Friday 13 November 2020 12:15 PM IST : By സ്വന്തം ലേഖകൻ

ട്രാൻസ്ജെൻഡർ ആണെന്നറിഞ്ഞപ്പോൾ കുടുംബം ഉപേക്ഷിച്ചു; ചരിത്രം കുറിച്ച് സുന്ദരിപ്പട്ടം നേടി ഏരിയൽ കെയ്‌ൽ, അതിജീവനം

arilelle1

2020 ഒക്ടോബർ 12ന് മിസ് ഇന്റർകോണ്ടിനെന്റൽ ന്യൂസിലാന്റ് 2020 ആയി തിരഞ്ഞെടുത്തത് ഏരിയൽ കെയ്‌ൽ എന്ന സുന്ദരിയെ. ഏരിയലിന്റെ വിജയം ആഘോഷിക്കപ്പെടുന്നത് സൗന്ദര്യമത്സരങ്ങളുടെ ചരിത്രം മാറ്റിയെഴുതിയ സംഭവമായിട്ടാണ്. ആദ്യത്തെ ട്രാൻസ്‌ജെൻഡർ ബ്യൂട്ടി ക്വീനാണ് ഏരിയൽ കെയ്‌ൽ. പകുതി ഫിലിപ്പിനോയും പകുതി ന്യൂസിലാന്റ് വംശജയുമാണ് ഏരിയൽ. ഒരു അന്തർദ്ദേശീയ മത്സരത്തിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് സൗന്ദര്യറാണി പട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ വനിതയാണ് 26 വയസ്സുകാരിയായ ഏരിയൽ. 

arilelle3

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവരെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത സ്ഥിരം സിസ്റ്റത്തിനെതിരെ പോരാടി നേടിയ വിജയമാണ് ഏരിയലിന്റേത്. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്ന ഏരിയൽ 2012 ലാണ് താനൊരു സ്ത്രീയാകാൻ പോകുന്ന വിവരം കുടുംബത്തെ അറിയിക്കുന്നത്. ഇതോടെ അവളുടെ പിതാവ് ഒരു അന്ത്യശാസനം നൽകി, നിനക്ക് സാധാരണ പോലെ പുരുഷനായി തുടരാം അതല്ലെങ്കിൽ വീടിനു പുറത്ത്. രണ്ടാമത്തെ വഴിയായിരുന്നു ഏരിയൽ തിരഞ്ഞെടുത്തത്. 

arilelle2

"എന്റെ അച്ഛൻ ഒരു സൂപ്പർ യാഥാസ്ഥിതിക കത്തോലിക്കനായി വളർന്ന ആളാണ്. അതുകൊണ്ട് അദ്ദേഹം എന്നെപ്പോലെയുള്ളവരെ തിന്മയും വെറുപ്പുളവാക്കുന്നവരുമായാണ് കാണുന്നത്."-  ഏരിയൽ പറയുന്നു. അതേസമയം മകൾ മിസ് ഇന്റർകോണ്ടിനെന്റൽ ന്യൂസിലാന്റ് 2020 ആയി കിരീടമണിഞ്ഞപ്പോൾ അതുകാണാൻ ഏരിയലിന്റെ പിതാവ് അവിടെയെത്തിയിരുന്നു. 

ആൻഡ്രൂ എന്ന പേരിലാണ് പൂർവകാലത്ത് ഏരിയൽ ജീവിച്ചത്. 2020 ന്റെ തുടക്കകാലത്താണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ട്രാൻസ്ജെൻഡേഴ്‌സിനെ സമൂഹം ബഹുമാനത്തോടെ കാണണമെന്ന അഭ്യർത്ഥനയാണ് ഏരിയൽ മുന്നോട്ടുവയ്ക്കുന്നത്. അവരോട് കരുണയും സ്നേഹവും കാണിച്ചാൽ സമൂഹത്തിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഏരിയൽ ഓർമിപ്പിക്കുന്നു.

ഫാഷൻ ഡിസൈനിങ് ബിരുദ വിദ്യാർഥിനിയാണ് ഏരിയൽ. മിസ് ന്യൂസിലാൻഡ് 2020 ആകുന്നതിനു വേണ്ടിയുള്ള  മത്സരം ഏരിയലിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. ദീർഘകാലമായി സ്വപ്നം കണ്ടിരുന്ന ജീവിതം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഏരിയൽ. 

zealand-20200
Tags:
  • Fashion