Friday 10 September 2021 12:47 PM IST : By സ്വന്തം ലേഖകൻ

കങ്കണയെ ‘തലൈവി’യാക്കിയ മാന്ത്രിക വിരലുകൾ...: ‘ബോളിവുഡ് ഫാഷൻ ബ്രാൻഡ്’ നീറ്റാ ലുല്ലയെ അറിയാം

thalaivi-neeta-lulla

നീറ്റാ ലുല്ല എന്ന പേര് ബോളിവുഡിലെ വിലയേറി ബ്രാൻഡുകളിൽ ഒന്നാണ്. മുന്നൂറിലേറെ ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരകയായി പ്രവർത്തിച്ച്, ഫാഷൻ ലോകത്ത് തന്റെതായ ഇടമൊരുക്കിയ ഈ മുംബൈ സ്വദേശിനി, 1985ൽ വെഡിങ് വസ്ത്രങ്ങൾ ഒരുക്കിക്കൊണ്ടാണ് രംഗത്തെത്തിയത്. തുടർന്ന് ബോളിവുഡിലെത്തി താരമായി. ഒരു കാലത്ത് ഐശ്വര്യ റായിയുടെയും മാധുരി ദീക്ഷിത്തിനെയും ഹിറ്റ് ലുക്കുകൾക്ക് പിന്നിൽ ഈ മാന്ത്രിക സാന്നിധ്യമായിരുന്നു.  2002ല്‍ ‘ദേവദാസ്’ എന്ന ചിത്രത്തിനു വേണ്ടി നീറ്റ തയാറാക്കിയ കോസ്റ്റ്യൂമുകൾ ട്രെൻഡിങ്ങായി.ഇപ്പോഴിതാ, ‘തലൈവി’ എന്ന ബഹുഭാഷാ ബിഗ് ബജറ്റ് ജീവചരിത്ര സിനിമയ്ക്കു വേണ്ടി നീറ്റ ഒരുക്കിയ കോസ്റ്റ്യൂമുകളും ഹിറ്റാകുന്നു. കങ്കണ റണൗട്ടിനു വേണ്ടിയും അരവിന്ദ് സ്വാമിക്കു വേണ്ടിയും നീറ്റ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ഫാഷൻ ലോകം കയ്യടി നൽകുകയാണ്. 

‘‘തലൈവിയുടെ ചെറുപ്പകാലത്തെക്കുറിച്ച് എനിക്ക് ആഴത്തിൽ പഠിക്കേണ്ടി വന്നു. ജയാമ്മ സിനിമയിൽ അഭിനയിച്ചപ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, സാധാരണ ദിനങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, രാഷ്ട്രീയ പ്രവേശനത്തിനു ശേഷം ഉപയോഗിച്ച വസ്ത്രങ്ങൾ  എന്നിങ്ങനെ നിരവധി റിസർച്ചുകൾ നടത്തി. പ്രധാനമായും പഴയ പുസ്തകങ്ങൾ, സിനിമകൾ എന്നിവയുടെ സഹായത്തോടെ കൂടുതൽ റിസർച്ചുകൾ നടത്താൻ സാധിച്ചു. ജയാമ്മ അഭിനയിച്ച ഓരോ പാട്ടുകളും പത്തോ പതിനഞ്ചോ പ്രാവശ്യമെങ്കിലും ഞാൻ കണ്ടിട്ടുണ്ടാകും. അവയിൽ ഓരോ കാലഘട്ടങ്ങളിലും ജയാമ്മ  ധരിച്ച വ്യത്യസ്ത സാരികൾ  അവയുടെ മെറ്റീരിയലുകൾ എന്നിവ ആഴത്തിൽ പഠിച്ചു. ജയാമ്മയുടെ സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഉള്ള വസ്ത്രധാരണരീതിയും രാഷ്ട്രീയ പ്രവേശനം നടത്തിയപ്പോൾ ഉള്ള വസ്ത്രധാരണരീതിയും വളരെ വ്യത്യസ്തമായിരുന്നു. കങ്കണ ആ ലുക്കിന് വേണ്ടി ഏകദേശം 20 കിലോ വരെ വർധിപ്പിച്ചു. അതിനാൽ സ്വാഭാവികത നഷ്ടപ്പെടുത്താതെ രാഷ്ട്രീയ കാലഘട്ടത്തെ വസ്ത്രധാരണം അവതരിപ്പിക്കുക എന്നതും ഒരു ചലഞ്ച് തന്നെയായിരുന്നു’’.–  നീറ്റ പറയുന്നു.

