Monday 08 July 2019 12:33 PM IST : By സ്വന്തം ലേഖകൻ

നിറം മങ്ങാതെ ആഭരണങ്ങൾ ഫ്രഷ് ആയി സൂക്ഷിക്കാം; ഇതാ കിടിലൻ ടിപ്സ്!

ornaments009

ഡ്രസ്സിന് ഇണങ്ങുന്ന മാലയും കമ്മലുമൊക്കെ അണിയുന്നതു കൊള്ളാം. പക്ഷേ, ഉപയോഗ ശേഷം അവ അശ്രദ്ധമായി എവിടെയെങ്കിലും വയ്ക്കുകയാണോ പതിവ്? മാറി മാറി വരുന്ന കാലവസ്ഥാ മാറ്റങ്ങളിൽ ഫാൻസി ആഭരണങ്ങൾക്ക് വേണ്ട സംരക്ഷണം  കൊടുത്തില്ലെങ്കിൽ പെട്ടെന്നു ഉപയോഗശൂന്യമായി പോകും. 

∙ ഓരോ ആഭരണവും പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കാം. നീളം കൂടിയ മാലകൾ, കല്ലുകളോടു കൂടിയ ലോക്കറ്റുകൾ, സിൽവർ, ബ്രോൺസ് നിറത്തിലുള്ള കനം കുറഞ്ഞ ചെറിയ ചെയ്നുകൾ എന്നിവയെല്ലാം ഒന്നിച്ച് കൂട്ടിയിടാതെ ചെറിയ ട്രാൻസ്പരന്റ് പായ്ക്കുകളാക്കി തരം തിരിച്ച് വയ്ക്കാം. 

∙ വെയിലത്ത് പുറത്തിറങ്ങി തിരിച്ചെത്തിയ ഉടൻ ആഭരണങ്ങൾ വിയർപ്പു പറ്റിയ ഭാഗങ്ങൾ കോട്ടൻ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് തുടയ്ക്കണം. ശേഷം അൽപ നേരം ഉണങ്ങാൻ വയ്ക്കാം. എല്ലാ ആക്സസറീസും മാസത്തിൽ ഒരു തവണയെങ്കിലും ഇത്തരത്തിൽ തുടച്ചു വയ്ക്കുന്നത് പുതുമ നിലനിർത്താൻ സഹായിക്കും. 

∙ ഓരോ ആഭരണവും ഏതു മെറ്റീരിയൽ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് കൃത്യമായ ധാരണയുണ്ടാകണം. സിൽവർ ആഭരണങ്ങൾ മറ്റുള്ളവയ്ക്കൊപ്പം അലസമായി ഇട്ടാൽ‌ എളുപ്പത്തിൽ കറുത്തു പോകും. സിൽവർ ആഭരണങ്ങൾ എപ്പോഴും കാറ്റ് കയറാത്ത തരത്തിൽ വെൽവെറ്റ് ക വറുകളിലാക്കി സൂക്ഷിക്കാം. കമ്മലുകളിൽ ടാൽകം പൗഡർ പുരട്ടി ടിഷ്യു പേപ്പറിൽ പൊതിഞ്ഞു വച്ചാൽ  നിറം മങ്ങാതെ ദീർഘനാൾ ഇരിക്കും.  

∙ യാത്ര പോകുമ്പോൾ ബാഗുകളിൽ സൂക്ഷിക്കുന്ന ജ്വല്ലറി കട്ടി കൂടിയ പാഡഡ് ബോക്സുകളിൽ വേണം കൊണ്ടുപോകാൻ. ചെറിയ കമ്മലുകൾ പോലെയുള്ളവ ചെറിയ ബോക്സുകളിലോ കുപ്പികളിലോ ആക്കി മേക്കപ്പ് കിറ്റിൽ വയ്ക്കാം. 

∙ കനം കൂടിയതും വലിയ കല്ലുകളോടു കൂടിയതുമായ ആഭരണങ്ങൾ വേനൽക്കാലത്ത് ഒഴിവാക്കാം.

∙ ടെറാക്കോട്ടാ ആഭരണങ്ങൾ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കി സൂക്ഷിക്കാം. 

∙ ആക്സിസറീസ് എപ്പോഴും വാഡ്രോബിനുള്ളിൽ അടച്ച് സൂക്ഷിക്കുക. ഹെയർ സ്പ്രേ, പെർഫ്യൂം എന്നിവ ആഭരണങ്ങളിൽ നേരിട്ട് ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.