Saturday 06 January 2018 02:58 PM IST : By രൂപാ ദയാബ്ജി

അനിയൻ പറഞ്ഞു ചേച്ചീ സൂപ്പറായിട്ടുണ്ട്!

Anupama Parameswaran

‘പ്രേമ’ത്തിലെ മേരിയെ പിന്നെ കണ്ടതേയില്ലല്ലോ എന്നു വിഷമിച്ചിരുന്നവരുടെ മുന്നിലേക്കാണ് ഇന്നലെ ആ തെലുങ്ക് പ്രസംഗം വന്നുവീണത്. നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം ശതമാനം ഭവതിയുടെ ഓഡിയോ ലോഞ്ചിന് നല്ല മണിമണിയായി തെലുങ്ക് സംസാരിച്ച അനുപമ പരമേശ്വരനെ കണ്ടു ഞെട്ടിയവർ ഒന്നുകൂടി ഞെട്ടാൻ തയാറായിക്കോളൂ. ആ ഫംഗ്ഷന് അനുപമയിട്ട കസ്റ്റമൈസ്ഡ് ബ്ലൗസ് ഡിസൈൻ ചെയ്തത് ഈ താരസുന്ദരി തന്നെയാണ്. ‘അയ്യോ, അതിലൊക്കെ എന്താ ഇത്ര കാര്യ’മെന്ന് വിനയത്തോടെ പറയുമെങ്കിലും തന്റെ ഫാഷൻ പരീക്ഷണങ്ങൾ ‘വനിത ഓൺലൈനോ’ട് പറയാൻ അനുപമയ്ക്ക് ഒരു മടിയുമുണ്ടായില്ല.

∙ ബ്ലൗസും അതിനു താഴെയൊരു ‘കെട്ടും’ പുതിയ ഫാഷനാണല്ലോ ?

ബ്ലൗസിന്റെ താഴെ ബാൻഡ് കൂടി വരുന്ന മോഡലാണത്. സാരിയുടെ പ്ലീറ്റ്സ് ബാൻഡിനുള്ളിലൂടെ എടുത്ത് പിൻ ചെയ്യും. അപ്പോൾ ഡിഫറന്റ് ലുക്ക് കിട്ടുമല്ലോ. ഡിസൈനിങ് ഒന്നും ഞാൻ പഠിച്ചിട്ടില്ല. വെറുതേ അങ്ങനെയൊരു ഐഡിയ തോന്നി. ‘ശതമാനം ഭവതി’യുടെ ഓഡിയോ ലോഞ്ചിനു വന്ന മിക്കവരും ആരാ ഡ്രസ് ഡിസൈൻ ചെയ്തത് എന്നു ചോദിച്ചപ്പോഴാണ് സംഗതി ഹിറ്റായെന്നു മനസിലായത്. നാട്ടിലുള്ള ഒരു കടയിൽ നിന്നാണ് ആ പോളി കോട്ടൺ സാരി വാങ്ങിയത്. സാരിയുടുക്കുമ്പോൾ പ്രത്യേക ഭംഗിയല്ലേ. അതുകൊണ്ടു ബ്ലൗസിലാകാം പരീക്ഷമെന്നു വച്ചു, അത്രമാത്രം.

∙ ഡ്രസുകൾ ഡിസൈൻ ചെയ്യാനുള്ള മോഹം തോന്നിയത് എങ്ങനെയാണ് ?

ഇരിങ്ങാലക്കുട സി.കെ.കെ.എം സ്കൂളിലായിരുന്നു പ്ലേസ്ക്ളും കെജിയും പഠിച്ചത്. ചാരനിറവും ഓറഞ്ചും ചുവപ്പുമൊക്കെ ചെക്ക് നിറങ്ങളുള്ള ഉടുപ്പായിരുന്നു അവിടത്തെ യൂണിഫോം. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ പത്താംക്ലാസു വരെ പഠിക്കുന്നതിനിടെ ഇതേ കോമ്പിനേഷനിൽ തന്നെയുള്ള ഷർട്ടും പാവാടയും വൈറ്റും ഗ്രേ കളറുമുള്ള ഷർട്ടും പാവാടയുായി രണ്ടുവട്ടം യൂണിഫോം മാറി. നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ– പ്ലസ് ടുവിന് പഠിക്കുമ്പോഴും എല്ലാ ദിവസവും യൂമിഫോം നിർബന്ധമായിരുന്നു. അന്നൊക്കെ ബർത്ത്ഡേയ്ക്ക് മാത്രമാണ് വർഷത്തിലൊരു തവണ കളർ ഡ്രസ് ഇട്ടിട്ടുള്ളത്. അതു മിക്കവാറും അച്ഛൻ വാങ്ങി സമ്മാനിച്ച ഡ്രസുകളാകും.

anupama-sari-1.jpg.image.784.410


സി.എം.എസ് കോളജിൽ ഡിഗ്രിക്ക് ജോയിൻ ചെയ്തതോടെ നിറങ്ങളും അടിപൊളിയുമായി വസന്തം വന്നു. എല്ലാ ദിവസവും കളർ ഡ്രസുകൾ മാറിമാറിയിടാം. പണ്ടേതന്നെ ചുരിദാറിലും കുർത്തയിലുമൊക്കെ പല കോമ്പിനേഷൻ പരീക്ഷിക്കുമായിരുന്നു. പാറ്റേൺ പറഞ്ഞുകൊടുത്ത് തയ്പ്പിച്ചു വാങ്ങാറാണ് പതിവ്. കൂട്ടുകാരൊക്കെ ചോദിക്കാറുണ്ട്, ഇതെവിടുന്നാ എന്ന്. അതുകേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമാ. എല്ലാവർക്കും ഉള്ള മോഡൽ ഡ്രസ് തന്നെ ഇടുന്നതിൽ ഒരു രസവുമില്ല.

