Friday 01 April 2022 12:35 PM IST : By സ്വന്തം ലേഖകൻ

നിങ്ങള്‍ വാങ്ങുന്ന പട്ടുവസ്ത്രങ്ങളിൽ സില്‍ക്ക് മാര്‍ക്ക് മുദ്രയുണ്ടോ? ലഭിക്കുന്നത് സംശുദ്ധമായ പട്ടാണെന്ന് ഉറപ്പുവരുത്താം

Silk mark Article Image

പട്ട് എന്നത് പട്ടുനൂല്‍പ്പുഴുക്കള്‍ സ്രവിക്കുന്ന ഒരു തുടര്‍ച്ചയായ പ്രോട്ടീന്‍ തന്തുവാണ്. ഇതിന്റെ സവിശേഷതകളില്‍ പ്രധാനമായും പ്രകൃതിദത്തമായ തിളക്കം, കടുത്ത നിറങ്ങളോടുള്ള ഇതിന്റെ സ്വാഭാവികമായ പ്രതിപത്തി, ഉയര്‍ന്ന ആഗിരണശേഷി, കുറഞ്ഞ ഭാരം (ഉരുക്കിന്റെ തുല്യകനത്തിലുള്ള തന്തുവിനേക്കാള്‍ കരുത്തുള്ളത്) താഴ്ന്ന താപവികിരണം (തണുപ്പ് കാലങ്ങളില്‍ ചൂടും വേനല്‍ക്കാലത്ത് തണുപ്പും പ്രദാനം ചെയ്യുന്നു). താഴ്ന്ന സ്ഥിരമായ ചുളിവുകള്‍, ചുരുങ്ങല്‍, വളരെ നല്ല തിളക്കം, മൃദുത്വം എന്നീ ഗുണങ്ങളാല്‍ വസ്ത്രങ്ങളില്‍ റാണി എന്നാണ് പട്ട് അറിയപ്പെടുന്നത്.

പട്ടുല്‍പാദനത്തില്‍ രണ്ടാം സ്ഥാനത്താണെങ്കിലും പട്ട് ഉപഭോഗത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനമാണ്. പട്ട് നമ്മുടെ രാജ്യത്തെ ജനങ്ങളെ സാമൂഹികമായി കോര്‍ത്തിണക്കിയിരിക്കുന്നു. വിശേഷാവസരങ്ങളിലും ഉത്സവങ്ങളിലും വിവാഹം പോലുള്ള ചടങ്ങുകളിലും പട്ട് ഒഴിവാക്കാനാവാത്ത ഉടയാടയാണ്. പട്ട് കണ്ടുപിടിച്ചത് ചൈനയാണെന്നു പറയപ്പെടുന്നു എങ്കിലും ഇന്ത്യയിലും ചൈനയോടൊപ്പം തന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നു എന്ന് ഹാരപ്പ സംസ്ക്കാര പര്യവേഷണത്തില്‍ തെളിഞ്ഞതായി അവകാശപ്പെടുന്നുണ്ട്. 

ഭാരതത്തിന്റെ പുരാതന സംസ്കൃതികളിലും ചരിത്രത്തിലും പട്ടിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വിലപ്പെട്ട പട്ടുവസ്ത്രങ്ങള്‍ സ്വന്തമാക്കുന്നതിലും അവ ധരിക്കുന്നതിലും ഭാരത സ്ത്രീകള്‍ അഭിമാനം കൊള്ളുന്നു. പട്ടുപോലെ തോന്നിപ്പിക്കുന്ന പല കൃത്രിമ പട്ടുവസ്ത്രങ്ങള്‍ ഇതിനിടയില്‍ വന്നുപോയി. ഈ പ്രവണത യഥാര്‍ത്ഥ പട്ടുവസ്ത്ര സ്നേഹികളുടെ പണം നഷ്ടപ്പെടുത്തുകയും യഥാര്‍ത്ഥ പട്ട് ഉല്‍പാദിപ്പിക്കുന്നവരുടെ പേരും അതുകൊണ്ട് പട്ടുനൂല്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഉപജീവനവും നഷ്ടപ്പെട്ടു.

ഈ പ്രവണത അവസാനിപ്പിക്കുന്നതിനും പട്ടു വ്യവസായവുമായി ഉപജീവനം നടത്തുന്ന പട്ടുനൂല്‍ പുഴു വളര്‍ത്തുന്ന കര്‍ഷകര്‍, നൂല്‍നൂല്‍പ്പുകാര്‍, നെയ്ത്തുകാര്‍, കരകൗശല തൊഴിലാളികള്‍, വ്യാപാരികൾ എന്നിവരുടെ സംരക്ഷണത്തിനുമായി ഭാരതസര്‍ക്കാര്‍ വസ്ത്രമന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന്‍റെ ഒരു സംരംഭമായി സില്‍ക്ക് മാര്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ രൂപപ്പെട്ടു.

