Monday 05 March 2018 03:26 PM IST : By സ്വന്തം ലേഖകൻ

56 വര്‍ഷം മുമ്പ് ഓസ്കറില്‍ ധരിച്ച അതേ വസ്ത്രമണിഞ്ഞ് 86 ാം വയസ്സിലും തിളങ്ങി റിത മൊറേണോ

oscar_skirt

വിസ്മയക്കാഴ്ചകളുടെ അരങ്ങാണ് ഇത്തവണത്തെ ഓസ്കര്‍ വേദിയും. ലോകത്തിലെ ഏറ്റവും വലിയ താരവിരുന്ന് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന കലാ മാമാങ്കം. ഏറ്റവും പുതിയ ഫാാഷനുകൾ അവതരിക്കുന്നതും പലപ്പോഴും ഓസ്കർ വേദിയിൽ ചുവടുവയ്ക്കുന്ന താരങ്ങളിലൂടെയാണ്. എന്നാൽ 2018 ലെ ഓസ്കർ വേദിയിൽ പുതിയ വസ്ത്രങ്ങളണിഞ്ഞെത്തിയ താരങ്ങളെക്കാൾ തിളങ്ങിയ ഒരു സുന്ദരിക്കുപ്പായമാണ് ഫാഷൻ ലോകത്ത് ശ്രദ്ധ നേടിയത്. അതും  അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കറുത്ത നിറമുള്ള വസ്ത്രം.  ‘വണ്‍ ഡേ അറ്റ് എ ടൈം’ സീരീസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ റിത മൊറേണോ ആണ് 56 വർഷം മുമ്പുള്ള വസ്ത്രമണിഞ്ഞ് താരമായത്.  

റിതയ്ക്ക് തന്റെ 30 ാം വയസ്സിൽ 1962ല്‍ ആദ്യമായി ഓസ്കര്‍ ലഭിച്ചപ്പോള്‍ ധരിച്ച അതേ വസ്ത്രമാണ്  ഇത്. അന്ന് ‘വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിനായിരുന്നു റിതയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച സഹനടിയായാണ് അന്ന് താരം തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന്് 86കാരിയായ മൊറേണോ 56 വര്‍ഷം മുമ്പത്തെ വസ്ത്രമാണ് ധരിച്ചതെങ്കിലും പ്രൗഢി ഒട്ടും കുറഞ്ഞിട്ടില്ല എന്നാണ് എല്ലാവരും പറയുന്നത്.  

rita

പരമ്പരാഗതമായ ജാപ്പനീസ് വസ്ത്രധാരണ രീതിയായ ഒബി സാഷ് ഗൗണ്‍ ഫിലിപ്പീന്‍സില്‍ വച്ചാണ് അന്ന് റിത തയ്യാറാക്കിയത്. അലമാരയില്‍ കിടക്കുകയായിരുന്ന വസ്ത്രത്തിന്റെ നിറം മങ്ങിപ്പോവുന്നത് പോലെ തോന്നിയത് കൊണ്ടാണ് ധരിച്ചതെന്ന് നടി വസ്ത്രത്തിന്റെ രഹസ്യം തിരഞ്ഞെത്തിയ അവതാരകരോട് തമാശയായി പറഞ്ഞു. ഓസ്കര്‍, എമ്മി, ഗ്രാമ്മി, ടോമി തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള താരസുന്ദരിയാണ് റിത. ഇവർ ഇന്നും അതേ മുപ്പതുകാരി എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്.