∙ ‘പ്രേമ’ത്തിലെ മേരിയും യൂണിഫോമിലായിരുന്നു ?

‘പ്രേമ’ത്തിലും ചന്ദനക്കളറും ചാരക്കളറും നിറമുള്ള യൂണിഫോം ചുരിദാറിലായിരുന്നു മിക്ക സീനിലും വന്നുപോയത്. പാട്ടുസീനിലും പള്ളി സീനിലുമാണ് കളർ ഡ്രസ്സുള്ളത്. പക്ഷേ, പള്ളി സീനിലെ ഡ്രസ് അപ്പോഴും വെള്ള തന്നെ. അതിനുശേഷം അഭിനയിച്ച ‘അ ആ’യിലും ‘കൊടി’യിലും ‘ശതമാനം ഭവതി’യിലും ടോളിവുഡ്, കോളിവുഡ് നിറങ്ങൾ ഒരുപാടുണ്ടായിരുന്നു. മലയാളത്തിൽ റിലീസാകാനുള്ള ‘ജോമോന്റെ സുവിശേഷങ്ങ’ളിലും എന്റേത് ഒരു അടിച്ചുപൊളി കാരക്ടരാണ്.

∙ എന്തൊക്കെ ഡിസൈനിങ് പരീക്ഷണങ്ങളാണ് നടത്തുക ?

സിനിമയിൽ തിരക്കായപ്പോൾ സെക്കൻഡ് ഇയറിൽ വച്ച് കോഴ്സ് ബ്രേക്ക് ചെയ്തെങ്കിലും ഡിസൈനിങ്ങിലുള്ള ക്രേസ് വിട്ടില്ല. സ്വന്തം ഡ്രസുകളിലാണ് പരീക്ഷണങ്ങൾ കൂടുതലും. പല മെറ്റീരിയലുകൾ ചേർത്തുവച്ച് കോമ്പിനേഷനുണ്ടാക്കുന്നതും മിക്സ് ആൻഡ് മാച്ചിങ്ങുമാണ് മിക്കവാറും ചെയ്യാറ്. നടി മുക്തയുടെയും സംവിധായകൻ അൽഫോൺസ് പുത്രന്റെയും വിവാഹ ചടങ്ങുകൾക്കും സൈമ ഫിലിം അവാർഡ് ഫംഗ്ഷനും പോയത് ഞാൻ ഡിസൈൻ ചെയ്ത ഡ്രസിട്ടാണ്. അന്നൊക്കെ ബ്ലൗസിലാണ് പരീക്ഷണം നടത്തിയത്. കുർത്തയിലും മിക്സ് ആൻഡ് മാച്ചിങ് ചെയ്യും. കറുപ്പും വെള്ളയും ചുവപ്പുമാണ് ഇഷ്ടനിറങ്ങൾ. കറുപ്പിനോട് അൽപം ഇഷ്ടക്കൂടുതലുണ്ട്.

anupama-sari-2.jpg.image.784.410

∙ ഷോപ്പിങ് ക്രേസുമുണ്ടാകും ?

ഇല്ലേയില്ല. ജീൻസും ടീഷർട്ടുമാണ് എന്റെ പതിവുവേഷം. അത് മിക്കവാറും അച്ഛനോ അമ്മയോ തന്നെയാണ് എടുക്കുക. പാർട്ടിക്കോ ഫംഗ്ഷനോ പോകാനുവ്വ ഡ്രസ് തയ്പ്പിക്കേണ്ടി വരുമ്പോൾ മാത്രം ഞാൻ പോയി മെറ്റീരിയൽ വാങ്ങും. വില കൂടിയ ബ്രാൻഡഡ് മെറ്റീരിയലിലേക്കാൾ നോക്കുന്നത് നമുക്ക് ചേരുന്ന തരത്തിലുള്ളതാണോ എന്നാണ്. മനസ്സിനിഷ്ടപ്പെട്ട ഡ്രസ് ഇടുമ്പോഴുള്ള സന്തോഷമല്ലേ ഏറ്റവും വലുത്.

ഒരു പരിപാടിക്ക് പോകുന്നുണ്ടെങ്കിൽ തലേ ദിവസം ഡ്രസ് തീരുമാനിക്കുന്ന പരിപാടിയേ ഇല്ല. മിനിമം ഒരാഴ്ച മുമ്പെങ്കിലും പ്ലാനിങ് തുടങ്ങും. നന്നായി തയാറെടുക്കുന്നതു കൊണ്ടാണ് നല്ല റിസൾട്ട് ഉണ്ടാക്കാനും പറ്റുന്നത്.

∙ ആരാണ് ഡ്രസ്സുകളെയൊക്കെ വിമർശിക്കാറ് ?

അനിയൻ അക്ഷയ് ആണ് എന്റെ വലിയ വിമർശകൻ. ഒമ്പതാം ക്ലാസിലാണ് അവൻ പഠിക്കുന്നത്. മിക്ക ഡ്രസ്സിലെയും കുറ്റം കണ്ടുപിടിക്കുന്ന അവൻ പക്ഷേ, ഈ ഡ്രസിൽ കണ്ടപ്പോൾ പറഞ്ഞു, ചേച്ചീ... സൂപ്പറായിട്ടുണ്ട്. 

anupama-sari-3.jpg.image.784.410