ഇന്ത്യയിലെ പട്ടു നഗരമെന്നറിയപ്പെടുന്ന ബാംഗ്ലൂരില്‍ മുഖ്യ കാര്യാലയവും ഇന്ത്യയിലുടനീളം പത്തോളം ഉപകാര്യാലയങ്ങളും രാജ്യത്തെ പ്രധാന പട്ടുല്‍പ്പാദന കേന്ദ്രങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഇതില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന കാര്യാലയം കേരളം മുഴുവനും, പാലക്കാടിനോട് ചേര്‍ന്നുള്ള തമിഴ്നാടിന്റെ ജില്ലകളിലും സേവനം നല്‍കുന്നു. സില്‍ക്ക് മാര്‍ക്കിന്റെ പ്രധാന ദൗത്യങ്ങളില്‍ ഒന്ന് പട്ട് വസ്ത്ര ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും, പട്ടുവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരോടൊപ്പം യഥാര്‍ത്ഥ പട്ടിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയുമാണ്.

2004 ല്‍ ലോകത്താദ്യമായി പട്ടുവസ്ത്രങ്ങളുടെ സംശുദ്ധിക്കുള്ള ഏക മുദ്ര അവതരിപ്പിച്ചത് സില്‍ക്ക് മാര്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയാണ് (SMOI). സില്‍ക്ക് മാര്‍ക്ക് ലേബല്‍ സംശുദ്ധ പട്ടുവസ്ത്രങ്ങള്‍ തിരിച്ചറിയാനുള്ള മുദ്രയാണ്. ഇത് 100% സംശുദ്ധമായ പട്ടുല്‍പ്പന്നങ്ങളില്‍ മാത്രം പതിപ്പിക്കുന്നു. സില്‍ക്ക് മാര്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ആധുനികമായി അവതരിപ്പിച്ച സ്റ്റിക്കര്‍ ലേബലുകള്‍ മികച്ച നിലവാരത്തിലുള്ളതാണ്.

Print

മള്‍ബറി, ടസര്‍, എറി, മൂഗ എന്നീ നാലുതരം പട്ടില്‍ ഏതെങ്കിലും ഊടും പാവും ആയി നെയ്ത് എടുത്ത വസ്ത്രങ്ങളില്‍ മാത്രമാണ് സില്‍ക്ക് മാര്‍ക്ക് മുദ്ര പതിപ്പിക്കുന്നത്. സില്‍ക്ക് മാര്‍ക്ക് ഓര്‍ഗനൈസേഷനില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമേ സില്‍ക്ക് മാര്‍ക്ക് മുദ്രയും ലേബലും ഉപയോഗിക്കാന്‍ പാടുള്ളു. പട്ടുനൂല്‍ ഉല്‍പാദകര്‍, പട്ടുവസ്ത്ര വ്യാപാരികള്‍, കയറ്റുമതിക്കാര്‍, പട്ടുനെയ്ത്ത് സഹകരണ സംഘങ്ങള്‍, പട്ടുവസ്ത്ര വ്യാപാര ശൃംഖലകള്‍ എന്നിവയ്ക്ക് സില്‍ക്ക്മാര്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗത്വം എടുക്കാവുന്നതാണ്.

സില്‍ക്ക്മാര്‍ക്ക് അംഗീകൃത ഷോറൂമുകളില്‍ നിന്നുമാത്രം പട്ടുവസ്ത്രങ്ങള്‍ വാങ്ങുക. നിങ്ങളുടെ സമീപത്തുള്ള അംഗീകൃത സില്‍ക്ക് വ്യാപാരികളെ കണ്ടെത്തുന്നതിനായി www.silkmarkindia.com / index.php/customsearch സന്ദര്‍ശിക്കുക.

നിങ്ങള്‍ പട്ടുവസ്ത്രങ്ങള്‍ വാങ്ങുന്ന കടയില്‍ സില്‍ക്ക് മാര്‍ക്ക് മുദ്ര പതിപ്പിച്ച സര്‍ട്ടിഫിക്കറ്റോ, പോസ്റ്ററോ, സ്റ്റിക്കറോ ഉണ്ടോ എന്നു പരിശോധിക്കുക. നിങ്ങള്‍ വാങ്ങുന്ന ഉല്‍പന്നത്തില്‍ വ്യക്തമായ നമ്പറിട്ടിട്ടുള്ള ഹോളോഗ്രാം ഉള്ള സില്‍ക്ക് മാര്‍ക്ക് മുദ്ര പതിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇത് നിങ്ങള്‍ക്ക് ലഭിക്കുന്നത് സംശുദ്ധമായ പട്ട് ആണെന്നു തിരിച്ചറിയുന്നു. ഇത് ഉറപ്പുവരുത്താനായി ലേബലില്‍ ഉള്ള ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് നോക്കാവുന്നതാണ്.

പട്ടുവസ്ത്ര പ്രേമികള്‍ക്കായി സില്‍ക്ക് മാര്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ഭാരതത്തിലുടനീളം അംഗീകൃത വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് 100% സംശുദ്ധമായ പട്ടുവിപണന മേളകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത് ഏറെ ജനസമ്മതിയാര്‍ജ്ജിച്ച മേളകളാണ്.

Tags:
  • Fashion