Tuesday 03 December 2019 06:33 PM IST : By സ്വന്തം ലേഖകൻ

സൗന്ദര്യറാണി അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ അമ്മ; ലോകസുന്ദരി മത്സരത്തിൽ നിന്ന് പുറത്താക്കി സംഘാടകർ!

miss-uk2

സൗന്ദര്യറാണി അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണെന്ന് തെളിഞ്ഞതോടെ മിസ് വേൾഡ് മത്സരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. 2018 ലെ മിസ് ഉക്രൈൻ കിരീടമണിഞ്ഞ വെറോണിക്ക ഡിദുസെൻങ്കോയെയാണ് സംഘാടകർ മത്സരത്തിൽ നിന്ന് അയോഗ്യത കൽപ്പിച്ച് മാറ്റിനിർത്തിയത്. ദിദുസെൻകോയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ടെന്നും മിസ് വേൾഡ് കിരീടത്തിനായി മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാണെന്നും സംഘാടകർ കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു.

miss-uk5

വിവാഹിതരായവർക്കും അമ്മമാർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നാണ് എഗ്രിമെന്റ്. ഇതോടെ ഇൻസ്റ്റാഗ്രാമിൽ ‘റൈറ്റ് ടു ബീ മദർ’ എന്ന ക്യാംപെയ്ന് വെറോണിക്ക ഡിദുസെൻങ്കോ തുടക്കമിട്ടു. "നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. മിസ് വേൾഡ് മത്സരത്തിൽ എല്ലാ സ്ത്രീകളെയും പങ്കെടുക്കാൻ അനുവദിക്കുക."-  24 വയസ്സുകാരിയായ വെറോണിക്ക ഡിദുസെൻകോ തിങ്കളാഴ്ച തന്റെ ഇൻസ്റ്റാഗ്രാമിൽ #righttobeamother എന്ന ക്യാംപെയ്ൻ ആരംഭിച്ചശേഷം പറഞ്ഞു.

miss-uk6

"മിസ് ഉക്രൈൻ ആയ എനിക്ക് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. വിവാഹിതയായി, കുഞ്ഞുണ്ടായി എന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ആഗോള സൗന്ദര്യമത്സരങ്ങൾ ഇരുണ്ട യുഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്നു. എനിക്ക് കിരീടം തിരികെ വേണ്ട. വിശാലമായ സമൂഹത്തിനായി നിയമങ്ങൾ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരം വേർതിരിവുകൾ സമൂഹത്തിൽ നിന്ന് മാറേണ്ടതുണ്ട്."- ഞായറാഴ്ച തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വെറോണിക്ക എഴുതി.

miss-uk8

മിസ് വേൾഡ് സംഘടകർക്കെതിരെ വെറോണിക്ക ലണ്ടനിൽ നിയമനടപടി സ്വീകരിച്ചു. 2010 ലെ സമത്വ നിയമപ്രകാരം സമൂഹത്തില്‍ ഒരു തരത്തിലുമുള്ള വിവേചനവും പാടില്ലെന്ന് പറയുന്നുണ്ട്. വിവാഹം, പ്രസവം, ലിംഗഭേദം എന്നിവയുൾപ്പെടെയുള്ള ചില സവിശേഷതകളെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെ സംരക്ഷണം നൽകുന്ന സമത്വ നിയമത്തിലെ നിബന്ധനകൾ മിസ് വേൾഡ് സംഘാടകർ ലംഘിക്കുന്നുവെന്ന് ഡിഡുസെൻകോ ആരോപിക്കുന്നു.

miss-uk7

സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അമ്മമാരെയും വിവാഹിതരായ സ്ത്രീകളെയും മിസ് വേൾഡ് സംഘാടകർ വിലക്കുന്നുണ്ട്. അനുബന്ധ കരാറിൽ ഒപ്പിടാൻ മത്സരാർത്ഥികളെ നിർബന്ധിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ മിസ് വേൾഡ് സംഘാടകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വർഷം ഡിസംബർ 14 ന് മിസ് വേൾഡ് ഫൈനൽ മത്സരം ലണ്ടനിൽ നടക്കും. നിലവിൽ ഉക്രൈനിൽ നിന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുന്നത് നിയമ വിദ്യാർത്ഥിയായ മാർഗരീറ്റ പാഷയാണ്. 

miss-uk1

1.

miss-uk3