത്തിന്റെ പേരില്‍ ബോഡി ഷെയ്മിങ്ങും ബുള്ളിയിങ്ങും ഒക്കെ നേരിട്ടിട്ടുണ്ട്. ‘ജിറാഫ്’ എന്നു വിളിച്ച് ഒരുപാടു പേര്‍ എന്നെ കളിയാക്കുമായിരുന്നു. എവിടെ ചെന്നാലും ഞാന്‍ പൊങ്ങി നില്‍ക്കും. അന്ന് മറ്റു കുട്ടികളുടേതു പോലെ എന്റെ പൊക്കം മതി എന്നൊക്കെ ആഗ്രഹിച്ചിരുന്നു. ഞാന്‍ ആരോടു മിണ്ടുമ്പോഴും താഴേക്കു നോക്കി സംസാരിക്കണം. ലിസിനോട് സംസാരിക്കണമെങ്കില്‍ മുകളിലേക്കു നോക്കണം എന്ന കളിയാക്കലുകള്‍ എപ്പോഴും കേട്ടിട്ടുണ്ട്. പക്ഷേ, മിസ് കേരള മത്സരത്തില്‍ വന്നപ്പോഴാണ് പൊക്കമുള്ളതിന്റെ ഗുണം എനിക്ക് മനസ്സിലായത്.

liz-jaimon-jacob-miss-kerala-2022-family.jpg.image.845.440

മോഡലിങ് രംഗത്താണെങ്കിലും പൊക്കം ഗുണകരമായി. എങ്ങനെ നിന്നാലും മറ്റുള്ളവരില്‍ നിന്ന് നമ്മള്‍ വ്യത്യസ്തരാകും. സാധാരണ ഉയരക്കൂടുതല്‍ ഉള്ളവര്‍ നന്നായി മെലിഞ്ഞിട്ടായിരിക്കും, എന്നാല്‍ ഞാനത്ര സ്കിന്നിയല്ല. പൊക്കത്തിനു അനുസരിച്ചു തന്നെ വണ്ണമുണ്ട്. ഇതെല്ലാം മിസ് കേരളാ മത്സരത്തില്‍ അനുഗ്രഹമായി എന്നുവേണം കരുതാന്‍. പണ്ട് എനിക്ക് നിറം കുറവായിരുന്നു. പുറത്തുപോയി കളിച്ചാല്‍ ആരായാലും കറുത്തു പോകുമല്ലോ. പഠിത്തത്തില്‍ ശ്രദ്ധ കൊടുത്തതോടെ വീട്ടില്‍ തന്നെയായി. അപ്പോള്‍ പോയ നിറം തിരിച്ചുവന്നു. ജീവിതത്തില്‍ ഞാന്‍ ഏറ്റവും വില കൊടുക്കുന്ന ഗുണം എളിമയാണ്. അതുണ്ടെങ്കില്‍ പിന്നെ എല്ലാം നല്ലതായി വരും.

ഫുളി ഓര്‍ഗാനിക്

ഞാന്‍ എല്ലാ ദിവസവും വർക്ഔട്ട് ചെയ്യുന്ന ആളാണ്. ഒരു ദിവസം സ്കിപ് ചെയ്താല്‍ സങ്കടമാണ്. തോന്നിയാല്‍ നന്നായി ഭക്ഷണം കഴിക്കും. അതുപോലെ വർക്ഔട്ടും ചെയ്യും. വീട്ടില്‍ പ്രധാനമായും നമ്മള്‍ തന്നെ ഉണക്കി പൊടിച്ചെടുക്കുന്ന ഓര്‍ഗാനിക് പ്രോഡക്റ്റ്സ് ആണ് ഉപയോഗിക്കാറ്. ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കും. വീട്ടിലുണ്ടാക്കുന്ന കഞ്ഞിയും ചമ്മന്തിയുമാണ് ഇഷ്ട ഭക്ഷണം. മുഖത്ത് ഉപയോഗിക്കുന്നതും നാടന്‍ ഫെയ്സ്പായ്ക്കുകളാണ്. കറുവപ്പട്ടയും തേനും ചേർത്ത് മുഖത്തിടും. അരിപ്പൊടി കൊണ്ടുള്ള സ്ക്രബ് ആണ് ഉപയോഗിക്കുന്നത്. വീട്ടില്‍ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണയാണ് മേക്കപ്പ് റിമൂവര്‍ ആയി ഉപയോഗിക്കുന്നത്. ഇതൊക്കെയാണ് എന്റെ ബ്യൂട്ടി സീക്രട്സ്.

വിഡിയോ അഭിമുഖം കാണാം..

Tags:
  • Fashion