neetalulla-thalaivi-1

‘ചരിത്രപരമായി തെളിവുകൾ അധികം ഇല്ലെങ്കിൽ അവ ഇമാജിൻ ചെയ്തു ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല. എന്നാൽ ഈ ചിത്രം അങ്ങനെയല്ല, നിരവധി തെളിവുകൾ, നിരവധി സാഹചര്യങ്ങൾ എല്ലാം ഉണ്ടായിരുന്നു. അവ അതുപോലെ തന്നെ റീക്രിയേറ്റ് ചെയ്യുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. റീ ക്രിയേഷൻ എന്ന് പറയുമ്പോൾ തല  മുതൽ  പാദം വരെ ശ്രദ്ധ നൽകണം. ഹെയർ സ്റ്റൈൽ മുതൽ ചെരുപ്പുകൾ വരെ ശ്രദ്ധിക്കണം. എന്നാൽ പുതിയ ഡിസൈനുകൾ ക്രിയേറ്റ് ചെയ്യാനും സംവിധായകൻ വിജയ് എനിക്കു സ്വാതന്ത്ര്യം തന്നിരുന്നു. അവ സീനുകൾക്കൊപ്പം പോകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയിരുന്നു. കാലഘട്ടം വേറെയാണെങ്കിലും സ്വാഭാവികത  തോന്നുക എന്നുള്ളതായിരുന്നു പ്രധാനം. ഉദാഹരണമായി, സിനിമയിലെ ‘ചാലി ചാലി’ എന്ന സോങ്ങ് ഷൂട്ട്‌ ചെയ്തപ്പോൾ അതിന്റെ ഒർജിനൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ്.  നീലനിറം ആണെന്ന് കരുതി ഒരു വസ്ത്രം ചെയ്തെടുത്തു. എന്നാൽ ആ സോങ്ങ് ബിഗ് സ്‌ക്രീനിൽ ഇട്ടു കണ്ടപ്പോഴാണ് ആ നിറം അക്വാ ആണെന്ന് മനസ്സിലായത്. പിന്നീട് വീണ്ടും അത് ചെയ്ത് എടുക്കേണ്ടി വന്നു’’. – നീറ്റ പറയുന്നു.

കങ്കണ വഴി

ഈ സിനിമയ്ക്കായി 70 മുതൽ  90 വരെ വസ്ത്രങ്ങൾ ചെയ്തെടുത്തു. ഓരോ ഗാനങ്ങളു വീണ്ടും വീണ്ടും കാണുമ്പോൾ ഓരോ ചെറിയ ഡീറ്റെയിലുകൾ  കണ്ടെടുക്കും അതു ചിലപ്പോൾ  ഒരു  എംബ്രോയ്ഡറിയോ  ആഭരണത്തിലുള്ള ഡീറ്റെയിലോ ആകാം. അതു വീണ്ടും ചെയ്തെടുക്കും. കങ്കണ വഴിയാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ കഥ കേട്ടതിനു ശേഷം കങ്കണ എന്നോട് ഈ ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മണികർണികയിൽ കങ്കണക്കു ഒപ്പം വർക്ക് ചെയ്തു പരിചയമുള്ളതിനാൽ രണ്ടാമതൊന്നും ചിന്തിക്കേണ്ടി വന്നില്ല. പിന്നീട് അരവിന്ദ് സ്വാമിയുടെ വസ്ത്രങ്ങൾ കൂടി ചെയ്യാൻ ഏൽപ്പിച്ചു. ഈ ചിത്രത്തിന്റെ റിസർച്ചുകളിൽ ഒരു കാര്യം എനിക്ക് വ്യക്തമായി, വളരെ ഫാഷൻ ബോധമുള്ള, വേറിട്ട വസ്ത്രധാരണ ശൈലിയുള്ള ഒരു സ്ത്രീയായിരുന്നു ജയമ്മ. അതെന്നെ അത്ഭുതപ്പെടുത്തി. ഈ ചിത്രത്തിലെ ഓരോ സീനും ഞാൻ എൻജോയ് ചെയ്താണ് ചെയ്തത്. അതിന് എന്റെ ടീമിന്റെ സപ്പോർട്ടും വളരെ വലുതായിരുന്നു.