Monday 24 June 2019 02:28 PM IST : By സ്വന്തം ലേഖകൻ

വില രണ്ടു കോടി അറുപത് ‌ലക്ഷം, വർഷത്തിൽ നിർമിക്കുക രണ്ടെണ്ണം; നിത അംബാനിയുടെ ബാഗ് വിശേഷങ്ങൾ ഇതാ!

birkin-bag4435

ദിവസങ്ങൾക്ക് മുൻപാണ് റിലയന്‍സ് തലവൻ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ബാഗ് വലിയ ചർച്ചയായത്. ബാഗിന്റെ വിലയായിരുന്നു സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചത്. രണ്ട് കോടി അറുപത് ‌ലക്ഷം രൂപയാണ് ബാഗിന്റെ വില. ലണ്ടനില്‍ വച്ചെടുത്ത, കരിഷ്മയ്ക്കും കരീന കപൂറിനുമൊപ്പമുള്ള ചിത്രത്തിൽ നിതയുടെ കയ്യിലെ ബാഗ് ആളുകൾ ശ്രദ്ധിച്ചതോടെയാണ് വില പുറംലോകമറിഞ്ഞത്.

പ്രമുഖ ബ്രാന്‍ഡായ ഹെര്‍മസിന്റെ ബിര്‍കിന്‍ ബാഗാണ് നിതയുടെ കൈയ്യിലുണ്ടായിരുന്നത്. ലോകത്തെ ഏറ്റവും വില കൂടിയ ബാഗാണിത്. ഹിമാലയത്തില്‍ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല്‍ ഉപയോഗിച്ചാണ് ബാഗ് നിര്‍മ്മിക്കുന്നത്. ഈ തോലില്‍ നിറം നല്‍കുക അത്ര എളുപ്പമല്ല. ഇക്കാരണം കൊണ്ട് രണ്ട് ബിര്‍കിന്‍ ബാഗുകൾ മാത്രമാണ് വര്‍ഷത്തില്‍ നിര്‍മ്മിക്കുന്നത്.

ദീപിക പദുക്കോണ്‍, സോനം കപൂര്‍, കരീന കപൂര്‍ എന്നിവര്‍ക്കും ബിര്‍കിന്‍ ബാഗുകള്‍ ഉണ്ട്. ബിര്‍കിന്‍ 35 റഫ് കസേക്ക് എപ്‌സം മോഡല്‍ ബാഗാണ് കരീനയുടെ കയ്യിലുള്ളത്. ബിര്‍കിന്‍ ബാഗിന്റെ നിലവിലെ വില 3,80,000 ഡോളറാണ്. 1984 ലാണ് ബിര്‍കിന്‍ ആദ്യത്തെ ബാഗ് നിര്‍മ്മിച്ചത്. ഹോളിവുഡ് നടി ജെന്‍ ബിര്‍കിനാണ് ഹെര്‍മസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജീന്‍ ലൂയിസ് ഡമാസിന് വ്യത്യസ്തമായ ബാഗ് ഡിസൈന്‍ ചെയ്യാനുള്ള ആശയം നല്‍കിയത്.