Tuesday 27 September 2022 12:16 PM IST : By സ്വന്തം ലേഖകൻ

റാംപിലെ ഇരട്ട വിസ്മയം; ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് ഗുച്ചി ‘ട്വിൻസ്ബർഗ്’

twinsburg-gucci-milan-fashion-show-cover Photo courtesy: Gucci | instagram

സാഹോദര്യത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും ജൈവികമായ ഭാവമാണ് ഇരട്ടകൾ അഥവ ട്വിൻസ് എന്ന ആശയത്തിൽ ഫാഷൻ ഷോ. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡ് ഗുച്ചിയാണ് മിലാൻ ഫാഷന്‍ വീക്കിന്റെ റാംപിൽ 68 ജോഡി ഇരട്ട മോഡലുകളെ അവതരിപ്പിച്ച് ഫാഷൻ ലോകത്ത് കൗതുകമായത്. ഗുച്ചി ട്വിൻസ്ബർഗ് എന്നായിരുന്നു ഷോയുടെ പേര്. കാഴ്ചയില്‍ സമാനത പുലർത്തുന്ന ഇരട്ട സഹോദരങ്ങളാണ് റാംപിലെത്തിയത്. ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്ടർ അലസ്സാൻഡ്രോ മിഷേലിന്റെ അമ്മയ്ക്കും ഇരട്ട സഹോദരിക്കും ആദരമർപ്പിച്ചാണ് ഇത്.

twinsburg-gucci-milan-fashion-show-models Photo courtesy: Gucci | instagram

‘‘എറാൾഡ, ഗ്വിലേന എന്നീ രണ്ടു അമ്മമാരുടെ മകനാണ് ഞാൻ. ഇരട്ടത്വത്തെ തങ്ങളുടെ അസ്തിത്വത്തിന്റെ ആത്യന്തിക മുദ്രയാക്കി മാറ്റിയ രണ്ട് അസാധാരണ സ്ത്രീകൾ. അവർ ഒരേ ശരീരമായിരുന്നു. ഒരേ പോലെ വസ്ത്രം ധരിച്ചു. മുടി കെട്ടിവച്ചു. അവർ അവിശ്വസനീയമാംവിധം സാമ്യമുള്ളവരയിരുന്നു. അവരായിരുന്നു എന്റെ ലോകം’’– ഷോയെക്കുറിച്ചുളള അറിയിപ്പിൽ അലസ്സാൻഡ്രോ മിഷേൽ കുറിച്ചു.

twinsburg-gucci-milan-fashion-show Photo courtesy: Gucci | instagram

കാണികളെ രണ്ടു വശത്തായി ഇരുത്തിയാണ് ഷോ തുടങ്ങിയത്. റാംപിന്റെ മധ്യഭാഗം തിരിച്ചിരുന്നു. ഒരു വശത്തുള്ള കാണികൾക്ക് സഹോദരങ്ങളിൽ ഒരാളെ മാത്രം കാണുന്ന രീതിയിലായിരുന്നു ഇത്. പിന്നീട് മറ മാറ്റി റാംപ് പൂർണമായി കാണാൻ അവസരം ഒരുക്കി. ഇതോടെ ഒരുപോലെ വസ്ത്രം ധരിച്ച് ഇരട്ട മോഡലുകൾ കാഴ്ചയിലെത്തി. ഇത്തരത്തിൽ 68 ജോഡികളെ കണ്ടത് കാണികളെ അമ്പരപ്പിച്ചു.